നഗ്നതയെന്ന ഇന്ത്യൻ കാപട്യം അഥവാ സംഘികാലത്തെ സാംസ്‌കാരിക അപരാധങ്ങൾ

രാധികാ ആപ്‌തേ നായികയായ വിവാദത്തിന്റെ ഉള്ളടക്കം ഒരു സംഭോഗരംഗത്തിൽ അവർ അരയ്ക്ക് മുകളിൽ നഗ്‌നയായി പ്രത്യക്ഷപ്പെട്ടു എന്നതാണ്. ഇതേ ദൃശ്യത്തിൽ നായകനായ പുരുഷനും അരയ്ക്ക് മുകളിൽ നഗ്‌നനാണ്. പക്ഷേ അയാൾ വിവാദത്തിലെ ഒരു സാന്ദർഭിക പരാമർശം മാത്രമാണ്! വിശാഖ് ശങ്കർ എഴുതുന്നു.

നഗ്നതയെന്ന ഇന്ത്യൻ കാപട്യം അഥവാ സംഘികാലത്തെ സാംസ്‌കാരിക അപരാധങ്ങൾ

വിശാഖ് ശങ്കർ

മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഒരു പക്ഷേ ഏറ്റവും അധികം ആവർത്തിക്കപ്പെട്ട സംവാദങ്ങളിൽ ഒന്ന് നഗ്‌നതയുമായി ബന്ധപ്പെട്ടതാവും. ഏദൻ തോട്ടത്തിൽ നഗ്‌നരായി സഹജീവിച്ചിരുന്ന ആദത്തിലും ഹവ്വയിലും തങ്ങളുടെ നഗ്‌നതയെ കുറിച്ച് ബോധം ഉണർന്നത് തന്നെ വിലക്കപ്പെട്ട കനി ഭക്ഷിച്ച ശേഷമാണെന്ന് വ്യാഖ്യാനങ്ങളുണ്ട്. ആ നിലയ്ക്ക് ചിന്തിച്ചാൽ നഗ്‌നത എന്നത് സ്വാഭാവികവും ദൈവികവുമായതും, അതിൽ വന്ന് വീണ വസ്ത്രം പൈശാചികവും ശാപബന്ധിയുമായതുമാണെന്നും വായിക്കാം. എന്നാൽ പിന്നീട് നഗ്‌നത സംസ്‌കാരഹീനവും വസ്ത്രം എന്നത് സംസ്‌കാര രൂപകവുമായി മാറുകയായിരുന്നു.


അതിന് ശേഷം നഗ്‌നതയും അത് മറയ്ക്കുന്ന വസ്ത്രവും നിരവധി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായി. വസ്ത്രം എന്നത് കേവലമായ നാണം മറയ്ക്കലിൽ ഉപരി തനത് സവിശേഷതകളുള്ള ഒരു സാംസ്‌കാരിക ബിംബമായി മാറി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ നിന്ന് ഉണ്ടാകുന്ന പ്രായോഗിക പരിഗണനകൾ മുതൽ മതബോധനങ്ങളുടെ യാന്ത്രികമായ പാലനം വരെ നിരവധി ഘടകങ്ങൾ വസ്ത്രത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. രാജാവിനെ മന്ത്രിയിൽ നിന്നും പടയാളിയിൽ നിന്നും വേർതിരിക്കുന്ന രാഷ്ട്രീയബിംബമായി, അധികാരത്തിന്റെ തണൽ ലഭ്യമായ വിഭാഗങ്ങളെ അതില്ലാത്ത പാർശ്വവൽകൃതരിൽ നിന്ന് വേർതിരിക്കുന്ന സാമൂഹ്യബിംബമായി ഒക്കെ അത് പിന്നീട് പരിണമിച്ചു. ഇതിന് സമാന്തരമായി, മറുവശത്ത് നഗ്‌നത എന്നത് നിഷേധത്തിന്റെ, ചെറുത്ത് നിൽപ്പിന്റെയൊക്കെ ഒരു പ്രതീകമായിത്തീരുകയും ചെയ്തു. മണിപ്പൂരിൽ 'ഇൻഡ്യൻ ആർമി റെയ്പ് അസ്' എന്ന ബാനറുമായി പട്ടാളക്യാമ്പിനു മുന്നിൽ നഗ്‌നരായി നിരന്ന സ്ത്രീകൾ മുതൽ ആലിയ മഗ്ദി വരെയുള്ളവർ നഗ്‌നതയെ തങ്ങളുടെ രോഷത്തിന്റെ, പ്രതിഷേധത്തിന്റെ ആവിഷ്‌കാര രൂപമായി പരിവർത്തിപ്പിച്ചവരാണ്.

ഇതിൽനിന്നൊക്കെ ഒരു കാര്യം വ്യക്തമാകുന്നു. വളരെ സങ്കീർണ്ണവും, പല തലങ്ങളിലൂടെ പരിണമിച്ച് വന്നതുമായ ഒന്ന് എന്ന നിലയിൽ വസ്ത്രത്തെയും നഗ്‌നതയെയും കുറിച്ചുള്ള സംവാദങ്ങളിലേക്ക് രേഖീയമായി പ്രവേശിക്കാനാവില്ല. ഇതൊന്നും കൂടാതെയാണ് ഓരോ ദേശത്തിലെയും വസ്ത്രസംസ്‌കാരത്തിന് കൈവരുന്ന, അവിടങ്ങളിലെ വ്യത്യസ്ത ജാതി, മത, വർഗ്ഗ, ലിംഗ സമവാക്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന സവിശേഷവും വ്യതിരിക്തവുമായ ഉള്ളടക്കം. അതിനനുസരിച്ചിരിക്കും അതാത് കാലങ്ങളിൽ അതാതിടങ്ങളിലെ അതാത് ജന സമൂഹങ്ങളിൽ നഗ്‌നതയ്ക്ക് കൈവരുന്ന 'നിഷേധ'മൂല്യവും. ആപേക്ഷികതയുടെ ഈ വൻ വലയിൽ നിന്ന് ചരിത്രത്തെ പുറത്തെടുത്ത് രേഖീയമായി സമീപിച്ച് തീർപ്പുകൾ കൽപ്പിക്കുന്ന പണ്ഡിത, ആചാര്യ വചനങ്ങൾ കൊടും തമാശകളായി മാറുന്നത് ഇതുകൊണ്ടാണ്.

നഗ്‌നത എന്ന സാംസ്‌കാരിക അപരാധം

വസ്ത്രം ധരിക്കുന്നതിന് മുമ്പും പിമ്പും എന്ന ഒരു വിച്ഛേദത്തിലെ വസ്ത്രപൂർവ്വകാലത്തെ നഗ്‌നത, പരിമിതമായിരിക്കാമെങ്കിൽ കൂടി അതിന് വ്യവസ്ഥയുമായുണ്ടായിരുന്ന സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്കിന്ന് വേണ്ടത്ര ലഭ്യമല്ല. അതുകൊണ്ട് ആ മേഖലയിലും നരവംശശാസ്ത്ര ഗവേഷണങ്ങൾ തുടരുന്നുണ്ടാകും എന്ന പ്രത്യാശയോടെ ആ അതിഭൂതകാലത്തെ നമുക്ക് വിടാം. രണ്ടാം പകുതിയെ എടുത്താൽ അതിൽ അടിമുടി വൈരുദ്ധ്യങ്ങളാണ്. ലോക ചരിത്രത്തിന്റെ അതിവിശാല ഭൂമിക വിട്ട് നമുക്ക് താരതമ്യേനെ കൂടുതൽ പരിചയമുള്ള കേരള ചരിത്രത്തിലേക്ക് ചുരുങ്ങിയാൽ പോലും അവിടെയും ഉണ്ട് അന്തമില്ലാത്തത്ര വൈരുദ്ധ്യങ്ങൾ.

രണ്ട് നൂറ്റാണ്ട് മുമ്പ് വരെ നഗ്‌നതയെ ഒരു വ്യവസ്ഥ എന്ന നിലയിൽ നിലനിർത്തുകയും, അതിൽ നിന്ന് ഇളവ് വേണമെങ്കിൽ, അതായത് നാണം മറയ്ക്കണമെങ്കിൽ കരം കൊടുക്കണമെന്ന് ശഠിക്കുകയും ചെയ്തിരുന്ന ഭരണവർഗ്ഗ യാഥാസ്ഥിതികതയാണ് കേവലം രണ്ട് നൂറ്റാണ്ടിന്റെ അകലത്ത് നിന്നുകൊണ്ട് ഇന്ന് പൊക്കിളിൽ നിന്ന് ഇത്തിരി തുണി മാറിയാൽ, മുലയുടെ മേൽതട്ട് ബ്‌ളൗസിലൂടെ തുളുമ്പി കണ്ടാൽ ആർഷഭാരത സംസ്‌കാരം തകരും എന്നുപറഞ്ഞ് സദാചാരഖഡ്ഗം എടുത്ത് വീശാൻ നിൽക്കുന്നത്. അങ്ങനെയുള്ളവരോട് ഒരു ചെറിയ ചോദ്യമേ ചോദിക്കാനുള്ളു: ''അല്ല സേട്ടാ, ഈ ആർഷഭാരതത്തിന്റെ പഴക്കം ഒരു ഇരുനൂറുകൊല്ലം വരുമോ? അല്ല, ചേർത്തലക്കാരി ഒരു നങ്ങേലി പെണ്ണ് മുല മറയ്ക്കാനും കരം കൊടുക്കണമെങ്കിൽ ആ കോപ്പിലെ മുല എനിക്ക് വേണ്ടെന്ന് പറഞ്ഞ് അത് അറുത്ത് നിങ്ങടെ മുഖത്തേയ്ക്ക് ഇട്ടത് 1803 ലാണ് എന്നും കേൾക്കുന്നു!''

സംസ്‌കാരമെന്നത് എല്ലാവർക്കും എല്ലാ കാലത്തേക്കും ബാധകവും, മാറ്റാൻ പാടില്ലാത്തതുമായ എന്തോ ഒന്നാണ് എന്ന തീർപ്പിൽ നിന്നാണ് പലരും സനാതന സംസ്‌കാരം, ആർഷഭാരത സംസ്‌കാരം എന്നൊക്കെ വച്ച് കാച്ചുന്നത്. ബ്രായും പാന്റീസും ധരിച്ച് പെണ്ണുങ്ങൾ കടപ്പുറത്ത് മലർന്ന് കിടക്കുന്നതൊക്കെ പാശ്ചാത്യ സംസ്‌കാരമാണെന്നും, നമ്മൾ ആർഷ സനാതനികൾ സാംസ്‌കാരികമായി വസ്ത്രത്തിന്റെ ആൾക്കാരാണെന്നും ഒക്കെ വെച്ചുകാച്ചുന്ന നിഷ്‌കളങ്കരുടെ ശ്രദ്ധയ്ക്കാണ് നങ്ങേലിയുടെ കാര്യം ഓർമ്മിപ്പിച്ചത്. പാശ്ചാത്യ സ്ത്രീകൾ കടപ്പുറത്ത് വെയിൽ കായുമ്പോൾ ചിലപ്പൊ ബ്രായും പാന്റീസും മാത്രമേ ധരിക്കുന്നുണ്ടാവു. എന്നുവച്ച് അവർക്ക് പൊതുസ്ഥലത്ത് ഇറങ്ങി നടക്കുമ്പോൾ അരയ്ക്ക് കീഴോട്ട് മാത്രമേ തുണി പാടുള്ളു എന്ന തിട്ടൂരമൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് നഗ്‌നത നമ്മുടെ ആർഷഭാരതസംസ്‌കാരത്തിന് നിരക്കുന്നതല്ല എന്നൊക്കെയുള്ള പേച്ചുകളെ തമാശയായെ കാണാൻ പറ്റു.

ഈ ഒരു പശ്ചാത്തലത്തിൽ നിന്ന് വേണം രാധിക ആപ്‌തേ എന്ന നടിയുടെ നഗ്‌നതാ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ വായിക്കാൻ. ചോർന്നതും അല്ലാത്തതുമായ ദൃശ്യങ്ങളിൽ ഒന്നിൽ അവർ തുണി അരയോളം പൊക്കി നഗ്‌നമായ കാലുകൾ കാണിക്കുന്നു. മറ്റേത് ഒരു സംഭോഗ രംഗമാണ്. അതിൽ അവരും ഇണയും അരയ്ക്ക് മുകളിലേക്ക് നഗ്‌നരാണ്. ഇത്തരം ദൃശ്യങ്ങൾ നമ്മുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല എന്നതാണ് സനാതനികളുടെ മുറവിളി. ഇത് ഒരു വശത്ത് നടക്കുമ്പോൾ മറുവശത്തോ?

തുണിയും തരുൺ സാഗറും പിന്നെ രാധിക ആപ്‌തെയും

ഉടലിൽ നിന്ന് തുണി തെല്ല് മാറിയാൽ സദാചാരം തകർന്ന് തലയിൽ വീഴും എന്ന് ധരിച്ചിരിക്കുന്ന സനാതനികൾക്ക് മേൽകയ്യുള്ള നാടായി തീർന്നിരിക്കുന്നു ഇന്ന് നമ്മുടേത്. അത്തരത്തിൽ തന്നെയുള്ള ഒന്നാണ് ഹരിയാന അസംബ്‌ളിയും. അവിടേയ്ക്ക് അവരുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ ആളാണ് തരുൺ സാഗർ എന്ന ജൈനസന്യാസി. പൂർണ്ണനഗ്‌നനായി എത്തിയ അദ്ദേഹം അങ്ങനെ തന്നെ ഡയസിൽ ഇരുന്നു. സ്ത്രീകൾ കൂടി ഉൾപ്പെടുന്ന സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഭാര്യാഭർതൃബന്ധത്തെക്കുറിച്ചും ബലാൽസംഗത്തെക്കുറിച്ചും പെൺഭ്രൂണഹത്യകളെക്കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിച്ചു. കാറ്റത്ത് തുണിയൊന്ന് മാറിയാൽ പോലും വിൺപരപ്പുകളോളം പൊക്കത്തിൽ നമ്മൾ തട്ട് കെട്ടി വാർത്തിട്ടിരിക്കുന്ന ആർഷഭാരത സംസ്‌കാരം ആകാശമുൾപ്പെടെ ഇടിഞ്ഞ് തലയിൽ വീഴും എന്ന് ഘോഷിക്കുന്നവരുടെ ഒരു സമൂഹത്തിൽ ഇതെങ്ങനെ? ഉത്തരം ലളിതമാണ്. നഗ്‌നതയല്ല പാപം, പെണ്ണുടലിന്റെ നഗ്‌നതയാണ്.

തരുൺ സാഗർ തന്റെ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിന് മേൽ ധർമ്മത്തിന്റെ നിയന്ത്രണം ഉണ്ടാകേണ്ടുന്നത് അനിവാര്യമാണെന്ന് പ്രസ്താവിക്കുന്നു. ഭർത്താവാണ് ധർമ്മം. ഭാര്യയാണ് രാഷ്ട്രീയം. ഭർതൃധർമ്മമാണ് ഭാര്യാസംരക്ഷണം. പതിവ്രതയുടെ ധർമ്മമാകട്ടെ ഭർത്താവിന്റെ വിജ്ഞാനശാഖയെയും ശിക്ഷണബോധത്തെയും അംഗീകരിക്കുക എന്നതും. രാഷ്ട്രീയത്തിന് മേൽ ധർമ്മത്തിന്റെ കർശനനിയന്ത്രണമില്ലെങ്കിൽ, അതായത് ഭാര്യയ്ക്ക് മേൽ ഭർത്താവിന്റെ കർശനനിയന്ത്രണമില്ലെങ്കിൽ അത് പിന്നെ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെയാകും എന്നാണ് മഹദ് വചനത്തിന്റെ സ്വതന്ത്ര സംഗ്രഹം.

ഇത് തന്നെയാണ് രാധിക ആപ്‌തേ വിവാദത്തിലും പ്രതിഫലിക്കുന്നത്. വിവാദമായ രതി ചിത്രീകരണത്തിൽ അരയ്ക്ക് മുകളിൽ നഗ്‌നരായി അഭിനയിച്ച ഒരു നടനും നടിയും ഉണ്ടായിരുന്നു. ഒപ്പം പിന്നിൽ അതിന്റെ സംവിധായകനും തിരക്കഥാകൃത്തുമുണ്ട്. പക്ഷേ സദാചാരത്തകർച്ചയിൽ ആരോപണത്തിന്റെ കുന്തമുന നീളുന്നതും വിമർശനശരങ്ങൾക്ക് ലക്ഷ്യമാകുന്നതും രാധിക എന്ന നടി മാത്രം! ഇത് എന്തുകൊണ്ട് ഇങ്ങനെയാകുന്നു?

ഇത് ഈ വിവാദത്തിന്റെ രണ്ട് തലങ്ങളിൽ ഒന്ന് മാത്രം. നാം ഇതുവരെ ചർച്ച ചെയ്തത് ഇതിന്റെ സാമൂഹ്യ, രാഷ്ട്രീയ, ചരിത്ര തലങ്ങളെയാണ്. ഒരു കലാബന്ധിയായ ആവിഷ്‌കാരത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴാണ് രാധിക ആപ്‌തേ ഈ വിവാദത്തിൽ പെട്ടത് എന്നത് ഇതിന് വേറൊരു തലം കൂടി നൽകുന്നു. ''എന്റെ നഗ്‌നവീഡിയോ പ്രചരിക്കുന്നത് അത്തരം സിനിമയിലഭിനയിക്കുന്നതുകൊണ്ടാണെ''ന്ന അവരുടെ സ്വന്തം വാചകത്തിൽ അതുണ്ട്. അതുകൊണ്ട് ചർച്ച കലയിലെ നഗ്‌നത എന്ന, നാം ഇതുവരെ ചർച്ച ചെയ്ത വിഷയത്തോളം തന്നെ ആവർത്തിക്കപ്പെട്ടിട്ടുള്ള മറ്റൊരു സംവാദത്തിലേക്ക് കൂടി കടക്കാതെ പൂർണ്ണമാവില്ലെന്ന് തൊന്നുന്നു

കലയിലെ നഗ്‌നത

നഗ്‌നതയ്ക്ക് എന്താണ് കുഴപ്പം, ലൈംഗീകതയ്ക്ക് എന്താണ് കുഴപ്പം, അതിന്റെ ആവിഷ്‌കാരത്തിൽ എന്താണ് കുഴപ്പം എന്ന തീവ്രലിബറൽ ചോദ്യങ്ങളെ നമുക്ക് തൽക്കാലം വിടാം. അവ അപ്രസക്തമായതുകൊണ്ടല്ല, അത്തരം ഒരു ചർച്ചയിലേക്ക് കടക്കാൻ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ സജ്ജരായിട്ടില്ല എന്നതുകൊണ്ട്. അകാലത്ത് അത്തരം ചോദ്യങ്ങളിൽ തട്ടി വഴിതിരിഞ്ഞ് പോയാൽ നിലവിലുള്ള താരതമ്യേനെ ലളിതമായ ചോദ്യങ്ങൾക്ക് പോലും മറുപടിയില്ലാതെ വരും. അങ്ങനെ വന്നാൽ യാഥാസ്ഥിതിക ആശയങ്ങൾ തന്നെ പിന്നെയും മേൽക്കൈ നേടും എന്നതിനാലാണ് ആ മാറ്റിവയ്ക്കൽ. തുണിയുടുക്കാതെ നടക്കുവാനുള്ള സ്വാതന്ത്ര്യം എന്നതല്ല സാമൂഹ്യതലത്തിൽ പോലും നാം ഇന്ന് ഉന്നയിക്കുന്ന ആവശ്യം, മറിച്ച് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിക്കപ്പെടണം എന്നതാണല്ലോ.

കലയിലെ നഗ്‌നതയെക്കുറിച്ചുള്ള സംവാദങ്ങൾ സത്യത്തിൽ കുറച്ചുകൂടി കൃത്യവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങൾ അവലംബിച്ച് മുന്നോട്ട് പോകാവുന്നവയാണ്. പക്ഷേ അവിടെയും പ്രശ്‌നം ആദർശവാദമാണ്. കല ആത്യന്തികമായി ആത്മനിഷ്ഠമാണെന്നും അതിൽ സാദ്ധ്യമാകുന്ന എല്ലാ ഇടപെടലുകളും സിദ്ധാന്തവൽക്കരണങ്ങളും കേവലം വാചക കസർത്തുകൾ മാത്രമാണെന്നുമുള്ള വാദത്തെ വസ്തുനിഷ്ഠമായി തെറ്റെന്ന് തെളിയിക്കാനാവില്ല. കാരണം സ്വർണ്ണത്തിന്റെ ക്യാരറ്റ് നിർണ്ണയിക്കുന്ന ഉപകരണം പോലെ ഒന്ന് കലയിൽ സാദ്ധ്യമല്ല. പക്ഷേ പ്രകടമായ ഈ വസ്തുതയെ പല വിധത്തിൽ ആവർത്തിച്ച് ലളിതവൽക്കരിക്കുന്നവർ ഒരു കാര്യം മറക്കുന്നു. ഇത്തരം വാദങ്ങൾ ഫലത്തിൽ കലയിൽ നിലനിൽക്കുന്ന യാഥാസ്ഥിതികതയെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന്.

എന്താണ് കലയിലെ 'രസ'ബന്ധിയായ നഗ്‌നത? എന്താണ് അശ്ലീലമെന്ന് വിളിക്കപ്പെടുന്ന നഗ്‌നത? തുടങ്ങിയ ചോദ്യങ്ങൾ പ്രാഥമികമായും ആർട്ടും പോണും തമ്മിലുള്ള വേർതിരിവിനെ ആസ്പദമാക്കി നിലനിൽക്കുന്നതാണ് എന്ന് കരുതാം. ഇവ തമ്മിലുള്ള അകലം നേർത്തതും, വലിയൊരു അളവ് വരെ ആത്മനിഷ്ഠവും ആണെന്നും വാദിക്കുകയും ആവാം. പക്ഷേ നമ്മൾ നേരിടുന്ന പ്രശ്‌നം ഇത്തരം ചർച്ചകൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നതൊക്കെയും പലപ്പൊഴും ഒരു കലാസൃഷ്ടിയെ ഹെജമണി അശ്‌ളീലമെന്ന് മുദ്രകുത്തി ആക്രമിക്കുമ്പോൾ ആണ് എന്ന വസ്തുത ഈ വാദങ്ങൾ മറന്നുപോകുന്നു എന്നതാണ്. എല്ലാം ആഖ്യാനങ്ങളാണെങ്കിൽ അതിൽ മെച്ചപ്പെട്ട ആഖ്യാനം കൂടുതൽ ആളുകൾ പിന്തുടരുന്നത് ഏതാണോ അതാവണം; അഥവാ ആത്യന്തികമായി അതങ്ങനെയേ ആയിത്തീരൂ. അതായത് ഹെജമണിയുടെ അധികാരപക്ഷ ആഖ്യാനങ്ങൾ. അതനുസരിച്ച് മേല്പറഞ്ഞ പ്രശ്‌നത്തിൽ ആക്രമിക്കപ്പെടുന്ന സൃഷ്ടി അത് അർഹിക്കുന്നു എന്ന നിഗമനത്തിലേക്ക് എത്തുകയല്ലാതെ വേറെ നിവർത്തിയില്ല. അപ്പോൾ ഞങ്ങൾ ഇതിനായല്ല വാദിച്ചത്, ഞങ്ങളുടെ വാദം ഇങ്ങനെ അല്ല എന്നൊന്നും നിലവിളിച്ചിട്ട് കാര്യമില്ല.

ആർട്ടും പോണും

ആർട്ടും പോണും തമ്മിൽ ഒരു വ്യത്യാസവുമില്ല, ആർട്ട് ചിലപ്പോൾ പോണാവാം, പോൺ ചിലപ്പോൾ ആർട്ടാവാം എന്നൊക്കെയുള്ള വാദങ്ങളാണ് ഒരു പ്രായോഗിക പ്രശ്‌നത്തെ മുൻ നിർത്തി ഉയരുന്ന ചർച്ചകൾക്ക് നേരിടേണ്ടി വരുന്ന, യാഥാസ്ഥിതിക വാദത്തെക്കാൾ എത്രയോ മടങ്ങ് ദുഷ്‌കരമായ പ്രതിസന്ധി. ഉദാഹരണത്തിന് രാധിക ആപ്‌തെയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന നിരവധി വിവാദങ്ങൾ എടുക്കുക. എല്ലാറ്റിലും പ്രശ്‌നം നഗ്‌നതയും ലൈംഗീകതയുമാണ്. എന്നാൽ അവർ ഒരു പോൺ ആർട്ടിസ്റ്റ് ആയിരുന്നുവോ? അവർ അഭിനയിച്ചത് പോൺ സിനിമയിൽ ആയിരുന്നുവോ? മനുഷ്യശരീരത്തിന്റെ നഗ്‌നതയും രതിയും കടന്നുവരുന്ന എല്ലാ ആഖ്യാനവും പോൺ ആണോ? ആർട്ട് ചിലപ്പോൾ പോൺ ആകാം, പോൺ ചിലപ്പോൾ ആർട്ടാകാം എന്ന വ്യാഖ്യാനം പിന്തുടർന്നാൽ ഈ ചോദ്യങ്ങൾക്ക് മറുപടി ഇല്ല.

മറുപടിയില്ലെന്നെ ഉള്ളു, പണി കൃത്യമായി നടക്കുന്നുണ്ട്. അത് യാഥാസ്ഥിതിക ഹെജമണിയുടെ വക്താക്കൾ കൃത്യമായി നടപ്പിലാക്കുന്നുമുണ്ട്. വാൽസ്യായനന്റെ കാമസൂത്രം ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു കൃതിയല്ല. പൂർണ്ണനഗ്‌നരായി തെരുവിൽ അലയുന്ന ദിഗംബരസന്യാസികൾ നടത്തുന്ന നഗ്‌നതാപ്രദർശനത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വാദി പ്രതിയാകും. പൗരാണിക ക്ഷേത്രകലകളിലെ രതിയുടെ മനോഹരമായ ആവിഷ്‌കാരങ്ങളെ തുണി കൊണ്ട് മറയ്ക്കണമെന്ന ആവശ്യം ആരും ഉന്നയിച്ച് കേട്ടിട്ടില്ല. പക്ഷേ രാധിക ആപ്‌തെ താൻ ഭാഗമായ ഒരു കലാവിഷ്‌കാരത്തിന്റെ ഭാഗമായി അരയ്ക്ക് താഴോട്ട് കിടക്കുന്ന തുണി പൊന്തിച്ച് കാണിച്ചു എന്നത് കടുത്ത അപരാധമാണ്, അതിനെതിരേ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നുമുണ്ട്.

എന്തുകൊണ്ട് ഇതിങ്ങനെയാകുന്നു എന്ന ചോദ്യത്തെ രേഖീയമായി സമീപിക്കാനാവില്ല. നിരവധി തലങ്ങളൂള്ള ഒരു പ്രശ്‌നമാണത്. സാംസ്‌കാരികവും, രാഷ്ട്രീയവും, സാമൂഹികവും ഒക്കെയായ നിരവധി അന്തർധാരകൾ ഉള്ള ഒന്ന്. കല എന്നത് ഒരേ സമയം ഭൗതീകമായി അധികാരത്തിന്റെയും യാഥാസ്ഥിതികതയുടെയും പ്രത്യക്ഷമോ പരോക്ഷമൊ ആയ തണൽ ഇല്ലാതെ നിലനിൽക്കാനാവാത്തതും എന്നാൽ ആന്തരികസത്തയുടെ കാര്യത്തിൽ ഇവയുമായി കലഹിക്കാതെ മുന്നോട്ട് പോകാനാവത്തതുമായ ഒന്നാണ്. ഈ വൈരുദ്ധ്യത്തെ കലാകാരന്മാർ നേരിട്ടതിന്റെ ചരിത്രം കൂടിയാണ് കലയുടെ ചരിത്രം. അതിൽ ഉരുത്തിരിയുന്ന ഓരോരോ പുതിയ വിഭാഗങ്ങളിൽ പോലും പലപ്പൊഴും ഇത്തരം സൃഷ്ടിപരമായ ഒളിയുദ്ധങ്ങളുടെ പശ്ചാത്തലം കണ്ടെടുക്കാനാവും. ഇതൊന്നും മനസിലാക്കാൻ മെനക്കെടാതെ കല ആത്മനിഷ്ഠമാണെന്നും അവിടെ 'ഇല്ലൊന്നിനും ഒരു നിശ്ചയം' എന്നും ആവർത്തിക്കുന്ന അതി ലിബറൽ ബുദ്ധിജീവികളെക്കുറിച്ച് അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല എന്നേ പറയാനാവു.

പോൺ എങ്ങനെ പെണ്മാത്രമാകുന്നു?

ഇന്റർനെറ്റിലെങ്കിലും പോൺ എന്നത് പെണ്മാത്രമൊന്നുമല്ല എന്ന് അറിയാതെയല്ല. ഗേ സെക്‌സിന്റെ ഇന്ത്യൻ പോൺ മാർക്കെറ്റ് സെഗ്മെന്റ് ഇനിയും വേണ്ടവണ്ണം വികസിച്ചിട്ടില്ല എന്നത് ചുമ്മാ ഒന്ന് സെർച്ച് ചെയ്താൽ കിട്ടുന്ന ഫലങ്ങളിലെ ഇന്ത്യൻ ഉടലുകളുടെ കുറവിൽ നിന്ന് മനസിലാകും. എന്നാൽ ലെസ്ബിയൻ സെക്‌സ് അങ്ങനെയല്ല. പക്ഷേ അതിന്റെ ആവിഷ്‌കാരങ്ങൾ മിക്കതും സ്ത്രീകളുടെ സ്വവർഗ്ഗലൈംഗികതയെക്കുറിച്ചുള്ള കമ്പോളത്തിന്റെ പേട്രിയാർക്കിക് കൗതുങ്ങളെ തൃപ്തിപ്പെടുത്തുന്നുവയാണ്. അവ പലപ്പൊഴും സ്വവർഗ്ഗരതിയുടെ ആവിഷ്‌കാരങ്ങളല്ല, മറിച്ച് അതിനെക്കുറിച്ചുള്ള പുരുഷന്റെ വികല കല്പനകളുടെ ആവിഷ്‌കാരങ്ങളായാണ് നിലനിൽക്കുന്നത്. ആ നിലയ്ക്കാണ് ഇന്ത്യയിൽ പോൺ എന്നത് ഏറിയ പങ്കും പെണ്ണുടൽ കേന്ദ്രീകൃതം മാത്രമാണെന്ന് പറയുന്നത്. അത് അപവാദസാദ്ധ്യതകളെ തള്ളിക്കളയുന്നില്ല, മറിച്ച് വ്യാപകമായതിനെ അവലംബിക്കുന്നു എന്ന് മാത്രം.

അശ്‌ളീലമെന്നും സംസ്‌കാരത്തിന് നിരക്കാത്തതെന്നും മുദ്രകുത്തപ്പെട്ടിട്ടുള്ള ആവിഷ്‌കാരങ്ങളിൽ മിക്കവാറും എല്ലാറ്റിലും പെണ്ണുടലിന്റെ നഗ്‌നതയും, അവളുടെ ലൈംഗീകതയുമാണെന്നത് ഒരു പേട്രിയാർക്കിക് സമൂഹത്തിൽ സ്വാഭാവികമാകും, പക്ഷേ അത് അംഗീകരിക്കണമെന്ന് മാത്രം. രാധികാ ആപ്‌തേ നായികയായ മറ്റൊരു വിവാദത്തിന്റെ ഉള്ളടക്കം ഒരു സംഭോഗരംഗത്തിൽ അവർ അരയ്ക്ക് മുകളിൽ നഗ്‌നയായി പ്രത്യക്ഷപ്പെട്ടു എന്നതാണ്. ഇതേ ദൃശ്യത്തിൽ നായകനായ പുരുഷനും അരയ്ക്ക് മുകളിൽ നഗ്‌നനാണ്. പക്ഷേ അയാൾ വിവാദത്തിലെ ഒരു സാന്ദർഭിക പരാമർശം മാത്രമാണ്! നെറ്റ് വഴി പ്രചരിക്കുന്ന ഒളിക്യാമറാദൃശ്യങ്ങളിൽ ആദർശവസ്ത്രമായ സാരി ധരിച്ചുകൊണ്ട് ബസിലെ കമ്പിയിൽ പിടിക്കുമ്പോൾ വെളിവായ വയറും പൊക്കിളും തൊട്ട് പെടുക്കാൻ മുട്ടിയിട്ട് വാരിപ്പിടിച്ച സാരിക്ക് താഴെയുള്ള കാലുകൾ വരെ ധാരാളമായുണ്ട്. പക്ഷേ ആണുടലിന്റെ നഗ്‌നത ആർക്കും വേണ്ട. കാരണം ഭാരതീയ കുലസ്ത്രീകളെല്ലാം ലൈംഗീകമായി മരവിച്ചവരാണ് എന്നതാകുമോ?

വോയറിസ്റ്റിക്കായ ആൺനോട്ടങ്ങൾക്ക് ലൈംഗീകതയുമായല്ല, ലൈംഗീക അധികാരവുമായാണ് ബന്ധമെന്ന് പറയുന്നത് ഇതൊക്കെ കൂടി പരിഗണിച്ചിട്ടാണ്. നോട്ടമോ ലൈംഗീകതയോ അല്ല ഇവിടെ പ്രതി, അതിലെ അധികാരമാണ്. ആണിന്റെ ആറുകട്ട വയറും, വിരിഞ്ഞ മാറും, 'പൂച്ചക്കുട്ടി'കൾ കുതിക്കുന്ന കയ്യിലെ പേശിയും, ഇടയ്ക്ക് വച്ചാൽ ലോഹം പരത്തി കത്തിയാക്കി എടുക്കാവുന്ന തോൾ പേശികളും ഒക്കെ പരസ്യമായി വിറ്റ ചരിത്രമുള്ള വെള്ളിത്തിരയിലാണ് പെണ്ണിന്റെ മാറിടത്തിന് മാത്രം അശ്‌ളീലം! ഈ അവസ്ഥയെയാണ് നാം ആർഷഭാരത്തിന്റെ അതിപുരാതന സാംസ്‌കാരിക പാരമ്പര്യത്തിന്റെ സൃഷ്ടിയെന്ന് വാദിക്കുന്നത്. പക്ഷേ അതേ പാരമ്പര്യത്തിന്റെ വെറും രണ്ട് നൂറ്റാണ്ടിൽ പരം മാത്രം പഴക്കമുള്ള ചരിത്രത്തിലാണ് നങ്ങേലി പ്രത്യക്ഷപ്പെടുന്നത്, മാറുമറയ്ക്കൽ സമരം ഉണ്ടാകുന്നത്. ഇനി കണക്കും ഒരു ആഖ്യാനം മാത്രമാണെന്ന് വരുമോ!

പെണ്ണിന്റെ ഉടലിലും, അവളുടെ ലൈഗീകതയിലും പേട്രീയാർക്കി എന്ന വ്യവസ്ഥ അനുഭവിച്ച് പോന്നിരുന്ന നിർണ്ണയാധികാരത്തിന്റെ ചരിത്രം അതിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ വെല്ലുവിളികളെ അതിന് അനുരൂപമായി നിർദ്ധാരണം ചെയ്‌തെടുത്ത പ്രക്രിയയിൽ കാലികമായി ഉണ്ടായ ചില അനിവാര്യ വൈരുദ്ധ്യങ്ങളാണ് മേൽപറഞ്ഞവയിലും ഉള്ളത്. ചിലപ്പോൽ തുണി ഉടുക്കണമെന്ന് പറയും, ചിലപ്പോൽ ഉടുത്താൽ അതിന് വേറെ കരം കെട്ടണമെന്ന് പറയും. പ്രശ്‌നം തുണിയല്ല, വിലങ്ങാണ്. അതിനെ ആഭരണമാക്കി അവളെ കൊണ്ട് തന്നെ വാങ്ങിപ്പിക്കുകയാണ് തന്ത്രം.

പരിഹാരം

ഒരു പ്രശ്‌നവും വർത്തമാനത്തിൽ തുടങ്ങി അതിൽ അവസാനിക്കുന്നില്ല. എന്നുവച്ച് പ്രശ്‌നങ്ങൾക്ക് അവ നിലനിൽക്കുന്ന വർത്തമാനത്തെ അവഗണിക്കാനുമാവില്ല. അതായത് ചരിത്രം എന്നത് കാലത്തെ വാരിപ്പിടിച്ച് ഒരു ചർക്കയിൽ നൂറ്റെടുക്കാവുന്ന ഒറ്റ ചരടല്ല, അത് പല കണ്ണികൾ ചേർന്ന ഒരു ചങ്ങലയാണെന്ന് പറയുന്നതാവും കൂടുതൽ ഭദ്രം. എല്ലാ പ്രശ്‌നങ്ങൾക്കും ഒരു ഭൂതകാലമില്ലാതെ നിവർത്തിയില്ല. അതിന് കല്പിക്കപ്പെടുന്ന പരിഹാരങ്ങൾക്ക് ഒരു ഭാവികാലവും. ആ നിലയ്ക്ക് വർത്തമാനത്തിൽ നിന്നുള്ള പരിഹാര നിർദ്ദേശങ്ങൾക്ക് കൃത്യമായി എന്തെങ്കിലും സാദ്ധ്യമാകുമെന്ന് ഉറപ്പില്ലാത്ത, ദാർശനികമായി മാത്രം സ്വയം സമ്പൂർണ്ണമാകുന്ന കണ്ണികളാവുകയേ നിവർത്തിയുള്ളു. പക്ഷേ അവയ്ക്ക് അനിവാര്യമെന്നോണം തുടർച്ചയുണ്ടാകും. അവിടെയാണ് ചരിത്രത്തിന്റെ നിർദ്ധാരണ പ്രക്രിയയുടെ രഹസ്യം കുടികൊള്ളുന്നത്.

നമ്മൾ വിഷയത്തിലേക്ക് മടങ്ങി വന്നാൽ കല തുടങ്ങി നഗ്‌നതയും ലൈംഗികതയും വരെയുള്ള കല്പനകളിൽ നിലനിൽക്കുന്ന യാഥാസ്ഥിതിക, ആൺകോയ്മാ നിർമ്മിത കമ്പോള മേൽക്കോയ്മയെ അതിന്റെ വർത്തമാനത്തിൽ എങ്ങനെ നേരിടും എന്നതാണ് പ്രശ്‌നം. ഇവിടെയാണ് കലയും പോണും തമ്മിൽ വേർതിരിക്കേണ്ടത് സാംസ്‌കാരിക പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം ഒരു വർത്തമാന ആവശ്യമാകുന്നത്. അതുപോലെ അതിനെ അഴകൊഴമ്പനായി നിലനിർത്തേണ്ടത് വിപണിയുടെയും. ഇവിടെ നാം ഒന്ന് ഓർക്കേണ്ടതുണ്ട്. പോൺ എന്നത് ഇന്നൊരു ആഗോള അധോതല വ്യവസായമാണ്. അതുമായി ബന്ധപ്പെട്ടല്ല പക്ഷേ പലപ്പൊഴും വിവാദങ്ങൾ ഉണ്ടാകുന്നത്, മറിച്ച് മുഖ്യധാരയിലെ ചില തുടകളെയും മുലയിടുക്കുകളെയും അവലംബിച്ചാണ്. ഇത്തരം വിവാദങ്ങൾ ചെന്ന് നിൽക്കുന്നതാവട്ടെ ഇതെല്ലാം ഒന്നാണ് എന്ന അരാഷ്ട്രീയ വാദത്തിലും. ഇത് അധികാരത്തെ രണ്ട് നിലയിൽ സഹായിക്കുന്നു. ഒന്ന് മുഖ്യധാരാ സമൂഹത്തിന്റെ സർഗ്ഗാത്മക നിഷേധങ്ങൾ അധികാരനിർമ്മിത സാമൂഹ്യ സദാചാരത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളരുന്നത് തടയാൻ പോന്ന വിധം ഹെജമണിയെ സജ്ജമാക്കി നിർത്താൻ. രണ്ട് അതിനാൽ സജ്ജമാക്കപ്പെട്ട ഒരു രഹസ്യവിപണിയെ അങ്ങനെ തന്നെ നിലനിർത്താൻ. സംഗതി രഹസ്യമായാലും പരസ്യമായാലും പണം ഒഴുകുന്നിടത്തോളം വിപണി നിലനിൽക്കും, അതിന്റെ ഗുണം കമ്പോളാധികാരത്തിന്റെ കാലത്ത് വിപണിക്കും അധികാരത്തിനും ഇടയിൽ പങ്കുവയ്ക്കുകയും ആവാം.

ലൈംഗീക ഉത്തേജനം എന്ന ഒറ്റ ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള ആഖ്യാനങ്ങളെയാണ് പോൺ എന്ന് സാധാരണ നിഘണ്ടു പോലും നിർവചിക്കുന്നത്. 'printed or visual material containing the explicit description or display of sexual organs or activity, intended to stimulate erotic rather than aesthetic or emotional feelings' എന്ന് ഗൂഗിളിൽ ചുമ്മാ ഒന്ന് അടിച്ച് നോക്കിയാൽ കിട്ടും. പക്ഷേ ഇതിന്റെ മറുപടി 'വളരെ സൗന്ദര്യാത്മകവും, വൈകാരികവും വിപ്‌ളവകരവുമായ പോൺ ഞാൻ കണ്ടിട്ടുണ്ട്, വേണമെങ്കിൽ ലിങ്ക് തരാം' എന്നതാണ്. 'അത്തരം ഉള്ളടക്കമുള്ള ഒരു ആഖ്യാനം ഉണ്ടെങ്കിൽ അതെങ്ങനെ പോൺ ആകും ഹേ' എന്നേ തിരിച്ച് ചോദിക്കാനുള്ളു. ബെർഗ്മാനും പൊളാൻസ്‌കിയും ഉൾപ്പെടെ എണ്ണമറ്റ മാസ്റ്റേഴ്‌സ് ലൈംഗീകതയെന്ന വിഷയത്തെ വിശദവും തുറന്നതുമായ ആഖ്യാനത്തിന് വിധേയമാക്കിയവരുടെ വൻപട്ടികയിൽ പെടും. നഗ്‌നതയെ അവർ സൃഷ്ടിപരമായി ഉപയോഗിച്ചതിന് എണ്ണമറ്റ സാക്ഷ്യങ്ങൾ നിരത്താനാവും. അവരെ നിങ്ങൾ പോൺ സംവിധായകർ എന്നാണോ വിളിക്കുക?

രേഷ്മ എന്ന സ്ത്രീയേയും, അവരുടെ ഉടലിനെയും നമ്മുടെ സിനിമയും സമൂഹവും എങ്ങനെ ഉപയോഗിച്ചു എന്നത് നമുക്കറിയാവുന്നതാണ്. അത്തരം സിനിമകളിലെ അശ്‌ളീലം, ആ സിനിമകളെയോ ദൃശ്യങ്ങളെയോ കേവല ലൈംഗീക ഉത്തേജനത്തിനപ്പുറത്തേക്ക് വികസിപ്പിക്കുന്നില്ല. നെറ്റിൽ വ്യാപകമായ അവരുടെ ക്‌ളിപ്പിങ്ങുകളിലും, അതിൽ പ്രകടമായി കാണുന്ന അവരുടെ ഉടൽവടിവുകളിലും അല്ല അശ്‌ളീലം, മറിച്ച് അത് ചിത്രീകരിക്കുകയും കണ്ട് സായൂജ്യമടയുകയും ചെയ്ത ചലചിത്രകാരും പ്രേക്ഷകരും ചേർന്ന കമ്പോളത്തിലാണത്. അത് ആ സ്ത്രീയുടെ പ്രശ്‌നമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രേഷ്മയെ നമുക്ക് അറിയാം. അവരുടെ യഥാർത്ഥ പേർ ഒരുപക്ഷേ അതാവില്ലെന്നും അറിയാം. എന്നാൽ ആൺകാഴ്ച്ചയ്ക്കായി ആ ഉടലിലെ തുണി ഉരിയുകയും അംഗങ്ങളെ തഴുകുകയും ചെയ്ത പുരുഷശരീരങ്ങൾക്ക് കള്ളപ്പേർ പോലുമില്ല. അതായത് വിപണിക്ക് ആണെന്നും പെണ്ണെന്നും ഒന്നുമില്ല. വിൽക്കാൻ പറ്റുന്ന വിലാസമേ പരസ്യത്തിൽ കാണു. ഇത് തന്നെ രേഖീയമായ പരിഹാരങ്ങൾ നേരിടുന്ന പ്രശ്‌നവും.

രാധിക ആപ്‌തെയെക്കുറിച്ചുള്ള പരിമിതമായ അറിവ് വച്ച് അവർ താൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ബോദ്ധ്യവും, അതിൽ അഭിമാനവും ഉള്ള ഒരു കലാകാരിയാണ്. ഗതികേടുകൊണ്ട് ഒരു നഗ്‌നശരീരമായി കമ്പോളത്തിലേക്ക് വില്പനയ്‌ക്കെത്താൻ വിധിക്കപ്പെട്ട ഒരു സ്ത്രീ അല്ലവർ. അവർ വിൽക്കുന്നത് ശരീരത്തെയോ നഗ്‌നതയെയോ അല്ല, സ്വന്തം സർഗ്ഗശേഷിയെയാണ്. ഇതിനർത്ഥം രാധിക കുലസ്ത്രീയും രേഷ്മ കുടലയും ആണെന്നല്ല, മറിച്ച് 'സൈലൻസ്' എന്ന വിഖ്യാത സിനിമയിലെ നായിക സ്വയംഭോഗം ചെയ്യുന്ന രംഗവും, നെറ്റിൽ അടിച്ചാൽ കിട്ടുന്ന നിരവധി സ്ത്രീ സ്വയംഭോഗ ചിത്രീകരണങ്ങളും തമ്മിൽ വ്യത്യാസമുണ്ട് എന്ന് മാത്രമാണ്. ഗതികേടുകൊണ്ട് 'സ്റ്റണ്ട്' പോലുള്ള പ്രസിദ്ധീകരണങ്ങളിൽ 'കമ്പി'ക്കഥകൾ എഴുതിക്കൊടുത്ത് ജീവിച്ച മനുഷ്യർ എൺപതുകളും തൊണ്ണൂറുകളും വരെ എങ്കിലും ഉണ്ടായിരുന്നു. അവർ എഴുതിയതിലും എത്രയോ മടങ്ങ് ഉത്തേജനമുണ്ടാക്കുന്ന ലൈംഗീക ചിത്രീകരണങ്ങൾ കുന്ദേരയിലും യോസയിലും കവാബാത്തയിലും ഉണ്ട്. എന്നുവച്ച് അവർ മുൻവിഭാഗത്തെ അസ്തിത്വബന്ധിയായി റദ്ദ് ചെയ്യുകയോ, കലാപരമായി സമീകരിക്കുകയോ ചെയ്യുന്നില്ല. അങ്ങനെ ഇല്ല എന്ന് അഴകൊഴമ്പൻ വാദങ്ങൾ കൊണ്ട് സമർത്ഥിക്കാൻ ശ്രമിക്കുന്നവർക്കും ഒരു രേഷ്മയെയോ ഷക്കീലയെയോ മുഖ്യധാരയിൽ എത്തിക്കാനാവില്ല; അങ്ങനെ അവർ പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. എന്നാൽ രാധികയെ പൊതുബോധത്തിന്റെ കണ്ണിൽ 'പിഴച്ചവൾ' എന്ന് മുദ്രകുത്തുന്നതിൽ പരോക്ഷമായി ഒരു പങ്ക് അവർക്കും വഹിക്കാനാവും; അതവർ മനസിലാക്കിയാലും ഇല്ലെങ്കിലും.

'കമ്പിപ്പടത്തിന്റെ കാര്യം പറഞ്ഞാലും ആഗോളവൽക്കരണവും, നവ ഉദാരീകരണനയങ്ങളും, പേട്രിയാർക്കിയും, ഹെജമണിയും, കോപ്പുമൊക്കെയായി ഇറങ്ങും കുറെ മയിരന്മാർ' എന്ന് ആത്മരോഷം കൊണ്ടിട്ട് കാര്യമില്ല. ചരിത്രം എന്നത് ചങ്ങല പോലെ നിർമ്മിക്കപ്പെട്ട ഒന്നാണ്. അതങ്ങനെയല്ല, സനാതന സംസ്‌കാരം വേറെ, ഭരണിപ്പാട്ട് വേറെ എന്ന് നിർബന്ധമുള്ളവർക്ക് വിശ്വസിക്കാം. പക്ഷെ അതിന് കീഴിൽ എല്ലാവരും ഒപ്പിടണമെന്ന് ശഠിക്കരുതെന്ന് മാത്രം.