കറങ്ങുന്ന കസേരയില്‍ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കറങ്ങുന്ന കസേരയില്‍ ഇരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. നെല്ലാട് ബിയര്‍ പാര്‍ലറിലെ ജീവനക്കാരന്‍ ഇടുക്കി ഉപ്പുതറ സ്വദേശി അജയനെ (37) പാര്‍ലറിലെ പാചകക്കാരന്‍ കുത്തിക്കൊല്ലുകയായിരുന്നു.

കറങ്ങുന്ന കസേരയില്‍ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കോലഞ്ചേരി: കറങ്ങുന്ന കസേരയെ ചൊല്ലിയുളള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. തര്‍ക്കത്തെ തുടര്‍ന്ന് നെല്ലാട് ബിയര്‍ പാര്‍ലറിലെ ജീവനക്കാരന്‍ ഇടുക്കി ഉപ്പുതറ സ്വദേശി അജയനെ (37)പാര്‍ലറിലെ പാചകക്കാരന്‍ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശി ജോയിയെ(59) പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച രാത്രി 10.45നാണ് സംഭവം.

ബിയര്‍ പാര്‍ലറിന് എതിര്‍വശത്തുള്ള ക്വാട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. ബുധനാഴ്ച്ച ബാര്‍ അവധിയായിരുന്നതിനാല്‍ ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ക്വാര്‍ട്ടേഴ്സിലുള്ള കറങ്ങുന്ന കസേരയില്‍ ഇരിക്കാന്‍ അജയന്‍ ജോയിയെ അനുവദിക്കാറില്ലായിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഉറങ്ങിക്കിടക്കുന്ന അജയനെ ജോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചു.  ബാറില്‍ നിന്നും ഇയാള്‍ കത്തിയുമായി നടന്നു വരുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.


സമീപകാലത്ത് പട്ടിമറ്റത്തും സമാന രീതീയിലുള്ള സംഭവം നടന്നിരുന്നു. ജീവഹാനി സംഭവിച്ചില്ലെങ്കിലും കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പോലീസ് ഈ കേസുകളിലെ പ്രതികള്‍ക്കെതിരെ ചുമത്തിയതെന്ന് കുന്നത്തുനാട് സിഐ ജെ കുര്യാക്കോസ് നാരദാ ന്യൂസിനോട് പറഞ്ഞു. മദ്യപിച്ച് അക്രമം ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് പേലീസ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കോലഞ്ചേരിയില്‍ ബാറുകള്‍ കേന്ദ്രീകരിച്ചുള്ള പെട്രോളിങ്ങ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.