'ഓണം' ഐതിഹ്യങ്ങളുടെ കലവറ

അഴിക്കുന്തോറും കുരുക്കുകള്‍ കൂടുന്ന ഒട്ടനവധി കഥകളുടെ വൈവിദ്ധ്യസുന്ദരമായ ഒരു സമാഹാരമാണ് ഓണത്തിന്‍റെ ചരിത്രം. അവയില്‍ ചിലത് വിവരിക്കുന്നു കായംകുളം എം.എസ്.എം കോളേജ് ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന സാഹിത്യകാരന്‍ പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്. മലയാളം ബിരുദാനന്തരബിരുദധാരി കൂടിയാണ് ഇദ്ദേഹം.

പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ് 

പണ്ഡിതന്‍റെയും, പാമരന്‍റെയും കുചേലന്‍റെയും കുബേരന്‍റെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷമാണ് ഓണം. ജാതിമത വേര്‍ത്തിരിവുകള്‍ ഇല്ലാതെ മാനവര്‍ എല്ലാം കൊണ്ടാടുന്ന ഓണത്തെ കുറിച്ച് കേട്ട് പഴകിയതും, ഏറ്റവും അധികം പ്രചരിക്കപ്പെട്ടതുമായ ഐതിഹ്യം മഹാബലി തമ്പുരാനുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ ഓണം എന്ന ആഘോഷവുമായി മറ്റു ചില കഥകളും പുരാണങ്ങളും സജീവമായി നിലനില്‍ക്കുന്നുണ്ട് എന്നറിയാമോ?


ഓണത്തിന്‍റെ ഐതിഹ്യങ്ങളില്‍ പ്രഥമസ്ഥാനം മഹാബലിയുടെ കഥയ്ക്ക്‌ തന്നെ. മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഇല്ല. എ.ഡി. പത്താം നൂറ്റാണ്ടില്‍ ചെന്നെയ്ക്കടുത്തുള്ള മഹാബലിപുരം കേന്ദ്രമാക്കി മഹാബലി ഭരണം നടത്തിയിരുന്നതായി മൈസൂര്‍ ഗസറ്റിയറില്‍ കാണാം.

മഹാബലി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം തൃക്കാക്കരയായിരുന്നു എന്നും ഐതിഹ്യമുണ്ട്. മാവേലിക്കരയ്ക്ക് മഹാബലിയുമായി ബന്ധമുണ്ടെന്നും ഓടനാടായ കായംകുളം പ്രദേശത്തിന് ആ പേര് ലഭിക്കാനുള്ള കാരണം ഓണവുമായുള്ള ബന്ധമാണ് എന്നും പറയപ്പെടുന്നു. ഓണ നാടാണ് ഓടനാടായത് എന്ന് വാദം അങ്ങനെ ഉണ്ടായതാണ്.

ഭരണസിരാകേന്ദ്രം എവിടെയുമായിക്കൊള്ളട്ടെ, മഹാബലിയുടെ സദ്‌ഭരണത്തില്‍ ദേവന്മാര്‍ അസൂയാലുക്കളാവുകയും അങ്ങനെ അവര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതനുസരിച്ച് ദേവദേവന്‍ വാമനനായി രൂപമെടുത്ത്‌ മഹാബലിയെ പാതാളത്തിലെക്ക് ചവിട്ടി താഴ്ത്തിയെന്നും, ആണ്ടിലൊരിക്കല്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയെന്നുമാണ് ഐതിഹ്യം. അതനുസരിച്ച്, വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി എഴുന്നള്ളുന്ന നാളുകളാണ് ഓണം എന്ന് വിശ്വസിക്കാനാണ് സകലമാനവരും ഇഷ്ടപ്പെടുന്നത്.

ബുദ്ധമത സ്വാധീനമാണ് ഓണം

കേരളത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധമത സ്വാധീനമാണ് ഓണാഘോഷം എന്ന് വിശ്വസിക്കുന്ന പണ്ഡിതന്‍മാരുണ്ട്. ഇവരുടെ വാദങ്ങള്‍ക്ക് ഓണക്കോടിയും, ശ്രാവണമാസവുമായിട്ടാണ് ബന്ധം.
ശ്രാവണം എന്ന പേരും അവര്‍ ഇതുമായി ബന്ധപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥ രാജകുമാരന്‌ ബോധോദയം ഉണ്ടായ ശേഷം മഞ്ഞവസ്ത്രം ധരിക്കാന്‍ തുടങ്ങിയത് ശ്രാവണത്തിലെ തിരുവോണ നാളില്‍ ആയിരുന്നത്രേ. ബുദ്ധമതം സ്വീകരിച്ച് ശ്രാവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ശ്രീബുദ്ധന്‍ നല്‍കിയ മഞ്ഞവസ്ത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഓണക്കോടി എന്നും ഇവര്‍ പറയുന്നു.

ഓണവും ചേരമാന്‍ പെരുമാളുമായി എന്താണ് ബന്ധം?

അങ്ങനെയും പറയപ്പെടുന്നു..ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അദ്ദേഹം മക്കയ്ക്ക് പുറപ്പെട്ടുവെന്നും, അതിനായി അദ്ദേഹം യാത്ര തിരിച്ചത് ചിങ്ങമാസത്തിലെ തിരുവോണ ദിവസം ആയിരുന്നുവെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ ദിവസം പുതുവത്സരപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങി എന്നുമാണ് ഈ വാദത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. ഇതാണ് പിന്നീട് ഓണാഘോഷം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

പരശുരാമന്‍റെ സന്ദര്‍ശനമാണ് ഓണംparasurama

ഓണവും പരശുരാമാനുമായി ബന്ധമുണ്ട് എന്ന് പറയുന്നവരുമുണ്ട്‌. കേരളം സൃഷ്ടിച്ചെടുത്ത ശേഷം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരെ വച്ചായിരുന്നത്രേ. എന്നെ കാണണം എന്നുള്ളപ്പോള്‍ നിങ്ങള്‍ എന്നെ സ്മരിക്കുകയെ വേണ്ടു, ഞാന്‍ ഇവിടെ എത്തും എന്ന് അനുഗ്രഹിച്ചായിരുന്നു മുനിയുടെ മടക്കം. ഇത് സത്യമാണോ എന്നറിയാന്‍ ചില ബ്രാഹ്മണര്‍ ഇത് പരീക്ഷിക്കുവാന്‍ നിശ്ചയിച്ചു. അങ്ങനെ വീണ്ടും പ്രത്യക്ഷനായ പരശുരാമന്‍, കാരണമൊന്നുമില്ലാതെ തന്നെ വരുത്തിയതിന് അവരോടു കോപിച്ചു. എന്നാല്‍ തങ്ങളുടെ തെറ്റ് പൊറുക്കണം എന്ന അവരുടെ അപേക്ഷയില്‍ ശാന്തനായ മുനി വര്‍ഷത്തിലൊരിക്കല്‍ താന്‍ സൃഷ്ടിച്ചെടുത്ത നാട് സന്ദര്‍ശിക്കാന്‍ എത്തുമെന്ന് ഉറപ്പ് നല്‍കി മടങ്ങി. ആ ദിവസമാണത്രെ തിരുവോണം.

മലബാറിലെ ഓണം

മലബാറിലെ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം എന്നും സൂചനകള്‍ ഉണ്ട്. വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. വര്‍ഷാവസാനം തിരുവോണ തലേദിവസമാണ് എന്ന് ഇതില്‍ പരാമര്‍ശിക്കുന്നു.

പ്രാചീന ചരിത്രശാസ്ത്രത്തില്‍ നിന്നും

കേരളത്തില്‍ നിന്നും കണ്ടെടുത്ത പ്രാചീന ചരിത്രശാസ്ത്രങ്ങളിലും ഓണത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. എ.ഡി.ഒമ്പതാം നൂറ്റാണ്ടില്‍ ചേന്നന്‍ കേശവന്‍ എന്നൊരാള്‍ ഓണാഘോഷ ചെലവുകള്‍ക്കായി തിരുവല്ലയ്ക്ക് അടുത്തുള്ള തിരുവാറ്റാ ക്ഷേത്രത്തിലേക്ക് ധാരാളമായി വസ്തുവകകള്‍ വിട്ടുകൊടുത്തു എന്നും രവിവര്‍മ്മന്‍ രാജാവിന്‍റെതെന്ന് കരുതപ്പെടുന്ന 'തിരുവാറ്റാ ശാസനത്തില്‍ 'പറയുന്നു.
'ചേന്തന്‍ ചങ്കരന്‍ ആവണിയോണമാടുവാന്‍ കൊടുത്ത പൂമി'

എന്ന് എ.ഡി പതിനൊന്നാം നൂറ്റാണ്ടിലെ കാലഘട്ടത്തെ പരാമര്‍ശിക്കുന്ന മറ്റൊരു ശാസനത്തിലും കാണുണ്ട്. ഇത് കണ്ടെത്തിയതും തിരുവല്ലയില്‍ നിന്നായിരുന്നു.

വിളവെടുപ്പ് ഉത്സവാഘോഷമാണ് ഓണം

കേരളത്തിലെ വിളവെടുപ്പ് ഉത്സവമാണ് ഓണമെന്ന വിശ്വാസവും ശക്തമാണ്. കര്‍ഷകന്‍റെ അരയും അകവും ഒന്നു പോലെ നിറയുമ്പോള്‍ ഉള്ള സന്തോഷത്തിന്‍റെ ബഹിര്‍ഗമനമാണിത്. ആശ്രിതര്‍, അടിയാളന്മാര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ നാടുവാഴികളെയും ജന്മിമാരെയും സന്ദര്‍ശിച്ചു കാഴ്ചകള്‍ സമര്‍പ്പിക്കുവാനായി തിരുവോണം, വിഷു എന്നീ ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു.

കാര്‍ഷിക വിളവെടുപ്പിന്‍റെ കാലഘട്ടം കൂടിയായതിനാല്‍ കാലക്രമേണ ഈ രണ്ടു ദിവസങ്ങളില്‍ തിരുവോണം കൂടുതല്‍ വിപുലമായി ആഘോഷിക്കപ്പെടുവാന്‍ തുടങ്ങി, ഇന്നത്തെ ഓണാഘോഷമായി രൂപാന്തരപ്പെട്ടതാണെന്ന് ധാരാളം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഓണം കേരളീയരുടേത് മാത്രമാണോ?


അല്ലെന്നാണ് സംഘകാല സാഹിത്യം സാക്ഷ്യപ്പെടുത്തുന്നത്. സംഘസാഹിത്യത്തിലെ പത്തുപാട്ടുകളില്‍ ഒന്നാണ് 'മധുരൈകാഞ്ചി' എ.ഡി.നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ -
"കണങ്കോള്‍ അവുണര്‍ക്കടന്തപോലന്താള്‍
മായോന്‍ മേയ ഓണന്നാള്‍"

എന്ന് കാണാം. രാക്ഷസന്മാരെ അടക്കിയവനും, പൊന്മാലയണിഞ്ഞവനും, കൃഷ്ണവര്‍ണനുമായ വിഷ്ണു വാമനമൂര്‍ത്തിയായി അവതരിച്ച ആ നല്ല നാലാണ് ഓണം എന്നത്രേ കവി വിവരിക്കുന്നത്. തമിഴകം ഓണം കൊണ്ടാടിയിരുന്നത് വാമനജയന്തി നാളിലാണ് എന്നുള്ളതും മേല്‍വിവരിച്ച വാദത്തെ സാധൂകരിക്കുന്നു. മാവേലിമന്നന്‍റെ സന്ദര്‍ശനം എന്ന വീക്ഷണത്തില്‍ നിന്നും അകന്ന്‍, വാമനന്‍റെ ജന്മനാള്‍ എന്ന പ്രാധാന്യമാണ് തമിഴകര്‍ക്ക് ഓണം.

മഹാബലിപ്പെരുമാളിന്‍റെ കല്‍പ്പനയെ തുടര്‍ന്നുണ്ടായ ഓണം

തൃക്കാക്കരക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്‍റെ തിരുനാളായ തിരുവോണദിനം ആഘോഷപ്പൂര്‍വ്വം കൊണ്ടാടണം എന്ന് മഹാബലിപ്പെരുമാള്‍ ഒരു നാള്‍ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. അങ്ങനെയാണ് ഓണമഹോത്സവത്തിന് തുടക്കം കുറിച്ചതെന്ന് മറ്റൊരു ഐതിഹ്യം. പെരുമാളിന്‍റെ കാലാന്തരവും അദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍ കേരളത്തിലെ രാജാക്കന്‍മാര്‍ ഓണനാളില്‍ തൃക്കാക്കരയെത്തിയിരുന്നുവെന്നും, അങ്ങനെ ഓണ നാളിലെ ഈ ആഘോഷം കേരളമെമ്പാടും ആഘോഷിക്കുവാനും തുടങ്ങിയത്രെ.

ഇറാക്കും ഓണവും തമ്മിലെന്ത്?

ഓണത്തിന്‍റെ ആഗമനത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന രസകരമായ മറ്റൊരു വാദം കൂടിയുണ്ട്. ഇന്നത്തെ ഇറാക്കില്‍പെട്ട അസീറിയയില്‍ നിന്നാണ് ഓണാഘോഷംകേരളത്തില്‍ എത്തിയത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അസീറിയ എന്ന വാക്കിന് അസുരന്മാര്‍ എന്ന വാകിനുള്ള സാമ്യം ഇതിന് തെളിവാണ് എന്ന് എന്ന് അവര്‍ സ്ഥാപിക്കുന്നു.

മാവേലിയമ്മ

മഹാബലിയെ സംബന്ധിച്ച് അപൂര്‍വ്വവും രസകരവുമായ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. 'മാവേലിയമ്മ'യാണ് ഇതിലെ നായിക. ഭദ്രകാളിയുടെ പിറവിക്ക് മുന്‍പ്, ഭൂമിയിലെത്തിയ ദേവിയാണ് മാവേലിയമ്മ എന്നാണ് വിശ്വാസം. തിരുവോണദിവസം ഓണസദ്യക്ക് മുന്നില്‍ വിളക്ക് കൊളുത്തി വയ്ക്കുന്നത് ഇതുമായി ബന്ധപ്പെട്ടാണ് എന്നും കരുതുന്നു. കാര്‍ത്തിക നാളില്‍ മണ്‍ചിരാതില്‍ വിളക്ക് കത്തിക്കുന്നതും മാവേലിയമ്മ വരും എന്ന വിശ്വാസത്തിലാണ്.

അന്നത്തെ ദിവസം, മച്ചിങ്ങത്തോടില്‍ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്കെടുത്ത് ഒരു സ്ത്രീ മുന്നിലും രണ്ട് ആണ്‍ക്കുട്ടികള്‍ പിന്നിലുമായി നടന്നു വീടിന് ചുറ്റും മൂന്ന് വലത്ത് വയ്ക്കും. കൂട്ടത്തില്‍ പല വൃക്ഷങ്ങളുടെയും പേര് ചൊല്ലി വിളിച്ചതിന് ശേഷം
"ഒരാണ്ടിലൊരിക്കല്‍ വരുന്ന മാവേലിയമ്മയ്ക്ക് അരിയോ അരി"

എന്ന് വിളിച്ചു പറയും. ഈ മാവേലിയമ്മയെയാണ് പിന്നീട് തെറ്റിദ്ധരിച്ചു മഹാബലിയാക്കിയതെന്നും പറയപ്പെടുന്നു. മഹാബലിത്തമ്പുരാനെ നമ്മള്‍ മാവേലിയെന്നും വിളിക്കാറുണ്ടെല്ലോ.

ഇങ്ങനെ എത്രയെത്ര കഥകള്‍! അഴിക്കുന്തോറും കുരുക്കുകള്‍ കൂടുന്ന ഒട്ടനവധി കഥകളുടെ വൈവിദ്ധ്യസുന്ദരമായ ഒരു സമാഹാരമാണ് ഓണത്തിന്‍റെ ചരിത്രം.

ബഹുവര്‍ണ്ണഭംഗിയോലുന്ന ഇത്തരം കഥാകുസുമങ്ങള്‍കൊണ്ട് തീര്‍ത്ത പൂക്കളാല്‍ അലംകൃതമത്രേ ഓണത്തിന്‍റെ തിരുമുറ്റം.