ജെബി ജംഗ്ഷനിലെ ദുർഗന്ധം

സ്ത്രീത്വത്തിന് മേലുള്ള പാട്രിയാർക്കിയുടെ ഏറ്റവും രൂക്ഷമായ അധിനിവേശമാണ് റേപ്പ്. അതിനെ കാല്പനികവല്കരിക്കുന്ന കവിയും, കയ്യടിക്കുന്ന അവതാരകനും സമകാലിക മലയാള ടെലിവിഷൻ കാഴ്ചവട്ടങ്ങളുടെ രീതിശാസ്ത്രത്തെ വ്യക്തമായി പറഞ്ഞു വെയ്ക്കുന്നുണ്ട്.

ജെബി ജംഗ്ഷനിലെ ദുർഗന്ധം

ഹരിനാരായണന്‍. എസ്

മാധ്യമ പ്രവർത്തനം യാഥാസ്ഥിതിക നിർവചനങ്ങൾ ലംഘിച്ച് രൂപമാറ്റത്തിനു വിധേയമാവുന്ന പുതിയ കാലക്രമത്തിനനുസൃതമായി, പുതിയ കുപ്പായങ്ങളിൽ സ്വയം കാഴ്ച്ചപ്പെടുത്തുന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യം . വാർത്തയെന്നത് അല്പ നേരത്തേക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ കവിഞ്ഞ് യാതൊരു ധർമ്മവുമില്ലാത്ത കെട്ടുകാഴ്ച്ചയായി മാറിയിട്ട് കാലം കുറച്ചായി. ടി.ആർ.പി റേറ്റിംഗ് കണക്കുകൾ അവസാന വാക്കാവുന്ന, മർഡോക്കിയൻ ഹാങ്ങ്ഓവറിൽ നിന്നും മുക്തരല്ലാത്ത മാധ്യമ മേലാളർ കൊടികുത്തി വാഴുന്ന മലയാള ദൃശ്യമാധ്യമ ലോകം പത്രപ്രവർത്തന നിലവാരത്തിലെ പതനങ്ങളിൽ പുതിയ ആഴം കണ്ടെത്തുന്നതിൽ അഭിരമിക്കുകയാണ്.


ഭ്രാന്തമായി സെൻസേഷനലിസത്തെ പിന്തുടരുന്ന ഒരുകൂട്ടം മാധ്യമങ്ങൾ ശരാശരി മലയാളിയുടെ വാർത്താഭിരുചികളെ നിർണ്ണയിക്കുകയും അവരൊരുക്കുന്ന കാഴ്ചകൾ പ്രായഭേദമന്യേ പ്രേക്ഷകരുടെ അഭിപ്രായ രൂപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്ന കാലത്ത് മാധ്യമങ്ങൾ വച്ചു നീട്ടുന്ന വിഭവങ്ങളെ വിശകലനം ചെയ്ത് നെല്ലും പതിരും തിരിക്കേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയായി മാറുന്നുണ്ട്. ഈ വെളിച്ചത്തിലാണ് കൈരളി ടി.വി യുടെ എം.ഡിയും, മലയാള ദൃശ്യമാധ്യമ ലോകത്ത് സുപരിചിതനുമായ ജോൺ ബ്രിട്ടാസ് പ്രതിനിധാനം ചെയ്യുന്ന മാധ്യമ സംസ്‌കാരത്തെ സഗൗരവം വിമർശന വിധേയമാക്കേണ്ടത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ് ''സഖാവ്'' എന്ന കവിതയും, അതിന്റെ മാതൃത്വത്തെ സംബന്ധിച്ച തർക്കങ്ങളും.

ഈ വിവാദ കവിതയുടെ രചയിതാക്കളെന്നവകാശപ്പെടുന്ന സാം മാത്യുവും, പ്രതീക്ഷ ശിവദാസും പങ്കെടുത്ത, ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന ജെ.ബി ജംഗ്ഷൻ എന്ന പരിപാടി പിൻപറ്റിയ രാഷ്ട്രീയം, മധ്യവർഗ അരാഷ്ട്രീയ മലയാളി പുരുഷന്റെ പൊതുബോധത്തിന്റെ ബഹിർസ്ഫുരണം മാത്രമായി അധഃപതിക്കുകയായിരുന്നു.

''ഒരു ജനതയുടെ ആത്മാവിഷ്‌കാര'' മെന്ന് അവകാശപ്പെടുന്ന സി.പി എമ്മിന്റെ സ്വന്തം ചാനലിൽ നിന്ന് ഇത്തരം വിഷപ്പുക പുറത്തേക്ക് വമിക്കുന്നതിലൂടെ ഇന്നത്തെ ദൃശ്യമാധ്യമ യാഥാർത്ഥ്യങ്ങളുടെ പരിതാപകരമായ നേർക്കാഴ്ചയാണ് വ്യക്തമാവുന്നത്.

സെൻസേഷനലിസത്തിന്റെ രാഷ്ട്രീയം

പാർട്ടി പത്രമായ ദേശാഭിമാനിയിലുടെ മാധ്യമ ജീവിതം ആരംഭിച്ച ജോൺ ബ്രിട്ടാസ് കൈരളി ടി.വിയുടെ ജനനത്തോടെയാണ് മലയാളികൾക്ക് സുപരിചിത മുഖമായി മാറുന്നത്. തുടർന്ന് സിപിഎം വിവാദങ്ങളുടെ ചുഴിയിൽ അകപ്പെട്ട സമയത്ത് നടത്തിയ ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖം പ്രേക്ഷകർക്കിടയിൽ ബ്രിട്ടാസിന്റെ സ്വീകാര്യത പതിന്മടങ്ങാണ് വർദ്ധിപ്പിച്ചത്. ഗൗരവപരമായ വിഷയങ്ങൾ പോലും തെല്ല് നർമ്മം പൂശി അവതരിപ്പിക്കുന്ന, ആരെയും ''ട്രോളാനുള്ള'' ധൈര്യം പ്രകടിപ്പിക്കുന്ന ഈ മാധ്യമപ്രവർത്തകന്റെ'' വളർച്ചയുടെ വേഗം അതിശയിപ്പിക്കുന്നതാണ്. ഇടക്കാലത്ത് ഏഷ്യാനെറ്റിലേക്ക് പോയെങ്കിലും വൈകാതെ വീണ്ടും പഴയ കൈരളി കുടുംബത്തിലേക്ക് മടങ്ങുകയായിരുന്നു.

അമൃതാനന്ദമയിയുടെ മഠത്തെ കേന്ദ്രീകരിച്ച് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട കാലത്ത് അമേരിക്കയിൽ ചെന്ന് അവരുടെ പഴയ ശിഷ്യ ഗെയ്ൽ ട്രേഡ്വെല്ലുമായി നടത്തിയ അഭിമുഖം ബ്രിട്ടാസിനെ സാധാരണ മാധ്യമപ്രവർത്തകനിൽ നിന്ന് മാധ്യമ സെലിബ്രിറ്റിയായി ഉയർത്താൻ പോന്നതായിരുന്നു. എന്നാൽ എന്തുകൊണ്ട് ബ്രിട്ടാസും അയാളുടെ ശൈലിയും വിമർശിക്കപ്പെടണം എന്നതാണ് ബില്യൻ ഡോളർ ചോദ്യം.

സെൻസേഷനൽ മൂല്യങ്ങളുടെ രസതന്ത്രത്തെ എങ്ങനെയും തൃപ്തിപ്പെടുത്തി മാർക്കറ്റ് സമവാക്യങ്ങൾ അണുവിട തെറ്റാതെ പാലിച്ചു പോരുന്ന സമകാലീന ടെലിവിഷൻ സംസ്‌കാരത്തിന്റെ പതാകാവാഹകരിൽ മുൻപന്തിയിലാണ് ജോൺ ബ്രിട്ടാസ്. കുറച്ചു കാലം മുൻപ് ചലചിത്ര നടി അനന്യയും ഭർത്താവ് ആഞ്‌ജനേയനും പങ്കെടുത്ത അഭിമുഖ പരിപാടിയിൽ ആഞ്‌ജനേയൻ എന്ന വ്യക്തിയുടെ തടിച്ച ശരീരപ്രകൃതി ഒരു കുറ്റമാണെന്ന മട്ടിൽ വിചാരണ ചെയ്തത് സമാനതകളില്ലത്ത മാധ്യമ പാതകമായിരുന്നു. ഒരു സിനിമാ നടിയുടെ ഭർത്താവിൽ മധ്യവർഗ മൂല്യബോധം പ്രതീക്ഷിക്കുന്ന ''ഗുണഗണങ്ങ''ളില്ലാത്തത് മാപ്പില്ലാത്ത കുറ്റമെന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മാധ്യമപ്രവർത്തനത്തിൽ വ്യക്തിഹത്യ പോലും ലക്ഷ്യത്തെ സാധൂകരിക്കുന്ന നിരവധി മാർഗളിലൊന്നു മാത്രമാണെന്നത് അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു. പൃഥ്വിരാജുമായി വിവാഹശേഷം നടത്തിയ അഭിമുഖം മറ്റൊരു തരത്തിൽ ശരാശരി മലയാളിയുടെ പരദൂഷണങ്ങളിൽ അഭിരമിക്കുന്ന മാനസികവ്യാപാരങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി.

ഒരു സെലിബ്രിറ്റിയുടെ സാമൂഹിക ജീവിത പരിസരത്തെ പാടെ നിരാകരിച്ച് വ്യക്തി ജീവിതത്തിലേക്ക് മാത്രമായി നടത്തുന്ന ഒളിഞ്ഞു നോട്ടമാണ് ബ്രിട്ടാസ് അഭിമുഖങ്ങളെന്ന് ഒറ്റവാക്കിൽ പറയാം. അതിലൂടെ മധ്യവർഗ കാമനകളെ ഉദ്ധിപിപ്പിച്ച് നിർത്താനും കണ്ണീർ സീരിയലുകൾ തോറ്റുപോവുന്ന നാടകീയതയിലൂടെ ടി.ആർ.പി വിപ്ലവം സൃഷ്ടിക്കാനും ഈ JNU ക്കാരനായ മാധ്യമപ്രവർത്തകൻ മടിക്കുന്നില്ലെന്ന് കാണാവുന്നതാണ്. ഇക്കിളി സംഭാഷങ്ങൾ ധാരാളമായി ഉപയോഗിക്കുകയും പ്രത്യേകിച്ചും സ്ത്രീകൾ അതിഥികളായെത്തുന്ന അവസരങ്ങളിൽ മലയാളി ആൺകോയ്മയുടെ ഗരിമയിൽ പൊലിപ്പിച്ചെടുത്ത ദ്വയാർത്ഥ പ്രയോഗങ്ങളാൽ പരിപാടിയെ കൊഴുപ്പിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല.

ഒളിഞ്ഞുനോട്ടത്തിന്റ മീഡിയാ പതിപ്പായി മാറുന്ന അഭിമുഖങ്ങൾ പലതിലും അവതാരകൻ മനപൂർവ്വം ഗൗരവമേറിയ സംഭാഷണ മുഹൂർത്തങ്ങളിൽ നിന്നൊഴിഞ്ഞു മാറി നർമ്മ സല്ലാപങ്ങളിലും പൈങ്കിളി ആഖ്യാനങ്ങളിലും അഭയം പ്രാപിക്കുന്നത് കാണാവുന്നതാണ്. ഈ മീഡിയ വോയറിസം (Media Voyeurism) ചാനൽ പരിപാടിയുടെ അജണ്ടയായി മാറുമ്പോൾ, ആ ചാനൽ ഒരു കമ്മ്യൂണിസ്‌ററ് പാർട്ടിയുടെതാവുമ്പോൾ, പ്രസ്തുത മാധ്യമപ്രവർത്തകൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്നറിയുമ്പോൾ വിഷയത്തിന്റെ ഗൗരവം എത്രയോ മടങ്ങ് വർദ്ധിക്കുകയാണ്.

''സഖാവ്'' എന്ന കവിതയുടെ മാതൃത്വം ഇപ്പോഴും തർക്കത്തിലാണെന്നിരിക്കെ അതിന്റെ രചയിതാക്കളെന്നവകാശപ്പെടുന്നവരേയും ആ കവിത ആലപിച്ച ആര്യ ദയാലിനെയും പങ്കെടുപ്പിച്ച് നടത്തിയ ജെബി ജംഗ്ഷനിൽ ബ്രിട്ടാസ് കൈക്കൊണ്ട പല നിലപാടുകളും ന്യൂട്രലായ പ്രേക്ഷകരുടെ നെറ്റി ചുളിക്കുന്നതായിരുന്നു. കവിത സാം മാത്യൂവിന്റേതെന്ന മട്ടിലായിരുന്നു പലപ്പോഴും അവതാരകൻ സംസാരിച്ചതെന്നും കാണാം. ഇതിനു മുൻപ് സാമും ആര്യയും പാടി അഭിനയിച്ച ''സഖാവി''ന്റെ വീഡിയോ ഡിസി ബുക്‌സ് പുറത്തു വിട്ടിരുന്നു. അപക്വമായ ഈ നടപടിയും സോഷ്യൽ മീഡിയയിൽ പരക്കെ വിമർശിക്കപ്പെട്ടിരുന്നു.

സാം എഴുതിയ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി തന്നെ പീഡിപ്പിച്ചയാളെ പ്രണയിക്കുന്ന ''പടർപ്പ് ' എന്ന കവിതയും ആ കവിതയുടെ ആലാപനത്തിന് ശേഷം ''നീ ആരെയും പോയി ബലാത്സംഗം ചെയ്‌തേക്കല്ലേ'' യെന്ന നിരുപദ്രവകരമെന്ന് തോന്നിയേക്കാവുന്ന ബ്രിട്ടാസിന്റെ പ്രസ്താവനയുമാണ് ആ ജെബി ജംഗ്ഷൻ എപ്പിസോഡിനെ ചർച്ചകളിലെത്തിച്ചത്. ആരെഴുതിയതാണെങ്കിലും ''സഖാവ്'' എന്ന കവിത തന്നെ പ്രകടമായും സ്ത്രീവിരുദ്ധമാണ്. ആണിന്റെ ചങ്കിലെ പെണ്ണായി പിറക്കുന്ന ജന്മത്തെയൊക്കെ സ്വപ്നം കാണുന്ന പിന്തിരിപ്പൻ കാല്പകനികതയെ ഉശിരുള്ള പെൺകുട്ടികൾ ഇന്ന് പുച്ഛിച്ചു തള്ളും.

അത്യന്തം സ്ത്രീവിരുദ്ധമായ പ്രസംഗം നടത്തിയ ഡോക്ടർ രജിത് കുമാറിനെതിരെ സദസ്സിൽ നിന്ന് ഉറക്കെ കൂവി വേദി വിട്ടിറങ്ങിയ വിദ്യാർത്ഥിനിയുടെ പേര് ആര്യ എന്നായിരിക്കെ, മറ്റൊരു ആര്യ ആലപിച്ച സ്ത്രീവിരുദ്ധ കവിത സോഷ്യൽ മീഡിയ ആഘോഷിച്ചതും കേരളം കണ്ടു.
ജെബി ജംഗ്ഷനിൽ അവതരിപ്പിക്കപ്പെട്ട ''പടർപ്പ് ' എന്ന കവിതയുടെ പ്രതിലോമകരമായ ഉള്ളടക്കത്തെക്കുറിച്ച് നിശബ്ദനായ അവതാരകൻ, സാമിനോട് ആരെയും പോയി ബലാത്സംഗം ചെയ്‌തേക്കരുതെന്ന് ഹാസ്യരൂപേണ പറയുന്നത് ആണഹങ്കാരത്തിന്റെ മൂശയിൽ വാർത്തെടുത്ത സ്വന്തം ബോധമണ്ഡലത്തിന്റെ ദയനീയമായ തുറന്നു കാട്ടലാണ്.

സൗമ്യ, ജിഷ സംഭവങ്ങൾ നടന്ന കേരളത്തിലെ ഒരു ചാനലിൽ ഇരുന്നു കൊണ്ട് ഈ രീതിയിൽ ജല്പനങ്ങൾ നടത്തുന്ന സെലിബ്രിറ്റി ജേർണലിസ്റ്റിന്റെ രാഷ്ട്രീയ ബോധം ഭയപ്പെടുത്തുന്നു. ബലാത്സംഗങ്ങൾ കേവലം ലൈംഗികാതിക്രമങ്ങൾ മാത്രമല്ലെന്നും അതിനു കൃത്യമായ അധികാര-ലിംഗ -രാഷ്ട്രീയ മാനങ്ങളുണ്ടെന്നും ഓർക്കേണ്ടതുണ്ട്. സ്ത്രീത്വത്തിന് മേലുള്ള പാട്രിയാർക്കിയുടെ ഏറ്റവും രൂക്ഷമായ അധിനിവേശമാണ് റേപ്പ്. അതിനെ കാല്പനികവല്കരിക്കുന്ന കവിയും, കയ്യടിക്കുന്ന അവതാരകനും സമകാലിക മലയാള ടെലിവിഷൻ കാഴ്ചവട്ടങ്ങളുടെ രീതിശാസ്ത്രത്തെ വ്യക്തമായി പറഞ്ഞു വെയ്ക്കുന്നുണ്ട്.

ഈയിടെ പുറത്തു വന്ന ''ഒരു മെക്‌സിക്കൻ അപാരത'' എന്ന ചിത്രത്തിന്റെ ടീസറിൽ കലിയാൽ അടയാളപ്പെടുത്തുന്ന കേരളത്തിലെ ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ aggressive macho version കാണാം. സഖാവ് എന്ന ആൺ ബോധം ഇടത് രാഷ്ട്രീയത്തിന്റെ നൈതികതയെ മൊത്തത്തിൽ ചോദ്യം ചെയ്യുകയാണ്. പെണ്ണിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം എവിടെയാണെന്ന് കാമ്പസുകളിൽ നിന്ന് ഉറക്കെ ചോദിക്കേണ്ടതുണ്ട്. ജെ.ബി ജംഗ്ഷൻ ഒരേസമയം വെറും മൂന്നാംകിട ടി.വി പ്രോഗ്രാമിന്റൈ നിലവാരത്തിലേക്ക് താഴുകയും വിഷലിപ്തമായ ലിംഗരാഷ്ട്രീയത്തെ ഉദ്‌ഘോഷിക്കുകയുമാണ്.

ഇവിടെ ആദ്യം വിചാരണ ചെയ്യേണ്ടത് മധ്യവർഗ മലയാളിയുടെ കാഴ്ചാ സംസ്‌കാരത്തെയാണ്. കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകളിലേക്ക് ഒളിഞ്ഞു നോക്കി, പൊതുമധ്യത്തിൽ വിഴുപ്പലക്കുന്ന ''കഥയല്ലിത് ജീവിതം'' പോലുള്ള പരിപാടികളെ ആഘോഷിച്ച മലയാളികൾ ജെ.ബി ജംഗ്ഷനും ബ്രിട്ടാസിനെ പോലൊരു അവതാരകനെയും അർഹിക്കുന്നുവെന്നതാണ് സത്യം. നിരവധി സാമൂഹിക ഉത്തരവാദിത്തങ്ങളുള്ള കൈരളി പോലൊരു ചാനലിലൂടെ സംവേദിപ്പിക്കുന്ന മാലിന്യം കലർന്ന ആശയലോകത്തിന്റെ ഭവിഷ്യത്ത് ചില്ലറയല്ല.

പൊതു സമൂഹത്തിന്റെ കണ്ണാടിയായില്ലെങ്കിലും, കണ്ണ് കുത്തിപ്പൊട്ടിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതിവേഗം അരാഷ്ട്രീയവല്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന കേരളത്തിലെ കാമ്പസുകൾ ഏറ്റു പാടേണ്ട കവിതകളുടെ രാഷ്ട്രീയം ശുഭാപ്തിവിശ്വാസത്തിന്റെ അവസാന കണികയും തല്ലിക്കെടുത്തുന്ന വിധത്തിലാണ്.

ഇത്തരം ''പടർപ്പു''കൾ പടച്ചു വിടുന്ന യുവ കവികളെക്കാൾ അപകടകാരികൾ അവർ പ്രതിനിധാനം ചെയ്യുന്ന പിന്തിരിപ്പൻ ആൺബോധത്തിന് ഓശാന പാടുന്ന സെലിബ്രിറ്റി അവതാരകരാണ്. ഒരു ജനതയുടെ ആത്മാവിഷ്‌കാരം ഇരയാക്കപ്പെട്ട പെൺമനസുകളുടെ ആത്മബോധത്തെ അപഹസിക്കലാവുകയും, പൊഴിഞ്ഞ പീതപുഷ്പങ്ങളിൽ അവർ സെൻസേഷണലിസം മാത്രം തിരയുകയും ചെയ്യുമ്പോൾ മലയാളിയുടെ കാഴ്ചാ സംസ്‌കാരത്തിന്റ പതനം അതിവേഗത്തിലാവുന്നു.