നോർത്ത് ഈസ്റ്റ് യാത്ര; ഒന്നാം ഭാഗം

തവാങ് വളരെ ശാന്തമായ ഒരു പ്രദേശമാണ്. ബോംഡില്ലയേക്കാളും ജനസാന്ദ്രത കുറവാണിവിടെ. ബുദ്ധമതം പിൻപറ്റിയ മോൻപകൾ ആണ് തവാങ്ങിലെ അന്തേവാസികൾ. പണ്ട് കാലത്ത് അടുമാടുകളെ മേയ്ച്ച് അലത്ത് നടന്നിരുന്ന ഈ ഗോത്രവർഗം പിന്നീട് തവാങ്ങിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. അജീബ് ബഷീർ എഴുതുന്നു.

നോർത്ത് ഈസ്റ്റ് യാത്ര; ഒന്നാം ഭാഗം

അജീബ് ബഷീർ

പഠനം കഴിഞ്ഞ് തെക്ക് വടക്ക് നടക്കുന്ന സമയത്താണ് ഞങ്ങൾ നാലു കൂട്ടുകാർ നോർത്ത് ഈസ്റ്റ് തെണ്ടാൻ ബാഗും തൂക്കിയിറങ്ങുന്നത്. ഭൂപ്രകൃതി കൊണ്ടും സംസ്‌കാരം കൊണ്ടും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ് നോർത്തീസ്റ്റ്. നിരവധി ഗോത്രങ്ങൾ, ഭാഷകൾ, വ്യത്യസ്തരായ മനുഷ്യർ, ഭക്ഷണ രീതികൾ, തുടങ്ങി അനേകം കാരണങ്ങളാൽ ഒരു നല്ല സഞ്ചാരകേന്ദ്രം ആണെങ്കിലും പ്രകൃതിക്ഷോഭങ്ങളാലും, അഭ്യന്തര സംഘർഷങ്ങളാലും എല്ലാ കാലത്തും അസ്വസ്ഥമായിരുന്ന നോർത്തീസ്റ്റ് ഒരേ സമയം സഞ്ചാരിക്ക് സ്വപ്നവും ദുസ്വപ്നവും ആണ്.


അതുകൊണ്ട് തന്നെ കേട്ടുകേൾവികളിലും കെട്ടുകഥകളിലും നിഗൂഢത മുറ്റി നിന്ന ആ നാട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ നാലു പേരിലും ഭയം നിറഞ്ഞ ഒരു ആകാംഷ കനപ്പെട്ട് നിന്നിരുന്നു.

ആഗസ്ത് മാസമാണ്. നോർത്തീസ്റ്റിൽ കനത്ത മഴ പെയ്യുന്ന സമയം. ആസാമിലെ വെള്ളപ്പൊക്കവും അരുണാചലിലെ ഉരുൾപൊട്ടലും പ്രസിദ്ധമായിരുന്നത് കൊണ്ട് തന്നെ ആ സമയം അവിടെ പോകുന്നത് അപകടകരമാണെന്ന് പല മുന്നറിയിപ്പുകളും കിട്ടിയിരുന്നു. പക്ഷേ തവാങ്ങിലെ മലനിരകളിൽ തണുത്ത കാറ്റടിക്കുമ്പോൾ, ചിറാപുഞ്ചിയിൽ മഴ കനക്കുമ്പോൾ, ഉള്ളിലെ സഞ്ചാരിക്ക് എങ്ങനെ വെറുതെയിരിക്കാനാകും.

പിറ്റേന്ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 11 മണിയുടെ ഗുവാഹത്തി എക്‌സ്പ്രസിന്റെ ചൂളം വിളിക്ക് കാതോർത്ത് നിൽക്കുന്നവരിൽ ഞങ്ങളും ഉണ്ടായിരുന്നു. മനസ് മുഴുവൻ കൊൽക്കത്ത നഗരവും, തവാങ്ങിലെ മഞ്ഞും ചിറാപുഞ്ചിയിലെ മഴയും ഞങ്ങളെ കാത്തിരിക്കുന്ന അനുഭവങ്ങളും മാത്രം ഓർത്ത് കൊണ്ട് ...

തൃശൂർ -> ഹൗറ

രണ്ട് ദിവസം ട്രെയിൻ യാത്ര തന്നെയായിരുന്നെങ്കിലും ഒട്ടും ബോറടിച്ചില്ല. പുറം കാഴ്ച്ചകൾ എല്ലാം പുതുമയുള്ളതായിരുന്നു. ഒരിക്കലും തീരാത്ത പാടങ്ങൾ, കാള പൂട്ടുന്നവർ, കള പറിക്കുന്നവർ, കുറ്റിച്ചെടിയുടെ ഇക്കിളി ആസ്വദിച്ച് വെളിക്കിരിക്കുന്നവർ, എല്ലാം മണ്ണിന്റെ മണമുള്ള കാഴ്ച്ചകൾ. അകത്ത് പുതിയ സൗഹൃദങ്ങൾ. ആസാമി കമിതാക്കളായ അൽപേഷും റെയ്‌നയും, ആർമിയിൽ അവിൽദാരായ വിഷ്ണു ചേട്ടൻ, ചർച്ചകൾ, കഥ പറച്ചിലുകൾ, റെയിൽവേ ഉദ്യോഗസ്ഥനും മലയാളിയും സർവോപരി പഴയ മിസ്റ്റർ ഇന്ത്യയുമായ ദിൽഖുഷിനെ പരിചയപെട്ടതോടെ പുള്ളിയുടെ വക വിശദമായ ബോഡി ബിൽഡിംഗ് ക്ലാസും കിട്ടി. 2 ദിവസത്തെ ട്രെയിൻ യാത്രയുടെ മുഷിപ്പൊന്നും ആരിലും പ്രകടമായിരുന്നില്ല. അൽപേഷ് നോർത്ത് ഈസ്റ്റിനെ കുറിച്ച് കൂടുതൽ കഥകൾ പറഞ്ഞ് തന്നു. വിഷ്ണുച്ചേട്ടൻ അതിർത്തിയിലെ കഥകളും.

കൊൽക്കത്ത

ഏകദേശം സന്ധ്യയോടടുത്തിരുന്നു ഞങ്ങൾ ഹൗറ സ്റ്റേഷനിൽ എത്തിയപ്പോൾ. ട്രെയിനിലെ സൗഹൃദങ്ങളോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഹൗറ 18 പ്ലാറ്റ്‌ഫോമുകൾ ഉള്ള വലിയ ജന തിരക്കുള്ള ഒരു സ്റ്റേഷനാണ്. പുറത്ത് മഞ്ഞ നിറത്തിലുള്ള ബംഗാളി ടാക്‌സികൾ വരി വരിയായി നിൽക്കുന്നു. രാത്രി തങ്ങാൻ ഒരിടം തേടി ഞങ്ങൾ പുറത്തിറങ്ങി. ലോഡ്ജകളിൽ കുറഞ്ഞ വിലക്ക് കിട്ടിയ ഒന്നിൽ ലെഗേജ് വെച്ച് ഞങ്ങൾ നടക്കാനിറങ്ങി.

north-east_tripനഗരത്തിന്റെ മഞ്ഞ വെളിച്ചത്തിലൂടെ ഞങ്ങൾ നടന്നു. ഭീമാകാരമായ കിളിക്കൂടിന് സമാനമായ ഹൗറ ബ്രിഡ്ജ് ഇവിടുത്തെ പ്രധാന കാഴച്ചയാണ്. പാലത്തിലൂടെ അതിവേഗത്തിൽ ആളുകൾ നടന്ന് നീങ്ങുന്നു. ഇവിടെ നിന്നാൽ തീരമണയുന്ന സഞ്ചാര ബോട്ടുകളും അലംകൃതമായ ക്ഷേത്രങ്ങളും കാണാം. ഹൂഗ്ലി നദി ഒരു കടല് പോലെ തിളക്കുന്നു.

ഞങ്ങൾ വീണ്ടും നടന്നു. തെരുവിലേക്ക്. കൊൽക്കത്തയുടെ ദയനീയതയിലേക്ക്. ജനനിബിഡമായ തെരുവിൽ, വൃത്തിഹീനമായ ഫുട്പാത്തിൽ കച്ചവടം ചെയത് അവിടെ തന്നെ ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടുന്ന അനേകം ജീവിതങ്ങൾ. നടന്ന് നടന്ന് ഒരു ബോട്ട് ജെട്ടിയിൽ എത്തി. ഇവിടെ നിന്നാൽ ഹൗറ ബ്രിഡ്ജ് മുഴുവൻ ദൃശ്യമാവും.അവിടെ നങ്കൂരമിട്ടിരിക്കുന്ന ഒരു ബോട്ടിൽ കയറിയിരുന്നു ഹൂഗ്ലിയുടെ തണുത്ത കാറ്റും കൊണ്ട് ഞങ്ങൾ കഥ പറഞ്ഞിരുന്നു.

തിരിച്ച് വരുമ്പോൾ തെരുവ് വിജനമായിരുന്നു. ഇക്കണ്ട ജനമെല്ലാം ഇത്ര പെട്ടെന്ന് ഏങ്ങോട്ടാണൊഴുകി പോയത്!

പിറ്റേന്ന് കൊൽക്കത്ത അതിന്റെ ദയനീയതയിൽ നിന്നും രാജകീയതയിലേക്കാണ് ഞങ്ങളെ കൂട്ടി കൊണ്ട് പോയത്. കുതിരകൾ മേയുന്ന പുൽമേടുകൾ, രാജകീയമായ കെട്ടിടങ്ങൾ, ഈഡൻ ഗാർഡൻ സ്റ്റേഡിയം, വിക്ടോറിയ സ്മാരകം. മ്യൂസിയം, അങ്ങനെ നിരവധി പ്രൗഢമായ കാഴ്ചകൾ. ചരിത്രത്തിന്റെ ശേഷിപ്പായി Tram റോഡിലൂടെ പോകുന്നത് ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ഞങ്ങൾ നോക്കി നിന്നു. (ഇന്ത്യയിൽ Tram Service അവശേഷിക്കുന്നത് കൊൽക്കത്തയിൽ മാത്രമാണ്).

victoria-memorialകൂടുതൽ സമയവും ഞങ്ങൾ വിക്ടോറിയ സമാരകത്തിൽ ആണ് ചെലവഴിച്ചത്. മനോഹരമായ ഒരു തടാകം ഈ സമാരകത്തെ വലയം ചെയ്യുന്നു. അതിന്റെ ഓരത്തിരുന്ന്, ശാന്തമായി, സ്വസ്ഥമായി കമിതാക്കളും ദമ്പതികളും കെട്ടിപ്പുണരുന്നുണ്ട്, ഉമ്മ വെയ്ക്കുന്നുണ്ട്.

സമയ പരിമിതി മൂലം ഞങ്ങൾക്ക് പ്രസിദ്ധമായ പാർക്ക് സ്ട്രീറ്റ് സന്ദർശിക്കാൻ കഴിഞ്ഞില്ല. സമയം വൈകിയിരുന്നു. ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ ഹൗറ സ്റ്റേഷനിൽ ഞങ്ങളെയും കാത്ത് നിൽക്കുന്നു.

ഹൗറ -> ഗുവാഹത്തി

ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്ക് ഒരു ഓവർ നൈറ്റ് യാത്ര ഉണ്ട്. കോച്ച് നമ്പർ നോക്കി ഞങ്ങൾ അകത്തേയ്ക്ക് കയറി. സലിം കുമാർ പറയുന്ന പോലെ ഞങ്ങൾക്ക് തെറ്റിയതാണോ അതോ നാട്ടുകാർക്ക് മുഴുവൻ തെറ്റിയതാണോ എന്ന ഒരു സംശയം തോന്നി.. 'ഭയ്യാ .. യെ സ്ലീപ്പർ കമ്പാർട്‌മെൻറ് ഹേ നാ ?' ഞങ്ങൾ ഒന്നു ചോദിച്ചുറപ്പിച്ചു .. ഇവിടത്തുകാർക്ക് സ്ലീപ്പറും ജനറലും ഒക്കെ ഒരു പോലെ തന്നെ. പല കച്ചവടക്കാർ, ഭിക്ഷക്കാർ, ഭജന പാടുന്ന തീർത്ഥാടകർ - ട്രെയിൻ എന്നതിലുപരി ഞങ്ങൾക്ക് അതൊരു കൊച്ചു ലോകമായി തോന്നി. കേരളം വിട്ട് സ്വസ്ഥമായി ട്രെയിൻ യാത്ര ചെയ്യണമെങ്കിൽ, പ്രത്യേകിച്ചു ഫാമിലിയുടെ കൂടെ ഒക്കെ ആണെങ്കിൽ AC എടുക്കുന്നതാണ് നല്ലത്. അല്ലേൽ ഉറങ്ങി എണീക്കുമ്പോൾ നമ്മുടെ സീറ്റിൽ നമ്മളെയും കെട്ടിപ്പിടിച്ച് ഏതെങ്കിലും മച്ചാൻ ഉറങ്ങുന്നുണ്ടാവും.

എന്നെ കെട്ടിപ്പിടിച്ചിരുന്ന ആസാമിയുടെ കൈ മാറ്റി ഞാൻ പുറത്തേക്ക് നോക്കി. നേരം പര പരാ വെളുത്തിരുന്നു. ഞാൻ ജനലിലൂടെ പുറം കാഴ്ച്ചകൾ കണ്ടിരുന്നു. പത്ത് പതിനഞ്ച് വർഷം മുമ്പുള്ള കേരളം ആണ് ആസാം എന്ന് തോന്നി. എങ്ങും കൃഷിയിടങ്ങൾ, അവയ്ക്കിടയിൽ ഓല മേഞ്ഞ കുടിലുകൾ, ട്രാക്ടറുകൾ, ആമ്പൽക്കുളങ്ങൾ, വീട്ടുമുറ്റത്തെ തോട്ടിൽ ചൂണ്ടയിടുന്ന കുപ്പായമിടാത്ത ആണുങ്ങൾ. നമ്മുടെ നാടിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ഞാൻ വാച്ചിലേക്ക് നോക്കി. നേരം പുലർച്ചെ 4.15

നോർത്തീസ്റ്റിൽ വളരെ നേരത്തെ നേരം വെളുക്കും എന്ന് അന്നാണ് മനസിലാക്കിയത്..

നാഗാലാന്റിലേക്ക് പോകുന്ന മലയാളിയായ സന്തോഷ് എന്നയാളെ പരിചയപ്പെട്ടു. കൊഹിമ യിലും ഇംഫാലിലും ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. നോർത്ത് ഈസ്റ്റിൽ ത്രിപുര ഒഴിച്ചുള്ള എല്ലായിടങ്ങളിലും ആർമിയും സിവിലിയൻസും തമ്മിൽ പ്രശ്‌നമാണ്. ഇംഫാലിൽ കഴിഞ്ഞ മാസം ഏറ്റ് മുട്ടലിൽ 30 പേർ ആണ് കൊല്ലപ്പെട്ടത്. നാഗാലാന്റിലും സ്ഥിതി മോശമല്ല. ടൂറിസ്റ്റുകളെ തട്ടികൊണ്ട് പോയി ഗവൺമെന്റിനോട് വിലപേശുമത്രെ. നാഗാലാൻഡ് എന്ന പ്ലാൻ ഒഴിവാക്കണോ? മനസ്സിൽ ചെറിയൊരു ഭീതി തോന്നി. കഴിഞ്ഞ പത്ത് വർഷം അദ്ദേഹം കണ്ട ഇംഫാൽ കൊഹിമ കാഴ്ച്ചകൾ ഞങ്ങൾക്ക് വിവരിച്ച് തന്നു. കഥകൾ കേട്ട് ഞങ്ങൾ ഒന്നും മിണ്ടാതെ പരസ്പരം നോക്കി.

ഗുവാഹത്തി

ഗുവാഹത്തി എത്തിയപ്പോൾ സമയം രാവിലെ 10 മണിയായിരുന്നു. സ്റ്റേഷനിൽ സൈക്കിൾ റിക്ഷകൾ ഞങ്ങളെ വളഞ്ഞു. ഗുവാഹത്തിയിലുള്ള കറക്കം റിട്ടേൺ യാത്രയിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് ഭക്ഷണം കഴിച്ച് ചെറിയ ഒരു ചുറ്റികറങ്ങലിന് ശേഷം ഞങ്ങൾ തേസ്പൂരിലേക്കുള്ള വണ്ടി തിരഞ്ഞ് നടന്നു. ASRTC ബസ്റ്റാന്റിൽ പോയി അടുത്ത ബസ് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ ' ബസ് ആയാ തൊ മിലേഗാ, ന ഹി ആയാ തോ നഹീ മിലേഗാ ' എന്ന മനോഹരമായ മറുപടിയാണ് കൗണ്ടറിൽ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത്. അതാണ് ബസിന്റെ അവസ്ഥ. ഞങ്ങൾ ബസ്റ്റാന്റിന് പുറത്ത് തേസ്പൂരിലേക്ക് പോകുന്ന ഒരു ട്രാവലറിൽ കയറിപ്പറ്റി.

Guwahati-road4 മണിക്കൂർ യാത്രയുണ്ടായിരുന്നു തേസ്പൂരിലേക്ക്. ബ്രഹ്മപുത്രക്ക് സമാന്തരമായുള്ള യാത്ര. പല തരം കാഴ്ചകൾ. എന്നെ ഏറ്റവും ആകർഷിച്ച കാര്യം ഇവിടെ എല്ലായിടത്തുമുള്ള സ്ത്രീകളുടെ സാന്നിദ്ധ്യമാണ്. സൈക്കിൾ ചവിട്ടി പോകുന്ന സ്ത്രീകൾ, കവലയിൽ കടല കൊറിച്ച് സൊറ പറഞ്ഞിരിക്കുന്ന പെൺകുട്ടികൾ, ഓട്ടോറിക്ഷയിൽ മുൻ സീറ്റിൽ ഡ്രൈവറുടെ തോളിൽ കൈയ്യിട്ട് ഇരിക്കുന്ന സ്ത്രീകൾ. ഇവിടെ അതെല്ലാം സ്വാഭാവികമായ കാഴ്ച്ചകളാണ്.

ട്രാവലർ ഡ്രൈവർ പറഞ്ഞ പ്രകാരം ഞങ്ങൾ തേസ്പുരിന് തൊട്ട് മുമ്പുള്ള കവലയിൽ ഇറങ്ങി ഷെയർ ഓട്ടോ പിടിച്ച് ബാലിപ്പാറ എന്ന സ്ഥലത്തേക്ക് വിട്ടു. തേസ്പൂർ, ബാലി പാറ എന്നീ സ്ഥലങ്ങൾക്ക് നമ്മുടെ മഹാബലിയുടെ മിത്തുകളുമായി ബന്ധമുണ്ട്. ബാലിപ്പാറയിൽ നിന്നു അങ്ങു ദൂരെ.. വളരെ ദൂരെ.. ഹിമാലയൻ മലനിരകളുടെ ശൃംഖത്തിൽ മഞ്ഞു കാണാമായിരുന്നു. ആ കാഴ്ച്ച യാത്രയുടെ മടുപ്പിൽ നിന്നും ഞങ്ങളെ ഉണർത്തി.

മഹാബലിയുടെ ബാലിപാറയിൽ നിന്നും ബാലുക്‌പോംഗിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു. ബാലുക് പോംഗ് ആണ് അരുണാചൽ പ്രദേശിന്റെ എൻട്രി പോയിന്റ്. തുടർച്ചയായുള്ള യാത്രയുടെ ക്ഷീണം ഞങ്ങളെ ബാധിച്ച് തുടങ്ങിയിരുന്നു. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. പുറം കാഴ്ച്ചകളും മങ്ങി തുടങ്ങി. വാഹനത്തിന്റെ വിൻഡോയിൽ തല വെച്ച് ഞാൻ ഇരുന്നു. ഇലകളില്ലാത്ത മരങ്ങൾ കൂട്ടം കൂട്ടമായി പിന്നിലേക്ക് ഓടിക്കൊണ്ടിരുന്നു.

അരുണാചൽ പ്രദേശ്

ബാലുക് പോംഗ് അങ്ങാടിയിലേക്ക് കടക്കണമെങ്കിൽ മിലിറ്ററി ചെക് പോയന്റ് ൽ inner line permit കാണിക്കണം. കുറെ പട്ടാളക്കാർ തോക്കും പിടിച്ച് നിൽപ്പുണ്ട്. കൗതുകം തോന്നി ഒരു ഫോട്ടോ എടുത്തപ്പോൾ ഒരു ആർമിക്കാരൻ മൊബൈൽ പിടിച്ച് വാങ്ങി അത് ഡീലിറ്റ് ചെയതു. Inner line permit original Copy അവിടെ സമർപിച്ച് ഞങ്ങൾ ബാലുക് പോംഗിലേക്ക് കടന്നു. ബാലുക്ക് പോംഗ് നമ്മുടെ അടിവാരം പോലെയാണ്. തവാങ്ങിലേക്കുള്ള മലനിരകളും ചുരവും താണ്ടുന്നതിന് തൊട്ടുമുമ്പുള്ള ഒരു കവല. ഇനി ഇന്നേതായാലും ഒരു യാത്രക്ക് കൂടെയുള്ള ത്രാണി ഇല്ല. ബാലുക് പോംഗിൽ ഒരു ലോഡ്ജ് എടുത്ത് തത്കാലം യാത്രക്ക് വിരാമമിട്ടു.

അടുത്ത ലക്ഷ്യം ബാലുകപൊങ്ങിനും തവാങിനും മധ്യേ ഉള്ള ബോംഡില ആണ്. നേരം വെളുത്തപ്പോഴാണ് ഞങ്ങൾക്ക് പറ്റിയ അബദ്ധം മനസിലായത്. ബാലുക് പോംഗിൽ നിന്നും ബോംഡില്ലയിലേക്ക് നേരിട്ട് വണ്ടി കിട്ടാൻ പ്രയാസമാണ്. എല്ലാ വാഹനങ്ങളും തേസ്പൂരിൽ നിന്നും ഫുൾ ആയിട്ടാണ് വരുന്നത്. അതും വല്ലപ്പോഴും മാത്രം ഒരു വണ്ടി വരുന്ന അവസ്ഥ. നാലു പേർക്ക് ഒഴിവുള്ള ഒരൊറ്റ വാഹനവും വരുന്നത് കാണാനില്ല . ഒടുവിൽ കിട്ടുന്ന വണ്ടിയിൽ കേറി ബോംഡില്ലയിൽ മീറ്റ് ചെയ്യാം എന്ന് തീരുമാനിച്ച് ഞങ്ങൾ കാണുന്ന ടാക്‌സിക്കൊക്കെ കൈ കാണിച്ചു. അങ്ങനെ രണ്ട് വണ്ടികളിലായി ഞങ്ങൾ തവാങ്ങിലേക്കുള്ള ചുരം കയറാൻ തുടങ്ങി.

സാഹസികമായ യാത്രയായിരുന്നു പിന്നീടങ്ങോട്ട്. ഒരു വണ്ടിക്ക് കഷ്ടിച്ച് പോകാൻ പാകത്തിലുള്ള ഇടുങ്ങിയ റോഡുകൾ. പലയിടങ്ങളിലും മഴ പെയ്ത് ഉരുൾപൊട്ടി ഒലിച്ചു പോയിരിക്കുന്നു. ഒന്ന് പിഴച്ചാൽ വാഹനം വലിയ താഴ്ചയിലേക്ക് പതിക്കും. കയറുംതോറും റോഡ് ഇടുങ്ങി വരുന്നത് പോലെ തോന്നി. പക്ഷേ ഡ്രൈവർ ഒരു കൂസലുമില്ലാതെ വളരെ കൂൾ ആയി വണ്ടി ഓടിക്കുന്നു. ഒരു വശത്ത് മനോഹരമായ വെള്ളച്ചാട്ടങ്ങളും മറുവശത്ത് ഭീതിതമായ കൊക്കയും. അങ്ങനെ ഹെയർപിൻ വളവുകളുടെ ആലസ്യത്തിലുലഞ്ഞ് ഞങ്ങളുടെ വണ്ടി മന്ദം മന്ദം ചുരം കയറിക്കൊണ്ടിരുന്നു.

ഞങ്ങൾ രണ്ട് പേരെ ടാക്‌സി ഡ്രൈവർ തേങ്ങ (Tenga ) എന്ന ഒരു സ്ഥലത്ത് ഇറക്കിവിട്ടു. ആ വണ്ടിയിൽ അവിടെ വരെയേ സീറ്റ് ഉണ്ടായിരുന്നുള്ളൂ. അവിടന്നങ്ങോട്ട് വേറെ ബുക്കിങ് ഉണ്ടത്രേ. 10 മിനുറ്റ് വെയ്റ്റ് ചെയ്താൽ വണ്ടി കിട്ടുമെന്ന ഡ്രൈവറുടെ വാക്കും വിശ്വസിച്ച ഞങ്ങൾ ഇറങ്ങി. പേര് പോലെ തന്നെ ഒരു തേങ്ങയിലെ സ്ഥലം. ഒരു വണ്ടി പോലും കിട്ടാനില്ല. വണ്ടി കിട്ടാൻ ചാൻസും കുറവാണെന്ന് നാട്ടുകാരും പറഞ്ഞു. ഡ്രൈവർ നൈസ് ആയിട്ട് പണി തന്നതാന്നു അപ്പോളാണ് മനസിലായത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ബോംഡില്ലയിലേക്ക് നേരിട്ടുള്ള വണ്ടി കിട്ടി. ഞങ്ങൾ തേങ്ങയിൽ പെട്ടതറിഞ്ഞ് അവരും തേങ്ങയിൽ ഇറങ്ങി. അതിനിടയിലാണ് അതുവഴി ഓമ്‌നിയിൽ വന്ന രണ്ട് പയ്യൻമാരുടെ കൂടെ ഞങ്ങൾ കയറുകയും അവർ തേങ്ങയിൽ പെടുകയും ചെയ്തതത്. ഫോണിന്റെ നെറ്റവർക് പ്രോബ്ലവും സ്വല്പം തെറ്റിധാരണയും കാരണം ഇരു വണ്ടികളിലായി യാത്ര ചെയ്ത ഞങ്ങൾക്ക് യഥോചിതം ആശയ വിനിമയം സാധിക്കാഞ്ഞത് സ്വൽപം ബുദ്ധിമുട്ടുണ്ടാക്കി. പിന്നെയും കുറെ സമയത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു വാഹനം കിട്ടിയത്. അത് കൊണ്ട് തവാങ്ങിലേക്ക് യാത്ര പോകുന്നവർ ഒന്നുകിൽ ബോംഡില്ലയിലേക്ക് അല്ലെങ്കിൽ നേരിട്ട് തവാങ്ങിലേക്ക് ഉള്ള വണ്ടി പിടിക്കാൻ ശ്രദ്ധിക്കണം. കാരണം 400 കിലോമീറ്ററോളം വിജനമായ, BRO അല്ലാതെ മറ്റാരും വസിക്കാത്ത, വാഹനം കിട്ടാൻ പ്രയാസമായ പ്രദേശമാണ്. പെട്ടാൽ പെട്ടതാണ്.

ബോംഡില്ല

ബോംഡില്ലയിൽ എത്തിയപ്പോഴേക്കും തണുപ്പ് കേറി തുടങ്ങിയിരുന്നു... തവാങ്ങിൽ പോകും വഴിയുള്ള പ്രധാനപ്പെട്ട destinations ബോംഡില്ലയും ഡിറാങ്ങും ആണ്. ഡിറാംഗ് തിരിച്ച് വരുമ്പോൾ സമയമുണ്ടെങ്കിൽ സന്ദർശിക്കാം എന്നായിരുന്നു പ്ലാൻ. ഇവിടങ്ങളിൽ ആപ്പിൾ കൃഷി സജീവമായതിനാൽ പറമ്പിന്ന് പറിച്ച നല്ല ഫ്രഷ് ആപ്പിൾ സുലഭമായി ലഭിക്കും. ഞങ്ങൾ കുറെ ആപ്പിളും പ്ലംസും വാങ്ങിച്ചു. നല്ല മധുരുള്ള ഉൾഭാഗം ചുവപ്പ് കലർന്ന വെള്ള നിറത്തിലുള്ള ആപ്പിൾ. ആപ്പിളും കടിച്ച് ബോംഡില്ലയിലെ കാഴ്ച്ചകൾ കണ്ട് ഞങ്ങൾ നടന്നു.

ഉച്ചതിരിഞ്ഞപ്പോൾ ബോംഡില്ലയിലെ കടകളെല്ലാം ഷട്ടറ് താഴ്ത്തി. തെരുവിൽ ആപ്പിളും പച്ചക്കറിയും വിറ്റിരുന്ന പെണ്ണുങ്ങളെല്ലാം തൽകാലത്തേക്ക് കടയടച്ച് ഏങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെല്ലാം ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് സംശയിച്ച് നിൽക്കുമ്പോഴാണ് ഞങ്ങൾ ഒരു അനൗൺസ്‌മെന്റ് കേട്ടത്. ഞങ്ങൾ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു. ഒരു അനൗൺസ്‌മെന്റാണ്. ചെന്ന് നോക്കിയപ്പോൾ അതാ ഒരു വലിയ ഫുട്‌ബോൾ സ്റ്റേഡിയം. ആ നാട്ടിലെ അമ്മമാരും കുഞ്ഞുങ്ങളുമടക്കം സകലരും ഗാലറിയിൽ ഇരിപ്പുണ്ട്. പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നാട്ടിൽ സെവൻസ് നടക്കുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ ആവേശം. ഞങ്ങൾക്കും ആവേശം ആയി. കൈയടിച്ചും കൂക്കിയും പാസ് കൊടുക്കാൻ പറഞ്ഞും ഞങ്ങളും സജീവമായി. ഒടുവിൽ ഞങ്ങളുടെ ടാക്‌സി ഡ്രൈവറുടെ ടീം I - 0 ന് ജയിച്ചു. എന്റെ നാടായ മലപ്പുറം കഴിഞ്ഞാൽ പിന്നെ ഇത്ര വലിയ ഫുട്‌ബോൾ പ്രാന്തൻമാരെ കാണുന്നത് ബോംഡില്ലയിലാണ്.

കളി കഴിഞ്ഞപ്പോൾ നേരം നാലു മണി കഴിഞ്ഞിരുന്നു. ഞങ്ങൾ ബോംഡില്ലയിലെ ഗോമ്പ (Buddhist monastery) സന്ദർശിക്കാൻ ഇറങ്ങി. കുറച്ച് നടക്കാനുണ്ടായിരുന്നു. ബോംഡില്ല ഒരു ഒറ്റപ്പെട്ട താഴ്വരയാണ്. പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ട് സ്വന്തമായി കൃഷി ക യാക്കെ ചെയ്ത് ഇവർ സസന്തോഷം ജീവിക്കുന്നു. പോകുന്ന വഴിക്ക് പരിചയപ്പെട്ട കുട്ടികൾക്കെല്ലാം ഞങ്ങൾ പ്ലംസും ആപ്പിളും നൽകി. അങ്ങനെ ഞങ്ങൾക്ക് കുറെ കുഞ്ഞു കൂട്ടുകാരെ കമ്പനിക്ക് തട്ടി.

Gompa യിലേക്കുള്ള വഴിയിൽ മുഴുവൻ prayer wheels കാണാം. അവയ്ക്കുള്ളിൽ മന്ത്രങ്ങൾ എഴുതിയ തുണി ചുരുട്ടി വെച്ചിട്ടുണ്ട്. ഒരു തവണ prayer wheel കറക്കുന്നത് ഒരു തവണ മന്ത്രം ചൊല്ലുന്നതിന് സമാനമാണ്. അത് പോലെ തന്നെ പോകുന്ന ഇടങ്ങളിലെല്ലാം വെള്ള, പച്ച, മഞ്ഞ, നീല, ചുവപ്പ്, വയലറ്റ് നിറങ്ങളിൽ ഓം മാനി പദ്‌മേ ഹം എന്ന് എഴുതിയ തുണി കെട്ടി വെച്ചിരിക്കുന്നത് കാണാം. അതിന് പിന്നിലും ഒരു വിശ്വാസമുണ്ട്. കാറ്റടിക്കുന്ന സ്ഥലങ്ങളിലാണ് ഇത് കെട്ടിയിടുക. കാറ്റടിക്കുമ്പോൾ ഈ മന്ത്രങ്ങൾ കാറ്റിനോട് ലയിച്ച് താഴ്വാരം മുഴുവൻ സമാധാനവും ശാന്തിയും പരത്തുമെന്നാണ് വിശ്വാസം. ഈ വിവരങ്ങളെല്ലാം ഗോമ്പയിലെ ഒരു ബുദ്ധ സന്യാസിയാണ് ഞങ്ങൾക്ക് പറഞ്ഞ് തന്നത്. Good Day biscuit ന്റെ വലിയ പാക്ക് ആണ് ഈ Monastry യിൽ പ്രസാദമായി കൊടുക്കുന്നത്. പ്രസാദമെല്ലാം വളരെ uptodate ആണ്.

നേരം കറുത്ത് തുടങ്ങി. താഴ്വാരത്തിലെ കാഴ്ച്ചകളും മങ്ങി തുടങ്ങി. ഗോമ്പയ്ക്ക് സമീപമുള്ള ഒരു ചായക്കടയിൽ നിന്നും ഒരു ചായയും മോമോസും കഴിച്ച് ഞങ്ങൾ തിരിച്ച് പോന്നു. ഇന്ന് രാത്രി ഇവിടെ ആണ് സ്റ്റേ. നാളെ തവാങ്ങിലേക്കുള്ള ടാക്‌സി വന്ന പാടെ ബുക്ക് ചെയ്തിരുന്നു.

അന്ന് രാത്രി ഞങ്ങൾക്ക് ഉറക്കം വന്നില്ല. മനസിൽ മുഴുവൻ തവാങ് താഴ്വര നിറഞ്ഞു നിന്നു.

ബോംഡില്ല> തവാങ്

tawangബോംഡില്ലയിൽ നിന്നും ഞങ്ങൾ അതിരാവിലെ തന്നെ ഇറങ്ങി. തവാങ്ങിലേക്കും ഡിറാങ്ങിലേക്കുമുള്ള യാത്രക്കാരാണ് കവല നിറയെ. അവർ ചായയും കുടിച്ച് തമാശ പറഞ്ഞ് ചിരിക്കുകയാണ്.

വണ്ടി എടുത്തു. ഇനിയും എത്രയോ ദൂരം ചുരം കയറാനുണ്ട്. ഇത് വരെ വന്ന വഴി തന്നെ ഇടുങ്ങിയും അപകട സാധ്യത നിറഞ്ഞതുമായിരുന്നു. വഴി മിക്കതും മഴപെയ്ത് ഒലിച്ച് പോയിരിക്കുന്നു. ചെറിയൊരു ഭീതിയുടെ അംശം ഞങ്ങളിൽ എല്ലാവരിലും നിഴലിച്ചിരുന്നു... സഹയാത്രികനായ തടിയൻ ലാമയുടെ ചിരിയിൽ എല്ലാ പേടിയും ഒലിച്ച് പോയി..

സേലാപാസ്

താഴ്വരയിലെ നിശബ്ദതയും തണുത്ത കാറ്റും ഇരുണ്ട് കൂടിയ മേഘങ്ങളും പുറം കാഴ്ച്ചകളുടെ മാറ്റ് കൂട്ടി. റോഡിന് സമാന്തരമായി ഒഴുകുന്ന അരുവിയുടെ ശബ്ദം വ്യക്തമായി കേൾക്കാം. മലമുകളിലും പാറകളിലും BRO ഒരു പാട് inspirational quotes എഴുതി വെച്ചിട്ടുണ്ട്. ഞങ്ങൾ അവയോരോന്നും ആവേശത്തോടെ വായിച്ച് കൊണ്ടിരുന്നു. ഇടക്ക് മലഞ്ചെരുവിൽ മേയുന്ന യാക്കിൻ കൂട്ടം വാഹനത്തിന്റെ മുന്നിലേക്ക് വരും. മലമുകളിൽ അദൃശ്യനായ ഒരു കാമറാമാന് പോസ് ചെയ്യുന്ന പോലെ മരങ്ങളും പക്ഷികളും നിശ്ചലമായി നിൽക്കുന്നു. ദൂരെ മലമുകളിൽ മഞ്ഞ് പാളികൾ കാണാം. കൊടും തണുപ്പിൽ ഒറ്റക്ക് നിശ്ചലമായി നിൽക്കുന്ന കുതിരയുടെ ഏകാന്തതയെക്കുറിച്ച് ഞാൻ ഓർത്തു. ലാമയ്ക്ക് ഇതെല്ലാം സ്ഥിരം കാഴ്ചകൾ ആയത് കൊണ്ട് ലാമ നല്ല ഉറക്കത്തിലായിരുന്നു.

കയറും തോറും കൂടി വന്ന മൂടൽമഞ്ഞ് കാഴ്ച്ച മറച്ചു. ആർമി ട്രക്കിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ സേലാപാസ് ലേക്ക് 5 km എന്ന ബോർഡ് കണ്ടു. ലഡാക്കിലെ കർദുംഗ്‌ള പാസ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബ്ൾ റോഡ് ആണ് സേലാപാസ്. സമുദ്രനിരപ്പിൽ നിന്നും 13700 അടി ഉയരം. വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കുന്ന സേലാപാസ് സഞ്ചാരിയുടെ സ്വർഗം എന്ന് അറിയപ്പെടുന്നു . ഞങ്ങളുടെ സന്ദർശനം മഴക്കാലത്തായിരുന്നതിനാൽ മഞ്ഞ് താരതമ്യേന കുറവായിരുന്നു. ഞങ്ങൾ വണ്ടി നിർത്തി സേലാപാസിൽ ഇറങ്ങി. മൂടൽ മഞ്ഞ് കാരണം ഒന്നും ദൃശ്യമല്ല. തവാങ്ങിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന കവാടം അവ്യക്തമായി കാണാം. ഞങ്ങൾ മുന്നിലേക്ക് നടന്നു. ഇടക്ക് വീശിയ തണുത്ത കാറ്റിൽ മൂടൽമഞ്ഞ് മാറിയപ്പോൾ കണ്ട കാഴ്ച്ച അവിശ്വസനീയമായിരുന്നു. മഞ്ഞിന്റെ പട്ടണിഞ്ഞ് ഒരു വലിയ നീല തടാകം. ഞങ്ങൾ തടാകത്തിൽ ഇറങ്ങി മുഖം കഴുകി. മുഖം മരവിച്ചു. എല്ല് കോച്ചുന്ന തണുപ്പും, മഞ്ഞും, തടാകവും, മലനിരകളും ചേർന്ന് സേലാപാസ് സഞ്ചാരിക്ക് ഒരു സ്വർഗീയ അനുഭൂതി പ്രദാനം ചെയ്യുന്നു. സേലാപാസിൽ നിന്നും ഏകദേശം 80 കിലോമീറ്റർ ഉണ്ട് തവാങ്ങിലേക്ക്. ഉച്ചതിരിയുന്നതോടെ ഞങ്ങൾ തവാങ്ങിൽ എത്തും.

തവാങ്

തവാങ് വളരെ ശാന്തമായ ഒരു പ്രദേശമാണ്. ബോംഡില്ലയേക്കാളും ജനസാന്ദ്രത കുറവാണിവിടെ. ബുദ്ധമതം പിൻപറ്റിയ മോൻപകൾ ആണ് തവാങ്ങിലെ അന്തേവാസികൾ. പണ്ട് കാലത്ത് അടുമാടുകളെ മേയ്ച്ച് അലത്ത് നടന്നിരുന്ന ഈ ഗോത്രവർഗം പിന്നീട് തവാങ്ങിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു.

ഞങ്ങൾ ആദ്യം സന്ദർശിച്ചത് തവാങ്ങ് വാർ മെമ്മോറിയൽ ആണ്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ സമാരകവും അതിനോട് ചേർന്ന് ആർമി ക്യാമ്പും ആണ് ഇവിടെയുള്ളത്. കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ ആർമി കാന്റീനിൽ ചായ കുടിച്ച് കൊണ്ടിരുന്ന ഒരു പട്ടാളക്കാരൻ വന്ന് ഞങ്ങളെ പരിചയപ്പെട്ടു. പേര് വിനോദ് വാട്‌സൺ, ഇടുക്കി ജില്ലയിലെ കുമളി സ്വദേശിയാണ്. അദ്ദേഹം ഞങ്ങളെ വാർ മെമ്മോറിയലിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി. കാമെങ് പ്രദേശത്ത് നടന്ന ഇന്ത്യ- ചൈന യുദ്ധത്തിന്റെ കഥകൾ ഓരോന്നും വിവരിച്ച് തന്നു. ചൈന മക് മോഹൻ കരാർ ലംഘിച്ചതും, യുദ്ധത്തിൽ മരിച്ച ഇന്ത്യൻ ജവാൻമാരുടെ വീരസാഹസിക കഥകളും, മഹാവീർ ചക്ര നേടിയ ജസ്വന്ത് സിംഗിന്റെ ധീര രക്തസാക്ഷിത്വത്തെ കുറിച്ചും ഇന്നലെ കഴിഞ്ഞത് പോലെ ഞങ്ങൾക്ക് വിവരിച്ച് തന്നു. മക് മോഹൻ ലൈനും, പിന്നീട് ഇന്ത്യ വെച്ച പുതിയ LAC യും കളിമൺ മോഡൽ വെച്ച് കാണിച്ച് തന്നു. അന്ന് ചൈനീസ് പട്ടാളം ബാലുക് പോങ് വരെ അതിക്രമിച്ച് കടന്നിരുന്നത്രെ. യുദ്ധസമയത്ത് ജവാൻമാർ ഉപയോഗിച്ച ആയുധങ്ങളും വെടിയേറ്റ് തുളഞ്ഞ് പോയ ഹെൽമെറ്റും ഇവിടെ അമൂല്യമായി സൂക്ഷിക്കുന്നു. ഇന്ത്യ ചൈന യുദ്ധത്തെ കുറിച്ചും തവാങ്ങിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും പഠിക്കാനും മനസിലാക്കാനും ആ സന്ദർശനം ഉപകരിച്ചു എന്ന് പറയേണ്ടതില്ലല്ലോ.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധിസ്റ്റ് മൊണാസ്ട്രി ആണ് തവാങ്ങ് മൊണാസ്ട്രി. ഇവിടെ നിന്നാണ് ബുദ്ധിസ്റ്റുകൾ തങ്ങളുടെ ആത്മീയ ഗുരു റിംപോച്ചെ യെ തെരെഞ്ഞെടുക്കുന്ന രസകരമായ രീതികളെ ക്കുറിച്ച് കേട്ടത്. പഴയ റിംപോച്ചെകളുടെ പുനർജൻമമാണ് ഓരോ റിംപോച്ചെകളും എന്ന് ഇവർ വിശ്വസിക്കുന്നു. ഈ വിശ്വാസം ഉപയോഗപ്പെടുത്തിയാണ് ഒരു തെരഞ്ഞെടുപ്പ് രീതി. പഴയ റിപോച്ചെ ഉപയോഗിച്ച വസ്തുക്കൾ, അതായത് കിണ്ടി, പാത്രം, ഗ്ലാസ്, മാല തുടങ്ങി എല്ലാം അവയുടെ duplicates ന്റെ കൂടെ നിരത്തി വെക്കും. ആർക്കാണ് ഒറിജിനൽ വസ്തുക്കൾ വിവേചിച്ച് അറിയാൻ കഴിയുന്നത്, അയാളെ അടുത്ത റിംപോച്ചെ ആയി അവരോധിക്കും. യഥാർത്ഥ റിംപോച്ചെക്ക് താൻ കഴിഞ്ഞ ജന്മത്തിൽ ഉപയോഗിച്ച വസ്തുക്കൾ തിരിച്ചറിയാൻ കഴിയണമല്ലോ! മറ്റൊരു രീതി പഴയ റിംപോച്ചെ മരണാസന്നമാവുന്ന സമയത്ത് ചില പ്രവചനങ്ങൾ ഉരുവിടും. 'ഏഴ് മലയും ഏഴ് പുഴയും കടന്നാൽ ഒരു ഗ്രാമം കാണും, ആ ഗ്രാമത്തിലെ ഒരു കുടിലിന്റെ മുറ്റത്ത് നിക്കറിട്ട ഒരു കൊച്ച് കുട്ടി കളിക്കുന്നത് കാണാം, അവനാണ് അടുത്ത റിംപോചെ' .പിന്നീട് ലാമകൾ അങ്ങനെയൊരു കുഞ്ഞിനെ അന്വേഷിച്ചിറങ്ങും. കിട്ടുന്നത് വരെ. ആ കുഞ്ഞിന്റെ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിലോ എന്ന സംശയത്തിന് സ്വന്തം കുഞ്ഞിന് രാജപദവി കിട്ടുന്നതിന് ആരെങ്കിലും എതിർത്ത് നിക്കുമോ എന്നായിരുന്നു മറുചോദ്യം. പിന്നെയും നിരവധി കാര്യങ്ങൾ ഞങ്ങൾ ചോദിച്ചറിഞ്ഞു. ബുദ്ധിസ്റ്റുകൾ ശുദ്ധ വെജിറ്റേറിയൻസ് അല്ലെന്നും കോഴിമുട്ട ധാരാളം കഴിക്കുമെന്നും താവാങ്ങ് മൊണാസ്ട്രി സന്ദർശിച്ചപ്പോഴാണ് മനസ്സിലായത്.