ചാനലുകളിലെ ഓണം ഈ ചിത്രങ്ങള്‍ക്കൊപ്പം...

കലി, കമ്മട്ടിപാടം, കിംഗ്‌ ലയര്‍, മഹേഷിന്റെ പ്രതികാരം, കസബ, ചാര്‍ളി തുടങ്ങി ഒരുപിടി ഹിറ്റ്‌ ചിത്രങ്ങള്‍ ഈ ഓണത്തിന് നിങ്ങളുടെ സ്വീകരണ മുറികളില്‍ എത്തുന്നു...

ചാനലുകളിലെ ഓണം ഈ ചിത്രങ്ങള്‍ക്കൊപ്പം...

ഈ വരുന്ന ഓണം തങ്ങളുടേതുമാത്രമായി മാറ്റാനുള്ള ഒരുക്കത്തിലാണ് മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം. ഓണാഘോഷത്തെ കൂടുതല്‍ ആനന്ദപ്രദമാക്കാന്‍ ഒട്ടുമിക്ക ചാനലുകളും കൈ നിറയെ ഓണ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത്.

പ്രമുഖ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന ഓണ ചിത്രങ്ങള്‍ ...

ഏഷ്യാനെറ്റ്‌


 • കമ്മട്ടിപാടം


kammati-paada,

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപാടം. ദുൽക്കറിന്റെ വേറിട്ട ഗെറ്റപ്പില്‍ പുറത്തിറങ്ങിയ ചിത്രം വിനായകന്‍, മണികണ്ഠന്‍ എന്നിവരുടെ അഭിനയ മികവുകൊണ്ടും ശ്രദ്ധ നേടി. 
ഷോണ്‍ റോമിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 
എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കൊച്ചിനഗരത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം.

 • കലി


kali

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് കലി. പ്രേമത്തിലൂടെ കേരളത്തില്‍ തരംഗമായി മാറിയ സായിപല്ലവിയാണ് നായിക.

മുന്‍കോപിയായ സിദ്ദു എന്ന സിദ്ധാര്‍ത്ഥിന്റേയും അദ്ദേഹത്തിന്റെ മുന്‍കോപം കാരണം വലയുന്ന ഭാര്യ അഞ്ജലിയുടേയും ജീവിതമാണ് കലി പറയുന്നത്. ബാങ്ക് ജീവനക്കാരനായ സിദ്ദുവിന്റെ സഹപ്രവര്‍ത്തകനായ പ്രകാശന്‍ എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിറുമുണ്ട് . വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 • ആക്ഷന്‍ ഹീറോ ബിജു


Action-Hero-Biju-Poster
1983 എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈനും നിവിന്‍ പോളിയുമൊന്നിച്ച ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു'. നിവിന്‍ പോളി തന്നെയാണു ചിത്രം നിര്‍മ്മിച്ചതും.


 നിവിന്‍ പോളി വ്യത്യസ്ത മാനറിസങ്ങളുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ 'മുത്തെ പൊന്നെ' , 'പൂക്കള്‍' എന്നു തുടങ്ങുന്ന ഗാനം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു.


 • പത്തേമാരി


mamm

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പത്തേമാരി.

മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്നതെന്നു പറഞ്ഞ് ഒരുപാട് കഥാപാത്രങ്ങൾ പലപ്പോഴും പലരും ഉയർത്തിക്കാട്ടാറുണ്ട്. പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ ആ ഗണത്തിൽ പെടുന്ന ഒന്നാണ്.  ജ്യുവൽ മേരിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോയ് മാത്യു, ശ്രീനിവാസന്‍, സിദ്ധിഖ് തുടങ്ങുവരും ചിത്രത്തിലുണ്ട്. ഏഷ്യാനെറ്റും  കൈരളിയും ചേര്‍ന്നാണ്  ഈ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം കൈരളിയിലും ഈ ഓണക്കാലത്ത് പ്രദര്‍ശിപ്പിക്കപ്പെടും.

 • ടു കണ്ട്രീസ്


2സമീപകാലത്തെ ദിലീപ് ചിത്രങ്ങളിൽ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത  ടു കൺട്രീസ്.  ‘കൺട്രിത്തരം’ പേരിൽ മാത്രമുള്ള, മനസ്സു നിറയ്ക്കുന്ന ചിരിക്കൊപ്പം നല്ല ചിന്തയും നല്ല കഥയുമുള്ള ആഘോഷചിത്രമാണ് 2 കൺട്രീസ്. കുടുംബങ്ങളും കുട്ടികളേയും ഒരേപോലെ ആകര്‍ഷിക്കുന്ന ഒരു ക്ലീൻ ഫൺ എന്റെർടെയിനർ.  അജു വർഗീസ്, ലെന , മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

 • അടി കപ്പ്യാരെ കൂട്ടമണി


imgadi-kapyare-kootamani

പുതുമുഖ സംവിധായകനായ ജോണ്‍ വര്‍ഗ്ഗീസ് ഒരുക്കിയ ചിത്രമാണ് അടി കപ്പ്യാരെ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ചിത്രത്തില്‍ മുകേഷ്, ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, വിനീത് മോഹന്‍, നീരജ് മാധവ് എന്നിവരുമുണ്ട്.

സൂര്യ ടിവി

 • കസബ


kasaba

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട് എന്നത് ഈ ചിത്രത്തിന് എതിരെ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായിക.

 • ചാര്‍ളി


charlie

ചെറുപ്പം ഒരുല്‍സവമാണ്, ജീവിതത്തിലായാലും സിനിമയിലായാലും. അത്തരമൊരു ഉല്‍സവമാണ് ചാര്‍ളി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.

പ്രണയകഥകള്‍ തുടര്‍ച്ചയായി പ്രേക്ഷകരെ കൈയിലെടുക്കുന്ന കാലത്ത് വേറിട്ടതെന്താവും ഈ സിനിമയിലുണ്ടാവുക എന്ന കൗതുകമാണ് ചിത്രം കാണാന്‍ ഓരോ പ്രേക്ഷകനേയും പ്രേരിപ്പിക്കുന്നത്. നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കനിഹ, അപര്‍ണ്ണ ഗോപിനാഥ്, സൌബിന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 • പാവാട


Pavada-Malayalam-Movie-Trailer

പ്രിഥ്വിരാജിനെയും അനൂപ്‌ മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മാര്‍ത്താണ്ഡന്‍ അണിയിച്ചൊരുക്കിയ ചിത്രം. പ്രത്യക്ഷത്തില്‍ അപരിചിതരായ രണ്ട് മദ്യപാനികള്‍ കണ്ടുമുട്ടുന്നതും  അവര്‍ തമ്മിലുള്ള ബന്ധം അവര്‍ മനസ്സിലാക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രിഥ്വിരാജിന്റെ നായികയായി മിയയെത്തുന്ന ചിത്രത്തില്‍ ആശ ശരത് ശ്രദ്ധേയമായ ഒരു അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നെടുമുടി വേണു, സിദ്ധിക്, ചെമ്പന്‍ വിനോദ്,രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 • ഷാജഹാനും പരീക്കുട്ടിയും


jayasurya-kunchaakko

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അമല പോള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈ വി രാജേഷിന്റെ തിരക്കഥയില്‍ ബോബന്‍ സാമുവല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. പ്രമേയത്തില്‍ പുതുമകള്‍ ഒന്നും തന്നെ അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

കാര്‍ അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെടുന്ന ജിയ എന്ന പെണ്‍കുട്ടിയും അവളുടെ കാമുകന്‍മാരെന്നു അവകാശപ്പെട്ടു കടന്നുവരുന്ന പ്രണവ്, പ്രിന്‍സ് എന്ന ചെറുപ്പക്കാരിലൂടെയുമാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജിയയുടെ പ്രതിശ്രുത വരന്‍ മേജര്‍ രവിയായി വേഷമിടുന്ന അജു വര്‍ഗ്ഗീസിന്റെ കഥാപാത്രം തീയറ്ററുകളില്‍ ചിരിയുണര്‍ത്തിയിരുന്നു.  കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട് ,അതിഥി വേഷത്തിലെത്തുന്ന നാദിര്‍ഷാ, നിക്കി ഗല്‍റാണി എന്നിവരും മികച്ചുനിന്നു.

 • ഡാര്‍വിന്‍റെ പരിണാമം


Darvinte-Parinamam

ജിജോ ആന്റണിയുടെ സംവിധാനത്തില്‍ പ്രിഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ചാന്ദ്നി ശ്രീധര്‍, സൗബിന്‍ ഷാഹിര്‍, ഷമ്മി തിലകന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മാന്യമായ കുടുംബജീവിതം നയിക്കുന്ന അനില്‍ എന്ന നായകന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്ഥലത്തെ പ്രധാന ഗുണ്ടയായ ഡാര്‍വിനൊപ്പം ചേരുന്നിടത്താണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. തുടര്‍ന്ന് ഡാര്‍വിന്‍ എന്ന വ്യക്തിയിലുണ്ടാകുന്ന പരിണാമത്തിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

മഴവില്‍ മനോരമ

 • കിംഗ് ലയര്‍


dileep

ഒരു നീണ്ട ഇടവേളയ്ക്കുശേഷം സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് കിംഗ് ലയര്‍. ദിലീപ് നായകനായ ചിത്രത്തില്‍ പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനാണ് നായിക. പെരുംനുണകള്‍ പറഞ്ഞ് ആളുകളെ പറ്റിച്ചുജീവിക്കുന്ന സത്യനാരായണന്‍ എന്ന യുവാവായാണ് ദിലീപ് വേഷമിടുന്നത്. അഞ്ജലി എന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാനായി അയാള്‍ നടത്തുന്ന പരിശ്രമങ്ങളെ ചിത്രത്തില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ആദ്യാവസാനം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കിംഗ് ലയര്‍ ഒരു ടിപ്പിക്കല്‍ ദിലീപ് ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം. ആന്‍റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലു വര്‍ഗ്ഗീസിന്റെ പ്രകടവും ശ്രദ്ധേയമാണ്.

 • മഹേഷിന്റെ പ്രതികാരം


Maheshinte-Prathikaram-1

ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം. ദിലീഷ് പോത്തന്റെ പ്രഥമ സംവിധാന സംരംഭമായ 'മഹേഷിന്റെ പ്രതികാരം' ഇടുക്കിയുടെ സൌന്ദര്യത്തെ സ്വാഭാവികമായി പകര്‍ത്തിയ ചിത്രം കൂടിയാണ്. പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മഹേഷ്‌ എന്ന ചെറുപ്പക്കാരന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും തുടര്‍ന്നുള്ള പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയത്തോടൊപ്പം നിരൂപകപ്രശംസയും നേടിയ ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി, അനുശ്രീ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

 • ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം


jacobinte-swarga-rajyam

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ചിത്രത്തില്‍ രഞ്ജി പണിക്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവത്വം ആഘോഷമാക്കിയ ചിത്രങ്ങളാണ് വിനീത്- നിവിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളതെങ്കിലും പതിവിനു വിപരീതമായി ഗൌരവമേറിയ കുടുംബകഥയാണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പറയുന്നത്. ജേക്കബ് എന്ന പ്രവാസി മലയാളിയെ അവതരിപ്പിച്ച രഞ്ജി പണിക്കരുടെ പ്രകടനം പ്രശംസാര്‍ഹാനീയമാണ്. കുടുംബ ബന്ധങ്ങളുടെ തീവ്രതയെ ശക്തമായി ആവിഷ്കരിക്കുന്ന ചിത്രം തീര്‍ച്ചയായും ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം കാണാവുന്ന മനോഹരമായ ഒരു സിനിമയാണ്

 • സാള്‍ട്ട് മാംഗോ ട്രീ


biju

ഒരു ഫാമിലി എന്റര്‍ടെയിനര്‍ക്ക് വേണ്ട എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ബിജു മേനോന്‍ ചിത്രം. രാജേഷ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലുടനീളം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.തന്‍റെ മകന്റെ സ്ക്കൂള്‍ അഡ്മിഷനുവേണ്ടി ദമ്പതിമാര്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും വരെ ഇംഗ്ലീഷ് പരിജ്ഞാനവും കഴിവുകളും അളന്നു അഡ്മിഷന്‍ നല്‍കുന്ന സ്വകാര്യ സ്ക്കൂളുകളും പഠനഭാരത്താല്‍ വലയുന്ന കുട്ടികളും ഒക്കെ  ചിത്രത്തിന് വിഷയമാകുന്നു. ലക്ഷ്മി ചന്ദ്രമൗലിയാണ് ചിത്രത്തിലെ നായിക.

 • ഇരുധി സുട്ട്രു


madhavan

ചക്ദേ ഇന്ത്യ, ലഗാന്‍, മേരി കോം, 1983, വെണ്ണില കബഡിക്കൂട്ടം തുടങ്ങിയ  സിനിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന, സ്പോര്‍ട്സ് പ്രമേയമാക്കിയ ചിത്രം. മാധവന്‍ നായകനായ ചിത്രം ഇന്ത്യന്‍ കായിക രംഗത്തെ  അഴിമതി, കായിക താരങ്ങള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍ തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ചിത്രത്തിലെ നായികയായ ഋതിക സിംഗിന് ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖനായികക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു. ഒരേസമയം തമിഴിലും ഹിന്ദിയിലും മൊഴിമാറ്റം ചെയ്ത് തീയറ്ററുകളില്‍ എത്തിയ ചിത്രം ഇരു ഭാഷകളിലും മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു.


 കൈരളി

 • എന്ന് നിന്‍റെ മൊയ്തീന്‍


moitheen

നവാഗതനായ ആര്‍ എസ് വിമല്‍ സംവിധാനം നിര്‍വ്വഹിച്ച എന്ന് നിന്‍റെ മൊയ്തീന്‍ പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. ഏറെക്കാലത്തിനുശേഷം മലയാള സിനിമയില്‍ പുറത്തിറങ്ങിയ കാമ്പുള്ള പ്രണയചിത്രം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രിഥ്വിരാജും പാര്‍വ്വതിയുമാണ്‌ നായികാനായകന്മാര്‍. മൊയ്തീനും കാഞ്ചനമാലയുമായി ഇരുവരും പ്രേക്ഷകരുടെ കണ്ണ്നനയിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രമേശ്‌ നാരായണന് മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡും എം ജയചന്ദ്രന് ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

 • പത്തേമാരി


കൈരളിയും ഏഷ്യാനെറ്റും ചേര്‍ന്നാണ്  ഈ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം ഏഷ്യാനെറ്റിലും ഈ ഓണക്കാലത്ത് പ്രദര്‍ശിപ്പിക്കപ്പെടും.

പുലി, രജനിമുരുഗന്‍, വേതാളം എന്നീ തമിഴ് ചിത്രങ്ങളാണ് ഓണക്കാലത്ത് കൈരളിയില്‍ [പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍