ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളിരിടുന്ന മലയാളിയുടെ നൊസ്റ്റാള്‍ജിയ; യാക്കോബിന്റെ കാന്താ ഹിറ്റ്‌ചാര്‍ട്ടുകളില്‍

യാക്കോബിന്റെ കാന്ത ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ചന്ദ്രകാന്ത് മാധവന്‍. അനൂപ്‌ കമ്മാരനും ഹരികാന്ത് മോഹന്‍ദാസും ചേര്‍ന്നാണ് മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളിരിടുന്ന മലയാളിയുടെ നൊസ്റ്റാള്‍ജിയ; യാക്കോബിന്റെ കാന്താ ഹിറ്റ്‌ചാര്‍ട്ടുകളില്‍

(തയ്യാറാക്കിയത്: അനീഷ്‌ ലാല്‍/ അനന്ദ ഗോപന്‍)

'പൂര'മെന്നു പറയുന്നത് മലയാളിയുടെ നൊസ്റ്റാള്‍ജിയയാണ്. തൃശൂര്‍ പൂരത്തില്‍ തുടങ്ങി ഒട്ടനവധി പൂരങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ അങ്ങോളം ഇങ്ങോളമുണ്ട്. പൂരങ്ങളുടെ നാടായ തൃശൂരിലെത്തി പഴയ ഓര്‍മ്മകള്‍ക്ക് തിരി കൊളുത്താന്‍ ശ്രമിക്കുന്നൊരു പഴയ മനസ്സിന് വഴി കാട്ടാന്‍ ശ്രമിക്കുകയാണ് യാക്കോബിന്റെ കാന്ത.

അരുണ്‍ കുഞ്ഞുണ്ണി തന്റെ അച്ഛനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഈ സംഗീത ആല്‍ബം യുട്യൂബിന്റെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.  വേഗത്തിലുള്ള സംഗീതം കൊണ്ട് ഈ ആല്‍ബം കാതുകള്‍ക്ക് കുളിര്‍മ്മയും കണ്ണുകള്‍ക്ക് പൂരത്തിന്റെ നൊസ്റ്റാള്‍ജിയയും പകര്‍ന്നു നല്‍കുന്നു.


യാക്കോബിന്റെ കാന്ത ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ചന്ദ്രകാന്ത് മാധവനാണ്. ചിത്രസംയോജനം നിര്‍വഹിച്ചതും ചന്ദ്രകാന്താണ്. അനൂപ്‌ കമ്മാരനും ഹരികാന്ത് മോഹന്‍ദാസും ചേര്‍ന്നാണ് മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വോക്കല്‍സ്: അര്‍ജുന്‍ മുരളിധരന്‍. സംഗീത സംവിധാനം: സിമിയോണ്‍ ജേക്കബ് സാമുവല്‍.

പല കാലഘട്ടങ്ങളിലായി ഒരേ കോളേജില്‍ പഠിച്ചവര്‍ ഒരുവട്ടം കൂടി ഒത്തു ചേര്‍ന്നപ്പോഴാണ് ഈ ഗാനം പിറന്നതെന്നു സംവിധായകന്‍ പറയുന്നു. " തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ എന്‍റെ പിന്‍മുറക്കാരായി വന്നവരാണ് ചന്ദ്രകാന്തും സിമിയോണും ഹരികാന്തുമൊക്കെ. അവരുമായി പങ്കിട്ട ചില അമൂല്യ നിമിഷങ്ങളില്‍ നിന്നുമാണ് ഈ ആല്‍ബം പിറക്കുന്നത്".

"ആഴ്ചയില്‍ അഞ്ച് സിനിമയും ദിവസത്തില്‍ രണ്ടു ഷോര്‍ട്ട് ഫിലിമും റിലീസ് ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇതിന്‍റെ ഇടയിലേക്ക് കണ്ടും കേട്ടും മടുത്ത രീതിയില്‍ ഒന്നും അവതരിപ്പിക്കേണ്ടതില്ലയെന്ന  തീരുമാനം ഞങ്ങള്‍ ആദ്യമേ എടുത്തിരുന്നു. അവിടെ നിന്നും മൂന്ന്‍ ദിവസം കൊണ്ട് ഞങ്ങള്‍ ചെയ്ത ദൃശ്യാവിഷ്ക്കാരമാണിത്." അരുണ്‍ കൂട്ടിചേര്‍ക്കുന്നു.

ഈ കഴിഞ്ഞ തിരുവോണ ദിവസം പുറത്തിറങ്ങിയ ഈ ഗാനം സംവിധായകന്‍ അരുണ്‍ തന്റെ അച്ഛന്‍ കുഞ്ഞുണ്ണിക്ക് നല്‍കിയ ഓണ സമ്മാനം കൂടിയാണ്.  പഴയകാല നാടക നടന്‍ കൂടിയായ പിറ്റി കുഞ്ഞുണ്ണി ഇപ്പോഴും തന്റെ തട്ടിലെ ഓര്‍മകള്‍ കാത്തു സൂക്ഷിക്കുന്നു. സ്വന്തം മുഖം സ്ക്രീനില്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്ന അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമായി വേറിട്ട ശൈലിയില്‍ ഒരു സംഗീത ആല്‍ബം ഒരുക്കി മകന്‍ അരുണ്‍ അച്ഛന് സ്നേഹത്തില്‍ പൊതിഞ്ഞ അതിമനോഹരമായയൊരു ഓണ സമ്മാനം തന്നെ നല്‍കിയിരിക്കുന്നുവെന്ന് നിസംശയം പറയാം.

https://youtu.be/hpVpeZG2EsQ

വളരെ കാന്‍ഡിഡായിയാണ് ഈ ആല്‍ബം ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ നടപ്പും സംസാരവുമെല്ലാം അവര്‍ക്ക് മുന്നില്‍ ക്യാമറ ചലിക്കുന്നുണ്ടെന്ന കാര്യത്തെ അവരില്‍ നിന്നും അകറ്റിനിര്‍ത്തി ചിത്രീകരിച്ചതാണ്. തൃശൂര്‍ ജില്ലയിലെ കിഴൂര്‍ എന്നാ സ്വന്തം നാട്ടിലെ പൂരം കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന വയോധികനും അദ്ദേഹത്തിലൂടെ കടന്നു പോകുന്ന നാടും നാട്ടാരും ഓര്‍മ്മകളുമാണ് ഈ ഗാനം പറയുന്ന കഥ.

"ഇതിലെ ഒരു രംഗം പോലും ഞങ്ങള്‍ പ്ലാന്‍ ചെയ്തു എടുത്തിട്ടില്ല, സ്ക്രിപ്റ്റ് ചെയ്തിട്ടില്ല. ഒരു സ്റ്റോറി ബോര്‍ഡ് ഉണ്ടായിട്ടില്ല. അരുണ്‍ ചേട്ടന്റെ അച്ഛന്‍ തന്റെ നാട്ടില്‍ പോയി, പൂരം കണ്ടു, കൂട്ടുകാരോട് സംസാരിച്ചു, ഓര്‍മ്മകളെ താലോലിച്ചു. ഇതെല്ലാം അദ്ദേഹമറിയാതെ ഞങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തു." ആല്‍ബത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ചന്ദ്രകാന്ത് പറയുന്നു.

എഡിറ്റിംഗ് ടാബിലാണ് ആദ്യം ഈ കഥയുണ്ടായത്. കഥയും കഥാപാത്രങ്ങളും സീനുകളും ഒന്നുമില്ലായിരുന്നു. മണിക്കൂറുകള്‍ നീളുന്ന റഷുകളില്‍ നിന്നും  ആവശ്യമായ ഷോട്ടുകള്‍ തിരഞ്ഞെടുത്ത് ഈ കാണുന്ന രീതിയില്‍ മൂന്നര മിനിറ്റ് മ്യൂസിക് വീഡിയോ എഡിറ്റ്‌ ചെയ്ത് പുറത്ത് എത്തിച്ചത് ചന്ദ്രകാന്തിന്റെ മിടുക്കാണ്.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കാന്താ എന്ന ഗാനം  പ്രേക്ഷകര്‍ക്ക് സുപരിച്ചിതമാണ്. പക്ഷെ ഇലക്ട്രോണിക് മ്യൂസികിന്റെ സഹായോതോടുകൂടി അല്‍പ്പം ബീറ്റ്സ് ഒക്കെ ചേര്‍ന്ന് തീര്‍ത്തും വ്യത്യസ്തമായയൊരു ദൃശ്യാനുഭവമാണ് ഈ ആല്‍ബം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

മുന്‍പ്കേട്ട് മറന്ന പാട്ടിനെ കുറിച്ച്നമുക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ കാണും. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളിരിടുന്ന മലയാളിയുടെ നൊസ്റ്റാള്‍ജിയയാണ് കുഞ്ഞുണ്ണി അപ്പുപ്പന്‍ കാണുന്ന കിഴൂരിലെ പൂരം...

Read More >>