കൂട്ട് കൂടലാണ് ഓണം; കൂട്ടുകാരില്ലെങ്കിൽ എന്തോണം!

കുടുംബം, ഗ്രാമം, മലയാളി, നമ്മളൊന്ന് എന്നൊക്കെ പറയുന്ന കള്ളത്തരങ്ങൾക്കപ്പുറം ഒരിക്കലും കാണുക പോലും ചെയ്യാത്ത മനുഷ്യന്മാരുടെ കൂടെ ഈദോ ഓണമോ റംസാണോ ക്രിസ്മസോ എന്തും ആഘോഷിക്കാനാണ് താത്പര്യം. കൂട്ട് കൂടലാണ് ഓണം. കൂട്ടുകാരില്ലെങ്കിൽ എന്തോണം- രൂപേഷ് കുമാർ എഴുതുന്നു.

കൂട്ട് കൂടലാണ് ഓണം; കൂട്ടുകാരില്ലെങ്കിൽ എന്തോണം!

രൂപേഷ് കുമാർ

ഓണത്തെക്കുറിച്ച് എഴുതാനുള്ള നിർബന്ധങ്ങൾക്കിടയിലാണ് ഈ വിഷയത്തെക്കുറിച്ച് കാര്യമായി ആലോചിക്കുന്നത് തന്നെ. ഓണത്തെക്കുറിച്ച് എന്താണ് എഴുതാനുള്ളത്? മധ്യവർഗ്ഗ ആഘോഷത്തിൽ എന്താണ് എന്റെ റോൾ!

ഓണത്തെക്കുറിച്ച് എഴുതിയാൽ ഏതൊരു ആഘോഷത്തേയും പോലെ ഒന്ന് എന്നതിന്റെ അപ്പുറത്തേക്ക് ഒരു ഗരിമ ഉള്ളതായി തോന്നിയിട്ടില്ല. പുരുഷന്മാർക്ക് മദ്യപിക്കാനും സ്ത്രീകൾക്ക് അടുക്കളയിൽ പണിയെടുക്കാനുമുള്ള ഏതൊരു ആഘോഷദിവസവും പോലെ ഒന്ന്. അതിനപ്പുറം എന്ത് ഓണം. വ്യക്തിപരമായ ഓണം ഓർമ്മകൾ ഇല്ലെന്ന് പറയാം. കാര്യങ്ങൾ ഇങ്ങനൊക്കെ ആയതുകൊണ്ട് തന്നെ നൊസ്റ്റാൾജിയ പറ്റില്ലെന്ന് സാരം. ഓണത്തെ മറ്റേതെങ്കിലും ആങ്കിളിൽ കാണാനാണ് ശ്രമം.


കാശില്ലാത്തത് കൊണ്ട് ഒരു സിനിമ പോലും കാണാൻ പുറത്തിറങ്ങാൻ പറ്റാതെ, അമ്മ തരുന്ന ചോറും മീൻ കറിയുമൊക്കെ കഴിച്ച് വീട്ടിൽ തന്നെ കറങ്ങിത്തിരിയുമ്പോഴാണ് ഓണത്തെക്കുറിച്ച് കാര്യമായി ആലോചിച്ച് തുടങ്ങുന്നത്. പണമില്ലാത്ത നാൽപതുകാരന്റെ അലസജീവിതത്തിനിടയിലാണ് അമ്മ കതകിൽ മുട്ടുന്നത്. ഒരു സിനിമയ്ക്ക് പോയാലോ എന്ന ചോദ്യത്തോടെയാണ് കാര്യങ്ങളിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. അമ്മയുടെയും അച്ചന്റെയും കൂടെ അവസാനമായി കണ്ട സിനിമ മോഹൻലാലിന്റെ മിന്നാരം ആണ്. വർഷങ്ങൾക്കുശേഷം എല്ലാവരുമൊന്നിച്ച് സിനിമക്ക് പോകാം എന്ന് തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് കാണാൻ പോകുന്നതും ഒരു മോഹൻലാൽ പടമാണ്. ഇതുവരെ ആഘോഷിച്ച ഓണങ്ങളെക്കാൾ ഇനിയുള്ള ഓണാഘോഷങ്ങളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചത് അപ്പോഴാണ്. അല്ലെങ്കിൽ സങ്കല്പത്തിലെ ഓണം എന്നും ഇതിനെ വിശേഷിപ്പിക്കാം.

രണ്ടു മാസങ്ങൾക്ക് മുമ്പ് കാശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു നടത്തിയ യോഗത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോളാണ് ചില കാര്യങ്ങൾ ബോധ്യമായത്. പോലീസ് സ്‌റ്റേഷനിൽ മണിക്കൂറുകളാണ് ഉപദേശവും സഹിച്ച് നിന്നത്. പോലീസുകാരുടെ ഉപദേശങ്ങൾ കേട്ടുനിന്ന ആ സമയത്താണ്, ഞങ്ങളെപ്പോലുള്ള ചെറിയവരുടെ ലോകം വെറുമൊരു മലയാളി മാമാങ്കം അല്ല എന്ന് മനസ്സിലായത്. നമ്മുടെ കൂട്ടുകാർ കേരളം എന്ന ട്ട വട്ടത്തിൽ ഒതുങ്ങുന്നത് അല്ലെന്ന് മനസ്സിലായി. അല്ലെങ്കിൽ കേരളത്തിന് പുറത്തുള്ള വിശാലമായ ലോകത്ത് ഒരുപാട് മലയാളികളും അല്ലാത്തവരുമായ മനുഷ്യരും ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് മനസ്സിലായത്. അബ്താബ്ക്കയും ഷാഹിദും ജീവനും മറ്റ് കൂട്ടുകാരുമൊന്നിച്ച് നിൽക്കുമ്പോഴാണ് കേരളത്തിലെ വെളിയിലെ ലോകത്തെക്കുറിച്ച് കൃത്യമായ ബോധ്യം വന്നത്. ഇടയ്ക്ക് ഫെയ്‌സ്ബുക്കിൽ നോക്കുമ്പോൾ കുടുംബമെന്ന ആൾക്കൂട്ടത്തിന് പുറത്ത് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ മെസേജുകളാണ് കണ്ടത്. ഹൈദ്രബാദ്, ഡൽഹി, മുംബൈ, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സോളിഡാരിറ്റി അറിയിച്ച് കൊണ്ട് വിളിച്ചതും

ഇപ്പോൾ ആലോചിക്കുന്നത് ആ മനുഷ്യരുടെ കൂടെയുള്ള ആഘോഷങ്ങൾ എന്ത് രസമായിരിക്കും എന്നാണ് ആലോചിക്കുന്നത് മുഴുവൻ. അതിപ്പോൾ ഓണമായാലും മറ്റെന്ത് ആഘോഷമായാലും കുഴപ്പമില്ല. മീനും ചിക്കനും ബീഫും ബിയറും റമ്മുമെല്ലാം കൂട്ടി നല്ലൊരു ആഘോഷം നടത്താൻ കൊതിക്കുന്ന സമയത്താണ് ഇത്തവണ ഓണം വരുന്നത്. കുടുംബം, ഗ്രാമം, മലയാളി, നമ്മളൊന്ന് എന്നൊക്കെ പറയുന്ന കള്ളത്തരങ്ങൾക്കപ്പുറം ഒരിക്കലും കാണുക പോലും ചെയ്യാത്ത മനുഷ്യന്മാരുടെ കൂടെ ഈദോ ഓണമോ റംസാണോ ക്രിസ്മസോ എന്തും ആഘോഷിക്കാനാണ് താത്പര്യം.

ഭാവിയിൽ എന്നെങ്കിലും സിനിമ ചെയ്താലോ കഥ എഴുതിയാലോ മുഹമ്മദ് ശിഹാദ് എന്നാ ചെറുപ്പക്കാരനെ ഓർക്കാതിരിക്കാൻ കഴിയില്ല. എസ്‌ഐഒയുടെ കണ്ണൂർ ജില്ല ഭാരവാഹിയായ ആ ചെറുപ്പക്കാരൻ തന്റെ വിവാഹ ദിവസമാണ് ഞങ്ങളെ കാണാൻ സ്‌റ്റേഷനിൽ എത്തിയത്. ഞങ്ങളെ പുറത്തിറക്കാൻ ശിഹാദ് പലരേയും വിളിക്കുന്നുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെ സംഘർഷത്തിനിടയിലും ചില നല്ല ഓർമ്മകളുമുണ്ട്.

പോലീസ് സ്‌റ്റേഷനിൽ നിന്നും ജാമ്യം എടുക്കാൻ വീട്ടിൽ നിന്ന് ആരെങ്കിലും വരണം എന്നാ ഒരു ഉത്തരവും ഉണ്ടായി. വീട്ടിൽ ആണെങ്കിൽ അമ്മയും അച്ചനും മാത്രം. അവർ കാര്യങ്ങൾ അറിഞ്ഞാൽ വല്ലാത്ത പ്രശ്നം ആകും. ആരെ വിളിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സ്‌റ്റേഷന് പുറത്ത് തടിച്ചു കൂടിയവർക്കിടയിൽ രണ്ടു മുഖങ്ങൾ കണ്ടത്. ചിത്രലേഖയും ജീവിത പങ്കാളി ശ്രീകാന്തേട്ടനും. തിരുവനന്തപുരത്ത് നിന്ന് സുഹൃത്ത് അജിത് കുമാർ എ എസ വിളിച്ച് പറഞ്ഞിട്ടാണ് അവരെത്തിയത്. ജീവിതം ഒരു പോരാട്ടമാക്കിയ ചിത്രലേഖ, പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് എന്നോട് കണ്ണ് കാണിക്കുന്നുണ്ട്. അവസാനം അവർ ജാമ്യം ഒപ്പിടുമ്പോൾ പോലീസുകാരൻ നിങ്ങളുടെ ആരാണ് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഞാൻ ചേച്ചിയാണ് എന്നായിരുന്നു. അവസാന ബസിന് കേറ്റി വിട്ട് ഓട്ടോയുമായി തിരിച്ച് പോകുമ്പോൾ അവരുടെ മകൻ ഓട്ടോയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവരെ ഞാൻ അതിനു മുമ്പേ ഒരു അഭിമുഖത്തിനു വേണ്ടി ഒന്നോ രണ്ടോ താവണയെ കണ്ടിട്ടുള്ളൂ. അവരുടെ കൂടെ അല്ലേ ഓണം ആഘോഷിക്കേണ്ടത്? ഇടക്ക് അവർ ദേഷ്യം വരുമ്പോൾ എന്നെ ഫോണിൽ വിളിച്ച് അതൊക്കെ തീർക്കും. നിങ്ങളൊക്കെ ഇവിടെ ഇങ്ങനെ ഉണ്ടായിട്ടാണെന്ന് ഇതൊക്കെ സംഭവിക്കുന്നതെന്ന് പറയും. ചിത്രലേഖയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പട്ടിക ജാതി ക്ഷേമ സമിതി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കില്ല എന്ന് നിശ്ചയിച്ച ജിഗ്നേഷ് മേവാനിയോടും ഓണസ്നേഹം.

ഒന്നിപ്പ് എന്ന മാഗസിന്റെ എഡിറ്റർ അനിൽ കുമാറിന്റെ മഹാബലിയുടെ രൂപം, സ്വത്വം, ചരിത്രം, മിത്ത് എന്നിവയെക്കുറിച്ച് പൊളിച്ചെഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോൾ 'ഇതാ ഓണം വീണ്ടും പുനർ വായിക്കപ്പെടുന്നു' എന്ന തോന്നലുണ്ടായി. അനിലിന്റെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത മഹാബലിയുടെ കരുത്തുറ്റ ശരീരം ഇപ്പോൾ പറന്നു നടക്കുകയാണ്. ക്യാംപസ്സുകളിലെയും ടി വി കളിലെയും നാട്ടിൻ പുരങ്ങളിലെയും ഒക്കെ ഓണാഘോഷ പരിപാടികളിലെയും അശ്ലീലമായ പൂണൂലിട്ട വെളുത്ത മാവേലിക്കുള്ള മുഖമടിച്ചുള്ള അടിയായിരുന്നു ആ ലേഖനവും ചിത്രങ്ങളും. വർഷങ്ങളായി ടി വിയിലൂടെ മുല്ലപ്പൂവും തറവാടും വെള്ള സാരിയും കസേരകളിയും നായർ ഓർമകളും തറവാട്ട് മഹിമയും കൈതപ്രം നബൂതിരിയും കാവാലവും മോഹൻലാലും വന്ന് ആവർത്തിച്ചു ബോറടിക്കാത്ത ബോറൻ ഓണങ്ങൾക്കപ്പുറമുള്ള മറ്റൊരു ഓണം. അത് അനിൽ കുമാറിന്റെ കൂടെ ആയാലും അല്ലെങ്കിൽ അദ്ദേഹം ആ ലേഖനത്തിലൂടെ മുന്നോട്ട് വെച്ച സാംകാരികതയിലൂടെ ആയാലും മതി. അത് പുതുമയായിരിക്കും.

ശ്യാംലാൽ മാസങ്ങളോളം നിരന്തരം ശല്യപ്പെടുത്തിയാണ് കബാലി എന്നാ സിനിമയുടെ സംവിധായകനെ കേരളത്തിലേക്ക് കൊണ്ട് വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ താരമായ രജനികാന്തിനെ ക്കൊണ്ട് 'ഗാന്ധി ശട്ടയെ അഴിച്ചതുക്കും അംബേദ്കർ കൊട്ട് പോട്ടതുക്കും കാരണമിരുക്ക് എന്ന് പറയിപ്പിച്ച സംവിധായകൻ പ രഞ്ചിത്തിന്റെ വരവും പ്രസംഗവും വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. സിനിമാക്കാരെന്നാൽ സ്വർഗ്ഗ വാസികൾ ആണെന്നും മണ്ണിൽ ഇറങ്ങാത്തവർ ആണെന്നുമുള്ള പൊതുബോധത്തെ തിരുത്തി കുറിക്കുകയായിരുന്നു പ രഞ്ചിത്ത്. ഇന്ത്യൻ സിനിമയിലെ ജാതിയതയുടെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ സംവിധായകനാണ് അദ്ദേഹം. ആ മനുഷ്യൻ ഏകദേശം രണ്ടു മണിക്കൂറോളം ആണ് എന്നോടും എന്റെ സുഹൃത്തു സജിത്തിനോടും ഷാജി ചേട്ടനോടും ജീവ എന്ന ഷോർട്ട് ഫിലിം സംവിധായകയോടുമൊക്കെ സംസാരിച്ചത്. അയ്യങ്കാളിയുടെ ജന്മദിനത്തിൽ നടന്ന ആ പരിപാടി ഏതു വള്ളം കളിയേക്കാളും വലിയ ആർപ്പുവിളി ഞങ്ങളുടെയൊക്കെ ഉള്ളിൽ ഉണ്ടാക്കിയിരുന്നു. അന്ന് അവിടെ വിളമ്പിയ ബീഫ് കഴിക്കാൻ എനിക്ക് പറ്റിയില്ലെങ്കിലും അതൊക്കെയല്ലേ സദ്യ?

റെജീഷിന്റെയും തമ്പാട്ടിയുടെയും വീട്ടിൽ പോയാൽ അവർ എന്നെ അടുക്കളയിൽ കേറാൻ സമ്മതിക്കില്ല. ഞാൻ എന്തെങ്കിലും ഉണ്ടാക്കിയാൽ അന്നവര് പട്ടിണി കിടക്കും എന്ന് അവർക്ക് നന്നായിട്ട് അറിയാം. അത്ര മോശമായിരിക്കും അവരുടെ വീട്ടിലെ എന്റെ കൂക്കിംഗ്. ബാക്കി ഏത് കളിയാക്കലിലും ദളിത് പീഡനം എന്ന് പറഞ്ഞു പിടിച്ചു നിൽക്കുമെങ്കിലും അവരുടെ വീട്ടിലെ എന്റെ പാചകം പരാജയമായിരിക്കും. രാത്രി ഒരു മണിയൊക്കെ ആകുമ്പോഴാണ് റെജീഷും തമ്പാട്ടിയും എന്നെ കുത്തിപൊക്കി ഒരു കെഎസ്ആർടിസി ബസ്സിൽ കയറ്റുന്നത്. ഒരു യാത്ര പോകാം എന്ന് പറഞ്ഞ് നേരെ കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള വണ്ടിയിൽ കയറിപ്പറ്റും. പിന്നെ ചാൽത്തേ ചാൽതെ എന്ന പാട്ടും ഇയർ ഫോണിൽ കേട്ട് കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള യാത്രയാണ്. മടി കാരണം രണ്ടെണ്ണത്തിനേം ശപിച്ചു അവരുടെ കൂടെ അങ്ങ് കൂടും. അവരുടെ കൂടെ കൂടിയാൽ പിന്നെ ദാരിദ്ര്യവും പട്ടിണിയും ഒക്കെ ഓണം തന്നെ ആണ്. പിന്നെ ഇടക്ക് എന്നെ ഫോൺ ചെയ്തു 'എന്താടാ വിശേഷം' എന്ന് ചോദിക്കുന്ന തളിപ്പറമ്പിലെ ദീപ ഡോക്ടർ, പിന്നെ കൊടിയ ദാരിദ്ര്യത്തിൽ ഒരു കിടപ്പാടവും ഭക്ഷണവും തന്ന ഞാൻ തന്നെ പഠിപ്പിച്ച അനീഷും ഗോപനും, അരുനും സൈമാനും, ഇടയ്ക്കിടെ വിളിച്ചു രൂപേഷേട്ടാ നമുക്ക് ഒരു പ്രോജക്ട് ചെയ്യേണ്ടേ എന്ന് പറയുന്ന യൂനാനി ഡോക്ടർ ഉമർ മിസാബും, ദാരിദ്ര്യംകൊണ്ട് പൊറുതി മുട്ടി നിൽക്കുബോൾ ഖത്തറിൽ നിന്ന് പറയാതെ തന്നെ പണം അയച്ചു തന്ന സജിത്തും, വീട്ടിലേക്ക് കൊണ്ട് പോയി നല്ല പത്തിരിയും ഇറച്ചിയും തന്ന സുദീപും ബെനയും, ഒരു ട്രെയിൻ യാത്രയിൽ അവിചാരിതമായി കണ്ടു മുട്ടിയ സുഹൃത്തും രൂപേഷേട്ടോ എന്ന് വിളിച്ചു എഴുത് എഴുത് എന്ന് പറയുന്ന ഇച്ചുക്കുട്ടിയുമൊക്കെ കൂടെ ഉള്ളത് തന്നെ ഓണം ആണ്.

അച്ഛന്റെ നാട്ടിൽ വീടിന്റെ തൂണിൽ പിടിച്ചുനിന്ന് കൊടുങ്കാറ്റിനെ തോൽപ്പിച്ച അച്ചാമ്മയുടെ കഥകളിലും കള്ള് കുടിച്ച് ഫിറ്റായി ചൂട്ടും പിടിച്ച് രാത്രി വന്ന് കയറുന്ന അച്ഛാച്ചനിലും ഓണത്തിന്റെ ഓർമ്മകളുണ്ട്. അതെല്ലാം ഓർമ്മകളുടെ ഭാഗമാണ്. പരിയാരം സ്മിത ടാക്കീസിൽ വിജയശ്രീ പടം കണ്ട് തിരിച്ച് വരുമ്പോൾ പുഴയിൽ നക്ഷത്രങ്ങൾ തിളയ്ക്കുന്നത് കണ്ടതോർക്കുന്നു. ഇതെല്ലാം ഓണക്കാഴ്ചകളും ഓർമ്മകളുമാണ്. അങ്ങനെ എന്തെല്ലാം ഓർമ്മകളാണ് ഓണവുമായി ബന്ധപ്പെട്ട് ഉള്ളത്. അല്ലാതെ നാലുകെട്ടും കിണ്ടിയും കൊളാംമ്പിയും ഓണവില്ലും തൃക്കാക്കരയും നമ്പ്യാരും കുറുപ്പും ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷങ്ങൾ മാത്രമല്ല ഞങ്ങളുടെ ഓണം.

ഒടുവിൽ എന്റെ മോൾ ഋതു വിദേശത്ത് നിന്ന് വിളിച്ചു ഇങ്ങനെ പറയും. ''പപ്പാ... ഹാപ്പി ഓണം...'' അത് ചൈനീസിലും മലയ ഭാഷയിലും ഒന്നു പറയാമോ എന്ന് ചോയിക്കുമ്പോൾ അവൾ ആ ഭാഷയിലും ഓണാശംസകൾ പറഞ്ഞേക്കാം, അതും ഓണം തന്നെ.