പശുക്കടവിൽ ഉരുൾ പൊട്ടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ ദുരന്ത ഭീഷണിയിലെന്നും വിദഗ്ധ സമിതി റിപ്പോർട്ട്

ഉരുള്‍പൊട്ടലുണ്ടാവുമെന്നും മുൻകരുതൽ വേണമെന്നും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി സർക്കാരിനു നൽകിയ റിപ്പോർട്ട് നാരദ ന്യൂസിന് ലഭിച്ചു.

പശുക്കടവിൽ ഉരുൾ പൊട്ടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു; കോഴിക്കോട്, വയനാട്, മലപ്പുറം  ജില്ലകൾ ദുരന്ത ഭീഷണിയിലെന്നും  വിദഗ്ധ സമിതി റിപ്പോർട്ട്

കോഴിക്കോട്: കഴിഞ്ഞദിവസം ആറുയുവാക്കളുടെ ജീവന്‍ കവര്‍ന്ന പശുക്കടവിലുള്‍പ്പെടെയുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലെ ദുരന്ത
മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതിന് തെളിവുകള്‍. ഉരുള്‍പൊട്ടലുണ്ടാവുമെന്നും മുൻകരുതൽ വേണമെന്നും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി സർക്കാരിനു നൽകിയ റിപ്പോർട്ട് നാരദ ന്യൂസിന് ലഭിച്ചു.

2009 ലെ ഉരുൾപൊട്ടലിനെത്തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെതാണ് റിപ്പോർട്ട്. ആ വർഷംതന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ, രണ്ട് സര്‍ക്കാറുകള്‍ വന്നെങ്കിലും റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ കിടന്നു.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളില്‍ ഉരുള്‍ പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍ പ്രകൃതി ദുരന്ത സാധ്യതയുണ്ടെന്നാണ് ആറംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അടയിരുന്നതിന്റെ ഫലമാണ് തുടര്‍ച്ചയായി ഇപ്പോൾ വന്ന ദുരന്തമെന്ന് ചുരുക്കം.

കൂടുതൽ പ്രദേശങ്ങൾ ദുരന്തസാധ്യതാ പട്ടികയിൽ


കോഴിക്കോട് ജില്ലയിലെ പശുക്കടവ്, മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വയനാട് ജില്ലയിലെ കാപ്പിക്കളം, മൂപ്പൈനാട്, കാന്തന്‍പാറ, കുന്ദമംഗലം വയല്‍, ചെമ്പ്ര, നീലിമല, വെള്ളമുണ്ട തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത വിദഗ്ധ സമിതി മുൻകൂട്ടിപ്പറഞ്ഞത്. പരിസ്ഥിതി ദുര്‍ബലപ്രദേശമായ ഇവിടങ്ങളില്‍ കഴിഞ്ഞകാലങ്ങളിലും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരെ വര്‍ഷകാലത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. അതിനുള്ള ഒരു നീക്കവും കഴിഞ്ഞ രണ്ടു സർക്കാരുകളും ഈ സർക്കാരുമെടുത്തില്ല.

uralppottal_report_1വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍

മൂന്ന് ജില്ലകളിലെ ഒമ്പത് ഇടങ്ങള്‍ പരിസ്ഥിതി ദുര്‍ബലമേഖലയായതിനാല്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്നും സമിതി നിർദേശിച്ചിരുന്നു. ഇപ്പോഴും ഇവിടെയൊക്കെ അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ തുടരുകയാണ്.

20 ഡിഗ്രി ചരിഞ്ഞ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന സെസിന്റെ റിപ്പോര്‍ട്ടും സർക്കാർ മുഖവിലക്കെടുത്തില്ല.

അനിയന്ത്രിതമായ ഭൂവിനിയോഗത്തെത്തുടര്‍ന്ന് പ്രകൃതിദത്ത നീരുറവുകളും തണ്ണീര്‍ത്തടങ്ങളും ഗതിമാറിയോ തകര്‍ന്നോ കഴിഞ്ഞിട്ടുണ്ട് ഇവിടെയെല്ലാമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി എസ് ധര്‍മ്മരാജ് പറഞ്ഞു.

വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും പാടെ അവഗണിക്കപ്പെട്ടു. പഞ്ചായത്ത്-ജില്ലാ തലത്തില്‍ ദുരന്ത നിവാരണ പദ്ധതികള്‍ അനിവാര്യമാണെന്നിരിക്കെ അതെല്ലാം അവഗണിച്ചു.

റിപ്പോർട്ട് നൽകാനെടുത്തത് പത്തു ദിവസം മാത്രം

2009ലെ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടി നിരവധി ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തില്‍ ജൂലൈ 17-നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചത്. ജി ശങ്കർ (സെസ്), ഡോ. എസ് ശങ്കര്‍ (സയന്റിസ്റ്റ്-കെഎഫ്ആര്‍ഐ), ഡോ. കെ സി ചാക്കോ (സയന്റിസ്റ്റ്-കെഎഫ് ആര്‍ഐ), ആര്‍ ഗോപകുമാർ (സിഡബ്ല്യുആര്‍ഡിഎം), ഡോ. സേവ്യര്‍ കെ ജേക്കബ് (അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വെള്ളായണി), ഡോ. സുരേഷ് ഫ്രാന്‍സിസ് (കെഎസ്ആര്‍ഇസി) എന്നിവരാണ് സമിതിയംഗങ്ങള്‍.

uralppottal_report_2സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പത്ത് ദിവസത്തിനകംതന്നെ സമിതി ഇതുസംബന്ധിച്ച് 30 പേജ് വരുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.

പശുക്കടവിൽ അന്നേ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തി


പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പൈപ്പിംഗ് പ്രതിഭാസമുള്ളതായി സമിതി കണ്ടെത്തിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലാണ് പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയത്. ഭൂമി ദുര്‍ബലമായിരിക്കൊണ്ടിരിക്കുന്നതാണ് ഈ പ്രതിഭാസം.

പശുക്കടവില്‍ ഉള്‍പ്പെടെ മണ്ണില്‍ ഈ പ്രതിഭാസം രൂപപ്പെട്ടിരുന്നു.

പശുക്കടവ് ദുരന്തത്തിനു പിന്നിൽ നിയന്ത്രണമില്ലാത്ത നിർമ്മാണം

മാവട്ട കുരിക്കന്‍തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയതാവാം പശുക്കടവിൽ ആറു യുവാക്കളുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കുരിക്കന്‍തോട് വനമേഖല വയനാടുമായി പങ്കിടുന്ന പ്രദേശമാണ്.

കുറ്റ്യാടി മലയടിവാരത്തിലെ പ്രദേശങ്ങള്‍ പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലൊന്നാണ്. ഇതിന്റെ സമീപ്രദേശങ്ങളിലെല്ലാംതന്നെ വ്യാപകമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. മാത്രമല്ല, ടൂറിസം സാധ്യതകള്‍ക്കായി ഇവിടുത്തെ അരുവികള്‍ ഉള്‍പ്പെടെ അശാസ്ത്രീയമായ രീതിയില്‍ ഉപയോഗിച്ച് വരുന്നുമുണ്ട്.

Story by
Read More >>