'മോഹന്‍ജൊ ദാരോ'; ഗവാരിക്കര്‍ മാപ്പു പറയണമെന്ന് പാക് മന്ത്രി

"ചരിത്രത്തോട് ഒട്ടും തന്നെ നീതി പുലര്‍ത്താതെ സംവിധായകന്റെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചാണ്‌ ചിത്രം മുന്നോട്ട് നീങ്ങുന്നത്"

ബോളിവുഡ് സംവിധായകന്‍ ആശുതോഷ് ഗവാരിക്കര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടു പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സാസ്‌കാരിക മന്ത്രി സര്‍ദാര്‍ അലി ഷാ രംഗത്ത്. 5000 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു സംസ്ക്കാരത്തെ മോഹന്‍ജൊ ദാരോ എന്ന ചിത്രത്തിലൂടെ ഗവാരിക്കര്‍ അപമാനിച്ചുവെന്നും ഈ ചിത്രത്തിലൂടെ അദ്ദേഹം വസ്തുതകള്‍ വളച്ചൊടിച്ചു കാണിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്നും ഷായുടെ ആരോപണം.

"ചരിത്രത്തോട് ഒട്ടും തന്നെ നീതി പുലര്‍ത്താതെ സംവിധായകന്റെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചാണ്‌ ചിത്രം മുന്നോട്ട് നീങ്ങുന്നത്. പ്രേക്ഷകരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മാപ്പ് പറയണം". ഷാ പറയുന്നു.

ഹൃത്വിക് റോഷന്‍,പൂജാ ഹെഗ്‌ഡേ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ മോഹന്‍ജൊ ദാരോ സിന്ധു നദീതട സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു പ്രണയകഥയാണ്. ചിത്രം ബോക്സ്ഓഫീസില്‍ വന്‍ പരാജയമായി മാറിയിരുന്നു.