യുവരക്തവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കളി പഠിപ്പിക്കാൻ നെലോ വിനൻഗാഡെ

ഒക്ടോബർ ഒന്നിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആദ്യ മത്സരം

യുവരക്തവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കളി പഠിപ്പിക്കാൻ നെലോ വിനൻഗാഡെ

നിരഞ്ജൻ

ഒക്ടോബർ ഒന്നിന് ഗുവാഹത്തിയിലെ ഇന്ദിരഗാന്ധിസ്‌റ്റേഡിയത്തിലെ ഇരമ്പുന്ന
ഗാലറിയുടെ മദ്ധ്യേ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ അഗ്നിപരീക്ഷയാണ്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കണക്കുകളോ, ഉയർത്തിക്കാട്ടാൻ നാലാളറിയുന്ന സൂപ്പർതാരങ്ങളോ വടക്കുകിഴക്കിന്റെ ഈ കാൽപ്പന്തുകളിക്കാർക്കില്ല. എന്നാൽ ഏതൊരു സൂപ്പർതാരത്തെയും കളിമികവ് കൊണ്ട് വരിഞ്ഞുകെട്ടാൻ പാകത്തിൽ യുവരക്തം ഏറെയുണ്ടുതാനും. ടീമിന്റെ ശരാശരി പ്രായം 22 വയസാണെന്നതാണ് ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നിരത്താനുള്ള വാദം.


ഇതേക്കുറിച്ച് കോച്ച് നെലോ വിനൻഗാഡെയോട് ചോദിച്ചാൽ അദ്ദേഹവും ഇങ്ങനെ പറയും... ''ഫുട്‌ബോൾ ചോര തിളയ്ക്കുന്ന യുവാക്കളുടെ കളിയാണ്, വയസൻമാരുടേതല്ല''.  കോച്ചിന്റെ വാക്കുകളിൽ മൈതാനത്ത് മെനയാനുള്ള തന്ത്രവും
ഒളിഞ്ഞിരിപ്പുണ്ട്. 24 വർഷത്തെ പരിശീലന പരിചയവുമായെത്തുന്ന വിനൻഗാഡെ
ഇതിനിടെ പോർച്ചുഗൽ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇറാൻ, ബെൻഫിക്ക,
മാർട്ടിമോ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു. സൗദിക്കൊപ്പം എ.എഫ്.സി
കപ്പും എസ്.സി സോളിനൊപ്പം കൊറിയൻ ലീഗും ജയിച്ചു. ജോർദാനെ ഏഷ്യൻ
ഫുട്‌ബോളിലെ രണ്ടാം സ്ഥാനക്കാരുമാക്കി. കോച്ചിന്റെ മികവിലും കളിക്കാരുടെ
സെലക്ഷനിലും ടീം മാനേജ്‌മെന്റ് പുലർത്തുന്ന വിശ്വാസത്തിനും കാരണം
ഇതുതന്നെയാകും. കോച്ചിനൊപ്പം ഡിഫൻസീവ് മിഡ്ഫീൽഡറായ ഐവറികോസ്റ്റ് താരം ദിദിയർ സൊക്കോറ കൂടി എത്തുന്നതോടെ ഏത് കൊമ്പൻമാരെയും മുട്ടുകുത്തിക്കാൻ കഴിവുള്ള യുവതുർക്കികളുടെ ടീം എന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നിസംശയം വിളിക്കാം.

ശക്തിയും ദൗർബല്യവും
വലകാക്കാൻ പരിചയസമ്പന്നനായ ഏക്കാലത്തെയും മികച്ച ഇന്ത്യൻ ഗോളി സുബ്രതോ പാൽ, കഴിഞ്ഞ രണ്ട് സീസനിലും മികച്ച ഫോമിൽ ഗ്രൗണ്ടിലുണ്ടായ മലയാളിയായ ഗോൾ കീപ്പർ രഹ്നേഷ്, ഇതുകൂടാതെ ബ്രസീലുകാരൻ വെല്ലിങ്ടൺ ഗോമെസ് എതിരാളികൾക്ക് പത്തുപേരെ കീഴടക്കിയാലും ഗോളടിക്കണമെങ്കിൽ കൈകൾ ചോരാത്ത ഈ ഗോൾകീപ്പർമാരെ കൂടി കബളിപ്പിക്കണം. ഗുവാഹത്തി കേന്ദ്രമാക്കിയുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ശക്തി വലകൾക്ക് മുൻപിൽ നിൽക്കുന്ന കൈകളിലാണെന്ന് വേണമെങ്കിൽ പറയാം. ലാറ്റിനമേരിക്കൻ താരങ്ങളുടെയും മറ്റു വിദേശതാരങ്ങളുടെയും കേന്ദ്രമാണ് വിനൻഗാഡെയുടെ ടീം. മൂന്നു ലോകകപ്പുകളിൽ ഐവറികോസ്റ്റിന്റെ മദ്ധ്യനിരയെ നയിച്ച അനുഭവ സമ്പത്തുമായാണ് മാർക്വി താരമായ 35 കാരൻ ദിദിയർ സൊക്കോറയുടെ
വരവ്.

ഐവറികോസ്റ്റ് താരമായ റൊമാരിക്, ബ്രസീലുകാരായ പ്രിയോറി, ഫാബിയോ
നെവസ്, ജപ്പാൻ താരം കാറ്റസുമി യൂസ എന്നീ വിദേശ താരങ്ങളോടൊപ്പം ഇന്ത്യൻ
താരങ്ങളായ സെത്യാസിൻ സിംഗ്, റൗളിംഗ് ബോർഗസ്, ഫനായ് ലാൽറെം പൂയിയ, ജെറി മ്വാമിംഗ്താംഗ എന്നിവരും ചേരുന്നതോടെ മദ്ധ്യനിര ശക്തിയാർജ്ജിക്കും.
ഉറുഗ്വെ സീനിയർ ടീം അംഗമായിരുന്ന എമിലിയാനോ അൽഫാരോ, സാഷാ അനെഫ്
എന്നിവരോടൊപ്പം അർജന്റൈൻ സ്‌ട്രൈക്കർ നികോ വെലസും ചേരുന്ന
ലാറ്റിനമേരിക്കൻ മുന്നേറ്റനിരയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ
ആക്രമണ മുന.

ജപ്പാൻ താരം റോബെർട്ട് ക്യുല്ലനും ഇന്ത്യൻ താരങ്ങളായ ലലിയൻസുല
ഛാങ്‌തെ, ഹോളിചരൺ നർസാരി, സുമീത് പാസി എന്നിവരും കൂടി മുൻനിരയിലുണ്ടാകും.

പ്രതിരോധത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പാകപ്പിഴകളുള്ളത്.
മുൻനിരയിലേക്ക് നല്ല കളിക്കാരെ കൊണ്ടുവന്നെങ്കിലും പ്രതിരോധം
ശക്തിപ്പെടുത്താൻ ടീം മാനേജ്‌മെന്റ് പണിപ്പെട്ടിട്ടില്ല. ഇത് തിരിച്ചടി Eകുമോയെന്നാണ് ആരാധകർ ആശങ്കയോടെ നോക്കിക്കാണുന്നത്. എങ്കിലും ബ്രസീലുകാരായ ഗുസ്താവോ ലാസറെറ്റിയും മെയ്ൽസൺ ആൽവ്‌സും ഉൾപ്പെട്ട
പ്രതിരോധം പാളില്ലെന്നാണ് കണക്കുകൂട്ടൽ. ഇവരോടൊപ്പം റോബിൻ ഗുരുഷ്, സൗവിക് ഘോഷ്, റീഗൻ സിംഗ്, രഞ്ജൻ സിംഗ്, നിർമ്മൽ ഛേത്രി എന്നിവർ കൂടി ചേരുന്നതോടെ ശക്തമാകുമെന്നാണ് കോച്ച് വിനൻഗാഡെയുടെയും മനസിലിരുപ്പ്.

പോർച്ചുഗലിന്റെ ഹെഡ് കോച്ച് ആയിരുന്നെങ്കിലും നെലോ വിനൻഗാഡെയുടെ പരിശീലന രീതികളോടും കളിതന്ത്രത്തോടും ടീം അംഗങ്ങൾ എങ്ങനെ പെട്ടെന്ന്
പൊരുത്തപ്പെടുമെന്ന് ചോദിക്കുന്നവരുണ്ട്. കോച്ച് ഏറെ പരിചയസമ്പന്നനാണ്
എന്നാണ് ഇവരോട് ടീം മാനേജ്‌മെന്റിനുള്ള മറുപടി. കളിമികവും ഭാഗ്യവും
ഒത്തിണങ്ങിയാൽ എന്നും അവഗണന മാത്രം നേരിടുന്ന വടക്കുകിഴക്കൻ
സംസ്ഥാനങ്ങളുടെ ഹോം ടീം ഇക്കുറി ഐ.എസ്.എൽ ട്രോഫിയിൽ മുത്തമിടുക തന്നെ
ചെയ്യും. ഒക്ടോബർ ഒന്നിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെയാണ് നോർത്ത്
ഈസ്റ്റ് യുണൈറ്റഡിന്റെ ആദ്യ മത്സരം.

Read More >>