മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് നോം ചോസ്കി

കഴിഞ്ഞ ദിവസമാണ് പൂനെ യേര്‍വാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പള്ളിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൂനെയിലെ സാസൂണ്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് നോം ചോസ്കി

തിരുവനന്തപുരം: ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മാവോയിസ്റ്റ് സൈദ്ധാന്തികന്‍ മുരളി കണ്ണമ്പള്ളി(62)ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് പ്രമുഖ ചിന്തകനും ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസറുമായ നോം ചോസ്‌കി.

കഴിഞ്ഞ ദിവസമാണ് പൂനെ യേര്‍വാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പള്ളിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൂനെയിലെ സാസൂണ്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

മുരളിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ നോം ചോംസ്‌കിയും ഭാഗമായി. മുരളി കണ്ണമ്പള്ളിക്ക് ചികിത്സയും നീതിയും ലഭ്യമാക്കണമെന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.


ഇക്കണോമിക്‌സ് ആന്റ് പൊളിട്ടിക്കല്‍ വീക്കിലി ഡെപ്യൂട്ടി എഡിറ്റര്‍ ബെര്‍ണാഡ് ഡിമല്ലോ, ഐഐടി ഖരഗ്പൂര്‍ പ്രഫസര്‍ ആനന്ദ് തെംതുല്‍ഡെ എന്നിവരും പ്രസ്താവനയില്‍ ഒപ്പു വെച്ചു.

മുരളി കണ്ണമ്പള്ളിക്കെതിരായ കേസുകളില്‍ നീതിയുക്തമായ രീതിയില്‍ വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രഭാത് പട്നായിക്, ഗായത്രി ചക്രവര്‍ത്തി സ്പിവാക്, പാര്‍ത്ത ചാറ്റര്‍ജി,മീന കന്തസ്വാമി, ബി.ആര്‍.പി. ഭാസ്‌കര്‍, കെ. വേണു, എം.എം. സോമശേഖരന്‍, നജ്മല്‍ബാബു, ഡോ.കെ.ടി. റാംമോഹന്‍, ഡോ.ടി.ടി. ശ്രീകുമാര്‍, ഡോ.ജെ. ദേവിക, പ്രൊഫ.എ.കെ. രാമകൃഷ്ണന്‍, പി.കെ. വേണുഗോപാല്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

മുരളി കണ്ണമ്പള്ളിയെ ആശുപത്രിയില്‍ സഹായിക്കാനും പരിചരിക്കാനുമായി നില്‍ക്കാന്‍ സര്‍ക്കാര്‍ ആരേയും അനുവദിച്ചിട്ടില്ല.

2015 മെയിലാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Read More >>