ഓര്‍മ്മകളിലെ ഓണം

ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതില്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലുമാക്കുമ്പോള്‍ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം.

ഓര്‍മ്മകളിലെ ഓണം

പ്രേം ചന്ദ്രൻ

ഓര്‍മ്മകളിലെ ഓണം. മുറ്റത്തു വാഹനങ്ങള്‍ ഇല്ലാത്ത, സൈക്കിള്‍ യാത്രക്കാരുടെ കാലത്തെ ഓണം. കളിക്കളങ്ങളിലും, സിനിമാ കൊട്ടകയിലും, അമ്പലപറമ്പുകളിലും ആരവങ്ങള്‍ ഉയര്‍ത്തിയ കാലം. ഗ്രാമങ്ങള്‍ക്ക് അന്ന് ഒരു പ്രത്യേക ശാലീനതയുണ്ടായിരുന്നു. ടെലിവിഷന്‍ സെറ്റുകളും നാലുചക്ര വാഹനങ്ങളും സ്മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റും ജീവിതത്തെ ഹൈജാക്കു ചെയ്യുന്നതിനു വളരെ വളരെ മുന്‍പുള്ള  ഓണ നാളുകള്‍.
ഓണത്തോടടുത്തു നാട്ടില്‍ തിരിച്ചെത്തിയ പട്ടാളക്കാരന് ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. കുടുംബത്തില്‍ കാലു കുത്തിയപ്പോള്‍ മാറ്റങ്ങള്‍ ഏറെ. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ വരവ്. മക്കള്‍ അകലെ. നാടിനും നഗരത്തിനും ഇണങ്ങുന്ന ഭാര്യ. കാര്‍ന്നോരുടെ സ്വാഗതം. അമ്മയുടെ വരവേല്‍പ്പ്. വന്നതു നന്നായി. സന്തോഷം.

എരുത്തില്‍ എവിടെ? മകന്‍ ചോദിച്ചു. ഓണമടുത്ത നാളുകളില്‍ അയാളുടെ മനസ്സില്‍ പണ്ട് ഓണത്തിന് എരുത്തിലിനു ചുറ്റമോടി സാറ്റു കളിച്ച ഓര്‍മ്മകള്‍ ഓടിയെത്തി. 'അതു പോയി'.  കാര്‍ന്നോര്‍ പറഞ്ഞു. ഒരു തമിഴന്‍ വന്നു, വില പറഞ്ഞു. ഇളക്കി നാടുകടത്തി. കഷ്ടം പട്ടാളക്കാരന്‍ പറഞ്ഞു. അതിന്‍റെ നല്ല തടിയില്‍, ആശാരിയുടെ ഉളിയില്‍, ചെത്തിയെടുത്ത കലാവിരുതുകള്‍ അയാള്‍ക്ക് എന്നും വളരെ ഇഷ്ടമായിരുന്നു. ചില്ലിക്കാശിന് അത് ആരോ അടിച്ചെടുത്തു പോയിരിക്കുന്നു.
ഓണത്തിനു പിന്നിലുള്ള ഒരു രാത്രിയില്‍, അയാള്‍ ലൈറ്റുകള്‍ അണച്ചു, നിലാ വെളിച്ചത്തിന്റെ സൗന്ദര്യം ആസ്വദിച്ചു, മുറ്റത്തു കസേരയിട്ടിരുന്നു. എരുത്തില്‍ നിന്ന ഭാഗത്തെ പുല്‍ത്തകിടിയില്‍ അയാളുടെ കണ്ണു നട്ടു. പഴയ കാലത്തെ ഓണത്തെ കുറിച്ചോര്‍ത്തു കുറെ സമയം ചിലവഴിച്ചു. രണ്ടു പെഗ് അകത്തായത്തോടെ സ്വര്‍ണ വര്‍ണത്തിലുള്ള അമ്പിളിയും, മേഘങ്ങളും നക്ഷത്രങ്ങളും അയാള്‍ക്കു കൂടുതല്‍ ആകര്‍ഷകമായി. നഗരങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ക്കിടയിലുള്ള ജീവിതത്തില്‍ ഇതൊക്കെ കണ്ടിട്ട് എത്ര കാലമായി... അയാള്‍ ഓര്‍ത്തു

പുല്‍ത്തകിടി നേരെയായി വരുന്നതേയുള്ളൂ. നിലാ വെളിച്ചത്തില്‍ അതിനു മേന്മ കൂടി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഓസ്‌ അതിന്‍റെ സൗന്ദര്യം കുറെ നശിപ്പിച്ചു, അയാള്‍ക്കു തോന്നി.
പണ്ടത്തെ എരുത്തിലിലെ പശുക്കള്‍ കഴിച്ച പുല്ലു തിരിച്ചെടുത്തു അയവിറക്കുന്നതു പോലെ പഴയ കാലത്തെ ഓണത്തിന്‍റെ ഓര്‍മ്മകള്‍ അയാള്‍ അയവിറക്കി. കാതങ്ങള്‍ക്കകലെ, കാലങ്ങള്‍ക്കപ്പുറം,ജീവിതം സ്വച്ഛ സുന്ദരമായി ആളുകള്‍ അധികം ഇല്ലാതെ പ്രയാണം ചെയ്തിരുന്ന കാലം. മാവേലിയുടെ വരവിനായി ഏതോ ഒരു തലമുറയുടെ നല്ല കാലങ്ങളെയും ഒന്നിന്നും കുറവില്ലാതെയിരുന്ന ദിവസങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന ഓണനാളുകള്‍ അന്നും ഇന്നും..
വൈദ്യുതി പയ്യെ പയ്യെ ഗ്രാമങ്ങളിലേക്ക് എത്തിതുടങ്ങുന്ന നാളുകള്‍ അയാള്‍ ഓര്‍ത്തു. ട്രാന്‍സ്ഫോര്‍മര്‍ എത്തുന്നു, ലൈന്‍ വലിക്കുന്നു, ബള്‍ബുകള്‍ കത്തുന്നു, കാലം മാറുന്നു, മനസു തെളിയുന്നു, രാത്രികള്‍ക്കു തെളിച്ചം വയ്ക്കുന്നു.
അതിനു മുന്‍പു ഭൂമിയേയും രാത്രികളെയും സുന്ദരമാക്കിയ നിലാ വെളിച്ചം. ഓണ നാളുകളിലെ പൂര്‍ണചന്ദ്രന്‍ ഭൂമിയെ വാരിപ്പുല്‍കി താലോലമാടുന്ന രാത്രികള്‍. നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന നാളുകള്‍. ആ രാത്രികള്‍ വൈദ്യുതിയുടെ വെളിച്ചത്തില്‍ അന്യമായി പോയി. മാലാഖമാര്‍ മേഘമായി, ആകാശത്തിലൂടെ പറന്നു നടക്കുന്ന രാവുകള്‍.
ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതില്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലും ആക്കുമ്പോള്‍ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം. സദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, അയാള്‍ ഓര്‍ത്തു.
അത്തം പത്തിനു തിരുവോണം. അതിരാവിലെ വീട്ടുമുറ്റങ്ങളില്‍ നിന്നും പറിച്ചെടുത്ത പൂക്കള്‍ കൊണ്ടു കളമിടല്‍. പൂകളുടെ നാട്,നിറങ്ങളുടെ കൂടിയാട്ടം, ചുറ്റും കരവിരുത് കാണിക്കുന്ന സുന്ദരികള്‍.
പൂക്കള്‍ മണം വിതറുന്ന അന്നത്തെ മുറ്റത്ത്‌, ഓണനിലാവില്‍ തെളിച്ചമേറെ. പണ്ട്, മങ്ങി മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്കുകള്‍ക്ക് ഓണനിലാവില്‍ അപകര്‍ഷകതാബോധം. രാത്രിയില്‍, നിലാ വെളിച്ചത്തില്‍ മുറ്റത്തെ മാവിന്‍ കൊമ്പില്‍ നിന്നും കീഴേക്കു കെട്ടിയിട്ട ഊഞ്ഞാലിലുള്ള ആട്ടം പ്രധാനം. ഊഞ്ഞാല്‍ ആയില്ലെങ്കില്‍ ഓണം എത്തിയില്ല. കയറില്‍ കവിളന്‍ മടല്‍ കെട്ടി, ഇരുന്നുള്ള ആട്ടം. ഓണപ്പാട്ടുകള്‍, മാവേലി മന്നന്‍റെ നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. കള്ളവും ഇല്ല ചതിയുമില്ല... കേള്‍ക്കൂ അതാണ്‌ നമ്മുടെ നാട്. കുട്ടികള്‍ പാടി.
പാട്ടുകള്‍, കൂത്തുകള്‍,ഓണം പൊടി പൊടിക്കുന്ന ഗ്രാമം. എല്ലാത്തിനും സാക്ഷ്യം വഹിച്ച പശുത്തൊഴുത്ത്. കാതുയര്‍ത്തി, കണ്ണു നട്ടു പുല്ലു തിന്നുന്ന പശുക്കള്‍, പശുക്കുട്ടികള്‍. പാലു തരുന്ന അമ്മമാര്‍. ഇടയ്ക്കു കാലന്‍ അടിച്ചു വീഴ്ത്തി മലര്‍ന്നു വീണു മറിക്കുന്ന പശുക്കള്‍. കഷ്ടം!
പണ്ടുള്ള ഒരു നാളില്‍. നേരം വെളുത്തു, കോഴി കൂവി, കിളികള്‍ പറന്നു, ഓണം വന്നു തിരുവോണമായി. ഗ്രാമത്തിന്‍റെ വഴികളിലൂടെ നടന്നടുക്കുന്ന, നടന്നകലുന്ന കീഴാളന്മാര്‍. മേലാളന്‍മാര്‍ക്ക് അവല്‍ പൊതിയും വാഴക്കുലയും കാഴ്ച വച്ചു പുതു മുണ്ടും പണവും വാങ്ങി പോകുന്ന ശുദ്ധാത്മാക്കള്‍. കാലം മാറും, കഥ മാറും. മാറ്റത്തിന്റെ കാലൊച്ചകള്‍ അകലെ . അകലെ അകലെ ഇങ്ക്വിലാബ് സിന്ദാബാദ് ഉയരുന്ന അന്നത്തെ ഗ്രാമം.
ഉച്ചയ്ക്ക്, അകങ്ങളില്‍ സദ്യക്കുള്ള പുറപ്പാടായി. ഇലയിട്ടു നിലത്തിരുന്നു എട്ടും കൂട്ടി പരിപ്പും പപ്പടവും കുഴച്ചു തുടങ്ങി, ഉരുള ഉരുട്ടി, ഉള്ളിലാക്കി പിന്നെ പായസത്തില്‍ അവസാനിക്കുന്ന സദ്യ. കൂട്ടം കൂടി പുല്‍പായില്‍ നിരന്നിരുന്നുള്ള സദ്യ...ഓണ സദ്യ!
അന്ന്, ഓണനാളില്‍ ഊണിനു ശേഷം വിശ്രമത്തിനു വിട കൊടുത്തു, അകലെ ആരവം. കളികള്‍ തുടങ്ങി. വരുന്നു പുലിക്കളി. വഴിയരികില്‍ നോക്കിയിരുന്ന അമ്മൂമ്മ പറഞ്ഞു."വരൂ" വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ മനുഷ്യപുലി. വാലിളക്കി കളിക്കുന്ന പുലി. ചെണ്ടയുടെ അകമ്പടിയില്‍ ഓണപ്പാട്ടുകള്‍. കൊടുക്കൂ വല്ലതും" കാര്‍ന്നോര്‍ അരുളി, ചാരുകസേരയില്‍ നിന്നും. ഒരു അണ അല്ലെങ്കില്‍ രണ്ട്. അന്ന് അതും ഒരു തുക.
അങ്ങു മുന്നില്‍ നിരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. തട്ടുതട്ടായി വെട്ടിയിട്ടു വിതച്ചു വിളവെടുത്ത് അരങ്ങൊഴിഞ്ഞു കിടക്കുന്ന നെൽപ്പാടം. താറാവുകള്‍ കൊത്തിയെടുത്തു കഴിച്ചു കടന്നു പോയാ പാടം. പച്ച പുതച്ചു കിടന്ന പാടങ്ങള്‍. കതിര്‍ വിരിച്ചു, വിളവൊരുക്കി സ്വര്‍ണ വര്‍ണമുള്ള നെല്‍ക്കതിരുകള്‍ അറത്തെടുത്തു തോളിലേറ്റി വിളവെടുപ്പു കാലം പിന്നില്‍. ചവിട്ടി മെതിച്ചു കച്ചി അകറ്റി കതിരു മാറ്റി കച്ചിയും കതിരും ഉണക്കി തുറുവിട്ട് കാലികളെ തീറ്റിയ കാലം. നെല്ലു കുത്തി അരിയാക്കിയ കാലം. കാലം മാറി കഥ മാറി. കുട്ടപ്പനദ്ദേഹത്തിന്റെ മില്ല് വന്നു യന്ത്രം കറങ്ങി അരിയുടെ ചാക്കുകള്‍ .

കാലം പിന്നെയും മാറി. പാടങ്ങള്‍ കരയായി കൃഷി ആയി നെല്ല് പമ്പ കടന്നു. നിറപറയും മറ്റു ബ്രാന്‍ഡുകളും വന്നു, അരിയില്‍ കല്ലു കടി ഇല്ലാതെയായി. ഗാസിന്‍റെയും സ്റ്റവിന്‍റെയും സുഖം സ്ത്രീകള്‍ അറിഞ്ഞു. നാട് മാറി മനുഷ്യന്‍ മാറി. ഓണത്തിന് പക്ഷെ ശോഭ കുറഞ്ഞു. അടുപ്പങ്ങളില്‍ അകലം. അകലങ്ങളില്‍ അടുപ്പം. വാട്സാപ്പിന്റെ കാലം, ഇന്റര്‍നെറ്റിന്റെ കാലം. കരുക്കളില്‍ കറങ്ങുന്ന കാലം. കവിത മയങ്ങിയ കാലം. പരിഷ്ക്കാരത്തിന്‍റെ നാൾ. ടി.വി വന്നു റിമോട്ടില്‍ കുത്തി കാഴ്ചകള്‍ കണ്ടു. ഓണം ടിവിയില്‍ കണ്ടു, കണ്ണു നിറയെ കണ്ടു ഉറക്കമായി.
ഓര്‍ത്തിരുന്നപ്പോള്‍ അയാള്‍ക്ക് കണ്ണില്‍ ഉറക്കം പിടിച്ചു. അറിയാതെ അൽപ നേരം കസേരയില്‍ ഇരുന്നു ഒന്നു മയങ്ങി. ഉണര്‍ന്നപ്പോള്‍ വീടു നിശബ്ദം. അകത്തെ ലൈറ്റുകള്‍ അണഞ്ഞിരിക്കുന്നു. എല്ലാരും ഉറക്കമായി. നിലാ വെളിച്ചത്തില്‍ അയാള്‍ ഒരു കാഴ്ച കണ്ടു. പുല്‍ത്തകിടിയില്‍ വെളുത്ത നിറമുള്ള കന്നുകാലികള്‍ നൃത്തം ചെയ്യുന്നു. ആകാം ... കാലന്‍ അടിച്ചു വീണു ചത്ത കന്നുകള്‍. അയാളുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ധൈര്യമില്ലാത്ത പട്ടാളക്കാരന്‍. അയാള്‍ അവിടെ നിന്നും എഴുന്നേറ്റു ശീഘ്രം വീട്ടിനുള്ളിലേക്ക് ഓടി കയറി.
അടുത്ത ദിവസം രാവിലെ ചെറിയ ഉറക്കത്തില്‍ അയാള്‍ കിടന്നപ്പോള്‍ ഭാര്യ ചാടിയെത്തുന്നു. " നിങ്ങള്‍ കതകടച്ചില്ലേ? തുറന്നു കിടക്കുന്നു. അത്രയ്ക്ക് കൂടുതല്‍ കഴിച്ചോ രാത്രിയില്‍ ഒറ്റക്കിരുന്നു?" അവര്‍ ചോദിച്ചു. അയാള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു ഒന്നും മിണ്ടാതെ കിടന്നു.
ഇവിടെയായതു ഭാഗ്യം, ചണ്ഡിഗഡിലായിരുന്നുവെങ്കില്‍ എല്ലാം കള്ളന്‍ കൊണ്ടു പോയേനെ.." അവര്‍ അവരുടെ തമാസസ്ഥലത്തെ കുറിച്ച് ഓര്‍ത്ത്‌ പറഞ്ഞു. അവിടെ പട്ടാളക്കാരെയും പേടിയില്ലാത്ത കാട്ടുകള്ളന്‍മാര്‍. ഭാഗ്യം, ഈ നാടിന് അങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട്... കഥ അവളോടു പിന്നെ പറയാം...അയാള്‍ കരുതി.

Read More >>