വര്‍ഗ്ഗീയവത്കരിക്കപ്പെട്ട നബിദിന ഘോഷയാത്രകളെ എതിര്‍ക്കുമെന്ന് പി ജയരാജന്‍

ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു. അതുപോലെ ഈ നാട്ടിലെ ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഐ(എം) എതിര്‍ക്കും- ജയരാജന്‍ പറഞ്ഞു.

വര്‍ഗ്ഗീയവത്കരിക്കപ്പെട്ട നബിദിന ഘോഷയാത്രകളെ എതിര്‍ക്കുമെന്ന് പി ജയരാജന്‍

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കുന്നത് ചെറുക്കുന്നതുപോലെ അതേ നിലപാടുള്ള നബിദിന ഘോഷയാത്രകളും ചെറുക്കുമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഘോഷയാത്രകളെ വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമം ചെറുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഐ(എം) എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. വ്യക്തമായ വര്‍ഗ്ഗീയ അജണ്ടയോടെയാണ് ഇത്തരം ആഘോഷങ്ങളെങ്കില്‍ എതിര്‍ത്തിരിക്കും എന്നുതന്നെയാണ് ഉത്തരമെന്നും പി ജയരാജന്‍ പറഞ്ഞു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു. അതുപോലെ ഈ നാട്ടിലെ ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഐ(എം) എതിര്‍ക്കും- ജയരാജന്‍ പറഞ്ഞു.

എല്ലാ മതവിശ്വാസങ്ങള്‍ക്കും പരിഗണന കൊടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം) എന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പവന്നൂര്‍മൊട്ടയില്‍ കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകര്‍ക്കു സിപിഐ(എം) നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.