8 കോടിയുടെ ഭാഗ്യം തുണച്ചിട്ടും ഓണം ബമ്പര്‍ ഏറ്റു വാങ്ങാന്‍ അവകാശികളില്ല

ദേശീയ പാതയോരത്തുനിന്നും വിറ്റ ടിക്കറ്റ് ആയതിനാല്‍ തൃശ്ശൂരിനു പുറത്തുനിന്നും ഉള്ള ആളായിരിക്കാം ടിക്കറ്റ് എടുത്തിരിക്കാന്‍ സാധ്യതയെന്ന് ജില്ലാ ലോട്ടറി ഓഫീസ് അധികൃതര്‍ പറയുന്നു

8 കോടിയുടെ ഭാഗ്യം തുണച്ചിട്ടും ഓണം ബമ്പര്‍ ഏറ്റു വാങ്ങാന്‍ അവകാശികളില്ല

തൃശ്ശൂര്‍: ശനിയാഴ്ച്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പറിന് ഇതുവരെ അവകാശി എത്തിയില്ല. ടിസി 788368 എന്ന ടിക്കറ്റിനാണ് 8 കോടി രൂപയുടെ ഓണം ബമ്പര്‍ അടിച്ചിരിക്കുന്നത്. ശക്തന്‍ നഗറിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന ടിക്കറ്റ് ഏജന്‍സിയിലെ സന്തോഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

ദേശീയ പാതയോരത്തുനിന്നും വിറ്റ ടിക്കറ്റ് ആയതിനാല്‍ തൃശ്ശൂരിനു പുറത്തുനിന്നും ഉള്ള ആളായിരിക്കാം ടിക്കറ്റ് എടുത്തിരിക്കാന്‍ സാധ്യതയെന്ന് ജില്ലാ ലോട്ടറി ഓഫീസ് അധികൃതര്‍ പറയുന്നു. ആകെ 200 ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്. ഇതില്‍ ഭൂരിഭഗവും കുതിരാന്‍ മേഖലയിലാണ് ഇയാള്‍ വിറ്റുതീര്‍ത്തത്.


'കുതിരാനിലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുവച്ചാണ് ഏജന്റ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ദേശീയപാതയോരമായതിനാല്‍ ടിക്കറ്റ് വാങ്ങിയിരിക്കുന്നത് അന്യ സംസ്ഥാനത്തില്‍ നിന്നും ഉള്ള ആളാകാന്‍ സാധ്യത ഏറെയാണെന്ന് തൃശ്ശൂര്‍ ജില്ലാ ലോട്ടറി ഓഫീസര്‍ കെഡി അപ്പച്ചന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. അന്യസംസ്ഥാനത്തുള്ള ആളാണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നതെങ്കില്‍ അവര്‍ സമ്മാനം ലഭിച്ച വിവരം അറിയാനുള്ള സാധ്യത പരിമിതമാണ്.

'അന്യസംസ്ഥാനത്തുള്ള പത്രങ്ങളില്‍ കേരള ലോട്ടറിഫലങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ലോറി ഡ്രൈവര്‍മാരോ മറ്റോ ആണ് ടിക്കറ്റ് എടുത്തിട്ടുള്ളതെങ്കില്‍ അവര്‍ ഇന്റര്‍നെറ്റ് വഴി ഫലം അറിയാനുള്ള സാധ്യതയും കുറവാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,സമ്മാനം ലഭിച്ച ടിക്കറ്റിന്റെ പേരില്‍ ഹവാല ഇടപാടുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു. സമ്മാനം ലഭിച്ച ആള്‍ക്ക് ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ട് പണം കരസ്ഥമാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.

Read More >>