നരേന്ദ്ര മോദിയെ പുകഴ്ത്തി പി വത്സല; മോദി പിന്തുടരുന്നത് ഗാന്ധി മാർഗം; ശശികല ടീച്ചര്‍ക്ക് കൂട്ടായെന്ന് എം ബി രാജേഷ്

രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് സമരാഭാസങ്ങളാണെന്നും പി വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദിയെ പുകഴ്ത്തി പി വത്സല; മോദി പിന്തുടരുന്നത് ഗാന്ധി മാർഗം; ശശികല ടീച്ചര്‍ക്ക് കൂട്ടായെന്ന് എം ബി രാജേഷ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയാണെന്നും അദ്ദേഹം പിന്തുടരുന്നത് ഗാന്ധിമാര്‍ഗമാണെന്നും എഴുത്തുകാരിയും  കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയുമായ പി വത്സല. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് പി വത്സലയുടെ അഭിപ്രായ പ്രകടനം. മോദിക്ക് വ്യക്തമായ ദിശാബോധവും തീക്ഷ്ണമായ ജനാധിപത്യ ബോധവും ഉണ്ടെന്നും പി വത്സല ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. കറകളഞ്ഞ ഒരു ജനാധിപത്യവാദിക്ക് മാത്രമേ മെയ്ക്ക് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, എന്ന മുദ്രാവാക്യം സാധ്യമാകുകയുളളു. രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് സമരാഭാസങ്ങളാണെന്നും പി വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു.


കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയാണ് മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ പി വത്സല ലേഖനം എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നത് ഗാന്ധിജിയുടെ മാര്‍ഗമാണെന്നും പി വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു. കാവി സന്യാസ വര്‍ണമല്ലെന്നും മണ്ണിന്റെ നിറം കൂടിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സമരാഭാസങ്ങള്‍ നമ്മുടെ കലാലയങ്ങളെ അശാന്തമാക്കിയതോടെ സര്‍വകലാശാലകളില്‍ ചിലതിന്റെയെങ്കിലും മഹത്വവും തൊഴിലിടങ്ങളിലെ സ്വീകാര്യതയും കുറഞ്ഞുവെന്ന പരിഭവവും ലേഖനത്തിലുണ്ട്.

ഇന്ത്യയുടെ വംശവാഴ്ച അവസാനിപ്പിച്ചു കൊണ്ടാണ് ജനകോടികളുടെ പ്രതിനിധി ഭരണം കൈയ്യേറ്റത്. ഭാരതത്തിന്റെ സാകല്യാവസ്ഥയ്ക്ക് ഭരണപരമായും ജനാനുകൂലമായുമുള്ള അടിത്തറയ്ക്ക് വിള്ളലേല്‍ക്കുമോ എന്ന സംശയമുദിച്ച അവസരത്തിലാണ് വമ്പിച്ച ജനപിന്തുണയോടെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കണ്ണടച്ച് തുറക്കും മുന്‍പെ അദ്ദേഹം തന്റെ നയം വ്യക്തമാക്കിയെന്നും പ്രതിപക്ഷങ്ങള്‍ ആരോപിക്കുന്നത് പോലെ രാജ്യത്തിന്റെ കാവിവത്കരണമല്ല അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമെന്ന് ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ പി വത്സലയുടെ ലേഖനത്തിന് എതിരെ ശക്തമായ വിമര്‍ശനവുമായി എംബി രാജേഷ് എംപി രംഗത്തെത്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. അതിരാവിലെ തന്നെ കുഞ്ചന്‍ നമ്പ്യാരെ ഓര്‍മ്മിപ്പിച്ചു വത്സല ടീച്ചര്‍. മാതൃഭൂമിയിലെ ടീച്ചറുടെ വാഴ്ത്ത് ഒരു പരിണാമത്തെക്കുറിക്കുന്നു. എഴുത്തുകാരിയില്‍ നിന്ന് സ്തുതിപാഠകയിലേക്കുള്ള പരിണാമമെന്ന് ഫെയ്‌സ്ബുക്കില്‍ എംബി രാജേഷ് എംപി പരിഹസിച്ചു. മഹാബലി സാമ്രാജ്യത്വ വാദിയാണെന്നും വാമനന്‍ വിമോചനനായകനാണെന്നും പഠിപ്പിക്കുന്ന ഒരു ടീച്ചര്‍ വേറെയുണ്ടല്ലോ. ആ ടീച്ചര്‍ക്ക് ഒരു കൂട്ടായല്ലോ. വത്സല ടീച്ചറുടെ ഈ സ്വയം സേവയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം വാഴ്ത്തപ്പെട്ടവരില്‍ നിന്ന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍  കുറിച്ചു.


Read More >>