അമ്മാവൻ വന്നില്ല..പത്തായം തുറന്നില്ല..എന്തെന്‍റെ മാവേലീ ഓണം വന്നേ?

പാടത്തേക്കും പറമ്പിലേക്കും പൂ നുളളാൻ പോയിരുന്ന പെൺക്കൊടിമാരും കുട്ടികളും പാടിയിരുന്ന പാട്ടുകളാണ്‌ ഇവ. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ചിത്രവും ഇത്തരം പാട്ടുകളിൽ തെളിഞ്ഞുകാണാം.

അമ്മാവൻ വന്നില്ല..പത്തായം തുറന്നില്ല..എന്തെന്‍റെ മാവേലീ ഓണം വന്നേ?

ഓണവും അതിന്‍റെ അനുഭവങ്ങളും വ്യാഖ്യാനിക്കപ്പെടുന്നത് അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നാണ്. ഓണം എന്തായിരുന്നു എന്ന് ഇന്നുള്ള തലമുറയ്ക്ക് മനസിലാക്കുവാനുള്ള ഏറ്റവും നല്ല ഉപാധികളില്‍ ഒന്ന്‍ ഓണപ്പാട്ടുകളും, ഓണചൊല്ലുകളും ആസ്വദിക്കുക എന്നുള്ളതാണ്.

സംഗീതത്തിന് അനുസരിച്ച് വരികള്‍ കുത്തിനിറയ്ക്കുന്ന ആധുനിക ഓണപ്പാട്ടുകള്‍ അല്ല, പഴമയുടെ അനുഭവങ്ങളില്‍ നിന്നും സ്വാഭാവികമായി പാടി കേട്ട വരികളില്‍ ഓണത്തിന്‍റെ സൗന്ദര്യമുണ്ട്. അങ്ങനെയുള്ള ചില ഓണമൊഴികള്‍..


കാണം വിറ്റും ഓണമുണ്ണണം

എത്ര സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ശരി, സമൃദ്ധമായി ഓണമുണ്ണാതിരിക്കാന്‍ അതൊന്നും ഒരു കാരണമേയല്ല എന്നാണ് ഈ പഴഞ്ചൊല്ല് അര്‍ത്ഥമാക്കിയിരുന്നത്. സമ്പല്‍സമൃദ്ധിയുടെ ഒരു ആഘോഷത്തില്‍ പങ്കുചേരാതിരിക്കുന്നതെങ്ങനെ? പൂർണ്ണ അവകാശമുള്ള വസ്തുക്കൾക്കാണ്‌ കാണം എന്ന് പറയുന്നത്.

കാണം വിറ്റിട്ടായാലും ഓണമുണ്ണണമെന്നാണ്‌ തിരുവിതാംകൂറിലെ പ്രമാണം. മലബാറില്‍ അതിലും ഒരു പടി മേലെയാണ് ഈ വരികളുടെ അര്‍ത്ഥം. പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌ ഈ ചൊല്ലില്‍ ഇവര്‍ അര്‍ത്ഥമാക്കുന്നത്‌.

ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്.കാണം വിറ്റും ഓണമുണ്ണണംഎന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണേല്ലോ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം.

കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. മലബാര്‍ പ്രദേശങ്ങളില്‍ ഓണസദ്യക്കൊപ്പം നോണ്‍വെജ് വിഭവങ്ങളും ഇടം പിടിച്ചിട്ടുണ്ടാകും. 28 വിഭവങ്ങള്‍ അണിനിരക്കുമ്പോള്‍ എരിവ് ബാലന്‍സ് ചെയ്യണമെങ്കില്‍ നോണ്‍വെജ് കൂടിയാകണം എന്നാണ് ഇവരുടെ പക്ഷം.

 ഓണം വരാനൊരു മൂലം

കൂട്ടായ സന്തോഷപ്രകടനങ്ങള്‍ക്ക് ചില നിമിത്തങ്ങള്‍ വേണം. കാരണങ്ങള്‍ തേടിക്കണ്ടെത്തി ഓണം ആഘോഷിക്കാന്‍ കഴിയുന്നതിലെ സന്തോഷമാണ് ഈ വരികളില്‍ പ്രകടമാകുന്നത്. എല്ലാ ദുഖങ്ങള്‍ക്കും അവധി നല്‍കി ഓണം ആഘോഷിക്കാന്‍ ഒരു കാരണം കണ്ടെത്തുക.
പുതുവര്‍ഷമെന്നോ, വിളവെടുപ്പ് മഹോല്‍സവമെന്നോ ഒക്കെ പേരിട്ട് ഓണം ആഘോഷിക്കുന്നതിലാണ് മലയാളിക്ക് സന്തോഷം. വിഷുനാളിലും പുതുവര്‍ഷം ആഘോഷിക്കുന്ന മലയാളിക്ക് ഓണവും പുതുവര്‍ഷം തന്നെ!

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ..

ലോകം മുഴുവന്‍ സന്തോഷിക്കുമ്പോഴും ഒറ്റപ്പെടലിന്റെയും, വേദനയുടെയും അനുഭവങ്ങള്‍ ഉണ്ടാകുന്നവന്‍റെ നിരാശയാണ് ഈ വരികള്‍. ചിങ്ങ മാസത്തിലെ തിരുവോണവും ആണ്‍കുട്ടിയുടെ പിറവിയും ആഘോഷിക്കുന്ന കേരളീയരുടെ പതിവാണ് ഈ പഴഞ്ചൊല്ലിനു പിന്നില്‍. കോരന്‍ എന്നാല്‍ ദരിദ്രന്‍ എന്നു അര്‍ത്ഥം. ദരിദ്രന്‍ എന്നും ദരിദ്രന്‍ തന്നെയെന്നാണ് ഈ ചൊല്ലു കൊണ്ടര്‍ത്ഥമാക്കുന്നത്. ഓണം പോലുള്ള ആഘോഷങ്ങളോ കുട്ടി പിറക്കുന്നതു പോലുള്ള വിശേഷാവസരങ്ങളോ പണമില്ലാത്തവര്‍ക്കു പ്രത്യേകമായൊന്നും നല്‍കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണിവിടെ. വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയന്‍മാര്‍ക്കു കഞ്ഞികൊടുത്തിരുന്ന സമ്പദായത്തെയും ഈ ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു.

ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.

ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന സൂചനയുമുണ്ട്. തിരുവോണമുണ്ടു കഴിയണം, ഇവരുടെ വെപ്രാളം ശമിക്കുവാന്‍. സ്ത്രീകള്‍ ഒരുക്കിവച്ച ഓണം ആഘോഷിക്കുക മാത്രമാണ് പുരുഷന്‍ ചെയ്യുന്നത് എന്ന് പറയുന്നത് അത് കൊണ്ടാകാം.

ഓണമുണ്ടവയറേ.. ചൂളം പാടിക്കിട

സുഖലോലുപതയുടെയും അലസതയുടെയും പ്രതീകമാണല്ലോ ചൂളമടി. ഓണ നാളുകളില്‍ നാം സുഖലോലുപതയോടെ, അല്ലലറിയാതെ ഭക്ഷണം കഴിക്കുകയും അലസതയോടെ ജീവിക്കുകയും ചെയ്യുന്നു എന്ന് പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുന്നു.

കാര്‍ഷിക വിളവെടുപ്പ് ഉത്സവത്തിന് ശേഷം ഇനി അല്പം വിശ്രമമാകാം എന്ന ധ്വനിയും ഇതിലുണ്ട്. നന്നായി അധ്വാനിക്കുന്നവന് വിശ്രമിക്കുവാനും അവകാശമുണ്ടെല്ലോ. ഓണം ഉണ്ണാന്‍ കഴിഞ്ഞെന്നു വച്ചാല്‍ അവന്‍റെ അധ്വാനത്തിന് ഫലമുണ്ടായി എന്നര്‍ത്ഥം.

ഓണം മുഴക്കോലു പോലെ ...

തിരുവോണ നക്ഷത്രക്കൂട്ടത്തിന്റെ ആകൃതി മനസ്സിലാക്കിത്തരാൻ നൽകിയ ഒരു വിശദീകരണമാകാം ഓണം ഒരു മുഴക്കോലു പോലെ എന്നുള്ളത് അർത്ഥമാക്കുന്നത്.

ഓണാട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി!

ഓണം ഒരു വിളവെടുപ്പ് ഉത്സവം എന്ന വീക്ഷണത്തിൽ നിന്നാണ് ഈ പഴഞ്ചൊല്ല് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഓണം ഒരുങ്ങണമെങ്കിൽ ചിങ്ങത്തിനായി കാത്തിരിക്കുകയല്ല ചെയ്യേണ്ടത്, വിത്തിറക്കേണ്ടുന്ന കാലത്ത് അങ്ങനെ ചെയ്തെങ്കിൽ മാത്രമെ, സംതൃപ്തിയോടെ ഓണത്തെ വരവേൽക്കാൻ കഴിയുള്ളു എന്നാണ് ഈ വരികൾ നൽകുന്ന സൂചന.

ഓണവും വിഷുവും വരാതെ പോകട്ടെ..

ഓണത്തിന്റെ എല്ലാ മനോഹാരിതയെയും ക്ഷണനേരത്തിൽ ഇല്ലാതാക്കുന്ന വരികളാണിവ. എല്ലാ ആഘോഷങ്ങൾക്കും ജന്മികൾക്ക് കാഴ്ചയർപ്പിച്ച്, അവരുടെ ഭിക്ഷയ്ക്കായി കാത്തു നിന്ന കുടിയാൻമാരിൽ നിന്നും കാതുകൾ താണ്ടിയ ശാപവചനമായിരിക്കാമിത്.

ഓണപ്പാട്ടുകള്‍

ഓണക്കാലത്ത്‌ നമ്മുടെ ഗ്രാമീണജനങ്ങളെ ആകർഷിച്ചിരുന്ന ധാരാളം പാട്ടുകൾ നിലവിലുണ്ടായിരുന്നു. തുമ്പി തുളളൽപ്പാട്ടുകൾ, പൂപ്പാട്ടുകൾ, കുമ്മിപ്പാട്ടുകൾ, കുമ്മാട്ടിപ്പാട്ടുകൾ, വളളംകളിപ്പാട്ടുകൾ, മാവേലിപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ, ഓണവായ്‌ത്താരികൾ എന്നിങ്ങനെ ഓണപ്പാട്ടുകൾതന്നെ പലവിധത്തിലുണ്ട്‌. നാവിലും ചുണ്ടിലും മനസ്സിലും മധുരം കോരി നിറയ്‌ക്കുന്നവയാണ്‌ നമ്മുടെ ഓണപ്പാട്ടുകൾ! പിറന്ന മണ്ണിന്റെ ഗന്ധവും സൗന്ദര്യവും അവയിലുടനീളം തങ്ങിനിൽക്കുന്നു.

പാടത്തേക്കും പറമ്പിലേക്കും പൂ നുളളാൻ പോയിരുന്ന പെൺക്കൊടിമാരും കുട്ടികളും പാടിയിരുന്ന പാട്ടുകളാണ്‌ ഇവ. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ചിത്രവും ഇത്തരം പാട്ടുകളിൽ തെളിഞ്ഞുകാണാം.
“അമ്മാവൻ വന്നില്ല; പത്തായം തുറന്നില്ല, എന്തെന്റെ മാവേലീ ഓണം വന്നേ
അമ്മായി വന്നില്ല, നെല്ലൊട്ടും തന്നില്ല, എന്തെന്റെ മാവേലി ഓണം വന്നേ!
കാർന്നോരു വന്നില്ല, കച്ച മുറിച്ചില്ല, എന്തെന്റെ മാവേലി ഓണം വന്നേ!
പൊന്നളിയൻ വന്നില്ല, പൊന്നാര്യൻ കൊയ്തില്ല, എന്തെന്റെ മാവേലീ ഓണം വന്നേ!”

ഒരുങ്ങിത്തീരും മുമ്പേ തിടുക്കത്തിൽ ഓണം വന്നുപോയതിന്റെ സങ്കടമാണ്‌ ഈ പഴയ പാട്ടിൽ മുഴങ്ങിക്കേൾക്കുന്നത്‌. അതോ, ഓണം ഒരുങ്ങാന്‍ ഇവയൊന്നും ഗായകന്‍/ഗായികയ്ക്ക്  ലഭ്യമായിരുന്നില്ല എന്നോ?

Read More >>