മിര്‍ ഖാസിം അലിയെ തൂക്കിലേറ്റിയതില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്ഥാന്‍

വിചാരണ നടപടികളില്‍ പിഴവുണ്ടെന്നും ഖാസിം അലിയുടെ വധശിക്ഷയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും പാക് വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മിര്‍ ഖാസിം അലിയെ തൂക്കിലേറ്റിയതില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്ഥാന്‍

കറാച്ചി: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റിയതില്‍ പാകിസ്ഥാന്‍ അനുശോചനം രേഖപ്പെടുത്തി. 1971 സ്വാതന്ത്ര്യ സമര കാലത്ത് യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടെന്നായിരുന്നു മിര്‍ ഖാസിം അലിക്കെതിരെയുള്ള കുറ്റം.

ഇന്നലെ രാത്രിയാണ് ഖാസിം അലിയുടെ വധശിക്ഷ നടപ്പാക്കിയത്. ഖാസിം അലിയെ തൂക്കിലേറ്റിയതിന് ഒരു മണിക്കൂറിന് ശേഷമാണ് പാകിസ്ഥാന്‍ അനുശോചനം അറിയിച്ചത്. യുദ്ധകുറ്റം ചുമത്തി ബംഗ്ലാദേശില്‍ തൂക്കിലേറ്റുന്ന ആറാമത്തെ ജമാഅത്തെ ഇസ്ലാമി നേതാവാണ് മിര്‍ ഖാസിം അലി.


വിചാരണ നടപടികളില്‍ പിഴവുണ്ടെന്നും ഖാസിം അലിയുടെ വധശിക്ഷയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും പാക് വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2010 ലാണ് 1971 ലെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാനായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ട്രൈബ്യൂണല്‍ രൂപീകരിച്ചത്. ട്രൈബ്യൂണലിലെ നടപടിക്രമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.

പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതരത്തിലാണ് വിചാരണ നടന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ട്രൈബ്യൂണലില്‍ വിചാരണ ആരംഭിച്ചത് മുതല്‍ കോടതി നടപടികളിലെ സുതാര്യതയും നീതിനിഷേധവും ചൂണ്ടിക്കാട്ടി നിരവധി അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നതായും പാക് പ്രസ്താവനയില്‍ പറയുന്നു.

മിര്‍ ഖാസിം അലിയുടെ വധശിക്ഷ ഓഗസ്റ്റ് മുപ്പതിനാണ് ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചത്. ദയാഹര്‍ജി നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചെങ്കിലും മിര്‍ ഖാസിം അലി ഇത് നിഷേധിച്ചു. വധശിക്ഷ ശരിവെച്ചതിന് തുടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും ഖാസിം അലിയെ തൂക്കിലേറ്റുമെന്ന് വ്യക്തമായിരുന്നു.

Read More >>