അത്തം രണ്ടിന് പിണറായി വിസിലടിച്ചു; സെക്രട്ടേറിയറ്റിലെ വടംവലി മത്സരം രണ്ടുമണിക്കു തീർന്നു; രാത്രിയ്ക്കു രാത്രി അത്തപ്പൂക്കളം

കഴിഞ്ഞ വർഷം വരെ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. ആധിയും വ്യാധിയുമില്ലാത്ത എന്തൊരാഘോഷമായിരുന്നു! അങ്ങനെയാണ് സെക്രട്ടേറിയറ്റുകാർ ദേശീയോത്സവത്തെ കൊണ്ടാടിയിരുന്നത്. എപ്പോൾ വേണമെങ്കിലും മത്സരം തുടങ്ങാം. എത്ര നേരം വേണമെങ്കിലും മത്സരിക്കാം. അവസാനിപ്പിക്കണമെന്ന നിർബന്ധം ആർക്കുമുണ്ടായിരുന്നില്ല. "മാനുഷരെല്ലാരുമൊന്നുപ്പോലെ, മനസ്സു തെളിഞ്ഞങ്ങുല്ലസിച്ച" കാലത്തിനാണ് ഒരു പിണറായി കേറി ഫുൾസ്റ്റോപ്പിട്ടത്.

അത്തം രണ്ടിന് പിണറായി വിസിലടിച്ചു; സെക്രട്ടേറിയറ്റിലെ വടംവലി മത്സരം രണ്ടുമണിക്കു തീർന്നു; രാത്രിയ്ക്കു രാത്രി അത്തപ്പൂക്കളം

സമയം ഉച്ച. രണ്ടു മണിയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ വിസിലു മുഴങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓണാഘോഷങ്ങളുടെ ഭാഗമായുളള വടംവലി മത്സരം സെമി ഫൈനൽ പോലുമായിരുന്നില്ല. അടുത്ത വലി വൈകുന്നേരം അഞ്ചേകാലിനു ആരംഭിക്കുമെന്ന അറിയിപ്പു മുഴങ്ങി. മത്സരാർത്ഥികളും കാഴ്ചക്കാരുമായ ജീവനക്കാർ കസേരകളിലേയ്ക്കു മടങ്ങി.

മടക്കയാത്രയിൽ ചിലരെങ്കിലും അടുത്ത ദിവസത്തെ സദ്യയെക്കുറിച്ച് ആലോചിച്ചു. രണ്ടു മണിക്കു സാമ്പാറു വിളമ്പുമ്പോൾ വിസിലടി വരുമോ... പുളിശേരിയും മോരും രസവും അഞ്ചേകാലിനേയുള്ളൂവെന്ന് അറിയിപ്പു വരുമോ... വൈകിയാൽ പായസം പിറ്റേന്നു കുടിക്കേണ്ടി വരുമോ. ഇത് പിണറായിച്ചിട്ടയിലെ സെക്രട്ടേറിയറ്റ് ഓണാഘോഷം.


കഴിഞ്ഞ വർഷം വരെ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. ആധിയും വ്യാധിയുമില്ലാത്ത എന്തൊരാഘോഷമായിരുന്നു! അങ്ങനെയാണ് സെക്രട്ടേറിയറ്റുകാർ ദേശീയോത്സവത്തെ കൊണ്ടാടിയിരുന്നത്. എപ്പോൾ വേണമെങ്കിലും മത്സരം തുടങ്ങാം. എത്ര നേരം വേണമെങ്കിലും മത്സരിക്കാം. അവസാനിപ്പിക്കണമെന്ന നിർബന്ധം ആർക്കുമുണ്ടായിരുന്നില്ല. "മാനുഷരെല്ലാരുമൊന്നുപ്പോലെ, മനസ്സു തെളിഞ്ഞങ്ങുല്ലസിച്ച" കാലത്തിനാണ് ഒരു പിണറായി കേറി ഫുൾസ്റ്റോപ്പിട്ടത്.

"ഈ വർഷത്തെ ഓണസദ്യ എന്തരാവുമോ എന്തോ" എന്ന് തിരോന്തരം സ്ലാങ്ങിൽ സംശയിക്കുന്നതിന് ന്യായമുണ്ട്. കഴിഞ്ഞ വർഷം വരെ പതിനൊന്നരയ്ക്കു സദ്യ തുടങ്ങുമായിരുന്നു. നല്ല കനകം കൊണ്ടുളള നല്ലാഭരണങ്ങളണിഞ്ഞ നാരിമാര്‍ ബാലികാബാലന്മാരുമായി ഓണസദ്യയ്ക്കെത്തും. സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിൽ നീണ്ട ക്യൂവായിരിക്കും. ചീനത്തെമുണ്ടുകള്‍ വേണ്ടപോലെയുടുത്ത്, ശീലത്തരങ്ങൾ വേണ്ടുവോളം കാട്ടി, ആമോദത്തോടെ വെച്ചും വിളമ്പിയും ആൺ ശിങ്കങ്ങൾ മാവേലിയ്ക്കു ചീയേഴ്സ് പറയും.

സദ്യയൊക്കെ തീരുമ്പോൾ ചിലപ്പോ മൂന്നരയാകും. നാലരയുമാകാം. ദേശീയോത്സവമായതുകൊണ്ടും കൊണ്ടാടുന്നത് ഭരണസിരാകേന്ദ്രത്തിലായതുകൊണ്ടും ആരും എവിടെയും ക്വൊറിയെഴുതിയില്ല. അതൊരു ധൈര്യമായിരുന്നു.

IMG-20160905-WA0001

ഇപ്പോ സെക്രട്ടേറിയറ്റിന്റെ തെക്കേ ബ്ലോക്കിൽ പന്തലുയരുകയാണ്. നോർത്ത് ബ്ലോക്കിൽ അത്തപ്പൂക്കളത്തിന് ഡിസൈനൊരുങ്ങുന്നു. രാത്രി പത്തു മണിയ്ക്കകം പൂക്കളം തീർക്കണം.

പൂക്കള മത്സരത്തിനും സെക്രട്ടേറിയറ്റു ചിട്ട വേറെയാണ്. ഇടതു വലതു സംഘടനകൾ വെവ്വേറെ രാഷ്ട്രീയക്കളം വരച്ചാണ് പൂവിടുന്നത്. അസോസിയേഷൻകാർ യൂണിയൻകാരുടെ പൂക്കളത്തിനു മുന്നിൽ ചെല്ലരുത്. പുതുമുഖങ്ങളാരെങ്കിലും സംഘടന തെറ്റിച്ച് മറ്റേപ്പാർട്ടിയുടെ കളത്തിനരികെ ചെന്നു നിന്നാൽ ചുവരിനപ്പുറത്തു നിന്ന് ഒരു "ശൂ" ശബ്ദമുയരും. "അതു മറ്റവന്മാരുടെ അത്തമാണ് ബാ" എന്ന് കണ്ണേറു കൊണ്ടൊരു സൂചന പായും. അതാണ് ചട്ടം.

കുമ്മനം മുതൽ കെ സുരേന്ദ്രൻ വരെ ഓഫീസുകളിലെ ഓണാഘോഷ നിയന്ത്രണത്തെ ഹിന്ദുവിരുദ്ധമാക്കാൻ പെടാപ്പാടു പെട്ടെങ്കിലും സെക്രട്ടേറിയറ്റിലെ ബിജെപി അനൂകൂല സംഘടന ഇതേവരെ അത്തമിട്ട ഓർമ്മയില്ലെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. ഏതായാലും അനക്സും കൂടി വന്നതോടെ പത്തിരുപത്തഞ്ച് അത്തമെങ്കിലും സെക്രട്ടേറിയറ്റിൽ കാണാം. പിണറായി വന്ന് പൂക്കളം വിലക്കി എന്നു പ്രചരിപ്പിച്ചവർ അവധിയെടുത്തു മാനം കാക്കേണ്ടി വരും.

സർക്കാരോഫീസുകളിലെ ഓണാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവുകൾ പണ്ടും ഇറങ്ങിയിരുന്നു. ഏട്ടിലെ പശു പുല്ലു തിന്ന ചരിത്രമെഴുതാനുളള ഭാഗ്യം മാത്രം ഇതേവരെ ശ്രീപത്മനാഭന്റെ നാട്ടുകാർക്കുണ്ടായില്ല. ആ പതിവ് മാറുകയാണ്. പല ഓഫീസുകളിലും ഞായറാഴ്ച തകർപ്പൻ ഓണാഘോഷമായിരുന്നു. സെക്രട്ടേറിയറ്റിൽ ചരിത്രത്തിലാദ്യമായി മത്സരങ്ങൾ വിശ്രമസമയത്ത് തുടങ്ങി, അവിടെത്തന്നെ തീർന്നു.

ഇനി, ഫയലു നിങ്ങുന്നതിനും ഒരു പിണറായിച്ചിട്ട വന്നാൽ സെക്രട്ടേറിയറ്റു ജീവനക്കാരെ ജനം സ്നേഹം കൊണ്ടു വീർപ്പു മുട്ടിയ്ക്കും.

"ദുഷ്ടരെ കണ്‍കൊണ്ടുകാണാനില്ല, നല്ലവരല്ലാതെയില്ല പാരില്‍" എന്നവർ കൂവിയാർക്കും... താനിനി പാതാളത്തിലേയ്ക്കു മടങ്ങുന്നില്ലെന്ന് മാവേലി തീരുമാനിക്കും..

വരുമോ ആ നല്ല കാലം, ആനകളെയും തെളിച്ചുകൊണ്ട്....

Read More >>