ആദ്യമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ 'ഒരു വര്‍ഷം മുമ്പ്' അന്തരിച്ചു

2005ലായിരുന്നു ഡിനോയറിന്റെ ശസ്ത്രക്രിയ നടന്നത്. ഏറെ കാലമായി തുടരുന്ന ആരോഗ്യപ്രശ്‌നമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

ആദ്യമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ

പാരീസ്: ലോകത്തെ ആദ്യ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത അന്തരിച്ചു. 49-ാം വയസ്സിലാണ് ഇസബല്ലെ ഡിനോയര്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നായിരുന്നു മരണമെങ്കിലും കഴിഞ്ഞ ദിവസമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അമെയ്ന്‍സ് യൂനിവേഴ്സിറ്റി ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

2005ലായിരുന്നു ഡിനോയറിന്റെ ശസ്ത്രക്രിയ നടന്നത്. ഏറെ കാലമായി തുടരുന്ന ആരോഗ്യപ്രശ്‌നമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിനോയറിന്റെ കുടുംബാംഗങ്ങളുടെ സ്വകാര്യതയെ മാനിച്ചാണ് ഇക്കാര്യം ഇതുവരെയും വെളിപ്പെടുത്താതിരുന്നത്.


ശസ്ത്രക്രിയ നടന്ന ഭാഗത്ത് അവര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായും ചുണ്ടുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2005 മെയ് മാസത്തില്‍ നായയുടെ ആക്രമണത്തെ തുടര്‍ന്ന് മുഖത്തിന്റെ ഒരു ഭാഗം നഷ്ടമായതിനെതുടര്‍ന്നാണ് ഡിനോയറിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ മൂക്കും ചുണ്ടും മുഖത്തിന്റെ മറ്റു ഭാഗങ്ങളും തുന്നിച്ചേര്‍ക്കുകയായിരുന്നു. 15 മണിക്കൂര്‍ നീണ്ടുനിന്ന ഈ ശസ്ത്രക്രിയ വിജയമായതോടെയാണ് ലോകത്തിലെ ആദ്യ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ എന്ന് ഡിനോയര്‍ അറിയപ്പെട്ടുതുടങ്ങിയത്

Read More >>