ഓണത്തുമ്പികളേ വരൂ... ഓർമ്മപ്പൂക്കളിലെ തേൻ തരാം...

ഓർമ്മകളങ്ങനെ ഒഴുകിപ്പരക്കുകയാണ്... നാടും വീടും വിട്ട് മറുനാട്ടിൽ കുടിയേറിയിട്ടും ഓണത്തിന്റെ മധുരസ്മരണകളിലാണ് നാമും നമ്മുടെ മനസും. ഗൃഹാതുരത്വത്തിന്റെ വേലിയേറ്റങ്ങളിൽ നാം സ്വയമില്ലാതെയാവുന്നതും ഓണത്തിന്റെ നിറവുള്ള ഓർമ്മകളിലാണെന്ന് ഏതൊരു പ്രവാസിയും സമ്മതിക്കും

ഓണത്തുമ്പികളേ വരൂ... ഓർമ്മപ്പൂക്കളിലെ തേൻ തരാം...

ബീനാ എബ്രഹാം

മലയാളിയായി ജനിച്ചവർക്കെല്ലാം ഓണം ഒരു വികാരമാണ്. ഐതിഹ്യങ്ങളുടെ മാലയിലെ മുത്തുമണികളായ മിത്തുകളെക്കാളും തിളക്കമുള്ള കഥകളാവും ഓരോ മലയാളിക്കും സ്വന്തം കുട്ടിക്കാലത്തെപ്പറ്റി പറയാനുണ്ടാവുക. ബന്ധുമിത്രാദികൾ ഒന്നിച്ചുകൂടുന്ന ദിനങ്ങൾ. തറവാട്ടുവീടിന്റെ മുറ്റത്ത് പൂക്കളമിടാൻ തൊടികളേറെ ഓടിനടന്നു പൂക്കളിറുത്തത്...

നാട്ടുമാവിന്റെ കൊമ്പിൽ ഊഞ്ഞാലുകെട്ടാൻ തലമൂത്തവരെ ചാക്കിട്ടത്... ഒടുവിലൊരു ഊഞ്ഞാലുകെട്ടുമ്പോൾ ഊഴമിട്ട് ആടാൻ മത്സരിച്ചതും ഊഞ്ഞാലിൽ നിന്നു വീണ് കൈമുട്ടുരഞ്ഞ് കരഞ്ഞതും. അങ്ങനെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ സദ്യയുണ്ണാൻ അകത്തളത്തിൽ നിന്നുള്ള വിളിയും, നാക്കിലയിൽ വിളമ്പിയ കായവറുത്തതും ശർക്കരവരട്ടിയുമൊക്കെ ഇല തൊടും മുമ്പേ വായിലാക്കിയതും, ഓലനും കാളനുമൊക്കെച്ചേർത്തൊരൂണും കഴിഞ്ഞ് പ്രഥമൻ കഴിച്ചു തല ചെടിച്ചുപോയപ്പോൾ നാവിൽ തൊട്ടൊരു ചുക്കിന്റെ തുണ്ടും...


Onamഓർമ്മകളങ്ങനെ ഒഴുകിപ്പരക്കുകയാണ്... നാടും വീടും വിട്ട് മറുനാട്ടിൽ കുടിയേറിയിട്ടും ഓണത്തിന്റെ മധുരസ്മരണകളിലാണ് നാമും നമ്മുടെ മനസും. ഗൃഹാതുരത്വത്തിന്റെ വേലിയേറ്റങ്ങളിൽ നാം സ്വയമില്ലാതെയാവുന്നതും ഓണത്തിന്റെ നിറവുള്ള ഓർമ്മകളിലാണെന്ന് ഏതൊരു പ്രവാസിയും സമ്മതിക്കും. കാലം പോകവേ മറ്റൊരു തിരുവോണനാൾ കൂടി വരവായി. കള്ളവും ചതിയുമില്ലാത്ത, വിഭാഗീയതകളോ വേർതിരിവുകളോ ഇല്ലാത്തൊരു കാലത്തിന്റെ അനുസ്മരണം ഏറ്റവും നന്നായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാതിമതഭേദമെന്യേ മറുനാടൻ മലയാളികളും.

മറ്റേതൊരു വിദേശരാജ്യങ്ങളിലേതു പോലെ അറേബ്യൻ നാടുകളിലും മലയാളികളുടെ കലാസാംസ്കാരികസംഘടനകൾ സജീവമാണ്. പ്രവാസികളായ മലയാളികൾക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളുമൊക്കെയായി രംഗത്തുള്ളവയാണ് ഇതിൽ പലതും. നാട്ടുകാരുടെ കൂട്ടായ്മകളായി മാറുന്ന ഇത്തരം സംഘടനകളാണ് എക്കാലത്തെയും പോലെ ഇത്തവണയും ഓണാഘോഷങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്. ജില്ലാ അടിസ്ഥാനത്തിൽ പോലും പ്രവാസി കൂട്ടായ്മകൾ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒ.ഐ.സി.സി, കേളി, സഹൃദയ, പ്രവാസി റീഹാബിലിറ്റേഷൻ തുടങ്ങിയവയാണ് ഇവയിൽ പ്രമുഖം.

IMG-20160826-WA0166ഏറെ ദിവസത്തെ ഒരുക്കങ്ങൾക്കു ശേഷമാണ് ഓണാഘോഷ പരിപാടികളിലേക്ക് കടക്കുക. നൂറു മുതൽ ആയിരം വരെ അംഗസംഖ്യയുള്ള കൂട്ടായ്മകളുടെ ഓണാഘോഷം അതിവിപുലവും ആവേശകരവും വർണശബളവുമാക്കാൻ അവർ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും വിദേശരാജ്യമെന്ന നിലയിലുള്ള പരിമിതികൾ കാരണം പലപ്പോഴും തിരക്കുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് സംഘാടകർ പറയുന്നു. എങ്കിലും പരിമിതികൾക്കു നടുവിലും പരമാവധി പൊലിമയോടെ ഓണമാഘോഷിക്കാൻ എല്ലാവരും ഒരു മനസ്സോടെ പരിശ്രമിക്കുന്നു.

ഗൾഫിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിലെ സാഹചര്യങ്ങൾ കുറെക്കൂടി വ്യത്യസ്തമാണ്. കഠിനമായ നിയന്ത്രണങ്ങളും വിലക്കുകളുമുള്ള നാടായതിനാൽ സ്വാഭാവികമായും അതെല്ലാം ഇത്തരം ആഘോഷങ്ങൾക്കും ബാധകമാണ്. എങ്കിലും ഇവിടെ ഓണാഘോഷം നടക്കാറുണ്ട്. എങ്ങനെയാണെന്നറിയേണ്ടേ..?

IMG-20160826-WA0165ഓണക്കളികൾ, പൂക്കളം, മാവേലി... അങ്ങനെ ഒന്നിനും കുറവില്ലാത്ത ഓണാഘോഷമാണ് സൗദി അറേബ്യയിൽ നടക്കാറുള്ളത്..! കൈകൊട്ടിക്കളി, പകിടകളി, വടംവലി എന്നുവേണ്ട, ഒരുവിധം എല്ലാ ഓണക്കളികളുമുണ്ടാവും സൗദി അറേബ്യൻ ഓണാഘോഷങ്ങളിലും. ആഘോഷങ്ങൾ പലപ്പോഴും നടക്കുന്നത് എസ്തെറ (റിസോർട്ടുകൾ)കളിലാണ്. ഇവ വാടകയ്ക്കെടുത്താണ് മിക്ക സംഘടനകളും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ചിലർ ഹോട്ടലുകളിലെ ഹാളുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.

പുത്തൻ ഓണക്കോടിയുടെ കാര്യത്തിലും പ്രവാസികൾ പേടിക്കേണ്ട. മലയാളികളായ വസ്ത്രവ്യാപാരികൾ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യാറുണ്ട്. ഇനി പൂക്കളമാണെങ്കിലോ..? മരുഭൂമിയിലെവിടുന്ന പൂ എന്നു ചോദിച്ചൽ പലരും റോഡിനു നടുവിലെ ഡിവൈഡറിൽ നില്ക്കുന്ന പൂക്കളിലേക്കു നോക്കും. പക്ഷേ ഇവിടെ നാടൻ പൂക്കൾ കൊണ്ടു പൂക്കളം തീർക്കുന്നവരുമുണ്ടെന്നറിയുക. നാട്ടിൽ തീവിലയാണെങ്കിൽ ഇവിടെ പൊന്നും വിലകൊടുത്താണ് പൂക്കളത്തിനായി പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. ഇതിനൊക്കെ പരിചയസമ്പന്നരായ വ്യാപാരികളും സഹായഹസ്തവുമായി രംഗത്തുണ്ട്. അടപ്രഥമനടക്കം നാടൻ പച്ചക്കറികളും കൂട്ടി ഓണസദ്യയുണ്ണാനും ഇവർ പ്രവാസികളെ സഹായിക്കാറുണ്ട്.

IMG-20160826-WA0147ഓരോ ഓണവും പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരു യാത്ര പോലെയാണ്. മനസ്സുകൊണ്ടെങ്കിലും സ്വന്തം നാടിന്റെ ആത്മാവിലേക്കൊരു തീർത്ഥയാത്ര. ഓരോ വർഷവും ഹൃദയം കൊണ്ട് ഓണമെന്ന രണ്ടക്ഷരത്തോടു ചേർന്നു നിൽക്കാൻ അവൻ ശ്രമിക്കുന്നു. കൊല്ലത്തിലൊരിക്കൽ മഹാബലിത്തമ്പുരാനെ കാത്തിരുന്ന പാരമ്പര്യമുള്ള അവനിന്ന് വർഷത്തിലൊരിക്കൽ സ്വന്തം നാടുകാണാൻ ആശിച്ചിട്ടും പലപ്പോഴും സാധിക്കാതെ വരുമ്പോൾ അവൻ തന്നെയാണ് മഹാബലിയെന്ന തിരിച്ചറിവും കൂടി പ്രവാസിക്കുണ്ടാവുന്നു.

നവമാധ്യമങ്ങളടക്കം ഓണത്തെ ആഘോഷിക്കുമ്പോൾ നാട്ടിൽ നിന്നും കാതങ്ങളകലെ മലയാളിയുടെ ഹൃദയം തുടിക്കുന്നു, സ്വന്തം മണ്ണിനെ പുൽകാൻ... ശീതീകരണയന്ത്രങ്ങളുടെ മുരൾച്ചയില്ലാതെ ഓണത്തുമ്പികൾ പാറിവരുന്ന വളപ്പിലെ കാറ്റേറ്റ് സ്വയം മറന്നു നിൽക്കാൻ, മാങ്കൊമ്പിലൊരൂഞ്ഞാലു കെട്ടാൻ...!