കണ്‍സ്യൂമർ കാലത്തെ ഓണസങ്കല്‍പ്പങ്ങള്‍

വാൾമാർട്ടും പാന്റലൂണും റിലയൻസുംപോലുള്ള കുത്തകകൾ തുറന്നുവെച്ച ഔട്ട്ലെറ്റുകളിലെ റെഡിമെയ്ഡ് കാഴ്ച്ചകളാണ് ന്യൂജൻ മലയാളിയ്ക്ക് ഓണാഘോഷം. ഓണവിപണി പിടിക്കാൻ മഹാബലിയെന്ന സാങ്കൽപ്പിക പുരുഷന്റെ ചിത്രങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങൾ ബഹുരാഷ്ട്ര കുത്തകകൾപോലും പയറ്റുന്നു. അണുകുടുംബത്തിലേക്കുള്ള മലയാളിയുടെ കൂടുമാറ്റത്തിൽ നിന്നാണ് ആഘോഷങ്ങൾ ഇത്രത്തോളം സെൽഫിഷ് ആയി മാറിയതും. താനും തന്റെ കുടുംബവുംമാത്രം എന്ന കാഴ്ച്ചപ്പാടിലേക്ക് മലയാളി മധ്യവർഗം മാറുമ്പോൾ കാർഷിക ആഘോഷങ്ങൾപോലും ആഡംബരത്തിൽ മുങ്ങിത്താഴുന്നു.

കണ്‍സ്യൂമർ കാലത്തെ ഓണസങ്കല്‍പ്പങ്ങള്‍

ജങ്ക് ഫുഡായ പിസ്സയും ബർഗറും സാൻഡ് വിച്ചും സോഫ്റ്റ് ഡ്രിങ്ക്സും കഴിച്ച് ആരോഗ്യം ശോഷിച്ച മലയാളിയ്ക്ക് ചമ്രം പടിഞ്ഞിരുന്ന് തൂശനിലയിൽ സദ്യ കഴിക്കുന്നതിനുള്ള ദിവസത്തിനപ്പുറം കൺസ്യൂമറിസകാലത്ത് ഓണത്തിന് എന്ത് പ്രസക്തിയാണുള്ളത്? കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ഗൃഹോപകരണങ്ങളും വസ്ത്രക്കാഴ്ച്ചകളും നിറയുന്ന നഗര-പട്ടണ മധ്യത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണംകൊണ്ട് സന്തോഷം തീർക്കുകയാണ് മലയാളി. ആഘോഷങ്ങൾ എല്ലാകാലത്തും ഒരുപോലെ ആവണം എന്ന് പറയാനാവില്ല. ഇത് കൺസ്യൂമർ കാലത്തെ ഓണമാണ്. നാഗരിക മലയാളി ഓണമാഘോഷിക്കുന്നത് ഇങ്ങനൊക്കെയാണ്.


ടിവി കണ്ടും മാധ്യമങ്ങൾ പറയുന്ന ഉത്രാടപ്പാച്ചിൽ (അതെന്താണാവോ!) ആസ്വാദിച്ചും സന്തോഷം കണ്ടെത്തുന്നതിലേക്ക് മലയാളി മധ്യവർഗം ഓണത്തെ മാറ്റിയെന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. ആന്ധ്രയിൽ നിന്നുള്ള അരിയും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയും കോഴിയും ആവോളം ലഭിക്കുന്നതിനാൽ കൃഷിയെന്ന വാക്ക് തന്നെ ക്ലീഷേയാകുന്ന കാലത്തിന്റെ കുത്തൊഴുക്കിലാണ് മലയാളി തന്റെ ഓണാഘോഷത്തിന് നിറം പകരുന്നത്. തിരുവാതിര ഞാറ്റുവേലയും കർക്കിടകത്തിലെ തിമർത്തു പെയ്യുന്ന മഴയും ചിങ്ങത്തിലെ ചിന്നം പിന്നം പെയ്യുന്ന മഴത്തുള്ളികളുമൊക്കെ ഏത് സംസ്ഥാനത്ത് നിന്ന് ലോറിയിലെത്തുമെന്ന ആലോചന തുടങ്ങേണ്ട കാലമെത്തിയിരിക്കുന്നു. അത്രത്തോളം വലിയ പാരിസ്ഥിതികമായൊരു തകർച്ച നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. അതെല്ലാം മറന്നും മാറ്റിവെച്ചുമാണ് മാധ്യമങ്ങൾ ഉൾപ്പെടെ ഓണത്തിന്റെ പുറകെ ഓടുന്നത്.

കാർഷിക സമൃദ്ധിയിൽ നിന്ന് രൂപമെടുത്ത് ഐതിഹ്യത്തിന്റെ പിൻബലത്തിൽ മലയാളി മനസ്സിൽ ഗൃഹാതുരതയുടെ സുഗന്ധം വീശിയ കാലങ്ങളിലേക്കൊരു തിരിച്ച് പോക്ക് അസാധ്യമാണ്. പാടത്തും പറമ്പിലും തുമ്പയല്ല മൊട്ടിടുന്നത്, പകരം കോൺഗ്രീറ്റ് സൗധങ്ങളാണ്. തോവാളയിൽ നിന്നും ഗുണ്ടൽപേട്ടിൽ നിന്നും പൊള്ളാച്ചിയിൽ നിന്നുമൊക്കെയായി മലയാളിയുടെ വീട്ടങ്കണം നിറയ്ക്കൻ പൂക്കളെത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവശേഷിക്കുന്ന കൃഷിയിടത്തിലാകട്ടെ ജോലിക്കാരായി ഇതരസംസ്ഥാന തൊഴിലാളികളും. വൈറ്റ് കോളർ സ്വപ്നങ്ങൾക്ക് പിറകെ കോട്ടും സ്യൂട്ടും കണ്ഠ കൗപീനവും അണിഞ്ഞ് നടന്നുനീങ്ങുന്ന മലയാളി യുവത്വത്തിന് ആരോ പറഞ്ഞുവെച്ചൊരു ഓർമ്മയ്ക്കപ്പുറം ഓണത്തിന്റെ പ്രസക്തിയറിയേണ്ട ആവശ്യവുമില്ല, പുതിയ കാലത്ത്.

കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് പൊതുവെ ഓണം, വിഷു ആഘോഷങ്ങൾ. വിളവെടുപ്പിന്റെയും വിത്തുവിതയ്ക്കലിന്റെയുമൊക്കെ കാർഷികോത്സവങ്ങളായിരുന്നിവ. ഓണത്തെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളിൽ പറയുന്നുണ്ട്. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ഇന്ദ്രവിഴാ ആദ്യപരാമർശങ്ങൾ കാണുന്നത്.

കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

onam_cartoonഓണം വ്യാപാരോത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നതിന്റെ പുതിയ വെർഷനാണ് ഇപ്പോഴത്തെ ഓഫർ സംസ്‌കാരം. ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങിക്കൂട്ടാനുള്ളൊരു മലയാളിയുടെ നെട്ടോട്ടമാണ് ആഘോഷകാലങ്ങളിലെ നഗര-പട്ടണക്കാഴ്ച്ചകൾ. ഓണം സവർണ്ണ ആഘോഷമാണോ അവർണ്ണ ആഘോഷമാണോയെന്നുള്ള തർക്കത്തിനപ്പുറം മലയാളിയുടെ പൊങ്ങച്ചത്തിന്റെയും ആഡംബരത്തിന്റെയും കാഴ്ച്ചവെപ്പാണിതെന്ന കാര്യത്തിൽ തർക്കമില്ല. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ നിന്നുള്ള പരിണാമവും കാർഷികമേഖലയുടെ തളർച്ചയുംമൂലം കാഴ്ച്ചവെപ്പുകളും നാട്ടുചന്തകളുമൊക്കെ വിസ്മതൃതിയിലാവുന്ന കാലത്ത് ഓണം കേവലമൊരു ആഘോഷദിനം മാത്രമായി ചുരുങ്ങി.

വാൾമാർട്ടും പാന്റലൂണും റിലയൻസുംപോലുള്ള കുത്തകകൾ തുറന്നുവെച്ച ഔട്ട്ലെറ്റുകളിലെ റെഡിമെയ്ഡ് കാഴ്ച്ചകളാണ് ന്യൂജൻ മലയാളിയ്ക്ക് ഓണാഘോഷം. ഓണവിപണി പിടിക്കാൻ മഹാബലിയെന്ന സാങ്കൽപ്പിക പുരുഷന്റെ ചിത്രങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങൾ ബഹുരാഷ്ട്ര കുത്തകകൾപോലും പയറ്റുന്നു. അണുകുടുംബത്തിലേക്കുള്ള മലയാളിയുടെ കൂടുമാറ്റത്തിൽ നിന്നാണ് ആഘോഷങ്ങൾ ഇത്രത്തോളം സെൽഫിഷ് ആയി മാറിയതും. താനും തന്റെ കുടുംബവുംമാത്രം എന്ന കാഴ്ച്ചപ്പാടിലേക്ക് മലയാളി മധ്യവർഗം മാറുമ്പോൾ കാർഷിക ആഘോഷങ്ങൾപോലും ആഡംബരത്തിൽ മുങ്ങിത്താഴുന്നു. കാർഷിക സമൃദ്ധിയുടെ കേളികൊട്ടുയർന്ന കേരളനാടിപ്പോൾ വൈറ്റ് കോളർ സംസ്‌കാരത്തിന്റെ പുത്തൻ കൂറ്റുകാരായി. വൈറ്റ് കോളർ ജോബ് മാത്രം ഫോക്കസ് ചെയ്യുന്നൊരു തലമുറയുടെ നാടായി കേരളം മാറിയപ്പോൾ ചെറുകിട തൊഴിൽ മേഖലയിലേക്ക് വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യ വസ്തുക്കൾ കൂടാതെ ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികൾ കൂടി വിചാരിച്ചാലെ മലയാളിയുടെ ഓണാഘോഷം സമൃദ്ധമാവുകയുള്ളുവെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ.