ആകാശപ്പറവക്ക് ഗോവിന്ദചാമിയുമായി ബന്ധമില്ല; അന്തേവാസികളെ ചികിത്സിക്കുന്ന വകയില്‍ ലക്ഷങ്ങള്‍ കടബാധ്യതയുള്ള ആശ്രമം: നാരദ ന്യൂസ് അന്വേഷണം

കേരളത്തിലെ ഏറ്റവും വലിയതും ഇന്ത്യയില്‍ ഏറ്റവും ആദ്യം സ്ഥാപിച്ചതുമായ ആകാശപ്പറവകളുടെ കേന്ദ്രമായ 'ദിവ്യഹൃദയാശ്രമ'ത്തിലാണ് നാരദ ന്യൂസ് എത്തിയത്. തൃശൂര്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂറോളം സമയം യാത്ര ചെയ്താല്‍ ഇവിടെ എത്താം. മാന്ദാംമംഗലത്തു നിന്നും മൂന്നുകിലോമീറ്റര്‍ ദൂരം പിന്നെ ബസ്സുകളൊന്നും സഞ്ചരിക്കാത്ത ചെന്നായപ്പാറയില്‍ പതിമൂന്നരയേക്കര്‍ വരുന്ന സ്ഥലത്ത് ആകാശപ്പറവകളുടെ ദിവ്യഹൃദയാശ്രമമുള്ളത്.

ആകാശപ്പറവക്ക് ഗോവിന്ദചാമിയുമായി ബന്ധമില്ല; അന്തേവാസികളെ ചികിത്സിക്കുന്ന വകയില്‍ ലക്ഷങ്ങള്‍ കടബാധ്യതയുള്ള ആശ്രമം: നാരദ ന്യൂസ് അന്വേഷണം

തൃശൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ചില മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന പേരാണ് ' ആകാശപ്പറവകള്‍'. സൗമ്യയെ കൊലപ്പെടുത്തുന്നതിന് നാലു വര്‍ഷം മുമ്പ് കോയമ്പത്തൂരിലുള്ള ആകാശപ്പറവകളുടെ കേന്ദ്രത്തില്‍ വച്ചു  ഗോവിന്ദച്ചാമി മതം മാറി ചാര്‍ലി തോമസ് എന്ന പേരില്‍ ക്രിസ്ത്യാനിയായെന്നും ജയിലിലായ ചാര്‍ലി തോമസ് എന്ന ഗോവിന്ദച്ചാമിക്ക് വേണ്ടി കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് നടത്തി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആകാശപ്പറവകള്‍ എന്ന സംഘടനയാണെന്നുമായിരുന്നു ആരോപണം. ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താന്‍ ബിഎ ആളൂര്‍ എന്ന വക്കീലിന് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയെന്നും മാധ്യമങ്ങള്‍ ഇത് പൂഴ്ത്തി വച്ചിരിക്കുകയാണെന്നും മറ്റും ആരോപിച്ച് നവമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ദിവസങ്ങളായി നടന്നു വന്നിരുന്നത്.


ഈ അവസരത്തില്‍ ഇതിന്റെ  സത്യവസ്ഥ അറിയാന്‍  നാരദാ ന്യൂസ് അന്വേഷണം നടത്തി.

കേരളത്തിലെ ഏറ്റവും വലിയതും ഇന്ത്യയില്‍ ഏറ്റവും ആദ്യം സ്ഥാപിച്ചതുമായ ആകാശപ്പറവകളുടെ കേന്ദ്രമായ 'ദിവ്യഹൃദയാശ്രമ'ത്തിലാണ് നാരദാ ന്യൂസ് എത്തിയത്. തൃശൂര്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂറോളം സമയം യാത്ര ചെയ്താല്‍ ഇവിടെ എത്താം. മാന്ദാംമംഗലത്തു നിന്നും മൂന്നുകിലോമീറ്റര്‍ ദൂരം പിന്നെ ബസ്സുകളൊന്നും സഞ്ചരിക്കാത്ത ചെന്നായപ്പാറയില്‍ പതിമ്മൂന്നരയേക്കര്‍ വരുന്ന സ്ഥലത്ത്  ആകാശപ്പറവകളുടെ ദിവ്യഹൃദയാശ്രമമുള്ളത്. ആശ്രമം എന്നാണ് വിളിക്കുന്നതെങ്കിലും ചെന്നു കണ്ടാല്‍ ഒരു ആശുപത്രിയിലോ അനാഥ മന്ദിരത്തിലോ എത്തിയ പോലെയാണ് തോന്നുക. കാരണം  അതിനകത്ത് താമസിക്കുന്നവരെല്ലാം ഉറ്റവരും ഉടയവരുമില്ലാത്തവരാണ്.  രോഗികളാണ് അധികവും.

ഒരു വയസുള്ള റുബീന മുതല്‍ നൂറ്റിനാലു വയസുള്ള സ്ത്രീ വരെ ആകെ 372 പേരാണ് അവിടെ താമസിക്കുന്നത്. ഒരു വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള പത്ത് കുട്ടികള്‍, അമ്പത്തി രണ്ട് ആണ്‍കുട്ടികള്‍, നൂറ്റിരണ്ട് പെണ്‍കുട്ടികള്‍, തൊണ്ണൂറ്റിയഞ്ച് പുരുഷന്‍മാര്‍, 186 സ്ത്രീകള്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍  'അമ്മച്ചിമാര്‍' എന്നിവരാണ് ഈ പറമ്പിനകത്ത്  വിവിധ കെട്ടിടങ്ങളിലായി താമസിക്കുന്നത്.

ആശ്രമവളപ്പില്‍ സ്ഥിതി ചെയ്യുന്ന മദര്‍ തെരേസയുടെ ചില്ലുകൂട്ടില്‍ സ്ഥാപിച്ച പ്രതിമയും ഒരു പള്ളിയും ഒഴിച്ചാല്‍ ബാക്കിയെല്ലാം അന്തേവാസികള്‍ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലങ്ങള്‍. 1994 ജനുവരി 18 ന് ഫാദര്‍ ജോര്‍ജ് കുറ്റിക്കല്‍ ആശ്രമം സ്ഥാപിക്കുമ്പോള്‍ 30 ഓളം അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇതിനകം ഇവിടെ വളര്‍ന്ന 16 പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു. രണ്ട് ആണ്‍കുട്ടികളും വിവാഹം കഴിച്ചു. കുട്ടികളില്‍ കുറെ  പേര്‍ വിവിധ കോഴ്സുകള്‍ പഠിച്ച് പല സ്ഥലത്തായി ജോലി ചെയ്യുന്നവരുണ്ട്. 35 കുട്ടികള്‍ ഇപ്പോള്‍ പുറത്ത് വിവിധ കോളേജുകളിലായി പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിച്ചു വരുന്നുണ്ട്. ബി.ടെക്, ബി.ഡി.എസ്, ബി.എസ്.സി നഴ്‌സിംഗ് തുടങ്ങിയ കോഴ്സുകളാണ് കുട്ടികള്‍ പഠിക്കുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത ആരോഗ്യമുള്ള ചിലരും ഇവിടെ താമസിക്കുന്നുണ്ട്. അവര്‍ പുറത്ത് ജോലിക്ക് പോയാല്‍ വൈകീട്ട് തിരിച്ചെത്തും. ചിലര്‍ ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്ത് അവധി ദിവസങ്ങളില്‍ ഇവിടേക്ക് തിരിച്ചു വരും. ഇവിടെ വന്ന ഒരാളുടെ ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പണം മുടക്കുന്നത് ആശ്രമമാണ്. വന്നാല്‍ ജീവിത കാലം മുഴുവന്‍ സംരക്ഷിക്കാം എന്ന നിലയിലാണ് ഏറ്റെടുക്കുന്നത്. സ്വയം പര്യാപ്തത നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ചിലര്‍ പോയാലും ആശ്രമവുമായി ബന്ധം പുലര്‍ത്താറുണ്ട്.

ആശ്രമ വളപ്പില്‍ സന്ദര്‍ശകരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഇപ്പോഴത്തെ ഡയറക്ടറായ ജോര്‍ജ് കണ്ണന്‍ പ്ലാക്കല്‍ ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. രജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ ഇതാണെങ്കിലും മറ്റു പേരില്‍ രജിസ്ട്രര്‍ ചെയ്ത് ആകാശപ്പറവകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാവാമെന്നും അതിനെ കുറിച്ച് പറയാന്‍ കഴിയില്ലെന്നും ഫാദര്‍ കണ്ണന്‍ പ്ലാക്കല്‍ ആദ്യമെ പറഞ്ഞു.

birds-of-air-3

എന്താണ് ആകാശപ്പറവകള്‍?

'ഫ്രന്റ്സ് ഓഫ് ദി ബേര്‍ഡ്സ് ഓഫ് ദി എയര്‍' എന്ന  ഞങ്ങളുടെ രജിസ്ട്രേര്‍ഡ് ട്രസ്റ്റിന്റെ പേരാണിത്. ഞങ്ങള്‍ മാത്രമേ രജിസ്ട്രര്‍ ചെയ്തിട്ടുള്ളുവെങ്കിലും ഇതു പോലെ സമാനമായ പ്രവര്‍ത്തനം നടത്തുന്ന പലരും ഈ പേര് ഉപയോഗിക്കാറുണ്ട്. ഞങ്ങള്‍ ചെയ്യുന്നതു പോലെ ഏതെങ്കിലും വിഭാഗത്തില്‍ പെട്ടവരെ സംരക്ഷിക്കുന്ന സുരക്ഷിത കേന്ദ്രങ്ങള്‍ നടത്തുന്നവരും ഈ പേര് ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇവര്‍ക്കെല്ലാം ഞങ്ങളുമായി ഒരു ബന്ധമുണ്ട്. ഇങ്ങിനെയുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളും ആ പ്രദേശത്തെ നാട്ടുകാര്‍ തുടങ്ങുന്നതോ ആ പ്രദേശത്തെ കന്യാസ്ത്രീകളോ, വൈദികരോ തുടങ്ങുന്നതോ ആണ്.

എവിടെയൊക്കെ ആകാശപ്പറവകള്‍ ഉണ്ട്?

കേരളത്തില്‍ ഇവിടെയാണ് ആദ്യമായി സ്ഥാപിച്ചത്. പിന്നെ ബ്രാഞ്ചായി ചെങ്ങാനല്ലൂര്‍ ഉണ്ട്. അവിടെ മാനസിക രോഗികളായ 20 പുരുഷന്‍മാര്‍ താമസിക്കുന്നു. പിന്നെ കനകമല, കൊടകര, മലയാറ്റൂര്‍, കുറുമാലി എന്നിവിടങ്ങളില്‍. പിന്നെ നേരിട്ടല്ലാതെ നേരത്തേ പറഞ്ഞ പോലെ വൈദികരോ നാട്ടുകാരോ ഒക്കെ ചേര്‍ന്നു തുടങ്ങിയ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഒട്ടാകെ 124 എണ്ണമുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആകാശപ്പറവക്ക് ആശ്രമമുണ്ടോ?

കോഴിക്കോട് ജില്ലയില്‍ ഇല്ല. ആകാശപ്പറവയുമായി ബന്ധമുണ്ടെന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ചില പത്രങ്ങളോട് സംസാരിച്ച ആളുമായി ആകാശപ്പറവക്ക് ഒരു ബന്ധവുമില്ല. അങ്ങിനെയുള്ള ഒരാള്‍ യഥാര്‍ത്ഥ ആകാശപ്പറവകള്‍ എന്ന സംഘടനയില്‍ പെട്ടതല്ല. അയാളെ കുറിച്ച് അന്വേഷിക്കേണ്ടതാണ്. കോയമ്പത്തൂരിലും ആകാശപ്പറവക്ക് സ്ഥാപനങ്ങളില്ല.

ഗോവിന്ദച്ചാമിയുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്ന വാര്‍ത്തകളിലെ നിജസ്ഥിതി എന്താണ് ?

വളരെ വിചിത്രമായ ഒരു കഥയാണ് ഇപ്പോള്‍ ഗോവിന്ദച്ചാമിയുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്നത്. ഇവിടത്തെ ഒരു ദിവസത്തെ ചെലവിന് തന്നെ നാല്‍പ്പതിനായിരം രൂപ വേണം. മരുന്ന് , ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ ഭാരിച്ച ചെലവുകളാണുള്ളത്. ഇതിന് തന്നെ വഴിയില്ലാതെ വിഷമിക്കുകയാണ്. പത്ത് ലക്ഷം രൂപക്ക് മുകളില്‍ അമല ഹോസ്പ്പിറ്റലില്‍ അടയ്ക്കാനുണ്ട്. അവര്‍ പലതവണ വിളിച്ചു. പല വ്യക്തികളുടെ കയ്യില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയ പണം കടയില്‍ ബാലന്‍സ് അടയ്ക്കണം. കണക്കുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇങ്ങിനെയുള്ളപ്പോള്‍ ഗോവിന്ദച്ചാമിയെ പോലുള്ളവരെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ കൊടുത്തിട്ട് പണം കൊടുക്കാനുള്ളവരുടെ മുന്നില്‍ എന്തിന് ഞങ്ങള്‍ നാണം കെടണം?

birds-of-air-1

അപ്പോള്‍ എങ്ങിനെയാണ് ഇതിന്റെ ചെലവിന് പണം കണ്ടെത്തുന്നത്?

അത് ഈ പ്രവര്‍ത്തനങ്ങളെ പറ്റിയെല്ലാം അറിഞ്ഞ നാട്ടുകാര്‍ ഇങ്ങോട്ട് എത്തിക്കുന്നതാണ്. ഇവിടെ എത്തുന്ന പണം സാധാരണക്കാരന്റെ വിയര്‍പ്പാണ്. കോടീശ്വരന്‍മാര്‍ ചെലവാക്കാതെയിരിക്കുന്ന പണം കെട്ടുകളാക്കി ഇങ്ങോട്ട് അയക്കുന്നില്ല. പണത്തിനായി ഞങ്ങള്‍ ആരേയും സമീപിക്കാറില്ല. രശീത് ബുക്കുകള്‍ വച്ച് പിരിക്കുന്നില്ല. വിദേശ ഫണ്ടും വരുന്നില്ല. പക്ഷെ ഇങ്ങിനെ എത്തുന്ന പണം മതിയാകാത്തതു കൊണ്ടാണ് നിത്യ ചെലവിന് പോലും പണമില്ലാതെ വിഷമിക്കുന്നത്.

[caption id="attachment_43868" align="alignleft" width="246"]ഫാ. കണ്ണന്‍ പ്ലാക്കല്‍ ഫാ. കണ്ണന്‍ പ്ലാക്കല്‍[/caption]

ഒന്നുമില്ലാതെ ഗോവിന്ദചാമിയെ സഹായിക്കുന്ന ആരോപണം എങ്ങിനെ വന്നു, മറ്റൊരു സംഘടനക്കും ഇതു കേള്‍ക്കേണ്ടി വന്നില്ലല്ലോ?


സൗമ്യ കൊല്ലപ്പെട്ട നാളുകളില്‍ 2011 ല്‍ ഈ സ്ഥാപനം തുടങ്ങിയ ജോര്‍ജ് കുറ്റിക്കല്‍ അച്ചനും കുറച്ച് വളണ്ടിയര്‍മാരും ചേര്‍ന്ന് ഷൊര്‍ണൂരില്‍ ഒരു ശാന്തിയാത്ര നടത്തിയിരുന്നു. ഇനിയൊരു സൗമ്യയും ഉണ്ടാകരുത് എന്ന് എഴുതിയ ബാനറും പിടിച്ചിരുന്നു. അവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് അത് ചെയ്തത്. വീട്ടില്‍ പോയി രണ്ടു ദിവസം മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ആ നേരത്ത് ചില മാദ്ധ്യമങ്ങള്‍ സംശയത്തിന്റെ നിഴല്‍ ചാര്‍ത്തി അന്നു തന്നെ വാര്‍ത്തകള്‍ ചമച്ചിരുന്നു. ആ ഒരു കാരണമാകാം ഇതിലേക്ക് നയിച്ചത്.

നാട്ടില്‍ ഒരുപാട് ദുരന്തങ്ങള്‍ നടന്നിട്ടും മറ്റൊരിടത്തും ചെയ്യാത്ത കാര്യം എന്തിനാണ് സൗമ്യയുടെ കാര്യത്തില്‍ ചെയ്തത്?

നാട്ടില്‍ സൗമ്യയേക്കാള്‍, ദില്ലിയിലെ നിര്‍ഭയ പെണ്‍കുട്ടിക്ക് നേരിട്ടതിനെക്കാള്‍ വലിയ ക്രൂരസംഭവങ്ങള്‍ നടന്നിട്ടും അതിനൊന്നും നല്‍കാത്ത ശ്രദ്ധ എന്തിനാണ് മാദ്ധ്യമങ്ങള്‍ ഈ വിഷയത്തില്‍ നല്‍കിയത്?  മാദ്ധ്യമശ്രദ്ധ കാരണം ഇടപെട്ടുപോയി എന്നും പറയാം.

കോഴിക്കോട് ആകാശപ്പറവകള്‍ക്ക് ശാഖകളില്ലെന്ന് പറഞ്ഞു, അവിടെ നിന്ന് ആകാശപ്പറവകളുടെ വക്താവായി സംസാരിച്ച ആള്‍ക്ക് ആകാശപ്പറവയുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. അപ്പോള്‍ താങ്കള്‍ പോലും അറിയാതെ പല സ്ഥലങ്ങളിലും ആകാശപ്പറവകള്‍ എന്ന പേരില്‍ സംഘടനകള്‍ ഉണ്ടോ?

ഉണ്ടായിരിക്കാം. വേറെ പേരില്‍ രജിസ്ട്രര്‍ ചെയ്ത് ആകാശപ്പറവകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. പക്ഷെ അതിനൊന്നും ഞങ്ങളുമായി ബന്ധമില്ല.

അങ്ങിനെയെങ്കില്‍ നിങ്ങള്‍ പോലും അറിയാത്ത ഏതെങ്കിലും വ്യാജ ആകാശസംഘടനകള്‍ക്കാണോ ഗോവിന്ദച്ചാമിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്?

അതറിയില്ല. പത്രങ്ങള്‍ വഴിയും മറ്റും ചിലര്‍ ഞങ്ങള്‍ക്കെതിരെയാണ് പ്രചരണം നടത്തിയത്. അവര്‍ പറയുന്ന സംഘടന ഞങ്ങളുടേതല്ല.

birds-of-air-2

എങ്ങിനെയാണ് ആകാശപ്പറവകളിലേക്ക്  ആളുകള്‍ എത്തുന്നത്?  ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഭിക്ഷക്കാരേയും തെരുവില്‍ അലയുന്നവരേയും കൂട്ടിക്കൊണ്ടു വരികയാണോ?


ഞങ്ങളാരും ആരേയും കൂട്ടിക്കൊണ്ടു വരുന്നില്ല. സാമൂഹ്യപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ റെയില്‍വേ സ്റ്റേഷനിലോ തെരുവിലോ ഉപേക്ഷിക്കപ്പെട്ടവരെ കൂട്ടിക്കൊണ്ടു വരികയാണ്. കുട്ടികളാണെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി സ്വയം പര്യാപ്തരാകുന്നത് വരെ സംരക്ഷിക്കും. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കും. മറ്റൊരു സാധ്യതയും ഇല്ലാത്തവരെ ജീവിത കാലം മുഴുവന്‍ സംരക്ഷിക്കും. മാനസിക വിഭ്രാന്തിയിലും മറ്റും പെട്ടു വരുന്നവര്‍ക്ക് രോഗം മാറിയാല്‍ അവരുടെ വീടു കണ്ടെത്തി തിരിച്ചയക്കും.

ഇവിടെ മതം മാറ്റുന്നുണ്ടെന്ന പ്രചരണത്തിന് അടിസ്ഥാനമുണ്ടോ?

വളരെ വിചിത്രമായ പ്രചരണമാണിത്. ഇവിടെ ഏത് മതത്തില്‍ നിന്നു വന്നവരാണോ ആ മതത്തില്‍ തന്നെ നിലനിര്‍ത്തും. അവനവന്‍ വിശ്വസിക്കുന്ന മതത്തില്‍ നിന്നാല്‍ തന്നെ സത്യത്തിലേക്ക് എത്താം. പിന്നെന്തിന് മതം മാറണം? അതുകൊണ്ട് ഇവിടെ ആരെങ്കിലും ആവശ്യപ്പെട്ടാലും മതം മാറ്റാറില്ല. അല്ലാഹുവെന്ന് വിളിച്ചാലും കൃഷ്ണന്‍ എന്നു വിളിച്ചാലും ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് എത്തുക. ഇവിടെ വളര്‍ന്നു വരുന്ന കുട്ടികള്‍ പതിനെട്ട് വയസ്സു കഴിഞ്ഞ ശേഷം ക്രിസ്തീയ വിശ്വാസത്തിലേക്ക് മാറണം എന്നു ആവശ്യപ്പെട്ടാല്‍ അത് ബോധ്യപ്പെട്ടാല്‍ അത് ചെയ്യാറുണ്ട്. പിന്നെ എല്ലാവര്‍ക്കും അവരവരുടേതായ രീതിയില്‍ പ്രാര്‍ത്ഥിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും കൂട്ടായി നടത്തുന്ന പ്രാര്‍ത്ഥന ക്രിസ്ത്യന്‍ രീതിയിലാണ്.

Read More >>