പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിനും വരുണ്‍ ഭാട്ടിയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാരിതോഷികം

ഇരുവരുടേയും നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി കേന്ദ്ര കായിക മന്ത്രി വിവേക് ഗോയല്‍ അറിയിച്ചു

പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിനും വരുണ്‍ ഭാട്ടിയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാരിതോഷികം

ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തുന്ന ഒളിമ്പിക്സ് ആയ പാരാലിമ്പിക്സില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരങ്ങളായ മാരിയപ്പന്‍ തങ്കവേലുവിനും വരുണ്‍ ഭാട്ടിയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാരിതോഷികം. തങ്കവേലുവിന് 75 ലക്ഷം രൂപയും വരുണിന് 30 ലക്ഷം രൂപയുമാണ് പാരിതോഷികം.

പുരുഷ ഹൈജംപില്‍ സ്വര്‍ണ്ണമെഡല്‍ നേടിയാണ്‌ തങ്കവേലു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്‌. 1.89 മീറ്റര്‍ പിന്നിട്ടാണ്  അദ്ദേഹം ഒന്നാമനായത്.21  വയസ്സ്കാരനായ തങ്കവേലു തമിഴ്നാട് സേലം സ്വദേശിയാണ്. കുട്ടിക്കാലത്ത് സംഭവിച്ച കാറപകടത്തിലാണ് അദ്ദേഹത്തിനു ശാരീരിക അവശത സംഭവിച്ചത്. 

ഇതേ ഇനത്തില്‍ വെങ്കലമാണ്‌ വരുണ്‍ ഭാട്ടിയുടെ നേട്ടം. ഇരുവരുടേയും നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി കേന്ദ്ര കായിക മന്ത്രി വിവേക് ഗോയല്‍ അറിയിച്ചു. റിയോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണ്ണം പോലും നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരുടെയും മെഡല്‍ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിക്കുന്നു.

ഇതിനുമുന്‍പ് 1972-ല്‍ നീന്തല്‍ ഇനത്തില്‍ മുരളികാന്ത് പേട്കറും 2004-ല്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജരിയയും ഇന്ത്യക്ക് വേണ്ടി പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയിരുന്നു.