ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയയുടെ പ്രകോപനം

ഹാങ്ഷൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ദക്ഷിണ കൊറിയന്‍ നേതാക്കളും ചൈനീസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നടപടി. യു.എന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താന്‍ വിലക്കുണ്ട്.

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയയുടെ പ്രകോപനം

സിയൂള്‍: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. പ്രാദേശിക സമയം ഉച്ചക്ക് മൂന്നിന് ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ വാങ്ങ്ഷു മേഖലയിലായില്‍ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സംയുക്ത സൈനിക മേധാവി അറിയിച്ചതായി യോനാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏതു വിഭാഗത്തില്‍പ്പെട്ട മിസൈല്‍ ആണ് വിക്ഷേപിച്ചതെന്ന കാര്യത്തിലും എത്ര ദൂരം പിന്നിട്ടു എന്ന കാര്യത്തിലും ഇനിയും വ്യക്തത വരാനുണ്ട്.


ഹാങ്ഷൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ദക്ഷിണ കൊറിയന്‍ നേതാക്കളും ചൈനീസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നടപടി. യു.എന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താന്‍ വിലക്കുണ്ട്. എന്നാല്‍, ജനുവരിയില്‍ നടത്തിയ നാലാമത്തെ ആണവ പരീക്ഷണത്തിനു ശേഷവും നിരവധി മിസൈല്‍ വിക്ഷേപണങ്ങള്‍ ഉത്തര കൊറിയ നടത്തിയിരുന്നു.

രണ്ടാഴ്ച്ച മുമ്പ് ഉത്തരകൊറിയ മുങ്ങിക്കപ്പലുകളില്‍ നിന്ന് തൊടുത്ത മിസൈല്‍ 500 കിലോമീറ്റര്‍ പിന്നിട്ട് ജപ്പാന്‍ കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയായിരുന്നു ഇത്. ഭൂഖണ്ഡാന്തര ആണവ മിസൈല്‍ പ്രയോഗിക്കാനുള്ള സാങ്കേതിക മികവ് ഉത്തരകൊറിയ നേടിയതായി സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.