യാത്രയ്ക്കിടയിലെ ഇബാദത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിട്ടു; ഉപദേശിക്കാന്‍ 'ആങ്ങളമാരും' എത്തി

സ്ത്രീകള്‍ വഴിയരികിലും മലമുകളിലും നിസ്‌കരിക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും അവര്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും നല്ല സ്ഥലം അവരുടെ വീടുകള്‍ തന്നെയാണെന്നുമാണ് ആങ്ങളമാരുടെ ഉപദേശം.

യാത്രയ്ക്കിടയിലെ ഇബാദത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിട്ടു; ഉപദേശിക്കാന്‍

യാത്രക്കിടയിലെ നമസ്‌കാരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വിമര്‍ശന പ്രവാഹം. റാഫിയ ഷെറിന്‍ എന്ന പെണ്‍കുട്ടിയാണ് യാത്രക്കിടയില്‍ നമസ്‌കരിച്ചതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ മൂന്നിന് ചെയ്ത പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍.

'പടച്ചോന്റെ ലൈക്കും കമന്റും പ്രതീക്ഷിച്ചാണ് നിസ്‌കരിച്ചതെങ്കില്‍ അത് ഇതോടെ തീര്‍ന്നു' എന്ന തരത്തിലാണ് ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍. ഇതോടൊപ്പം റാഫിയയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് പോസ്റ്റിന് താഴെ നടക്കുന്നത്.


'യാത്രകള്‍ ആഘോഷങ്ങള്‍ക്കപ്പുറത്ത് ആത്മാന്വേഷനങ്ങളായി മാറിയിട്ട് ഒരുപാടായി.ആ നിലക്ക് ഓരോ യാത്രകളും ഓരോരോ അനുഭവലോകങ്ങള്‍ ആണ് നല്കാറുള്ളത്. ചില യാത്രകള്‍ ഇതിനൊക്കെ അപ്പുറം ചില പ്രഖ്യാപനങ്ങള്‍കൂടിയാണ്.ഇന്ന് മലമ്പാതയുടെ ഓരോ മടക്കും ചവിട്ടി കയറിയപ്പോഴും, മലയുടെ ഉച്ചിയില്‍ സുജൂദില്‍ വീണപ്പോഴും ഏകത്വം അംഗീകരിച്ച് ചൂണ്ടു വിരല്‍ ഉയര്‍ത്തി പിടിച്ചപ്പോഴും അതിനപ്പുറമുള്ള വിലക്കുകളെ മറികടന്നതിന്റെയും അതിനാവുന്നതിന്റെയും ആഹ്ലാദവും അഭിമാനവും ഉണ്ടായിരുന്നു..'എന്നായിരുന്നു റാഫിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആത്മീയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്ന രീതിയിലാണ് പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ അധികവും. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതരത്തില്‍ ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് നല്ലതാണെന്ന് റാഫിയയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

fb-post-1നമസ്‌കാര ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇതിന് മുമ്പും പലരും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കുറേ പെണ്‍കുട്ടികള്‍ പാറപ്പുറത്ത് നിന്ന് നിസ്‌കരിക്കുന്നതും അത് ഒരു പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതുമാണ് പലരേയും ചൊടിപ്പിച്ചതെന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. പെണ്‍കുട്ടികള്‍ നിസ്‌കരിക്കുന്ന ചിത്രം എടുത്തതും ഒരു പെണ്‍കുട്ടിയായിരിക്കുമല്ലോ, ഫോട്ടോ എടുത്ത പെണ്‍കുട്ടിക്ക് 'ഇബാദത്ത്' ബാധകമല്ലേ എന്ന് വരെ പോകുന്നു ചില കമന്റുകള്‍.

fb-post-2റാഫിയയക്ക് പകരം ഒരു പുരുഷനാണ് ഇതുപോലൊരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതെങ്കില്‍ കല്ലേറിന് പകരം അഭിനന്ദന പ്രവാഹമായിരുന്നു ലഭിക്കുക എന്ന് റാഫിയയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

സ്ത്രീകള്‍ വഴിയരികിലും മലമുകളിലും നിസ്‌കരിക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും അവര്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും നല്ല സ്ഥലം അവരുടെ വീടുകള്‍ തന്നെയാണെന്നുമാണ് ആങ്ങളമാരുടെ ഉപദേശം.

പെണ്‍കുട്ടികള്‍ നിസ്‌കരിച്ചത് ശരിയായ രീതിയിലല്ല, ഔറത്ത് ശരിയായ രീതിയില്‍ മറച്ചില്ല, ലൈക്ക് കിട്ടാന്‍ ഫോട്ടോ പരസ്യമാക്കിയതിലൂടെ ഇബാദത്തിന്റെ ഫലം ലഭിക്കില്ല തുടങ്ങിയ രീതിയിലാണ് 'സഹോദരീ' വിളിയോടെ ഉപദേശങ്ങളും വിമര്‍ശനങ്ങളും നടക്കുന്നത്.

Read More >>