01/02/11 മുതൽ 15/09/16 വരെ ; സൗമ്യ വധക്കേസിലെ നാൾവഴികളിലൂടെ

2011 ഫെബ്രുവരി ഒന്നിനു വൈകിട്ട് 5.30ന് ഏറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ വെച്ചാണു സൗമ്യആക്രമിക്കപ്പെടുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സൗമ്യ 2011ഫെബ്രുവരി ആറിനാണു മരണത്തിന് കീഴടങ്ങിയത്.

01/02/11 മുതൽ  15/09/16 വരെ  ; സൗമ്യ വധക്കേസിലെ നാൾവഴികളിലൂടെ

സൗമ്യ കൊലചെയ്യപ്പെട്ടു ആറു വര്‍ഷത്തിനിപ്പുറമാണ് കേസിലെ അന്തിമ വിധി പ്രസ്താവിച്ചത് . കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കുകയും ചര്‍ച്ചകള്‍ക്കു വഴി വെക്കുകയും ചെയ്ത കേസില്‍ വിചാരണക്കോടതി വധശിക്ഷയായിരുന്നു പ്രതി ഗോവിന്ദച്ചാമിക്ക് വിധിച്ചിരുന്നത്. ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാല്‍ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി. 7 വര്‍ഷം തടവു ശിക്ഷ  മാത്രമാണ് കോടതി വിധിച്ചത്. ഇതുവരെ ജയിലില്‍ കഴിഞ്ഞ കാലവും ഏഴു വര്‍ഷത്തിനുള്ളില്‍ കണക്കാക്കും. അതിനാല്‍ ഗോവിന്ദച്ചാമിക്ക് രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതി.


കേസിന്റെ നാള്‍വഴികള്‍

2011 ഫെബ്രുവരി 1:   വൈകിട്ട് 5.30ന് ഏറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍വെച്ചാണ് സൗമ്യ(23) ആക്രമിക്കപ്പെടുന്നത്. രാത്രി പത്തരയോടെ സൗമ്യയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.

ഫെബ്രുവരി 3:  ഒറ്റക്കയ്യനായ ഒരാള്‍ ലേഡീസ് കംപാര്‍ട്ട്മെന്റിലേക്ക് കയറിപോയതു കണ്ടെന്നു സാക്ഷികള്‍ മൊഴി നല്‍കി. തുടർന്നു നടത്തിയ അന്വേഷണത്തില്‍ ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി.

ഫെബ്രുവരി 6: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സൗമ്യ മരണത്തിന് കീഴടങ്ങി.

ഫെബ്രുവരി 7: സൗമ്യയുടെ മൃതദേഹം പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു . 302, 376, 394, 447, 397 എന്നീ വകുപ്പുകള്‍ പ്രകാരം ഗോവിന്ദച്ചാമിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു മാസം കൊണ്ട് അന്വേഷണം അവസാനിച്ചു.

ജൂണ്‍ 7: തൃശൂര്‍ അതിവേഗ കോടതിയില്‍ സൗമ്യവധക്കേസിലെ വിചാരണ ആരംഭിച്ചു. അന്നേ ദിവസം ഗോവിന്ദച്ചാമി കോടതി പരിസരത്തുവച്ച് ആക്രമിക്കപ്പെട്ടു. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനായി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ കൊണ്ടുവന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി.

സൗമ്യയുടെ ശരീരഭാഗങ്ങളില്‍ കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍ നിന്നു കിട്ടിയ ത്വക്കും ഗോവിന്ദച്ചാമിയുടേതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ചു കൈപ്പത്തിയില്ലാത്ത ആളില്‍ നിന്നാണു സൗമ്യക്ക് ആക്രമണമേറ്റതെന്നും വ്യക്തമായി. ഇതുള്‍പ്പെടെ 101 രേഖകളും 41 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 154 സാക്ഷികളില്‍ 82 പേരെയും പ്രതിഭാഗം നല്‍കിയ 52 പേരുടെ സാക്ഷിപ്പട്ടികയില്‍ ഡോ.ഉന്‍മേഷിനെയും വിസ്തരിച്ച് മൊഴിയെടുത്തു. അതിനിടെ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ഉന്മേഷ് കോടതിയിലെത്തി പ്രതിഭാഗത്തിനുവേണ്ടി മൊഴി നല്‍കിയതു വിവാദമായി. ഇതേ തുടര്‍ന്ന് ഉന്മേഷിനെ വീണ്ടും വിസ്തരിക്കണമെന്നു കോടതി ഉത്തരവിട്ടു. സര്‍ക്കാറിനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശനും പ്രതിക്കുവേണ്ടി അഡ്വ.ബി.എ.ആളൂര്‍, പി.ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ എന്നിവരുമാണു ഹാജരായത്.

പൈശാചികവും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്നാട്ടില്‍ എട്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ തെളിവുകളെക്കാള്‍ സാമൂഹിക സമ്മര്‍ദ്ദത്തെയാണു പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്നതെന്നും പ്രതിക്കു തടവു ശിക്ഷ മതിയെന്നുമാണു പ്രതിഭാഗം വാദിച്ചത്.

ഒക്ടോബര്‍ 31: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ബലാത്സംഗം, കവര്‍ച്ചാശ്രമം, അതിക്രമിച്ചുകടക്കല്‍, കൊലപാതകം എന്നീ കേസുകളില്‍ പ്രതികുറ്റക്കാരനാണെന്നു തെളിഞ്ഞതായി കോടതി ഉത്തരവിട്ടു. വിചാരണക്കിടെ കൂറുമാറിയ ഡോ.ഉന്മേഷിനെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു.

നവംബര്‍ 11:  തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്കു പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേ തുടര്‍ന്നാണു ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.

2013 ഡിസംബര്‍ 17:  ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അതിവേഗ കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

2013 ഡിസംബര്‍ 20: സൗമ്യയെ തീവണ്ടിയില്‍ നിന്നു തള്ളിയിട്ടു ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി കൊടുത്ത ഡോക്ടര്‍ക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധനായ ഡോ.ഉന്‍മേഷ് ആണ് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയത്.

2014 ജൂണ്‍ 9:  സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

2014 ജൂലൈ 30:  സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സൗമ്യ വധക്കേസ് അപ്പീലില്‍ വാദം കേള്‍ക്കുന്നതിന് വേണ്ടിയാണ് വധശിക്ഷ കോടതി സ്റ്റേ ചെയ്തത്.

2016 സെപ്റ്റംബര്‍ 8:  സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോയെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി. സൗമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമിയുടെ ഹര്‍ജ്ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. സൗമ്യ ട്രെയിനില്‍ നിന്ന് ചാടി എന്നാണ് സാക്ഷി മൊഴികള്‍. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കേരള സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.  കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. സര്‍ക്കാര്‍ അഭിഭാഷകരുടേത് ജാഗ്രതക്കുറവാണെന്ന് വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരായിരുന്നു സര്‍ക്കാരിനായി ഹാജരായത്.

2016 സെപ്റ്റംബര്‍ 15:  ഗോവിന്ദച്ചാമിയുടെ വധശിക്ഷ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്  ഇളവ്  ചെയ്തു. വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി 7 വര്‍ഷം മാത്രം തടവ് ശിക്ഷയാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചത്. കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.

Read More >>