പാലായനം ചെയ്യുന്ന പലസ്തീന്‍ ജനങ്ങളെ ചൂഷണം ചെയ്ത് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍

ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്ക് 3000 ഡോളറാണ് കൈക്കൂലിയായി വാങ്ങിക്കുന്നത്.

പാലായനം ചെയ്യുന്ന പലസ്തീന്‍ ജനങ്ങളെ ചൂഷണം ചെയ്ത് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍

ഗാസ: സംഘര്‍ഷം രൂക്ഷമായ പലസ്തീനില്‍ ജനങ്ങളെ ചൂഷണം ചെയ്ത് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍. ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവരെ പിഴിയുകയാണ് ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥരെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്തിലേക്കുള്ള അതിര്‍ത്തി കടക്കാനുള്ള അനുമതിക്കായി ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ 10,000 രൂപവരെയാണ് ഈടാക്കുന്നത്. ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്ക് 3000 ഡോളറാണ് കൈക്കൂലിയായി വാങ്ങിക്കുന്നത്. ഇടനിലക്കാര്‍ വഴിയാണ് ഇടപാട് നടക്കുന്നത്. കൈക്കൂലിയുടെ 20 ശതമാനം ഇടനിലക്കാരനും എണ്‍പത് ശതമാനം ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നല്‍കണം.


പലസ്തീന്‍ ജനങ്ങളുടെ അവസ്ഥ ചൂഷണം ചെയ്യുകയാണ് ഈജിപ്തിലെ പട്ടാളക്കാരും ഉദ്യോഗസ്ഥരും. പാലായനത്തിന് ശ്രമിക്കുന്ന ഫലസ്തീന്‍ സ്വദേശികളുടെ പേര് ബ്ലാക്ക് ലിസ്റ്റില്‍ ചേര്‍ത്താണ് പലപ്പോഴും ഉദ്യോഗസ്ഥര്‍ ചൂഷണം നടത്തുന്നത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സുരക്ഷാ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ പാലായനം അസാധ്യമാകും. ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യണമെങ്കില്‍ 10,000 ഡോളറാണ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നത്.

പലപ്പോഴും പണത്തിന് പകരം അഭയാര്‍ത്ഥികളുടെ സ്വത്തും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറുള്ളതായി ഇടനിലക്കാരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍, സ്വര്‍ണം തുടങ്ങിയവയാണ് കൈക്കൂലിയായി ഈജിപ്ഷ്യന്‍ പട്ടാളക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്.

യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേരാണ് ഫലസ്തീനില്‍ നിന്ന് പാലായനം ചെയ്യുന്നത്. ഇവരെയാണ് ഉദ്യോഗസ്ഥര്‍ പിഴിയുന്നത്.

ഗാസയിലെ റാഫ അതിര്‍ത്തി വഴിയുള്ള പാലായനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്തഹ് അല്‍ സിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More >>