നൗറുവിന്റെ വിലാപങ്ങൾ

അപ്രതീക്ഷിതമായി കണ്ടെത്തുന്ന വിലയേറിയ പ്രകൃതി വിഭവങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ചൂഷണം ചെയ്യുന്ന ഏതു സമൂഹത്തിനും ഒരു പാഠമാണ് നൗറു. ഇത്തരമൊരവസ്ഥ സംജാതമാകുമെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിച്ചത് പെട്രോളിയം ഉത്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങളിലാണ്. പക്ഷേ വ്യത്യസ്ഥമായ ഒരു മുഖമാണ് ഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളും കാഴ്ചവെച്ചത്. ഡോ. എം കുര്യൻ തോമസ് എഴുതുന്നു.

നൗറുവിന്റെ വിലാപങ്ങൾ

ഡോ. എം. കുര്യൻ തോമസ്

മരിച്ച രാജ്യം. മരിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾ. ഓസ്‌ട്രേലിയായ്ക്കു സമീപമുള്ള ശാന്തസമുദ്ര ദ്വീപായ നൗറുവിന്റെ ഇന്നത്തെ സ്ഥിതിയാണ്. 1970-കളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു നൗറു എന്നതുകൂടി കണക്കിലെടുത്താലെ ഈ ചിത്രത്തിന്റെ ഭീകരത ബോദ്ധ്യമാവു.

കേവലം 21 ച. കിലോമീറ്റർ മാത്രം വിസ്ത്രീർണ്ണമുള്ള നൗറു, ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യവും ഏറ്റവും ചെറിയ റിപ്പബ്ലിക്കുമാണ്. 1830-ലാണ് യൂറോപ്യരുമായി നൗറുവാസികളുടെ ബന്ധം ആരംഭിക്കുന്നത്. 1886-ൽ ജർമ്മൻ ഭരണത്തിലായി. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓസ്‌ടേലിയായുടേയും, രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെയും നിയന്ത്രണത്തിലായി. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായി. 1966-ൽ സ്വതന്ത്ര്യം പ്രാപിച്ച നൗറു 1968-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇത്രയുമാണ് നൗറുവിന്റെ ചുരുങ്ങിയ ചരിത്രം.


ആയിരക്കണക്കിനു വർഷങ്ങൾ കടൽപ്പക്ഷികളുടെ വിസർജ്ജ്യം വീണുറഞ്ഞുണ്ടായ ഫോസ്‌ഫേറ്റ് പാറകളായിരുന്നു നൗറുവിനെ സമ്പന്നമാക്കിയതും നശിപ്പിച്ചതും. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഫോസ്‌ഫേറ്റ് ഖനനം ആരംഭിച്ചത്. നാളെ എന്നൊന്നില്ലാത്തതുപോലെയുള്ള ഖനനവും കയറ്റുമതിയുമായിരുന്നു പിന്നീട് നടന്നത്. ഇക്കാലത്ത് 95 ശതമാനം പൗരന്മാർക്കും സർക്കാർ ജോലി നൽകി. സൗകര്യംപോലെ ചെയ്താൽ മതിയാകുന്ന ലളിത ജോലി, ഉയർന്ന ശമ്പളം, സൗജന്യ ചികിൽസയും വിദ്യാഭ്യാസവും. ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും പൗരന്മാർക്കു നൽകിയിട്ടും ധൂർത്തടിക്കാൻ പിന്നെയും ഭരണാധികാരികളുടെ കൈയ്യിൽ പണം കുമിഞ്ഞുകൂടി. 1970-ൽ ഒരു ഘട്ടത്തിൽ നൗറു ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി.

പക്ഷേ ഇന്നു നൗറുവിന്റെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഫോസ്‌ഫേറ്റ് നിക്ഷേപം ഏതാണ്ട് പൂർണമായി അവസാനിച്ചു. അതോടെ വരുമാനവും നിലച്ചു. നൗറു പാപ്പരായി ദാരിദ്ര്യത്തിലേയ്ക്കു വഴുതിവീണു. രാജ്യത്തിന്റെ 90 ശതമാനവും മരുസമാനമായ പാഴ്ഭൂമിയായി. ഈ പാഴ്ഭൂമി ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും വഴിവെക്കുന്ന ഒരു പ്രതിഭാസമായി. നൗറു എഫക്ട് എന്നാണ് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. ദ്വീപിലെ ജൈവസമ്പത്ത് നാമമാത്രമയി. കടൽപക്ഷികൾ പറന്നകന്നു. ധൂർത്തും പിടിപ്പുകേടും വിദേശത്തുണ്ടായിരുന്ന നൗറുവിന്റെ കരുതൽ നിക്ഷേപങ്ങളെ കുടിച്ചുവറ്റിച്ചു. നൗറു മരിച്ചു.

നൗറുവിന്റെ ദുരന്തം അവിടെ അവസാനിക്കുന്നില്ല. 15 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമായതുകൊണ്ട് നൗറുവിൽ 96 ശതമാനം സാക്ഷരതയുണ്ട്. തുടർവിദ്യാഭ്യാസവും സൗജന്യമാണങ്കിലും ദശാബ്ദങ്ങളിലൂടെ പരിചയിച്ച അലസ ജീവിതരീതിമൂലം ചുരുക്കം വിദ്യാർത്ഥികൾ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് തുനിഞ്ഞത്. അലസതയും വിദ്യാഭ്യസത്തിലെ പരിമിതിയും ഇന്നു നൗറു വാസികളെ തൊഴിൽക്ഷമതയില്ലാത്ത ഒരു സമൂഹമാക്കി മാറ്റി.

[caption id="attachment_40510" align="aligncenter" width="650"]നൊറുവിലെ ഫോസ്ഫേറ്റ് ഖനനം നൊറുവിലെ ഫോസ്ഫേറ്റ് ഖനനം
[/caption]

നൗറുവിന്റെ യഥാർത്ഥ ദുരന്തം ഇതൊന്നുമല്ല. പൊണ്ണത്തടിയാണ്. അലസ ജീവിതം, അമിത ഭക്ഷണം, കണക്കില്ലാത്ത അളവിലുള്ള ബിയർപാനം ഇവയല്ലാം ചേർന്ന് നൗറുനിവാസികളെ പൊണ്ണത്തടിയന്മാരാക്കി. പതിനായിരത്തിനു തൊട്ടുതാഴ നിൽക്കുന്ന നൗറുവിലെ പത്തിൽ ഒൻപതുപേരും പൊണ്ണത്തടിയന്മാരാണ്. മാത്രമല്ല, ഏതാണ്ട് പകുതിയോളം നൗറുക്കാർ ടൈപ്പ് - 2 പ്രമേഹ രോഗികളാണ്. ഇത് ലോകത്തിലെ ഏറ്റവും കൂടിയ നിരക്കാണ്. ഇതിനും പുറമെ ഇവിടുത്തെ ഒരു നല്ലപങ്ക് ജനങ്ങളേയും ഭക്ഷണക്രമത്തിലെ താളപ്പിഴകൾ മൂലമുണ്ടാകുന്ന ഇതര രോഗങ്ങളും ബാധിച്ചിരുക്കുന്നു.

നൗറു ഇന്നു പിടിച്ചു നിൽക്കാൻ പലവഴികളും തേടുകയാണ്. 1990-കളിൽ നികുതിരഹിത ബാങ്കിംഗ് മേഖല ആരംഭിച്ചു. അതേപോലെ വിദേശികൾക്ക് പാസ്‌പോർട്ടു കച്ചവടവും. അതോടെ മാഫിയാകളുടെയും മയക്കുമരുന്നു കച്ചവടത്തിന്റെയും പണം വെളുപ്പിക്കാനുള്ള വേദിയായി നൗറുവിലെ ബാങ്കുകൾ മാറി. ശതകോടികളാണ് ഇക്കാലത്ത് അവിടെ വെളുപ്പിച്ചെടുത്തത്. അന്തർദേശീയ സമ്മർദ്ദത്തെ തുടർന്ന് ഈ നടപടി അവസാനിപ്പിക്കാൻ നൗറു നിർബന്ധിതമായി. ആ വരുമാന ശ്രോതസും ഇല്ലാതായി.

ഇപ്പോൾ നൗറു പ്രതീക്ഷ അർപ്പിക്കുന്നത് ഓസ്‌ട്രേലിയായിൽ അഭയം തേടുന്ന അനധികൃത കുടിയേറ്റക്കാർക്കുവേണ്ടി അവർ ആരംഭിച്ച തുറന്ന ജയിലും അതിൽനിന്നുള്ള വരുമാനവുമാണ്. ഇത് എത്രകാലം തുടരുമെന്നോ അത് ഉണ്ടാക്കാവുന്ന സാമൂഹ്യ പ്രശ്‌നങ്ങളോ ഇതുവരെ പരിഗണനാ വിധേയമാക്കിയിട്ടില്ല.

അപ്രതീക്ഷിതമായി കണ്ടെത്തുന്ന വിലയേറിയ പ്രകൃതി വിഭവങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ചൂഷണം ചെയ്യുന്ന ഏതു സമൂഹത്തിനും ഒരു പാഠമാണ് നൗറു. നൗറുവിന്റെ മുമ്പിൽ ഇന്ന് ഭാവിയിലേയ്ക്കു നയിക്കുന്ന യാതൊരു മാർഗ്ഗവും നിലവിലില്ല. പുതുക്കാനാവാത്ത വരുമാനമാർഗ്ഗം അപ്രത്യക്ഷമായി. നീക്കിയിരുപ്പില്ല. സമാന്തരമായ വരുമാന മാർഗ്ഗങ്ങളൊന്നും വികസിപ്പിച്ചുമില്ല.

ഇത്തരമൊരവസ്ഥ സംജാതമാകുമെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിച്ചത് പെട്രോളിയം ഉത്പാദിപ്പിക്കുന്ന ഗൾഫ് രാജ്യങ്ങളിലാണ്. പക്ഷേ വ്യത്യസ്ഥമായ ഒരു മുഖമാണ് ഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളും കാഴ്ചവെച്ചത്. ലോകവിപ്ലവത്തിനും അട്ടമറിക്കും വാരിക്കോരികൊടുത്ത ലിബിയായിലെ മൊയ്മാർ ഗദ്ദഫിയെപ്പോലെ അപൂർവം ചിലരൊഴികെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളിൽ ഭൂരിപക്ഷവും ദീർഘവീഷണമുള്ളവരാണന്നു കാലം തെളിയിച്ചു. പൗരന്മാർക്ക് ഓയിൽ ക്വോട്ടാ വിഹിതവും സൗജന്യ സാമുഹിക സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയപ്പോഴും നിശ്ചിത ശതമാനം കരുതൽ ധനമായി സൂക്ഷിക്കാൻ ഗൾഫിലെ മിക്ക ഓയിൽ ഉത്പാദക രാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്.

പക്ഷേ ഗൾഫ് രാജ്യങ്ങളുടെ വിജയം അവിടെയൊന്നുമല്ല. അത് പ്രതിഫലിക്കുന്നത് വിദ്യാഭ്യാസത്തിലാണ്. ആർഭാടങ്ങളുടേയും ആഡംബരത്തിന്റെയും നടുവിലും വിദ്യാഭ്യാസ വിഷയത്തിൽ മുന്നേറാൻ ഗൾഫ് രാജ്യങ്ങൾക്കു കഴിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഏതാണ്ട് പൂർണ്ണമായും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്ന രാജ്യങ്ങൾ ധൈര്യപൂർവം സ്വദേശിവൽക്കരണത്തിനു മുന്നിട്ടിറങ്ങിയത്. ഉന്നത വിദ്യാഭ്യാസം നേടിയ സ്വദേശികൾ ആവശ്യത്തിനുണ്ട് എന്ന ധൈര്യം മാത്രമല്ല, പണിയടുക്കണം എന്ന ഒരു സന്ദേശവും കൂടി സ്വദേശികൾക്കായി ഭരണാധികാരികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പക്ഷേ ഗൾഫ് രാജ്യങ്ങൾ പൂർണ്ണമായും നൗറു ഇഫക്ടിൽനിന്നും മോചിതമല്ല. അലസ ജിവിതവും ഭക്ഷണക്രമത്തിലെ വ്യതിയാനവും ഗൾഫ് പൗരന്മാരേയും ബാധിച്ചിട്ടുണ്ട്. പൊണ്ണത്തടി ഗൾഫിലും ഇന്നൊരു പ്രശ്‌നമാണ്. സൗദി അറേബ്യയിൽ 66 ശതമാനം പുരുഷന്മാർക്കും 71 ശതമാനം സ്ത്രീകൾക്കും അമിതഭാരമുണ്ട്. കുവൈറ്റിൽ ഇത് യഥാക്രമം 74-ഉും 77-ഉം ശതമാനമാണ്. അബുദാബിയിൽ 30 ശതമാനം സ്‌കൂൾകുട്ടികളും പൊണ്ണത്തടിയന്മാരാണന്ന് ഒരു സമീപകാല പഠനം തെളിയിക്കുന്നു.

burger king_gulfഗൾഫ് സർക്കാരുകൾ ഇതിനെ ഗൗരവപൂർവമായിത്തന്നെ കണക്കാക്കുന്നുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ പ്രോൽസാഹന സമ്മാനങ്ങളുമായിട്ടാണ് ആദ്യഘട്ട പ്രചരണം. കുറയുന്ന ഒരോ കിലോഗ്രാമിനും ഓരോ ഗ്രാം സ്വർണ്ണമാണ് ദുബായ് മുൻസിപ്പാലിറ്റി തങ്ങളുടെ പൗരന്മാർക്ക് വാഗ്ദാനം ചെയ്തത്. അറുനൂറു കിലോഗ്രാമിലധികം ഭാരമുള്ള ഒരു സൗദി പൗരനെ രാജാവിന്റെ കല്പനപ്രകാരം ആശുപത്രിയിലാക്കിയത് കഴിഞ്ഞ വർഷമാണ്. ഭാരം കുറയുന്നതുവരെ സൗദി രാജാവിന്റെ ചിലവിൽ ചികിൽസ. ഫലത്തിൽ വീട്ടുതടങ്കൽതന്നെ.

കേരളത്തിനും നൗറുവിന്റെ ദുരന്തത്തിൽനിന്നും പാഠം ഉൾക്കൊള്ളാനുണ്ട്. ഇവിടെയും ഭക്ഷണക്രമം താളം തെറ്റിയിരിക്കുന്നു. കൂണുപോലെ മുളയ്ക്കുന്ന ബേക്കറികളും ബേക്കറി സാധനങ്ങൾ വിൽക്കുന്ന കടകളും ഇതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അതിന്റെ പ്രത്യാഘാതങ്ങൾ പഠനവിധേയമായിട്ടില്ലന്നുമാത്രം. ഒരർത്ഥത്തിൽ ബാറുകളല്ല, നാടുമുഴുവൻ നിറയുന്ന ബേക്കറികളും ഭക്ഷണശാലകളുമാണ് കേരളത്തിന്റെ ആരോഗ്യം അപകടത്തിലാണെന്നതിന്റെ പ്രത്യക്ഷലക്ഷണം.

അതിനേക്കാൾ ഉപരി, കേരളത്തിന്റെ സാമ്പത്തിക ചക്രം മുഴുവൻ തിരിയുന്നത് വിദേശ മലയാളികൾ അയയ്ക്കുന്ന പണത്തിനു ചുറ്റുമാണ്. അതിൽ ഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളിൽനിന്നാണുതാനും. ഒരു സുപ്രഭാതത്തിൽ അത് ഇല്ലാതായാൽ പ്രവാസി മലയാളികളുടെ ആശ്രിതരെ മാത്രമല്ല അത് ബാധിക്കുക. മറിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖല മുഴുവൻ നിശ്ചലമാകും. ഇതര വരുമാന മാർഗ്ഗങ്ങൾ കേരളത്തിൽ ഏതാണ്ട് വട്ടപ്പൂജ്യമാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഗൾഫ് മാത്രമല്ല, കേരളവും സാമ്പത്തികമായി നൗറു എഫക്ടിന്റെ പിടിയിലാകും

ഒരു സമാധാനമുള്ളത് പ്രവാസി മലയാളിയുടെ പണത്തിൽ ഭൂരിപക്ഷവും ബാങ്കുകളിലുണ്ട് എന്നതാണ്. ആട്-തേക്ക്-മാഞ്ചിയം, ടോട്ടൽഫോർയു ഇത്യാദിയിൽ അലിഞ്ഞു പോയതും, റിയൽ എസ്റ്റേറ്റിൽ ഇന്നു പൊഴിഞ്ഞുകൊണ്ടിരിക്കുന്നതും ഒഴികെ മലയാളി ആകെ ചിലവാക്കിയത് അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തിനും ആഡംബര വീടുകൾക്കും മാത്രമാണ്. അവരല്ല, ഇത്തരമൊരവസ്ഥയിൽ സംസ്ഥാനമാണ് നിലനിൽപ്പിനായി സമാന്തര സാമ്പത്തിക ശ്രോതസുകൾ നാളത്തേയ്ക്കായി കണ്ടത്തേണ്ടിവരുന്നത്.

വാൽക്കഷണം - ക്ഷേമരാഷ്ട്രം ഒരു മികച്ച സങ്കല്പമാണ്. വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളും, തൊഴിലെടുക്കാനുള്ള അന്തരീക്ഷവും, സാമൂഹിക നീതിയും സുരക്ഷയുമാണ് സർക്കാരുകൾ ഉറപ്പാക്കേണ്ടത്. പകരം ഇന്ന് സൗജന്യങ്ങൾ വാരിവിതറാനുള്ള തത്രപ്പാടിലും മത്സരത്തിലുമാണ് സർക്കാരുകൾ. പക്ഷേ രാഷ്ട്രീയമായോ ഇതര കാരണങ്ങളാണോ സർവ ജീവനോപാധികളും സൗജന്യമായി നൽകുന്ന സർക്കാരുകൾ യഥാർത്ഥത്തിൽ സ്വന്തം ജനങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. തൊഴിലെടുക്കാത്ത, അലസത കൈമുതലാക്കിയ തലമുറകളാണ് ഇവിടെ വാർത്ത് എടുക്കപ്പെടുന്നത്. വാരിക്കോരി സൗജന്യങ്ങൾ നൽകുന്ന പല സംസ്ഥാനങ്ങളും ഇത് അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത തലമുറയിൽ ഇതു വീണ്ടും രൂക്ഷമാകും. അപ്പോഴേ നൗറു എഫക്ടിന്റെ രൂക്ഷത ബോദ്ധ്യമാവു. അമേരിക്ക പോലുള്ള മത്സരാധിഷ്ഠിത രാജ്യങ്ങളിൽപ്പോലും തോഴിലില്ലായ്മ വേതനം വെട്ടിച്ച് പണിയെടുക്കാതെ കഴിയുന്നവർ ധാരാളമുണ്ട്. അവരുടെ സ്ഥാനത്ത് സൗജന്യമായി ലഭിക്കുന്ന ജീവനോപാധികൾ മറിച്ചുവിറ്റ് അടിച്ചുപൊളിക്കുന്നവരാണ് ഇന്ത്യയിലെ സൗജന്യ സംസ്ഥാനങ്ങളിൽ ഉടലെടുത്തുവരുന്നത് എന്നു മാത്രം!
(സാമൂഹ്യനീതി മാസിക, ഓഗസ്റ്റ് 2016)