അഞ്ചുരൂപ കുറച്ചതു കണ്ണിൽ പൊടിയിടാൻ! പാലിയേക്കര ടോളിലെ സമരക്കാരുടെ ധാർമ്മികരോഷം അടങ്ങുന്നില്ല

പാലിയേക്കര, മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് കുറച്ചുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി

അഞ്ചുരൂപ കുറച്ചതു കണ്ണിൽ പൊടിയിടാൻ! പാലിയേക്കര ടോളിലെ സമരക്കാരുടെ ധാർമ്മികരോഷം അടങ്ങുന്നില്ല

തൃശൂര്‍: പാലിയേക്കര, മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് കുറച്ചുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എന്ന് ടോള്‍ വിരുദ്ധ സംയുക്ത സമരസമിതി. ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ബസുകളുടെയും ടോള്‍ നിരക്കില്‍ മാത്രമാണ് കുറവു വന്നിരിക്കുന്നതെന്നും കാറിന്റെയും ട്രക്കുകൾ, ടിപ്പറുകൾ, കണ്ടെയ്നറുകൾ തുടങ്ങിയ ബഹുചക്രവാഹനങ്ങളുടെയും ടോള്‍ നിരക്കില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി ജനറല്‍ കണ്‍വീനര്‍ മോന്‍സി നാരദാ ന്യൂസിനോട് പറഞ്ഞു.


രാജ്യത്തെ മൊത്ത വാണിജ്യ നിലവാരസൂചികയിലെ വ്യതിയാനമനുസരിച്ചാണ് നിരക്കില്‍ വ്യത്യാസം വരുന്നതെന്നാണ് ടോള്‍ പ്ലാസ അധികൃതരുടെ വിശദീകരണം. ടോള്‍ നിരക്ക് കുറച്ചുകൊണ്ട് പുതിയ നിരക്കുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ കമ്പനി പിരിച്ചു തുടങ്ങിയിരുന്നു. ദേശീയപാതാ അഥോറിറ്റി അംഗീകരിച്ച നിരക്കുകള്‍ പ്രകാരം കാറുകള്‍ക്ക് ഒരു ദിവസം ഒരു യാത്രയ്ക്ക് 65 രൂപ ടോള്‍ നല്‍കണം. ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ബസുകളുടെയും നിരക്കിൽ മാറ്റം വരുത്തിയപ്പോള്‍ കാറുകള്‍ക്ക് പഴയ ടോള്‍ നിരക്ക് തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

[caption id="attachment_40435" align="aligncenter" width="573"]14247811_680714215414848_221773926_o (ഫയല്‍ ചിത്രം)[/caption]

പാലിയേക്കര ടോൾ പിരിവു കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഒട്ടേറെ സമരങ്ങളും കഴിഞ്ഞ നാലു വര്‍ഷങ്ങളായി ടോള്‍ പ്ലാസക്ക് എതിരെ നടന്നു വരുന്നുണ്ട്. ടോള്‍ പരിസരത്ത് കൃത്യമായ രീതിയില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുകയോ അറ്റകുറ്റ പണികള്‍ ശരിയായി നടത്തുകയോ ചെയ്യാത്തതു മൂലം അപകടങ്ങള്‍ ഇവിടെ പതിവാണെന്നും കമ്പനിയുടെ അനാസ്ഥ കൊണ്ട് ദേശീയ പാതയിലെ അപകട നിരക്ക് മൂന്നിരിട്ടിയലധികം വര്‍ധിച്ചിട്ടുണ്ടെന്നും മോന്‍സി പറഞ്ഞു.

ടോള്‍ പിരിവിന്റെ മറവില്‍ പകല്‍കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും നാലരവര്‍ഷം കൊണ്ട് ആയിരത്തി ഇരുന്നൂറ് കോടി രൂപ ഇതുവരെ ടോള്‍ പ്ലാസയില്‍ നിന്നു കമ്പനി പിരിച്ചെടുത്തുവെന്നും സമര സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 390 കോടി രൂപ റോഡ് പണിക്കായി ചെലവായെന്നായിരുന്നു കമ്പനിയുടെ അവകാശവാദമെന്നും ഈ നിലയ്ക്ക് 20 വര്‍ഷം കൂടി കമ്പനിയെ ടോള്‍ പിരിക്കാന്‍ അനുവദിച്ചാല്‍ കോടിക്കണക്കിന് രൂപയാകും കമ്പനി ഈ ഇനത്തില്‍ പിരിച്ചെടുക്കുകയെന്നും സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് സിപിഐ(എം) ടോള്‍ നിരക്ക് കുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സമരങ്ങള്‍ ടോള്‍ പ്ലാസക്ക് എതിരെ നടത്തിയിട്ടുണ്ടെങ്കിലും അധികാരത്തില്‍ വന്നതിന് ശേഷം ഇടതുപക്ഷസർക്കാർ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇപ്പോള്‍ കമ്പനിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് സമരസമിതി ആരോപിച്ചു.

റോഡ് വികസനം സ്വകാര്യസംരംഭകരിലൂടെയേ സാധ്യമാകൂ, അതിന് ജനങ്ങളുടെ സഹകരണം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ സര്‍ക്കാര്‍ ആരുടെ ഭാഗത്താണെന്നുള്ളതിന് വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ നാഷണല്‍ ഹൈവേ 17 ഉള്‍പ്പെടെ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് പാലിയേക്കര ടോള്‍ നിരക്ക് കുറച്ചതെന്നായിരുന്നു സമര സമിതിയുടെ വിശദീകരണം.

ദേശീയ പാത സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി ജനങ്ങള്‍ക്ക് വേണ്ടി റോഡുകള്‍ ടോളില്ലാതെ തുറന്ന് കൊടുക്കണമെന്നും ഇതിനു വേണ്ടിയുള്ള നികുതി ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നുണ്ടെന്നും ടോള്‍വിരുദ്ധ സംയുക്ത സമരസമിതി പറയുന്നു. നേരത്തെ ഈടാക്കിയിരുന്ന നിരക്കില്‍ വെറും അഞ്ച് രൂപ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 100 രൂപയായിരുന്നത് 95 രൂപയാക്കി കുറച്ചു. പ്രതിമാസ കാര്‍ പാസിന് 1955 ആയിരുന്നത് 1945 ആയിട്ടുണ്ട്. ചെറുകിട വാഹനങ്ങള്‍ക്ക് 115 (പഴയ നിരക്ക് 115 ), ഇരുവശത്തേക്കും 170 (170 ), പ്രതിമാസ നിരക്ക് 3410 (3425), ബസ്സുകള്‍ക്ക് 225 (230), ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 340 (340), പ്രതിമാസ നിരക്ക് 6815 (6845) .മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 365,550 നിരക്കുകളില്‍ മാറ്റമില്ല. പ്രതിമാസ ടോള്‍ നിരക്ക് 11005 ല്‍ നിന്ന് 10955 ആക്കി കുറച്ചു.

Read More >>