സ്റ്റേജ് ഷോകളെ വിമർശിക്കുന്നവരോട് രണ്ട് വാക്ക്

മോഹൻ ലാൻ അവതരിപ്പിച്ച സ്റ്റേജ് പരിപാടി പരാജയമാണ് എന്ന് തന്നെ കരുതിയാലും അത് ഒരു സിനിമ പരാജയപ്പെടുമ്പോൾ നടന് അക്കാര്യത്തിൽ എത്ര ബാധ്യതയുണ്ടോ അത്രയുമേ ഇക്കാര്യത്തിലുമുള്ളു. അയാൾ പരിപാടി നന്നാക്കാനുള്ള ഒരു വിഭവം മാത്രമാണ്, അല്ലാതെ നിയന്ത്രകനല്ല. ആർ ജെ സലിം എഴുതുന്നു.

സ്റ്റേജ് ഷോകളെ വിമർശിക്കുന്നവരോട് രണ്ട് വാക്ക്

ആർ ജെ സലിം

നിങ്ങളുടെ വസ്ത്ര ധാരണ രീതിഎല്ലാ അവസരങ്ങളിലും ഒരേപോലെയാണോ? വീട്ടിലും നാട്ടിലും, ജോലി സ്ഥലത്തും നിങ്ങളുടെ വസ്ത്ര ധാരണ രീതി വ്യത്യസ്തമല്ലേ ? നിങ്ങളുടെ ഭാഷയോ ? നിങ്ങൾ ഭാഷ ഉപയോഗിക്കുന്നത് ജീവിതത്തിലെ എല്ലാ മേഖലകളിലും ഒരേപോലെയാണോ? അതായത് ഓഫീസിലും വീട്ടിലും നിങ്ങൾ ഒരേപോലെയാണോ സംസാരിക്കുന്നത്? ഇക്കാര്യങ്ങളിലൊക്കെ നാം ചെയ്യുന്നതിന്റെ സാധുത അല്ലെങ്കിൽ അതിന്റെ സ്വീകാര്യത തീരുമാനിക്കുന്നത് അവയുടെ സന്ദർഭമാണ്. ഒരു കാപ്പി തോട്ടത്തിൽ നിൽക്കുന്ന നെൽച്ചെടിയും ഒരു നെൽവയലിൽ നിൽക്കുന്ന കാപ്പിച്ചെടിയും കളയാണ് എന്ന സച്ചിദാനന്ദന്റെ പ്രശസ്തമായ വാക്യം ഇവിടെ ഓർമ്മിക്കാം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തുള്ള എന്തിന്റെയും വിലയിരുത്തൽ അപൂർണ്ണമാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.


മലയാളിയുടെ കാഴ്ചാ ശീലത്തിൽ തന്റേതായ പങ്കു വഹിച്ച ദൃശ്യ മാധ്യമമാണ് ഏഷ്യാനെറ്റ്. കാലക്രമേണ കമ്പോളത്തിന്റെ വളർച്ചയിൽ മികച്ച നേതൃത്വങ്ങളുള്ള മറ്റു നിരവധി ചാനലുകൾ വന്നു, മത്സരവും കൂടി. പക്ഷേ അപ്പോഴും ഒരു ഫസ്റ്റ് മൂവർ അഡ്വാന്റേയ്ജ് ഏഷ്യാനെറ്റ് ഇപ്പോഴും ദൃശ്യ മാധ്യമരംഗത്ത് കാത്തു സൂക്ഷിക്കുന്നുണ്ട്. ഈ മേൽക്കൈ സമവാക്യം കീഴ്‌മേൽ മറിയുന്ന സമയമാണ് ആഘോഷ അവസരങ്ങൾ. പ്രത്യേകിച്ച് ഓണം സീസണിൽ ഏറ്റവും കൂടുതൽ ഓഡിയൻസ് ഷെയർ പിടിച്ചു പറ്റാൻ ചാനലുകൾ മാസങ്ങൾ നീണ്ടു നിൽക്കുന്ന പ്ലാനിങ് തന്നെ നടത്താറുണ്ട്. ഇത്തവണ ഓണത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ആദ്യമായി അവതരിപ്പിച്ച പരിപാടി സിംഗപ്പൂർ മലയാളി അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഏഷ്യാനെറ്റ് സിംഗപ്പൂർ ഓണം 2016 എന്ന പരിപാടിയാണ്.

വിവിധ മേഖലയിലെ പ്രമുഖരെ സ്റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടിയിലെ പ്രധാന ക്രൗഡ് പുള്ളർ നടൻ മോഹൻലാൽ തന്നെയാണ്. പക്ഷേ കഴിഞ്ഞ ഒന്നുരണ്ടു തവണയായി, പ്രത്യേകിച്ച് ലാലിസം പൊളിഞ്ഞതിനു ശേഷം മോഹൻലാൽ സ്റ്റേജിൽ കയറുമ്പോളൊക്കെ ഒരു തരം നെഗേറ്റിവ് റെസ്‌പോൺസ് എമ്പാടും ഉണ്ടാവുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ സംപ്രേഷണം ചെയ്ത സിംഗപ്പൂർ ഓണം 2016 ഇലെ മോഹൻലാലിന്റെ പരിപാടിയിനങ്ങളോട് മാത്രമായി സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന് വന്ന എതിർപ്പുകളും കളിയാക്കലുകളും രൂക്ഷ വിമർശനങ്ങളും.

ആദ്യമേ തന്നെ പറയട്ടെ, ഇത് മോഹൻലാലിനെ രക്ഷിക്കാനുള്ള ശ്രമമോ വെള്ളപൂശൽ ശ്രമമോ അല്ല. പക്ഷേ മേൽസൂചിപ്പിച്ച രൂക്ഷ വിമർശങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചും അവയുടെ സാധുതയെക്കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.

പ്രവാസികളും സ്റ്റേജ് പ്രോഗ്രാമുകളും

മലയാളിയുടെ വിനോദ സംഘം കൂട്ടമായി കടൽ കടന്നു പ്രവാസികളെ രസിപ്പിക്കാൻ തുടങ്ങുന്നത് തൊണ്ണൂറുകളിലാണ് പതിവ് കാഴ്ചയാകുന്നത്. സിനിമയുടെ വൈഡ് റിലീസോ ഓൺലൈൻ കാഴ്ചയോ അസാധ്യമായ കാലത്ത്, സ്വദേശത്തെ ഓർമ്മകളും പേറി ജീവിക്കുന്നവരുടെ ഇടയിലേക്ക് ആ ഗൃഹാതുരത പുതുക്കി കടന്നു വന്ന സ്റ്റേജ് പ്രോഗ്രാമുകൾ വമ്പൻ ഹിറ്റായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളെ ഒന്ന് നേരിൽ കാണുക, അവരുടെ ശബ്ദം അനുകരിക്കപ്പെട്ടു കാണുക, നുറുങ്ങു ഹാസ്യങ്ങൾ ആസ്വദിക്കുക എന്നതിൽ കവിഞ്ഞ സങ്കീർണ്ണതകൾ ഒന്നും അവകാശപെടാനില്ലാത്ത പരിപാടികൾ ആയിരുന്നെങ്കിൽകൂടി അതൊക്കെ കിട്ടാക്കനിയായ ഗൾഫ്/പ്രവാസ ലോകം പെട്ടെന്ന് തന്നെ അവയൊക്കെ അങ്ങേയറ്റം സ്വീകരിച്ചു സ്‌നേഹിച്ചു. അത്തരം വമ്പൻ ഹിറ്റായ പ്രവാസ സ്റ്റേജ് പ്രോഗ്രാമുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പല പരിപാടികളും നടത്തിയത് ഇന്ന് സ്റ്റേജിന്റെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിടുന്ന മോഹൻ ലാൽ നയിച്ച പരിപാടികൾ ആയിരുന്നു എന്നത് ഒരുപക്ഷേ കാലത്തിന്റെ തമാശയായിരിക്കാം.

പക്ഷേ രസകരമായ കാര്യം ഈ നടൻ സ്റ്റേജ് കൈകാര്യം ചെയ്യുന്ന രീതിയിൽ ഇക്കാലയളവിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ്. പഴയ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ കടന്നുപോയ ഏതൊരാൾക്കും ഈ നൈരന്തര്യം മനസ്സിലാക്കാവുന്നതാണ്. വ്യത്യാസം വന്നത് അദ്ദേഹത്തെ ഉപയോഗിക്കുന്ന രീതിക്കാണ്. മോഹൻലാൽ എന്ന ആവറേജ് മലയാളി സൈക്കിയിൽ തെറ്റില്ലാത്ത സ്ഥാനം കൈയ്യാളുന്ന താരത്തിനു ഇടക്കെപ്പോഴോ ഒരു ഭൂതകാലക്കുളിർ കയറിക്കൂടി. പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി ഏറ്റവും പുതിയ തലമുറ പോലും അദ്ദേഹത്തിന്റെ വിന്റേജ് സിനിമകൾ റീ ഡിസ്‌കസ് ചെയ്തു റീ ഡിസ്‌കസ് ചെയ്ത് അമിത ഗ്ലോറിഫൈ ചെയ്ത് മോഹൻലാൽ എന്ന ബിംബത്തിന്റെ തലയ്ക്കു പുറകിൽ ഒരു വട്ടം കൂടി വരച്ചു ചേർത്തു. ആ വട്ടത്തിന്റെ അസ്ഥിത്വത്തിനെ ചോദ്യം ചെയ്യുകയോ നിരാകരിക്കുകയോ ചെയ്യാം, പക്ഷെ വലിയൊരു കൂട്ടം അതിനെ വളരെ ഗൌരവമായിത്തന്നെ എടുത്തു. അതിന്റെ ഫലമാണ് ഈ വിരസത തോന്നിപ്പിക്കുന്ന തരത്തിൽ ആവർത്തിക്കപെടുന്ന ''ലാലേട്ടൻ ക്ലാസിക്കുകളുടെ'' സ്റ്റേജ് പുനരവതരണം.

തീർച്ചയായും മലയാള സിനിമയിലെ ഒരുപക്ഷേ എക്കാലത്തെയും വലിയ ഹിറ്റുകൾ, പലതും ഇൻഡസ്ട്രിയെ തന്നെ വിഷയപരമായും മറ്റും സ്വാധീനിച്ചവ മോഹൻ ലാലിന്റെ സിനിമകൾ തന്നെ ആയിരുന്നു.

അതിനൊന്നും തർക്കമില്ല. തർക്കമുള്ളത് ജനങ്ങൾക്ക് വേണ്ടത് പഴയ മോഹൻ ലാലിനെ അനുകരിക്കാൻ ശ്രമിക്കുന്ന മോഹൻ ലാലിനെയാണോ അതോ ഒരു പുതിയ മോഹൻ ലാലിനെത്തന്നെയാണോ എന്നതാണ്. തീർച്ചയായും എന്നെപ്പോലുള്ള പ്രേക്ഷകർ ആഗ്രഹിക്കുക അദ്ദേഹത്തിലെ പുതിയ സാധ്യതകൾ കാണാനാണ്. പക്ഷേ അതുകൊണ്ട് സിങ്കപ്പൂർ ഓണം പരിപാടി മോശമാകുന്നു എന്നർത്ഥമില്ല. ഏതൊരു പരിപാടിയും വിജയമോ പരാജയമോ ആകുന്നതു അത് ഏതു പ്രേക്ഷകരെ ഉദ്ദേശിച്ചു നിർമ്മിക്കപ്പെട്ടു എന്നതുംകൂടി നോക്കിയാണ്.

പരിപാടി കണ്ടവർക്കറിയാം അതെത്രത്തോളം സ്റ്റേജ് കേന്ദ്രീകൃത ചിട്ടയുള്ള പരിപാടിയായിരുന്നു എന്ന്. അപ്പോൾ അതിനെ വിലയിരുത്തുമ്പോൾ വീട്ടിലെ സോഫയിലല്ല, സദസ്സിലെ കസേരയിൽ ഇരുന്നു വേണം അത് ചെയ്യാൻ എന്നത് അടിസ്ഥാനപരമായ കാര്യമാണ്.

ഏഷ്യാനെറ്റ് സിംഗപ്പൂർ ഓണം 2016

ഏതൊന്നിന്നും അതിന്റെ നിലവാരമളക്കാൻ അതിന്റേതായ ടൂളുകൾ ഉണ്ട്. ആ ടൂളുകളുടെ പ്രയോഗത്തിലൂടെ, അതിന്റെ കാര്യക്ഷമതാ അവലോകനത്തിലൂടെയാണ് വിലയിരുത്താൻ പോകുന്ന സംഗതിയുടെ നിലവാരം തിരിച്ചറിയുന്നത്. ഓണക്കാലത്ത് നടന്ന സ്റ്റേജ് പ്രോഗ്രാം മോശമായി എന്ന് പരക്കെ പറയപ്പെടുമ്പോൾ ആദ്യം ചോദിക്കേണ്ട ചോദ്യം ഇതാണ് - എന്താണ് അങ്ങനെയൊരു തീരുമാനത്തിൽ നിങ്ങളെ എത്തിച്ച ഘടകം ? അല്ലെങ്കിൽ എന്ത് തരം വിലയിരുത്തൽ വഴികളിലൂടെ ആലോചിച്ചാണ് പരിപാടിക്ക് നിലവാരം പോരാ എന്ന നിഗമനത്തിലേക്ക് നിങ്ങൾ എത്തിച്ചേർന്നത്? നിങ്ങൾ കാണുന്ന സിനിമകളോളം എത്തിയില്ല എന്നതോ അല്ലെങ്കിൽ നിങ്ങളുടെ മൂല്യ സങ്കല്പങ്ങളുമായുള്ള പരിപാടിയുടെ അവതരണത്തിൽ വന്ന വിടവോ ആണോ അതിനു കാരണം?

എന്നാൽ പറയട്ടെ, ഒരു സ്റ്റേജ് ഷോയും സിനിമയും തമ്മിൽ കാര്യമായി ഒരു ബന്ധവുമില്ല. സിനിമയുടെ സൌന്ദര്യ ശാസ്ത്ര സീമകൾ പലപ്പോഴും സിനിമ ഇതര അവതരണങ്ങളിൽ ഈയിടെ നിരന്തരം ഉപയോഗിച്ചു കാണുന്നുണ്ട്. സിനിമകൾ കണ്ടു ശീലിച്ച ഒരു മനസ്സിൽ നിന്നും ആ സിനിമയിലെ താരങ്ങൾ വേഷമിടുന്ന സ്റ്റേജ് പ്രോഗ്രാം എന്ന ഒറ്റ കാരണം കൊണ്ട് സിനിമയുടെ വിലയിരുത്തൽ ടൂളുകൾ ഉപയോഗിച്ച് സ്റ്റേജ് പ്രോഗ്രാം അളന്നു കളയാം എന്ന് വിചാരിക്കുന്നത് മൂഢത്തരമാണ്. പക്ഷേ വലിയൊരു വിഭാഗം ആളുകളും സിനിമയുടെ സൌന്ദര്യ ശാസ്ത്ര അളവുകോലുകൾ കൊണ്ടാണ് സ്റ്റേജിനെയും അളക്കുന്നത്.

മലയാളത്തിന്റെ ഗാന ഗന്ധർവൻ യേശുദാസിന്റെ ഗാനമേളകൾക്ക് പണ്ട് ഇതേ അവസ്ഥ വന്നിട്ടുണ്ട്. യേശുദാസിന്റെ ഗാനമേളകളിലെ പാട്ടുകൾക്ക് ഇമ്പം പോരെന്ന് ഒരിടക്കാലത്ത് പരക്കെ ആരോപണം ഉയർന്നിരുന്നു. പക്ഷേ അങ്ങനെ വിലയിരുത്തിയവർ മറന്ന ഒരു കാര്യമുണ്ട്. സംഗീതം എന്നതൊരു കലയാണ് എന്നും ഗായകൻ കലാകാരനാണ് എന്നും. അവന്റെ കലാത്മകതയുടെ തോതനുസരിച്ച് അവൻ ആത്മ സംതൃപ്തിക്ക് വേണ്ടി ഒരേ ഗാനം തന്നെ ഓരോ തവണയും അവന്റെ ചോദനകൾക്കനുസരിച്ച് പുതുക്കി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ശ്രോതാവ് മനസ്സിലുറപ്പിച്ചു കഴിഞ്ഞ ഗാനത്തിന്റെ രീതിയിലായിരിക്കില്ല അവയുടെ അവസാന രൂപം. ഈ വ്യത്യാസത്തിനെ നിലവാരത്തിലെ ഇടിവായി കണ്ട്, ഗായകന്റെ കഴിവുകേടായി കണ്ട ഒരുകൂട്ടരാണ് ഗാനമേളയുടെ നിലവാരം മോശമാണ് എന്ന രീതിയിലുള്ള വാർത്ത പരത്തിയത്.

സ്റ്റേജ് ഒരു അവനവൻ തുരുത്താണ്. അതനുവദിക്കുന്ന സ്വാതന്ത്ര്യം അപകടം പിടിച്ചതാണ്. സ്റ്റേജിൽ എഡിറ്റുകളോ കട്ടുകളോ സാധ്യമല്ല. അതുകൊണ്ട് തന്നെ നിറഞ്ഞാടുക എന്ന ഒറ്റ വഴിയെ പെർഫോമറുടെ മുന്നിലുള്ളു. വീണിടം വിഷ്ണുലോകമാക്കിയുള്ള ഒരു നിറഞ്ഞാട്ടം.

ഇനി മോഹൻ ലാലിന്റെ വിഷയത്തിലേക്ക് തിരിച്ചു വരാം. സിനിമയുടെ പ്രശസ്തിയാണ് അദ്ദേഹത്തെ ഇത്തരം പരിപാടിയിലേക്ക് നിരന്തരം ക്ഷണിക്കപ്പെടാൻ അർഹതയുണ്ടാക്കുന്നത്. അതാണ് ഇവിടെ താരത്തിന്റെ മൂലധനം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എഷ്യാനെറ്റ് സിങ്കപ്പൂർ ഓണം 2016 എന്നത് ടിവിയിൽ വന്ന ഒരു പരിപാടിയാണെങ്കിലും അത് അവതരിപ്പിക്കപ്പെട്ടത് സിങ്കപ്പൂർ മലയാളി അസോസിയേഷൻ കൂടി സംഘടിപ്പിച്ച ഒരു പ്രവാസി സമൂഹത്തിനു മുന്നിലാണ്. അവിടേയ്ക്കാണ് മോഹൻ ലാൽ എന്ന താരം ആനയിക്കപ്പെടുന്നത്.

അപ്പോൾ ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന സാധാരണയുള്ള ടിവിയിലേക്കുള്ള മാത്രം പരിപാടിയായി കണ്ടുകൊണ്ടുള്ള വിലയിരുത്തൽ എത്ര അപൂർണ്ണമാണ് എന്നും ആലോചിക്കുക. അങ്ങനെ ദ്വിമുഖമുള്ള ഒരു പരിപാടിയാണ് എഷ്യാനെറ്റ് സിങ്കപ്പൂർ ഓണം 2016. അതുകൊണ്ട് ടിവിയുടെ റ്റെലിജെനിക്‌സ് (ടിവിയിലെ സൌന്ദര്യ ശാസ്ത്രം ) മാത്രം അളവുകൊലാക്കിയുള്ള ഒരു വിലയിരുത്തലിനു പകരം സ്റ്റേജിനു അതിന്റേതായ പ്രാധാന്യം കൽപ്പിക്കുന്ന രീതിയിൽ കൂടി കാര്യങ്ങളെ കാണേണ്ടി വരും.

ലോകത്തിലെ ഏറ്റവും വലിയ താരം എന്നാണു ഷാരൂഖ് ഖാനെ മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നത്. ലോകത്തിലെ മികച്ച എന്റർടെയ്നറാണ് താനെന്ന് ഷാരൂഖും സ്വയം വിലയിരുത്തി കണ്ടിട്ടുണ്ട്. ഷാരുഖിന്റെ സ്റ്റേജ് പരിപാടികൾ, അതിൽ അവതരണം മുതൽ ഡാൻസ് മുതൽ സ്‌കിറ്റ് മുതൽ ഇതര പരിപാടികൾ വരെയുണ്ടാകും. അവയെ സ്റ്റേജിലെ പെർഫോറമറുടെ ധർമ്മം സംബന്ധിച്ചുള്ള വിഷയത്തിലെ ഒരു പാഠപുസ്തകം തന്നെയായി കരുതാം. തട്ടിൽ നില്ക്കുമ്പോൾ താൻ ലോകത്തിലെ ഏറ്റവും വലിയ താരമാണെന്നും അതിന്റെ ജാഡയും ഒന്നുമല്ല അദ്ദേഹത്തിനെ നയിക്കുന്നത്. തന്റെ മുന്നിലിരിക്കുന്ന ജനങ്ങളുടെ അങ്ങേയറ്റമുളള വിനോദം, അതുമാത്രമാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുക. ഓർക്കുക അപാരമായ റ്റെലിജെനിക്‌സ് ഉള്ള താരം കൂടിയാണ് ഷാരൂഖ്. പക്ഷെ അദ്ദേഹം പോലും സ്റ്റേജിനെ, അതും ടിവിയിൽ സംപ്രേഷണ സാധ്യതയുള്ള സ്റ്റേജിനെ ആ രീതിയിലല്ല സമീപിക്കുന്നത്. ഈ യുക്തി വെച്ചാണ് ഷാരുഖ് വിവാഹ ആഘോഷങ്ങൾക്ക് പണം വാങ്ങി ചടങ്ങിന്റെ മോടി കൂട്ടാനെത്തുന്നതും, നൃത്തം ചെയ്യുന്നതും. അവയൊക്കെ അതേപോലെ ടിവിയിൽ കാണിച്ചാൽ നിങ്ങൾ കരുതുന്നുണ്ടോ അതൊക്കെ ടിവിയിലെ പുത്തൻ വിനോദ സങ്കല്പ്പങ്ങൾക്ക് നിരക്കുന്നതാണെന്ന് ? അപ്പോൾ ആസ്വാദനം സാന്ദർഭികമാണ് എന്ന് തെളിഞ്ഞു.

ഇനി ഒരു പരിപാടി പരാജയമാണ് എന്ന് തന്നെ കരുതിയാലും അത് ഒരു സിനിമ പരാജയപ്പെടുമ്പോൾ നടന് അക്കാര്യത്തിൽ എത്ര ബാധ്യതയുണ്ടോ അത്രയുമേ ഇക്കാര്യത്തിലുമുള്ളു. അയാൾ പരിപാടി നന്നാക്കാനുള്ള ഒരു വിഭവം മാത്രമാണ്, അല്ലാതെ നിയന്ത്രകനല്ല.

വിമർശനങ്ങളുടെ പോക്ക്

പ്രവാസ സമൂഹം അവർക്കു വേണ്ടി സംഘടിപ്പിച്ച പരിപാടി. അതിന്റെ ടിവി സാധ്യതകളെ കുറച്ചു കാണുന്നില്ല. പക്ഷെ പ്രാഥമികമായി അതൊരു ലൈവ് ഓഡിയൻസ് ഷോ തന്നെ ആയിരുന്നു. അതിലെ പ്രധാന കുറ്റങ്ങളായി എടുത്തു കാണിച്ചത് മോഹൻ ലാൽ പാടിയതും ആടിയതും ഒക്കെയാണ്. ഓൺലൈൻ ട്രോളുകളുടെ യുക്തിയെ അടിസ്ഥാനമാക്കുന്നില്ല, കാരണം അതൊരു പേമാരിയാണ്. എല്ലാം അതിൽ നനയും. പക്ഷേ ഫെസ്ബുക്കിലെ ചില വിമർശന പോസ്റ്റുകൾ വിഷയത്തെ ഗൌരവമായി സമീപിച്ചിട്ടുണ്ട്. പക്ഷേ അവയുടെ തന്നെ ഉള്ളടക്കം ശ്രദ്ധിച്ചാൽ പരിപാടിയുടെ സ്പിരിറ്റ് മനസ്സിലാക്കിയാണോ വിമർശനം എന്ന് സ്വയം സംശയിച്ചു പോകും. ഗായകനല്ലാത്ത ലാൽ പാടുമ്പോൾ യേശുദാസിനെ ആരും പ്രതീക്ഷിക്കുന്നില്ല. അപ്പോൾ അതിനെ വിമർശിക്കുമ്പോഴും അതിനകത്ത് നിന്ന് വേണം അത് ചെയ്യാൻ. അയാൾ ബുള്ളറ്റിൽ പോകുന്നതും ആടുന്നതും പാടുന്നതും ആക്ഷേപിക്കപ്പെടുന്നു. എന്താണ് കാരണം? അയാളുടെ പ്രായം കണക്കിലെടുത്താണ് വിമർശനമെങ്കിൽ നിങ്ങൾ സൂക്ഷിക്കണം, ഈ പ്രായത്തിൽ ഇത് വേണോ എന്ന ചോദ്യമാണ് അതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ പ്രത്യേകിച്ചും. പ്രശ്‌നം നിങ്ങളുടെ മൂല്യ സങ്കല്പ്പതിന്റെതാണ്. പ്രായമായാൽ മിണ്ടാതെ ഒരിടതിരിക്കണം എന്ന ചെറുപ്പത്തിന്റെ യുക്തിയുടെ ഫലമാണ് അത്തരം ''വിഷ''കൽപനകൾ.

പ്രവാസ സമൂഹം അവരുടെ ഹാർഡ് ഏൺഡ് മണി കൊണ്ട് അവർക്കിഷ്ടപെട്ട താരത്തെ വിലക്കെടുത്തു തങ്ങളുടെ സമൂഹത്തിന്റെ വിനോദത്തിനായി കൊണ്ട് വരുന്നു. അങ്ങനെ ഒരിടത്തേക്ക് മോഹൻ ലാൽ വരുമ്പോൾ അയാളുടെ ധർമ്മം മുൻപിൽ നോക്കാതെ, താര ജാഡകൾ തീർത്തും ഒഴിവാക്കി പരിപാടിയുടെ രീതി വട്ടതിനോട് തന്നാലാവും വിധം നീതി പുലർത്തുക, സഹകരിക്കുക എന്നത് മാത്രമാണ്. അത് മോഹൻ ലാൽ ഒരു പരിധി വരെ ചെയ്തിട്ടുമുണ്ട് എന്ന് പരിപാടിയുടെ ലൈവ് റിയാക്ഷൻ കണ്ടാൽ മനസ്സിലാവും. തെറ്റുകൾ അല്ലെങ്കിൽ പാളിച്ചകൾ തീർച്ചയായും ചൂണ്ടിക്കാട്ടാം, പക്ഷെ അതിനൊക്കെ ഉത്തരവാദി പരിപാടി സാക്ഷത്കരിച്ചവർ കൂടിയാണ്. കപ്പലിന്റെ നിർമ്മാണ പിശകിന് കപ്പലിന്റെ ക്യപ്ടനെയല്ല, ആശാരിയെയാണ് കുറ്റം പറയേണ്ടത് എന്ന ലഘുതത്വം ഓർമ്മിപ്പിച്ചു നിര്ത്തുന്നു.