വരാത്തവണ്ണം പോയ പൂതത്താന്മാർ

വെജ് ആയി മാറണമെന്നും എല്ലാവർക്കും ഒരേപോലെ സ്വർണ്ണക്കര നെയ്‌തൊരു സുവർണ്ണഭൂതകാലമുണ്ടെന്നും കൽപ്പിക്കപ്പെടുന്നതിന് ഒരർത്ഥമേയുള്ളൂ രാഷ്ടീയഹിന്ദുവിലേക്കുള്ള ക്ഷണപത്രികയായി ഓണത്തെ ഉപയോഗിക്കാൻ അവരാഗ്രഹിക്കുന്നു. വാസ്തവത്തിൽ മലയാളിയുടെ ഭക്ഷണത്തിന്റെ രുചിപ്പലമയിൽ നോൺ വെജിനു പ്രാചീനകാലത്തുതന്നെ അഗ്രിമസ്ഥാനമുണ്ട്.

വരാത്തവണ്ണം പോയ പൂതത്താന്മാർ

ശ്രീചിത്രൻ എം ജെ

ചിത്രം: കടപ്പാട്

ഒറ്റ രാത്രികൊണ്ട് പൂതത്താന്മാർ അമ്പലത്തിനു സ്വർണ്ണക്കൊടിമരം നിർമ്മിക്കുകയാണ്. പെട്ടെന്നു നേരം പുലർന്നു. സൂര്യവെളിച്ചത്തിൽ നിൽക്കാനാവാത്ത പൂതത്താന്മാർ കൊടിമരം ക്ഷേത്രക്കുളത്തിലെറിഞ്ഞു മറഞ്ഞുപോയി. പിന്നീടൊരിക്കലും പണി മുഴുമിക്കാനവർ തിരികെ വന്നതുമില്ല.

''ഇപ്പൊഴും വിസ്തീർണമാ ക്ഷേത്രവാപിയിൽ,ക്ഷോഭ
കൽബിഷമേശാത്തൊരു നിർമ്മലനിമിഷത്തിൽ
അത്യഗാധത്തിൽ ക്ഷണം തിളങ്ങി മറയും പോൽ
അത്ഭുതസ്വപ്നം പോലാ സുവർണ്ണധ്വജസ്തംഭം!

താദൃശപ്രതിഭാസം നമുക്കു തിരുവോണം
മേദുരകാലുഷ്യം പോയ് നാളുകൾ തെളിയവേ
കാലത്തിൻ ചെളിത്തട്ടിൽ, മനസ്സിന്നാഴത്തിലോ
കാണുമാ സ്ഫുരൽക്കാന്തി ഖണ്ഡമൊട്ടിടമാത്രം
മർത്യനു സമക്ഷേമസുന്ദരവാഗ്ദാനമാ
മത്തങ്കക്കൊടിമരമെന്നു വീണ്ടെടുക്കും നാം? '
( സ്വർണ്ണക്കൊടിമരം - വൈലോപ്പിള്ളി)

ഓണമെന്ന സമൂഹസ്വപ്നത്തിന്റെ സമസ്യാപൂരണമായി ഇതിലും മികച്ച മറ്റൊരു ഭാവനയും ഇന്നോളം കണ്ടിട്ടില്ല. പാരുഷ്യം പെരുകുന്ന കാലത്തിന്റെ ചളിത്തട്ടിലോ ദംഷ്ട്രയും നെറ്റിക്കണ്ണുമുള്ള മനസ്സിന്നാഴത്തിലോ അത്ഭുതസ്വപ്നം പോലെ ആ സ്ഫുരൽക്കാന്തി തിളങ്ങിമറയും. അത്യഗാധത്തിലാണാ തിളക്കം, സമക്ഷേമസുന്ദരവാഗ്ദാനത്തിന്റെ പ്രതീക്ഷ. വീണ്ടെടുപ്പിനെപ്പറ്റിയുള്ള വീണ്ടും വീണ്ടും സ്വപ്നം.

''നാളെ നല്ലതുവരുമെന്നൊരു പ്രതീക്ഷയില്ലാതെ നിങ്ങളെങ്ങനെ ജീവിക്കും, കുട്ടികളേ?'' ഇടറിയ തൊണ്ടയോടെ മുണ്ടൂർ കൃഷ്ണൻകുട്ടിമാഷ് പണ്ടൊരു ശിൽപ്പശാലയിൽ ഞങ്ങളോടു ചോദിച്ചു. ഇന്നിന്റെ നെറികേടിന്മേൽ പാഞ്ഞു തറയ്ക്കും പ്രതിഷേധമായി വേണം ജീവിക്കാനെന്ന് പറഞ്ഞൊന്നു വിക്കി, നാളെ നിങ്ങളുടേതായിരിയ്ക്കുമെന്ന് സഖാവ് ഇഎംഎസ് കൂട്ടിച്ചേർത്തു. അങ്ങനെ പലരുണ്ടായിരുന്നു, കുറച്ചുവർഷം മുൻപുവരെ. ഇപ്പോൾ സകലജ്ഞാനവൃദ്ധരും ചെറുപ്പക്കാരെ നിരാശപഠിപ്പിക്കാനായി ജീവിക്കുന്നവരാണ്. കുട്ടികൾ വിശ്വവിഖ്യാതമായി തെറിയെഴുതിയും സ്ലിപ്പാവാത്ത ഗർഭപാത്രത്തിൽ നിന്ന് ഒറ്റക്കു കൂവിയും പ്രതീക്ഷയുടെ പാഠങ്ങൾ ജ്ഞാനവൃദ്ധർക്കു തിരികേ പറഞ്ഞുകൊടുക്കുകയാണ്. പഴഞ്ചൊല്ലു പോലെ തെളിഞ്ഞ നാട്ടുവഴികൾ പണ്ടായിരുന്നുവെന്ന് പ്രായസ്ഥകവികൾക്ക് സംശയമില്ലാതായിരിക്കുന്നു. വിശേഷാൽ പ്രതിസാഹിത്യം ഇന്നും അതേപടി പതംപറഞ്ഞും നൊസ്റ്റാൾജിയ ചീറ്റിയും തീരുന്നു. അതുകൊണ്ടുതന്നെ ക്ഷോഭകല്ബിഷമേൽക്കാത്തൊരു നിർമ്മലനിമിഷവും അവശേഷിയ്ക്കാത്തതുകൊണ്ട്, ഒരു സ്ഫുരൽക്കാന്തിഖണ്ഡവും ഈ ചെളിമൂടിയ കാലത്തിൽ അവർക്കു കാണാനുമില്ല. അതിലൽഭുതപ്പെടാനൊന്നുമില്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. കണ്ണുകൾ നരക്കും. നരയ്ക്കാത്ത കണ്ണുകൾ പൂക്കളെക്കാണും. ആ കണ്ണുകളും നരയ്ക്കും. പൂക്കളെക്കാണാൻ വേറെ കണ്ണുകൾ വരും.

ഓണപ്പൊൻകിരണങ്ങൾ മനുഷ്യഭാവന വളർന്ന സകലയിടത്തുമുള്ള സുവർണ്ണയുഗ സങ്കൽപ്പത്തിന്റെ കേരളപാഠമാണ്. കേരളസംസ്‌കാരത്തിൽ വേരോടി വളർന്ന അനേകം പ്രതിമാനങ്ങളുടെ കൊളാഷ്. സുവർണ്ണയുഗകൽപ്പന മലയാളിയുടെ തറവാട്ടുസ്വത്തൊന്നുമല്ല. ഗുണപരമായി അനുക്രമം താണുവരുന്ന മനുഷ്യവർഗ്ഗങ്ങളുടെ കഥ, ദേവപിതാവായ ക്രോണോസിന്റെ വാഴ്ച്ചക്കാലമായ സുവർണ്ണകാലത്തെപ്പറ്റി മറ്റൊരു കഥ, ഇങ്ങനെ വർഗ്ഗ-സ്ഥല-കാലാടിസ്ഥാനത്തിൽ വികസിച്ച പുരാവൃത്തങ്ങളിലൂടെ പാശ്ചാത്യർക്കെന്നേ സുവർണ്ണയുഗകൽപ്പനയുണ്ട്. റോമാക്കാരുടെ സാഹിത്യത്തിൽ ഒരു ചരിത്രഘട്ടമെന്നോണമാണ് സുവർണ്ണയുഗകൽപ്പനയുടെ ഇടം. ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുമ്പോൾ ഗൃഹാതുരതയുടെ മരുന്നുപുരട്ടുന്ന പരിപാടിയാണ് സുവർണ്ണയുഗം എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ പാശ്ചാത്യകാൽപ്പനികർ തിരിച്ചറിഞ്ഞു. ഹോഡിയോസിന്റെ സങ്കൽപ്പത്തിലെ സുവർണ്ണമാനുഷവർഗ്ഗത്തിന്റെ (Golden race) സ്വർഗം ശാന്തിയും സ്വപ്നതുല്യസൗഖ്യവും നിറഞ്ഞ സ്ഥാനമാണ്. വില്യം ബ്ലേക്കിന്റെ കവിതകളിൽ ആദ്യന്തം സുവർണ്ണയുഗത്തിന്റെ നിവർത്തിയാവലിലുള്ള വിശ്വാസമാണല്ലോ. ''ഈടുവെയ്പ്പുകളെല്ലാം പോകിലും പുതിയൊരു നാടു നമ്മുടേതാകാം'' എന്ന പ്രതീക്ഷ നമ്മുടെ വൈലോപ്പിള്ളിയും പുലർത്തി. അതുകൊണ്ടുതന്നെ കേരളം കണ്ട നല്ല ഓണപ്പാട്ടുകാരനുമായി.

കേവലമായ സുവർണ്ണയുഗഭാവനയിൽ പക്ഷേ ഓണം ഒതുങ്ങുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണം ഒരു ശക്തമായ രാഷ്ടീയപ്രമേയമായി മാറിയിരിക്കുന്നു. കീഴാളന്റെ ഓണം പ്രശ്‌നവൽക്കരിക്കപ്പെടുന്നതു മുതൽ ഓണസദ്യയുടെ 'ചിട്ടവട്ട'ങ്ങളെ ചോദ്യം ചെയ്യുന്നതുവരെയുള്ള ഗുണാത്മകസംവാദങ്ങളിലൂടെ വളർന്ന ഓണചർച്ചകൾ ഇപ്പോൾ ആർഎസ്എസ് പറയുന്ന 'ഹിന്ദുക്കളുടെ ഓണ'മായി പുതിയ വായനയാവശ്യപ്പെടുന്നു. വാമനജയന്തിയാണ് ഓണമെന്നും മഹാബലിക്കിതിൽ കാര്യമില്ലെന്നും ശശികലയുടെ വ്യാഖ്യാനവുമിറങ്ങിയിരിക്കുന്നു. പുതിയ സംവാദങ്ങൾ വികസിക്കേണ്ടതാണെന്ന കാഴ്ച്ചപ്പാടിൽ, ഇനിയൽപ്പം ഓണവിശേഷങ്ങൾ.

ഓണച്ചരിത്രത്തിന്റെ മാർഗ്ഗഭേദങ്ങൾ

ഓണത്തിന്റെ ചരിത്രസൂചനകളുടെ അപഗ്രഥനം ഇളംകുളവും വടക്കുംകൂറും മുതൽ അനേകം ചരിത്രകാരന്മാർ നടത്തിയിട്ടുണ്ട്. മിത്തിനെപ്പറ്റി ശാസ്ത്രീയാന്വേഷണം നടത്തുമ്പോഴും അഭ്യൂഹങ്ങൾ കടന്നുവരികയും ചരിത്രാപഗ്രഥനവും അഭ്യൂഹാനുമാനങ്ങളും കൂടിക്കുഴയുകയും ചെയ്യുക എന്നത് കേരളചരിത്രപഠനത്തിൽ സർവ്വസാധാരണമാണ്. ഏതായാലും ഓണം വളരെ പഴയ രേഖകളിൽ തന്നെയുണ്ട്. കൊല്ലവർഷം 36ലെ തിരുവല്ല ലിഖിതത്തിൽ തന്നെ ഓണം വരുന്നു. ഓണപ്പുടവയും ഓണത്തിനു കാശുകൊടുക്കലും ഓണം കൊടുപ്പാൻ പോക്കും പുത്തൂരം പാട്ടുകളിൽ തന്നെ കാണാം. കൃത്യമായ കാലഗണന സാദ്ധ്യമല്ലെങ്കിലും ഓണവുമായി ചേർന്ന മിത്ത് ഏറ്റവും പഴക്കത്തിൽ കാണാനാവുക ചില കീഴാള ആഖ്യാനങ്ങളിലാണ്, അവ പിന്നീട് വിശദമാക്കാം. പ്രകടമായ അബ്രാഹ്മണസ്വഭാവമുള്ള ഈ മിത്തിന്റെ അപകടം തിരിച്ചറിഞ്ഞുകൊണ്ടാവാം കൊച്ചിരാജ്യത്ത് തൃക്കാക്കരയപ്പൻ ഓണദൈവമായി മാറിയത്. ഇതെല്ലാം വളരെക്കഴിഞ്ഞു സംഭവിക്കുന്നവയാണ്. ഓണം വാമനാവതാരവുമായി ബന്ധപ്പെടുന്നതുതന്നെ ആര്യ-ദ്രാവിഡ സംഘർഷങ്ങൾ രൂപപ്പെട്ടതിനും ആര്യാധികാരത്തിനും ശേഷമാണ്. മധുരൈക്കാഞ്ചി തുടങ്ങിയ പിൽക്കാല പഴന്തമിഴ് കൃതികളിലും ആഴ്വാന്മാരുടെ മൊഴികളിലും തിരുവാറ്റുവായ്, തൃക്കാക്കര, തിരുവല്ല ലിഖിതങ്ങളിലുമായി കാണുന്ന ഓണപരാമർശങ്ങളുടെ കാലത്തിൽ ഈ മിത്തിനുള്ള വാമനാവതാരബന്ധം സ്പഷ്ടമേയല്ല. അസ്സീറിയയിൽ നിന്നും എത്തിയതാണ് ഓണാഘോഷമെന്നും അവരുടെ 'മാവേൽ' ആണ് മാവേലിയെന്നും കേസരിയുടെ വാദമുണ്ട്. ( അങ്ങനെയെങ്കിൽ സദ്ദാം ഹുസൈൻ നമ്മുടെയൊക്കെ പഴയൊരമ്മാവനായിട്ടും വന്നേക്കുമെന്ന് ഒരിക്കൽ സുനിൽ പി ഇളയിടം :) ) തൃശ്ശൂർ മുതൽ മലബാറിലെല്ലാം ഉണ്ടാക്കുന്ന മൺസ്തൂപങ്ങൾക്ക് പ്രകടമായ പിരമിഡ് ഛായ വന്നതങ്ങനെയത്രേ.

പ്രാചീനതമിഴകത്തിലും ക്രിസ്തുവർഷം പത്താം നൂറ്റാണ്ടുവരെ ഓണാഘോഷമുണ്ടായിരുന്നതായി തെളിവുകളുണ്ട്. മലയാളിയുടെ മച്ചാൻസ്വത്തല്ല എന്നർത്ഥം. മായോന്റെ ജന്മനക്ഷത്രമെന്ന നിലയിൽ പഴന്തമിഴ്പാട്ടുകാലത്ത് മറന്മാർ ഓണമാഘോഷിക്കാൻ നൃത്തം ചെയ്തിരുന്നു. ആഴ്വാർ സന്യാസികൾ പ്രാർത്ഥനയും കീർത്തനങ്ങളുമാലപിചുകൊണ്ട് ഓണദിവസം പെരുമാളിന്റെ പിറന്നാളോഘോഷം നടത്തി. എട്ടാം നൂറ്റാണ്ടിലെ ആഴ്വാർ കൃതികളിൽ തിരുവോണനാളിന്റെ രണ്ടുപരാമർശങ്ങളുണ്ട്. ഒമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രലിഖിതത്തിൽ ഓണത്തിന് ഊരാളരെ ഊട്ടുന്ന പരാമർശമുണ്ട്. സ്ഥാണുരവിയുടെ പതിനേഴാം ഭരണവർഷത്തിലെ തിരുവാറ്റുവായ് ക്ഷേത്രലിഖിതത്തിൽ കാണുന്ന ആവണി ഓണമാടുവാൻ കൊടുത്ത ഭൂമിയുടെ പരാമർശത്തിന് അപ്പോൾ ക്രിസ്തുവിനുശേഷം 86 വർഷത്തിന്റെ പഴക്കമുണ്ട്. തൃക്കാക്കരയിലെ ഓണാഘോഷവും തൃക്കാക്കരപ്പനും വരുന്ന ആദ്യരേഖ ഭാസ്‌കരരവി പെരുമാളിന്റെ നാൽപ്പത്തിരണ്ടാം ഭരണവർഷത്തിലെ രേഖയാണ് - അതായത് ക്രിസ്തുവിനുശേഷം 1004 . തൃക്കാക്കരയിൽ പോയി ഓണമാഘോഷിച്ചിരുന്ന ജനസമൂഹത്തോട് സൗകര്യപൂർവ്വം വീട്ടിൽ ഓണമാഘോഷിച്ചാൽ മതിയെന്നു കൊച്ചിരാജ്യത്ത് കൽപ്പനയാവുന്നുണ്ട്. ഈ രാജകൽപ്പന പ്രഖ്യാതമായ ഓണപ്പാട്ടിൽ മാവേലിയുടെ തന്നെ കൽപ്പനയായി പകർന്നാടുന്നത് കാണാം.

പ്രചുരപ്രചാരമാർജ്ജിച്ച വാമനാവതാരകഥയെടുത്താൽ, ഇക്കഥ കേരളത്തിനൊരു സവിശേഷാവകാശവുമുള്ള കാര്യമല്ല. പദ്‌മപുരാണത്തിലെ വിഷ്ണുവിന്റെ രണ്ടാം വാമനാനവാതാരകഥയാണ് നാമിപ്പോൾ ഓണക്കഥയായി പറഞ്ഞുനടക്കുന്ന മഹാബലിക്കഥ. കശ്യപനു ദയയിൽ ജനിച്ച ധുന്ധുവിനെ വിഷ്ണുവിന്റെ ഒന്നാം വാമനാവതാരം ഇതേ ടെക്‌നിക്ക് ഉപയോഗിച്ച് - ഒരു മൂന്നടി തരുമോ എന്ന യാചനാതന്ത്രം പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന കഥ പദ്മപുരാണത്തിലുണ്ട്. രണ്ടാമത്തെ വാമനാവതാരമാണ് വിരോചനപുത്രനായ മഹാബലിയെന്ന അസുരചക്രവർത്തിയെ ചവിട്ടിത്താഴ്ത്തുന്നത്. തന്റെ ഒരു മുതുമുത്തശ്ശനോട് വിഷ്ണു ഇതേ തന്ത്രം ഉപയോഗിച്ച കഥ മഹാബലി അറിയാഞ്ഞിട്ടോ, അറിഞ്ഞാലും 'ബ്രാഹ്മണസേവയാണ് രാജധർമ്മങ്ങളിൽ മുഖ്യ'മെന്ന ആര്യബോധം കൈവന്ന് അസുരരാജാവായതു കൊണ്ടോ- അതേ തന്ത്രത്തിൽ പെട്ട് പാതാളത്തിലേക്കു താണുപോയി.

onam_non-veg-onam_വാമനകഥയുടെ മൂലരൂപം തൈത്തിരീയസംഹിതയിലും ഋഗ്വേദത്തിലുമുണ്ട്. ക്ഷേത്രശിൽപ്പകലയിൽ പലയിടങ്ങളിലും ഈ കഥയുടെ ദൃശ്യങ്ങൾ കാണാം. ബേലൂർ - ഹളേബീഡ്, മൈസൂർ സോമനാഥപുരം ക്ഷേത്രങ്ങളിലെ ശിൽപ്പങ്ങളിൽ വാമനൻ ഉയരം കുറഞ്ഞ് കുടവയറും ഓലക്കുടയുമുള്ള ബ്രാഹ്മണരൂപമാണ്. ഇതാണ് നമ്മൾ വാമനനിൽ നിന്നു 'മാവേലി'യിലേക്കു വെച്ചുമാറിയത്. ബലി ഇവിടെയെല്ലാം ശക്തനായ രാജാവാണ്. തമിഴ്‌നാട്ടിൽ മഹാബലിപുരത്തിലെ പ്രാചീനമായ പല്ലവശിൽപ്പകലയിൽ മഹാബലിയും വാമനനുമുണ്ട്. (മഹാബലിപുരമെന്ന പേരിനു മഹാബലിയുമായി ബന്ധമൊന്നുമില്ല. മാമല്ലപുരം - മാമല്ലരാജാക്കന്മാരുടെ പുരമാണത്) കർണാടകത്തിൽ ബദാമിയിലും പട്ടടക്കലും ബലിവാമനശിൽപ്പങ്ങൾ കാണാം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും ഒറീസയിലുമെല്ലാം ബലിവാമനശിൽപ്പങ്ങളുള്ള സ്ഥലങ്ങളുണ്ട്. കേരളത്തിൽ ആലത്തിയൂരും തൃപ്രയാറും ചുടുവാലത്തൂരും പാഴൂരും വാമനന്റെ ത്രിവിക്രമരൂപം ചുമർച്ചിത്രങ്ങളായുണ്ട്. നേപ്പാളിലുള്ള മിനിയേച്ചർ ചിത്രങ്ങളിൽ ബലിയുടെ അസുരചക്രവർത്തീരൂപം അതുപോലെ നിലനിർത്തിക്കൊണ്ട് വാമനനെ ശ്രീകൃഷ്ണനായോ നിഷ്‌കളങ്കബാലനായോ താടിയുള്ളൊരു സന്യാസിയായോ ഭാവനപോലെ വരച്ചിട്ടുണ്ട്. ഇന്ത്യയിലും നേപ്പാളിലുമെല്ലാം പടർന്നുകാണുന്ന ഈ കഥയെ സ്വന്തമായൊരു വ്യാഖ്യാനത്തോടെ സ്വീകരിക്കുകയാണ് മലയാളി ചെയ്തത്. ആധുനീകരിക്കപ്പെട്ട ഓണസങ്കൽപ്പത്തിന്റെ രേഖീയരൂപത്തിൽ കാണുന്ന 'മാവേലി' എന്ന കുടവയർ + പിത്തത്തടി +ഓലക്കുട + കൊമ്പൻമീശ രൂപം നമ്മുടെ കാരണവർ രൂപമാണ്. ബിഗ് ഫാദർ ഫിഗർ നിർമ്മിക്കാനാവശ്യമായ ഘടകങ്ങളെ മലയാളി കൂട്ടിയിണക്കിയുണ്ടാക്കിയതാണ് മാവേലിയെ. അതുകൊണ്ടാണ് വാമനന്റെ ഓലക്കുട വരെ വാങ്ങി നമ്മൾ മാവേലിയുടെ കയ്യിൽ പിടിപ്പിച്ചത്.

ഓണപ്പാട്ടിൽ നിന്ന് ഓണപ്പലമയിലേക്ക്

ഓണപ്പാട്ടുവഴി ഓണങ്ങളിലേക്കുള്ള നല്ല വഴിയാണ്. ഓണപ്പാട്ട് എന്ന മലയാളികൾ സകലരും പാടിപ്പതിഞ്ഞപാട്ട്. 'മാവേലി നാടുവാണീടും കാലം' എന്ന മലയാളഗാനത്തിന്റെ പതിനായിരക്കണക്കിന് അച്ചടിപ്രിന്റുകളും പിന്നെ കയ്യെഴുത്തുപാഠങ്ങളും നമ്മുടെ നാട്ടിൽ ലഭ്യമായിരുന്നു. പിന്നെയത് 'കണ്ടെടുക്കേണ്ട' ഒന്നായി മാറിയതാണ് ചരിത്രപരമായ തമാശ. 216 വരികളുള്ളതു മുതൽ 268 വരികളുള്ളതുവരെ ഓണപ്പാട്ടിന്റെ അനേകം പാഠങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചിറയ്ക്കൽ കോവിലകം ഗ്രന്ഥപ്പുരയിൽ നിന്നും വെള്ളാരപ്പള്ളിയിലെ വെടിയൂർ മനയിൽ നിന്നും ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കണ്ടെടുത്തതുമായി പല പാഠങ്ങൾ. കവിയാരെന്നറിഞ്ഞുകൂടാ. 'ബലിയേന്ദ്രൻ പാട്ട്'പോലെ ഏതെങ്കിലും അനുഷ്ഠാന സന്ദർഭങ്ങളുമായി ബന്ധപ്പെടുന്നില്ല. ഏതെങ്കിലും പ്രത്യേക ജാതിവിഭാഗത്തിന്റേതെന്നും സൂചനകളില്ല. അനേകം തർക്കങ്ങൾ ഓണപ്പാട്ടിലെ വരികളെപ്പറ്റി നിലവിലുണ്ട്. അവയവിടെ നിൽക്കട്ടെ , പാട്ടിലേക്കു വന്നാൽ ഏതുമലയാളിയ്ക്കും കാണാതെയറിയാവുന്ന വരികളിൽ തന്നെ സുവർണ്ണയുഗ യുട്ടോപ്യയുടെ ലളിതമായ വിദഗ്ദ്ധവർണ്ണനയുണ്ട്. ആപത്ത്, ആധികൾ, വ്യാധികൾ, ബാലമരണങ്ങൾ, ദുഷ്ടർ, നല്ലവരല്ലാതെയുള്ളവർ, കള്ളം, ചതിവ്, പൊളിവചനം, കള്ളപ്പറ, ചെറുനാഴി എന്നിങ്ങനെയുള്ള 'കള്ളത്തര'ങ്ങൾ ഒന്നുമില്ലാത്ത, മാനുഷരെല്ലാരുമൊന്നുപോലെ ആനന്ദമോ ആമോദമോ കൈക്കൊണ്ടു വസിയ്ക്കുന്നൊരു കാലം. അവിടുന്നു തുടങ്ങുന്ന ഈ 'ഒന്നുപോലെ' പിന്നെയൊരു തുടർച്ചയാണ്.

മാനുഷരെല്ലാരുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയങ്ങളൊക്കെയുമൊന്നുപോലെ
അക്കാലമൊക്കെയുമൊന്നുപോലെ
വേണ്ടുന്ന വാണിഭമൊന്നുപോലെ
പിന്നെ,
ഓണങ്ങളൊക്കെയുമൊന്നുപോലെ!

ഓണമല്ല, 'ഓണങ്ങൾ' നിലവിലുണ്ടായിരുന്നൊരു കാലത്ത് ഓണങ്ങളെ ഒന്നുപോലെയാക്കാനുള്ള, ഏകീകൃത ഓണസിവിൽകോഡ് നടപ്പിലാക്കാനുള്ള, 'സർവ്വാംഗീകൃതപൊതുഓണം' നിർമ്മിക്കാനുള്ള ശ്രമം പാട്ടിൽ വ്യക്തമാണ്. എന്നാൽ ഓണങ്ങൾ അങ്ങനെയൊന്നും പിൻവാങ്ങിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ പലമയാർന്ന ഓണങ്ങൾ നിലനിന്നു. ഈ പലതരം ഓണങ്ങളുടെ ബഹുത്വത്തിലൂന്നിയ, വൈവിദ്ധ്യവൽക്കരണത്തിൽ ഊന്നിയ കോളനിപൂർവ്വ സാമൂഹ്യഘടനയെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

എന്താണ് പലതരം ഓണങ്ങൾ? പാട്ടിൽ തന്നെ മൂന്നുതരം ഓണങ്ങളെപ്പറ്റി പരാമർശമുണ്ട്. തൃക്കാക്കരയിൽ ഏവരുമെത്തി ആഘോഷിച്ചിരുന്ന ഓണം, മാവേലി കുട്ടികൾക്കും സ്ത്രീകൾക്കും തൃക്കാക്കര വരെയുള്ള ദൂരം വരാൻ ബുദ്ധിമുട്ടാവുമെന്നതുകൊണ്ട് വീടുകളിൽ ഓണമാഘോഷിച്ചാൽ മതിയെന്നു കൽപ്പിച്ചതിനേത്തുടർന്ന് നടപ്പിലായ 'വീട്ടോണം', പിന്നെ പാട്ടുകാർ വിഭാവനം ചെയ്യുന്ന, മാവേലിയും മഹാദേവനും മാധവനും പിന്നെയനേകം ദേവകളുമെല്ലാം പ്രവേശിയ്ക്കുന്നൊരു ഓണവും.

''അങ്ങനെ തന്നെയും തിങ്കൾ തോറും
ഓണങ്ങളൊക്കെയുമൊന്നുപോലെ''

onam-mahabali_vamanഎന്നാണ് ഈരടി. ചിങ്ങം കന്നി, കർക്കടകം മാസങ്ങളിലെല്ലാം ചിതറിക്കിടക്കുന്നുണ്ട് പഴയോണം. മൂന്നോ നാലോ തിരുവോണങ്ങൾ വന്നേക്കാം. ചിലർ കന്നി ഓണം ആഘോഷിച്ചിരുന്നു താനും. പലമകളെ ഏകീകരിക്കാനുള്ള ഈ ശ്രമത്തിനു പിന്നിലെ പലതരം ഓണങ്ങൾ അനേകം സംവാദങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഒന്നു വ്യക്തമാണ് - ഒരിടത്ത് ഉൽഭവിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിച്ച Homogenous ആയ ഓണം എന്നൊന്നില്ല. പല കാലത്ത് പലയിടങ്ങളിലായി ഉൽഭവിച്ചതാണ് Heterogenous ആണ് ഓണങ്ങൾ. ഓരോ ഓണവും തമ്മിൽ ആദാനപ്രദാനങ്ങളുണ്ടായിട്ടുണ്ടാവാം. അതുകൊണ്ട് ഓണപ്പലമ ഇല്ലാതാവുന്നില്ല. മായോന്റെ പിറന്നാളിനുള്ള മറവരുടെ നൃത്തത്തിൽ നിന്ന് നെഹ്‌റുട്രോഫി വള്ളംകളിയിലേക്ക് ഒരു ഒറ്റച്ചെരടും ഇല്ല.

മലമയുടെ കഥയും ഓണം മനയ്ക്കലും ഓണപ്പൊട്ടനും

കുട്ടനാട്ടിലെ വേലർ പരമ്പരാഗതമായി പാടിവന്നിരുന്ന ഒരു കഥാഖ്യാനമാണ് മലമയുടെ കഥ. മലനാടിനേയും മാവലിയേയും കുറിച്ചുള്ള കീഴാളസമൂഹത്തിന്റെ അസാധാരണമാം വിധം വ്യത്യസ്തമായ കാഴ്ച്ചപ്പാടിലുള്ള ആഖ്യാനം. പി കെ ശിവശങ്കരപ്പിള്ളയാണ് ഫോക്ലോർ പഠനങ്ങളുടെ ഭാഗമായി ഇവ പുറത്തുകൊണ്ടുവന്നത്. ഇതേ പാട്ടിന്റെ മറ്റൊരു പാഠം കാവാലം വിശ്വനാഥക്കുറുപ്പ് 'കുട്ടനാടിന്റെ തനിമകളും പാട്ടുകളും' എന്ന പുസ്തകത്തിൽ കൊണ്ടുവന്നിട്ടുണ്ട്. വണ്ണാന്മാരുടെ തോറ്റം പാട്ടുകളോടാണ് മലമയുടെ കഥയുടെ ആഖ്യാനരീതിക്കു സാമ്യമെന്ന് കാവാലം നാരായണപ്പണിക്കർ നിരീക്ഷിച്ചു. നാടകീയസംഭവപരമ്പരങ്ങളെ സൂക്ഷ്മതയോടെ ആഖ്യാനനിർവ്വഹണം നടത്തുകയും കൃത്യമായ സാമൂഹ്യവിമർശതലത്തിലേക്ക് കയറിനിൽക്കുന്ന വരികൾ സംവഹിക്കുകയും ചെയ്യുന്നുണ്ട് മലമയുടെ കഥ. വന്ദനത്തോടെയാണ് പ്രാരംഭം. പരമാത്മാവിനാണ് വന്ദനം, ത്രിമൂത്തികളടങ്ങുന്ന സവർണ്ണദൈവകൽപ്പനകൾക്കൊന്നും വന്ദനമില്ല. പിന്നീട് കഥ തുടങ്ങുന്നു. മലനാട്ടുരാജ്യത്തിൽ ആദിയിൽ ഒന്നുമുണ്ടായിരുന്നില്ല. നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ദേവകളും ഋഷികളും ദൈവപുണ്യവും മുപ്പത്തിമുക്കോടിദേവകളും അറുപത്തിയാറായിരം അസുരന്മാരും ഇന്ദ്രാദികളും മന്ത്രാദികളും മണ്ഡലവും മനുവും മന്ത്രികളും മറയോരും കല്ലും കടവും കുളിയും ജപവും എണ്ണവും എഴുത്തും ഒന്നുമുണ്ടായിരുന്നില്ല.

ആദിയും അന്തവുമില്ലാത്ത അക്കാലത്ത് ഒരു മുട്ട പൊട്ടിപ്പിളർന്ന് ആകാശവും ഭൂമിയുമുണ്ടായി. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുണ്ടായി. ശിവനും ബ്രഹ്മാവിനും ഭൂമി കണ്ടെത്താനാവുന്നില്ല. വിഷ്ണു അവസാനം പലതരം പ്രച്ഛന്നരൂപം പൂണ്ട് ഭൂമിയെ അന്വേഷിച്ചുനടക്കുന്നു. വെള്ളിവരാലായും ആമയായും പന്നിയായും ചെങ്കീരി കരിങ്കീരിയായും ചെമ്പരുന്തു കരിമ്പരുന്തായും പിന്നെയവസാനം 'മായമൊത്ത വിഷ്ണുവിന്റെ ഉണ്ണിത്തിരുവേഷം' ഉണ്ടാവുന്നു. ഉണ്ണി പന്തീരാണ്ടുകൊല്ലം തപസ്സുചെയ്തപ്പോൾ 'കോലവരി നീലവരി' വണ്ടുകളെ തോറ്റി വരം കൊടുത്ത് അയച്ചപ്പോൾ അവർക്ക് ഭൂമിയെ കണ്ടെത്താൻ സാധിച്ചു. അപ്പോൾ നോക്കുമ്പോഴാണ്, മാവലിയുടെ കൂടെ ചൂതുകളിച്ചുകൊണ്ടിരിക്കയാണ് ഭൂമിക്കന്യ. 'നല്ലച്ചൻ മാവലിയുടെ ഭൂമിക്കന്യാവ്' മാവലിയോടു ചേർന്നിരിക്കുന്നതുകണ്ട ഉണ്ണിയായ വിഷ്ണു 'തിരുനൃത്തപ്പിള്ളയാർ' ആയി വേഷം പകർന്ന് മാവലിയെക്കാണാനും ഭൂമിയെ കൊണ്ടുവരാനുമായി പോവുന്നു. മാവലിയുടെ മുന്നിൽ ഹെന്ന് തിരുനൃത്തം ചെയ്യുന്നു. നൃത്തം കണ്ട മാവലി 'കുതുകം പൂണ്ട്' സമ്മാനം നൽകാൻ ഒരുങ്ങുന്നു.

ആടയോ ആഭരണങ്ങളോ വേണ്ടതെന്ന് തിരുനൃത്തപ്പിള്ളയോട് ചോദിക്കുമ്പോൾ മലനാട്ടുരാജ്യത്തിൽ ഒരു കൂത്തമ്പലം പണിചെയ്തു നൃത്തമാടാൻ മുറത്തോളം തറഭൂമി' വേണമെന്ന് ആവശ്യപ്പെടുന്നു. അനുവദിക്കുന്നതോടെ 'മായമൊത്ത വിഷ്ണു തന്റെ മായവേഷം കളഞ്ഞ്' കള്ളമുഴക്കോലു കൊണ്ട് ഉലകമളക്കുന്നു. മാവലി ഒന്നു തർക്കിച്ചു നോക്കുന്നു. പിന്നെ ' മറുവാചകം മുട്ടി, മലനാടിനുണ്മയും വെണ്മയും കാത്തു മണ്ണുതൊട്ടു തലതാഴ്ത്തിയിരിപ്പതിനെ കാണാകുന്നു'' പിന്നെയാണ് രസം - വാരിവലിച്ചെടുത്ത് വിഷ്ണു പോകാനൊരുങ്ങുമ്പോൾ 'പോരികില്ല ഞാൻ മാവലിയുടെ മലനാടുവിട്ട്' എന്നു ഭൂമിക്കന്യാവ് ഒരേ വാശി. പിന്നെ ഭൂമിക്കന്യ എണ്ണിയെണ്ണിപ്പറയുന്നത് അക്കാലത്തെ സാമൂഹ്യജീവിതദുരിതങ്ങളാണ്. നേരം വെളുക്കുമ്പോൾ അടിയാളരെ വിളിച്ചിറക്കി അസ്തമയം വരെ പണിയെടുപ്പിച്ച് കൂലിക്കായി നിലവിളിച്ച് കാത്തുനിൽക്കുമ്പോൾ 'നറുനാഴിയിരിയ്‌ക്കേ കുറനാഴിയെടുത്ത് ഉതിരെടുത്തു പതിരുകൂട്ടി കൂലികൊടുക്കുന്ന മാപാപി' ദോഷരെ ഇല്ലായ്മ ചെയ്തവനാണ് മാവലി. അതുകൊണ്ട് ഞാനിവിടം വിട്ടു വരില്ല എന്നാണ് ശാഠ്യം. പിന്നെ ഭൂമിക്കന്യ അവിടെ കിടന്ന് ഉറക്കുന്നു. മലർന്നുകിടന്നോ കമിഴ്ന്നുകിടന്നോ ചെരിഞ്ഞുകിടന്നോ ഉറക്കേണ്ടതെന്ന് പിന്നെ തർക്കം. അവസാനം ചെരിഞ്ഞുകിടക്കുറയ്ക്കുന്ന ഭൂമിക്കന്യ മലനാടിന്റെ ഭൂമിശാസ്ത്രമാവുന്നു.

അനതിസാധാരണമായ ആർജ്ജവം പേറുന്ന ഈ കീഴാളാഖ്യാനത്തിന്റെ ദർശനത്തിലാണ് സുവർണ്ണയുഗസങ്കൽപ്പത്തിന്റെ ഏറ്റവും പ്രബലമായ കേരളനിർമ്മിതി കാണാവുന്നത്. അതാകട്ടെ അതിശക്തമായ സവർണ്ണവിമർശത്തെയും സംവഹിക്കുന്നു. ഇത്തരത്തിലുള്ള ആഖ്യാനങ്ങളുടെ സാദ്ധ്യതയെയാണ് തൃക്കാക്കരത്തേവരുടെ ഓണത്തിനെ ആധാരശിലയായി എടുത്തവർ നിരസിച്ചുകളഞ്ഞത്. ആധുനിക 'ആർഷഭാരത'ത്തിൽ രാമായണത്തെക്കുറിച്ചു നടന്ന കേന്ദ്രീകരണത്തിനു സമാനമാണിത്. വാത്മീകിരാമായണമെന്ന തായ്ത്തടിയിൽ നിന്ന് ശാഖകളായി പടർന്നതാണ് മറ്റു രാമായണങ്ങൾ എന്ന വങ്കത്തം രാഷ്ടീയഹിന്ദുപരിപാടിയുടെ ആശയമാണ്. വാസ്തവത്തിൽ പലതരം രാമായണങ്ങളിലൊന്നാണ് വാത്മീകിരാമായണവും. സമാനമാണ് ഓണത്തിന്റെ കാര്യവും.

ഇങ്ങനെ തെക്കേമലബാറിലെ പാണരുടെയും പറയരുടെയും ഉള്ളാടരുടെയും പാട്ടുകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് ഓണത്തിനോടു ബന്ധപ്പെട്ട് ഉണ്ടായിരുന്ന 'കാരണവർക്കു കൊടുക്കലി'നെപ്പറ്റി രേഖകളുണ്ട്. പാക്കനാർ പാട്ടിലും മാവേലിയുണ്ട്. കുട്ടനാട്ടിലെ പറയരും പുലയരും ഭദ്രകാളിത്തുള്ളലിനു പാടുന്ന പാട്ടിലും മാവേലിയുണ്ട്.

മലബാറിലെ മലയക്കുട്ടികൾ കെട്ടിയവതരിപ്പിക്കുന്ന ഒരോണത്തിറയാണ് ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ. യാഗദീക്ഷിതനായ മഹാബലി വരുന്നതാണ് എന്നുതന്നെയാണ് വിശ്വാസം. എവിടെയും നിൽക്കാൻ പാടില്ല. ഒന്നും സംസാരിക്കാനും പാടില്ല. മണികിലുക്കിക്കൊണ്ടാണ് വരുന്നത്. തലയിൽ കഥകളിയുടെ കൃഷ്ണമുടിയോട് സാമ്യമുള്ള കിരീടമാണ്. ഓണപ്പൊട്ടനിലെ പൊട്ടനെന്ന വാക്ക് സംസാരിക്കാത്തതുകൊണ്ട് വന്നതായിരിക്കണം. മഹാബലിപ്പാട്ടിൽ കാണുന്ന കൃഷ്ണസാനിദ്ധ്യമാവുമോ തലയിൽ കാണുന്ന കൃഷ്ണമുടി?

ഗ്രാമസമ്പത്തിന്റെ നിയന്ത്രണം കൈക്കലാകിയ ബ്രാഹ്മണ്യം തദ്ദേശീയമായ കീഴാളഭാവനകളെ സ്വാംശീകരിച്ചെടുക്കുക എന്നത് കേരളത്തിലുടനീളം കാണാവുന്ന പ്രക്രിയയാണ്. മലയന്റെ ഓണം മനയ്ക്കലെ വകയാവുന്നത് അങ്ങനെയാണ്. ഓണപ്പൊട്ടൻ കെട്ടാനുള്ള കുട്ടികളുടെ അവകാശമായി മലയന്റെ ഓണാധികാരം നിലനിന്നു.

കീഴാളർക്ക് ഓണമുണ്ടായിരുന്നില്ല എന്ന അതിവാദത്തിൽ വലിയ കഴമ്പൊന്നുമില്ല. ഓണം കീഴാളന്റെയും ആഹ്ലാദദിനമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. കഞ്ഞി കുമ്പിളിൽ തന്നെയാണെങ്കിലും കഞ്ഞി കിട്ടുക ആയിരുന്നു ആഹ്ലാദം. 1810-1821 കാലഘട്ടത്തിൽ കേരളത്തിലുടനീളം സർവ്വേ നടത്തിയ വാർഡും കോണറും രേഖപ്പെടുത്തുന്നതുപോലെ ഓണക്കാലം ഏറ്റവും നികൃഷ്ടരായി ഗണിച്ചിരുന്ന പുലയർക്കു പോലും വിശ്രമത്തിന്റെയും ആഹ്ലാദത്തിന്റെയും ഏതാനും ദിനങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ ഇതിനർത്ഥം ഇന്നു ഉപഭോഗസംസ്‌കാരമൊരുക്കിയിരിക്കുന്ന ഓണം പോലൊരു അർമ്മാദമായിരുന്നു എന്നല്ല. മനുഷ്യരെന്നുപോലും പറയാനാവാത്ത പ്രാകൃതജീവിതം നയിച്ചിരുന്ന സമൂഹത്തിന് ആശ്വാസം, അത്രമാത്രം.

തെക്കേ മലബാറിലും പഴയ തിരുകൊച്ചി - മദ്ധ്യതിരുവിതാംകൂർ മേഖലയിലുമാണ് നേരത്തേ നിലവിലുണ്ടായിരുന്ന മിത്തുകളെ കൂട്ടിക്കെട്ടി ഓണസംബന്ധമുണ്ടാക്കപ്പെട്ടത്. വടക്കേ മലബാറിൽ ഓണത്തെ മാവേലിയുമായി ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങൾ അക്കാലത്തു രൂപം കൊള്ളുന്നതേയില്ല. തെക്കേ മലബാറുകാർക്ക് മാതേവരും മദ്ധ്യതിരുവിതാംക്കൂറിലെ പറയ-പുലയർക്ക് മാവേലിയുമാണ് കേന്ദ്രപുരുഷന്മാർ. ഇന്നത്തെ ഓണത്തിൽ നാം കാണുന്ന പൊതുവൽകൃതസൗന്ദര്യശാസ്ത്രവും ചിട്ടവട്ടങ്ങളും ഭൂതകാലത്തിലേക്കു കടം കൊള്ളാൻ ഏറെ കഷ്ടപ്പെടേണ്ടിവരും.

ആധുനിക ഓണവും വെജ് - നോൺവെജ് ഗുലുമാലും

പുന്നശ്ശേരി നീലകണ്ഠശർമ്മ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലെഴുതിയ 'മലയാളത്തിൽ എല്ലാടവും ആചരിച്ചുപോരുന്ന ഒരുൽസവം' എന്ന വാചകത്തിൽ നിന്ന് ക്രമികമായി പട്ടം താണുപിള്ളയുടെ ദേശീയോൽസവപ്രഖ്യാപനം വരെ എത്തിച്ചേർന്ന ഓണം ഒരാധുനിക പരികൽപ്പനയാണ്. കോട്ടക്കൽ പി വി കൃഷ്ണവാര്യർ 1934ൽ എഴുതിയ ''തിരുവോണം: ഈ ദേശീയാഘോഷത്തിന്റെ ചിട്ടയും ചടങ്ങുകളും'' എന്ന ലേഖനമാണ് മലയാളിദേശീയതയിലേക്കു കണ്ണിചേർന്ന ഓണത്തിന്റെ ആദ്യരചന. പ്രധാന ഓണസങ്കൽപ്പങ്ങളിൽ മിക്കതും അതിൽ തന്നെയുണ്ടായിരുന്നു - ഓണം കേറാമൂലയെന്നാൽ മലയാളികൾ നികൃഷ്ടമെന്നു ധരിക്കുന്ന ഇടമാണെന്നും കുടിൽ തൊട്ടു കൊട്ടാരം വരെ ഓണമുണ്ടെന്നും അമ്പാടി ഇക്കാവമ്മയും കെ പി മധവൻ നായരുമെല്ലാമടങ്ങുന്ന അക്കാലത്തെ കേരളദേശീയതാനിർമ്മിതിയുടെ സാംസ്‌കാരികായുധമായി ഓണം പരുവപ്പെടുകയായിരുന്നു. അതിന്റെ സ്വാഭാവികപരിണിതിയായാണ് ഓണം ദേശീയാഘോഷമാവുന്നത്.

ആധുനിക ഓണം തദ്ദേശമലയാളിയിലുപരി മറുനാടൻ മലയാളി നിർമ്മിതിയാണ്. താരതമ്യേന ജാതിമതവർഗ്ഗവർണ്ണകക്ഷിരാഷ്ടീയാതീതമായി മാമലകൾക്കപ്പുറത്തെ മരതകപ്പട്ടുടുത്ത നാടിന്റെ ഓർമ്മയുണർത്താൻ പോന്ന ഒരുത്സവം വേണമായിരുന്നു. ഏറെക്കാലത്തെ പ്രയത്‌നത്തിലൂടെ മറുനാടൻ മലയാളി ഓണം എന്ന രൂപകം സൃഷ്ടിച്ചെടുത്തു. അപ്പോൾ ഓണത്തിന്റെ ക്രിയാപദ്ധതി സവർണ്ണക്കസവു തുന്നിയ ഒന്നായിത്തീർന്നു. ഓണത്തിനു 'തിരുവാതിര'ക്കളി മുതൽ മാവേലിയായൊരു വെള്ളമേറിയ ഉപ്പുമാവുതടിച്ചേട്ടൻ വേഷം കെട്ടുന്നതുവരെ നീളുന്ന ഒരു നിർമ്മിതി. അവ കേരളത്തിന്റെ കൂടി പ്രതീതിയാഥാർത്ഥ്യമായി പരിണമിക്കപ്പെടുകയായിരുന്നു. ആ പ്രതീതിയാഥാർത്ഥ്യത്തിൽ മിത്തിനോ അതിന്റെ കേവലസാംഗത്യത്തിനു തന്നെയോ പ്രസക്തിയൊന്നുമില്ല. 'ദേ മാവേലി കൊമ്പത്ത്' പോലുള്ള കോമഡി കാസറ്റുകളായിരുന്നു കുറച്ചുകൊല്ലം മുൻപ് ഓണവിപണി, ഇപ്പോൾ മറ്റൊന്നാവണം.

അതുകൊണ്ടാണ് ഇപ്പോൾ നമുക്ക് ഓണത്തിനു നോൺവെജോ എന്ന ഞെട്ടലൊക്കെ വരുന്നത്. അല്ലാത്തപക്ഷം കാളനാവാമെങ്കിൽ കാളയുമാവാം എന്ന കെഇഎൻ പ്രസ്താവനയിൽ ഞെട്ടാനൊന്നുമില്ല. കാളയും പോത്തും പന്നിയും ആടും എരുമയും കോഴിയും മീനുമെല്ലാം ഓണസദ്യയുടെ പൊതുപരിപ്രേക്ഷ്യത്തിൽ ഉൾപ്പെടുന്നവ തന്നെയാണ്. മലബാറിൽ 'ഓണത്തിനു സ്‌പെഷൻ കരിമീൻ പൊള്ളിച്ചത്' കിട്ടുന്ന ഹോട്ടലുകളുമുണ്ട്. വെജ് ആയി മാറണമെന്നും എല്ലാവർക്കും ഒരേപോലെ സ്വർണ്ണക്കര നെയ്‌തൊരു സുവർണ്ണഭൂതകാലമുണ്ടെന്നും കൽപ്പിക്കപ്പെടുന്നതിന് ഒരർത്ഥമേയുള്ളൂ രാഷ്ടീയഹിന്ദുവിലേക്കുള്ള ക്ഷണപത്രികയായി ഓണത്തെ ഉപയോഗിക്കാൻ അവരാഗ്രഹിക്കുന്നു. വാസ്തവത്തിൽ മലയാളിയുടെ ഭക്ഷണത്തിന്റെ രുചിപ്പലമയിൽ നോൺ വെജിനു പ്രാചീനകാലത്തുതന്നെ അഗ്രിമസ്ഥാനമുണ്ട്. അങ്ങാടികളിൽ പ്രാചീനകാലത്തേ സമൃദ്ധമായ മൽസ്യക്കച്ചവടമുണ്ട്. ലോഗൻ വിവരിക്കുന്ന മാനന്തവാടിപ്പുഴയിലെ മീൻപിടുത്തക്കാഴ്ച്ചയുടെ വിവരണം ഇന്നു പുഴകളിൽ കുറഞ്ഞുപോയ മൽസ്യസമ്പത്തിന്റെ ഓർമ്മയാണ്. സംഘക്കളിയിലെ, അതേ നമ്പൂരാരുടെ സ്വന്തം കളി തന്നെ - കൈമളോതിക്കൻ സംവാദത്തിൽ ഓതിക്കൻ കൈമളെ പരിഹസിക്കുന്നതുതന്നെ 'മീൻ ചുമക്കുന്നവനേ, മീൻ തിന്നുന്നവനേ, മീൻ മണക്കുന്നവനേ' എന്നാണ്. പാട്ടുകൃതികളിൽ വരെ സുന്ദരമായ നായാട്ടുവർണ്ണനകളുണ്ട്.

മുത്തപ്പന്റെ തീറ്റത്തിൽ വേട്ടനായ്ക്കളുടെ വർണ്ണനയുണ്ട്. അയ്യപ്പനെത്തന്നെ അനന്തപുരവർണ്ണനത്തിൽ വിശേഷിപ്പിക്കുന്നത് 'നായാടവെല്ലും ചേകോനെ'ന്നാണ്. ഇബ്‌നുബത്തൂത്ത മലയാളിയുടെ ഭക്ഷണത്തിൽ കൂടുതലുള്ളത് ചേമ്പും ഇറച്ചിയുമാണെന്ന് പറയും. കുട്ടിച്ചാത്തന്റെ ഇഷ്ടഭക്ഷണം തന്നെ കാളയിറച്ചിയാണ്. ഭാഷാകൗടലീയത്തിൽ 'ഇറച്ചിയട്ടുവിൽക്കുമവരില്ല'വുമുണ്ട്. ഇവയുടെയെല്ലാം സ്വാഭാവികപരിണിതിയാണ് ഓണസദ്യയിലയിൽ മലബാറിൽ കാണാനാവുന്ന മീനും ഇറച്ചിയും.

ശശികലയുടെ വാമനാവതാരം

ഇപ്പോൾ ഹിന്ദു ഐക്യവേദിയുടെ ശശികല പറയുന്നതും ഏറെക്കാലമായി ആർ എസ് എസ് പറഞ്ഞുകൊണ്ടിരിക്കുന്നതും ഓണം വാമനജയന്തിയാണെന്നാണ്. മഹാബലിയ്ക്കിതിൽ വലിയ കാര്യമൊന്നുമില്ലെന്നും മഹാബലി ഒരു അസുരചക്രവർത്തിയാണെന്നും ചവിട്ടിത്താഴ്ത്തപ്പെടേണ്ടവനായിരുന്നു എന്നും കാച്ചിയിട്ടുണ്ട്. ജന്മഭൂമിയിലെ ഒരു വാമനജയന്തിലേഖനത്തിൽ അമേരിക്കക്ക് ഒബാമ എത്ര നല്ലവനായാലും നമ്മളെ ഭരിക്കാൻ വന്നാൽ സമ്മതമാവുമോ എന്ന ചോദ്യമൊക്കെയാണ് ചോദിച്ചുകളയുന്നത്. ( ശ്ശൊ, ആർ എസ് എസിനു ആദ്യായിട്ടാണിത്രയും അമേരിക്കക്കലിപ്പ്.)

സംഭവം അതീവലളിതമാണ്. ബഹുത്വത്തിന്റെ നിഷേധമല്ലാതെ സാംസ്‌കാരിക അധീശത്വത്തിനു മറ്റുമാർഗങ്ങളില്ല. ഓണം സ്ഥലകാലങ്ങൾകനുസരിച്ചു രൂപാന്തരപ്പെടുന്നതും പലകാലങ്ങളിൽ പല മനിതർ പലപാട് ഓണം നിർമ്മിക്കുന്നതും സാംസ്‌കാരിക ബഹുസ്വരതയുടെ ആരോഗ്യാവസ്ഥയെയാണ് തെളിയിക്കുന്നത്. ഈ അവസ്ഥയ്ക്കു തുരങ്കം വെക്കാനുള്ള ആദ്യപടി, ഓണത്തിന്റെ മിത്തിലും യാഥാർത്ഥ്യത്തിലുമുള്ള ആഖ്യാനപ്പലമകളെ നിഷേധിച്ച് ഒരു ഏകീകൃതരൂപം നൽകലാണ്. ആർ എസ് എസിനു നൽകാവുന്ന ഏറ്റവും അനുയോജ്യരൂപമാണ് വാമനജയന്തി. വിഷ്ണുഭഗവാന്റെ അവതാരം - അതും കൃഷ്ണനെപ്പോലെ കറുത്തവനൊന്നുമല്ല , നല്ല പൂണൂലും കുടുമയും വെളുപ്പുമുള്ള അവതാരമാണ് വാമനൻ. സവർണ്ണതയും വൈഷ്ണവബോധവും സമാസമം ചേർന്ന, ആധുനിക 'ആർഷഭാരതസംസ്‌കാര'ത്തിനു ചേർന്ന രൂപം. വാമനജയന്തി തികഞ്ഞൊരു രാഷ്ടീയപ്രതീകമാണ് - രാമജന്മഭൂമിയോളം ആവശ്യമെങ്കിൽ തെളിച്ചെടുക്കാവുന്ന കൊടുംവിഷം. സാഹചര്യമൊരുങ്ങിക്കിട്ടിയാൽ ഓണത്തിനെ സവർണ്ണഹിന്ദുവിന്റെ വീട്ടകത്തിലേക്കു ചുരുക്കിക്കെട്ടാനുള്ള കരുത്ത് വാമനജയന്തി എന്ന ക്രൂരഭാവനയ്ക്കുണ്ട്.
സാംസ്‌കാരിക അബോധവും ഉൽസവനൈസർഗികതയും ഓണത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മേൽവിവരിച്ച പ്രിസക്കാഴ്ച്ച ദൃശ്യമാവുന്നതോടെ, ആധുനിക ഓണത്തിന്റെ സാംസ്‌കാരികവിവക്ഷകളെക്കുറിച്ച് കൂടുതൽ വ്യക്തമായ നിലപാടുകളിലെത്താൻ നമുക്കാവേണ്ടതാണ്.

k e n kunjahammedകെ ഇ എൻ കുഞ്ഞഹമ്മദ് ഏതാനും വർഷങ്ങൾക്കു മുൻപ് തുടങ്ങിവെച്ച ഉൽസവരാഷ്ടീയത്തെപ്പറ്റിയുള്ള സംവാദത്തിന്റെ ഗുണാത്മകമായ പരിണാമം സമകാലസാഹചര്യം ആവശ്യപ്പെടുന്നുണ്ട്. കെ ഇ എൻ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് എല്ലാ വിഭാഗങ്ങളും, ഹിന്ദുമതത്തിലെ വിവിധവിഭാഗങ്ങൾ പോലും ഒരുപോലെയല്ല ഓണമാഘോഷിയ്ക്കുന്നത്. സസ്യമാത്രവും സസ്യേതരവുമായ ഭക്ഷണം ഓണത്തിനു വിളമ്പുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട്. അതുകൊണ്ട് കാളനാവാമെങ്കിൽ കാളയുമാവാം. രണ്ടാമതായി, ഓണത്തിന്റെ ഉൽസവാന്തരീക്ഷം നിർമ്മിക്കുന്ന സന്തോഷത്തിൽ ഹൈന്ദവേതരരായ മലയാളിസമൂഹം പങ്കുചേരുന്നുണ്ട് എങ്കിലും ആത്മീയമോ മതപരമോ ആയ മാനങ്ങളിൽ അവർ പങ്കുചേരുന്നില്ല. മൂന്നാമതായി കേരളത്തിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ദളിതർക്കും ആദിവാസികൾക്കും ആഘോഷങ്ങളുണ്ട്. അവയ്‌ക്കെല്ലാം ദേശീയപദവി ലഭിക്കേണ്ടതാണ്.

ഇപ്പറഞ്ഞവയൊന്നും നിഷേധിക്കത്തക്കതല്ല. ഓണത്തിനുള്ള മതേതരപ്രതിമാനം കേരളത്തിലുള്ള മലയാളികളേക്കാൾ മറുനാടൻ മലയാളികളുടെ നിർമ്മിതിയുമാണ്. അതുകൊണ്ടെന്തെങ്കിലും അധകൃതത്വമുണ്ടെന്നല്ല. ആ നിർമ്മിതി തന്നെ പ്രവാസാവശ്യാധിഷ്ഠിതമാണ്. ദേശീയോൽസവം എന്ന പട്ടം താണുപിള്ള സർക്കാരിന്റെ പ്രഖ്യാപനത്തിനു സയുക്തികമായി ഒരു വിശദീകരണവുമില്ല താനും. എന്നാൽ പിന്നീട് കെ ഇ എൻ പറയുന്ന, ഓണത്തിനു പകരം വെക്കാവുന്ന മെയ്ദിനാഘോഷത്തിലെ പ്രശ്‌നം അതിലെ 'പകര'ത്തിന്റേതാണ്. സമൂഹത്തിന്റെ കൾച്ചറൽ അൺകോൺഷ്യസിനു പകരമായി ഒരു ഉൽസവത്തെ നിർമ്മിച്ചെടുക്കാവുന്നതാണ്, പക്ഷേ അത് ആദ്യത്തേതിനു പകരമാവില്ല. ഓണം കേരളത്തിന്റെ സാംസ്‌കാരികബഹുത്വത്തിൽ വേരൂന്നിപ്പടർന്ന, അനേകനൂറ്റാണ്ടുകളുടെ ഗതിപരിണാമങ്ങളുള്ള ഉൽസവമാണ്. അതിനു പകരമുള്ള നിർമ്മിതികൾക്കു പകരം ഇന്നുയർത്തിപ്പിടിക്കേണ്ടത് പ്രസ്തുത പാരമ്പര്യത്തിന്റെ മഴവിൽപ്പലമയേയാണ്. അല്ലെങ്കിൽ അതേറ്റെടുക്കാനുള്ളതാരാണെന്ന് ഇന്നു ശശികല വ്യക്തമാക്കിയിട്ടുണ്ടല്ലോ.

ഷാനവാസ് കെ എൻ പണിക്കരുമായി നടത്തുന്നൊരു അഭിമുഖത്

Read More >>