അവധിക്കാലം മൂന്നാറിനോട് ചെയ്യുന്നത്; ചെയ്യാൻ പാടില്ലാത്തത്!

സഞ്ചാരികളെ, നിങ്ങൾ മൂന്നാറിന് നൽകുന്നത് എന്താണെന്ന് അറിയാമോ? മൂടൽമഞ്ഞിനും നയനമനോഹരമായ കാഴ്ചകൾക്കുമായി പോകുന്ന സഞ്ചാരികൾ മൂന്നാറിനെ പൂർണ്ണമായും ഇല്ലാതാക്കുകയാണ്. അടുത്ത കുറിഞ്ഞിപ്പൂക്കാലത്തിനുശേഷം മൂന്നാർ കാണുമോ എന്ന സംശയം പോലും ശക്തമാണ്. ജിജോ കുര്യൻ എഴുതുന്നു.

അവധിക്കാലം മൂന്നാറിനോട് ചെയ്യുന്നത്; ചെയ്യാൻ പാടില്ലാത്തത്!

ജിജോ കുര്യൻ

നമ്മുക്ക് ഒരേയൊരു മൂന്നാറേയുള്ളൂ, രണ്ടാമതൊന്നില്ല. അതുകൊണ്ടാണ് സുഹൃത്തേ ഇത് വീണ്ടും വീണ്ടും പറയേണ്ടിവരുന്നത്. ആദ്യം ഈ ഓണക്കാലത്തിൽ തന്നെ തുടങ്ങാം. മൂന്നാറിന്റെ കൊടിയ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കുന്ന സുഹൃത്തിന്റെ തത്സമയ സന്ദേശം: ''മൂന്നാർ ടൗൺ, സമയം രാത്രി 1 മണി. അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ കഴിയാതെ നരകിച്ച് ഒരു ദിവസം. ഭക്ഷണമില്ല, പമ്പുകളിൽ ഇന്ധനമില്ല, താമസിക്കുവാൻ മുറികളില്ല, കാറിൽ നിന്നും പുറത്തിറങ്ങാനാകാതെ ട്രാഫിക്കിൽ പെട്ട് അനങ്ങാൻ വയ്യാതെ.'


മൂന്നാർ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ. ഇനിയൊരു മൂന്നാർ യാത്രയില്ലെന്നും പറഞ്ഞാണ് പലരും ഒന്നും രണ്ടും ദിവസങ്ങൾ വൈകി മടങ്ങിയത്. ഇനി വരുന്നത് ക്രിസ്തുമസ്സ് അവധിക്കാലമാണ്. അന്ന് ഇന്ന് കണ്ടതിലും ഭീകരമായ ആൾത്തിരക്കും ഗതാഗതക്കുരുക്കും നാം കാണും. ഇത് ഓരോ അവധിക്കാലത്തും ആവർത്തിക്കും. ഇനി അടുത്ത കുറിഞ്ഞിപ്പൂക്കാലം 2018ൽ ആണ്. അന്ന് എന്താവും എന്ന് ഊഹിക്കാൻ കൂടിയാവില്ല. വിനോദസഞ്ചാരികളെ എന്താണ് നിങ്ങൾ മൂന്നാറിനോട് ചെയ്യുന്നത് എന്നറിയാൻ നിങ്ങൾക്കും ബാധ്യതയുണ്ട്.

എക്കോ-ടൂറിസം വിനോദസഞ്ചാരമല്ല

Munnar-ecotourismഎക്കോ-ടൂറിസം എന്നാൽ വിനോദസഞ്ചാരമായി തെറ്റിദ്ധരിച്ചാണ് ഓരോ അവധി കിട്ടുമ്പോഴും കൂട്ടത്തോടെ ഈ ഇടുങ്ങിയ മലമുകളിലേക്ക് പലരും കയറുന്നത്. എക്കോ-ടൂറിസത്തെ 'ഉത്തരവാദിത്ത സഞ്ചാരം' (Responsible Tourism) എന്നാണ് ഗവൺമെന്റ് തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഒരു ശരാശരി മലയാളി പുരുഷന്റെ വിനോദസഞ്ചാരം വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ നിന്നും ദൂരെ ഏതെങ്കിലും ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര; യാത്രക്കിടെ വണ്ടിയിൽ ഇരുന്നു സിനിമ കാണുകയും, മദ്യപിക്കുകയും, പ്ലാസ്റ്റിക് വലിച്ചെറിയുകയും, എത്തേണ്ട സ്ഥലമെത്തിയാൽ ഏതെങ്കിലും ഹോട്ടലുകളിൽ തങ്ങി ഇക്കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്യുക എന്നതാണ്.

വാഹനങ്ങൾ വിട്ട് ശാന്തമായി മലയും കാടും കയറുന്നവർക്ക് മാത്രമാണ് മൂന്നാർ എന്തെങ്കിലുമൊക്കെ ഒരുക്കിവെച്ചിട്ടുള്ളത്. അല്ലാത്തവർക്ക് മൂന്നാറിന്റെ കാഴ്ചയും അനുഭവങ്ങളും (തേയിലത്തോട്ടങ്ങൾ, തണുപ്പ്, മലകൾ) ആതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലോ, വയനാടൻ റൂട്ടിലോ, നിലമ്പൂർ-ഗൂഡല്ലൂർ റൂട്ടിലോ, നെല്ലിയാമ്പതി റൂട്ടിലോ, വാഗമൺ വഴിയിലോ ഒക്കെ കിട്ടും. വെറുതെ ഇനിയും ആ മലകളെ വിഷമയമാക്കാൻ, മാലിന്യകൂമ്പാരമാക്കാൻ അവിടെ പോകരുത്. ഇനിയൊരു കുറിഞ്ഞിപ്പൂക്കാലത്തിനപ്പുറം മൂന്നാർ നിലനിൽക്കുമോ എന്ന് പോലും ഭയക്കുന്നു. ഇപ്പോൾ തന്നെ മൂന്നാറിന്റെ താഴ്വാര മേഖലയായ അടിമാലി വേനൽകാലത്ത് എറണാകുളം സിറ്റി പോലെ ചൂടുപിടിക്കുന്നു. പള്ളിവാസൽ-ചിന്നക്കനാൽ പ്രദേശം മുഴുവൻ വൻ ഫ്‌ലാറ്റുകൾ ആണ്. ഫ്‌ലാറ്റിൽ ഇരുന്നു കള്ളുകുടിക്കാൻ എന്തിനാണ് നിങ്ങൾ മൂന്നാറിന് വണ്ടിയും വള്ളവും വിളിച്ച് വരുന്നത്? അത് താഴെ എറണാകുളത്തോ തിരുവനന്തപുരത്തോ ഹോട്ടലുകളുടെ ഏ.സി. മുറിയിൽ ഇരുന്ന് ആകാമല്ലോ.

മാലിന്യമയമാകുന്ന മലകൾ


Munnar-pollutionഗാഡ്‌ഗിൽ-കസ്തൂരിരംഗൻ പ്രശ്‌നം വരുമ്പോൾ ഇടുക്കിക്കാരെ ഒറ്റതിരിഞ്ഞ് ചീത്തവിളിക്കുന്ന എല്ലാവരും അറിയണം, നിങ്ങൾ ഓരോ അവധിക്കാലത്തും ഇടുക്കിക്ക് എന്താണ് സമ്മാനിക്കുന്നതെന്ന്. നിങ്ങളുടെ ഇടുക്കി വിനോദസഞ്ചാരത്തിന്റെ ശേഷിപ്പുകൾ എന്തൊക്കെയെന്ന്. മൂന്നാറിലെ ഹോട്ടൽ-റിസോർട്ടുകളിൽ എത്ര എണ്ണം ഇടുക്കിയുടെ മലമടക്കുകളിൽ താമസിക്കുന്നവന്റെ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അതിൽ ഭൂരിപക്ഷവും വിരലിൽ എണ്ണാവുന്ന ചില രാഷ്രീയക്കാരുടെ തത്പര്യ കക്ഷികളുടെതാണ്. ശേഷം ആയിരക്കണക്കിന് വരുന്ന പള്ളിവാസൽ-ചിന്നക്കനാൽ മേഖലയിലെ റിസോർട്ടുകൾ തിരുവനന്തപുരം മുതൽ കാസർഗോട് വരെയുള്ള ലോറേഞ്ച് മുതലാളിമാരുടെതാണ്. വിദേശമലയാളികൾ അടക്കമുള്ള നിങ്ങൾക്കൊക്കെ വന്ന് താമസിച്ച് പോകാൻ കെട്ടിയിട്ടിരിക്കുന്നവ. അവയുടെ കക്കൂസ്, പ്ലാസ്റ്റിക്ക്, അടുക്കള മാലിന്യങ്ങൾ എവിടെ പോകുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആലോചിച്ച് മെനക്കെടേണ്ടാ നിങ്ങൾ വെള്ളം കുടിക്കുന്ന പെരിയാറിന്റെ കൈവഴികൾ ആയ മുതിരപ്പുഴയാറിൽ ഉണ്ട്, കാല്ലാർകുട്ടി പുഴയിൽ ഉണ്ട്. കല്ലാർകുട്ടിയുടെ ഉത്ഭവസ്ഥാനമായ 'നല്ലതണ്ണി' ഒരുനാൾ ശുദ്ധജലത്തിന്റെ മഹിമ കൊണ്ട് ആ പേര് തമിഴനിൽ നിന്ന് സ്വീകരിച്ചതാണ്. ഇന്ന് 'നല്ലതണ്ണി' മൂന്നാറിന്റെ ഡംപിംഗ് യാർഡ് ആണ് (ചിത്രം കാണുക). (തേയിലത്തോട്ടത്തിന് വേണ്ടി ഗവന്മേന്റ്‌റ് കൊടുത്ത പാട്ടഭൂമി KDHPC എന്ത് അധികാരത്തിൽ പ്രാദേശിക ഭാരണകൂടത്തിന് മാലിന്യപ്പറമ്പായി കൊടുത്തു എന്ന് ചോദിക്കരുത്. അതൊക്കെ ഓരോ ഒത്തുകളികൾ).

Munnar_polutionകാട്ടുമൃഗങ്ങൾ തിന്നും ദുർഗന്ധം വമിച്ചും പുഴയിൽ ഒഴുകിയും താങ്ങാവുന്നതിൽ അപ്പുറത്തായ മാലിന്യത്തിന് എതിരെ ചില പ്രതിക്ഷേധങ്ങൾ ഉണ്ടായപ്പോൾ നല്ലതണ്ണിയിലെ മാലിന്യത്തിന് മേൽ JCB കൊണ്ട് കുറെ മണ്ണ് വെട്ടിയിട്ടു. ഇനി കാലങ്ങൾ അത് മണ്ണിനടിയിൽ കിടന്ന് അഴുക്കായി ഊറിയൂറി വരും.

മാലിന്യസംസ്‌കരണം നടത്താതെ പൊതുവിടത്തിൽ മാലിന്യം നിക്ഷേപിക്കുന്ന 52 സ്ഥാപങ്ങളെക്കുറിച്ച് പരാതി കിട്ടിയിരുന്നു. അതിൽ മുതിരപ്പുഴയാറിൽ കക്കൂസ് മാലിന്യം ഒഴുക്കിയ 17 റിസോർട്ടുകൾക്ക് RDO നോട്ടീസ് കൊടുത്തു. അതിൽ തന്നെ 5 എണ്ണം മാത്രം അടച്ചുപൂട്ടാൻ ഉത്തരവായി. മാലിന്യം പുഴയിൽ മാത്രമല്ല ദരിദ്രകുട്ടികൾ പഠിക്കുന്ന ആംഗല തമിഴ് മീഡിയം സ്‌കൂളിന്റെ മുറ്റത്തും ഒഴുകി ദുർഗന്ധം വമിച്ചപ്പോഴായിരുന്നു നടപടി. പുഴയിൽ മാലിന്യം ഒഴുക്കിക്കൊള്ളാൻ പഞ്ചായത്ത് പ്രസിഡണ്ട് തന്നെയാണ് റിസോർട്ടുകൾക്ക് അനുമതി കൊടുത്തത്. വിഷമിക്കേണ്ടാ, സഞ്ചാരികളെ നിങ്ങളുടെ മലവും മൂത്രവും എച്ചിലും മദ്യക്കുപ്പിയും അല്ലെ, അത് എവിടെയെങ്കിലും തള്ളേണ്ടേ.

Munnar_polution_1രാത്രിയിൽ പോതമേട്ടിലേക്കും കാടിന്റെ ഉള്ളിലേക്കും പോകുന്ന ഓട്ടോകളും ജീപ്പുകളും ഇരുളിന്റെ മറവിൽ തള്ളുന്നത് നിങ്ങളുടെ മാലിന്യം തന്നെയാണ്. പകലിന്റെ വെളിച്ചത്തിൽ അത് തിന്നുന്നത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ആണ് (ചിത്രം കാണുക).

Munnar-polution_wild-lifeമുരളി തുമ്മാരുകുടി ഈ പ്രശ്‌നത്തെക്കുറിച്ചാണ് ഇങ്ങനെ എഴുതിയത്: "മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇതൊന്നും കാണുന്നില്ല. റിസൊർട്ടുകാർ പറയുന്ന പണവും കൊടുത്തു കുപ്പിവെള്ളവും കുടിച്ച് കാഴ്ച്ചകണ്ട് അവർ മലയിറങ്ങുന്നു. അവരുടെ കുപ്പി എവിടെ എത്തുന്നു, മറ്റു മാലിന്യങ്ങൾ എവിടെ എത്തുന്നു, മലം എവിടെ എത്തുന്നു അതൊന്നും അവർക്ക് അറിയില്ല. അവരുടെ ഉപഭോഗത്തിന്റെ കാല്പാടുകൾ എവിടെ എത്തുന്നു എന്ന് അവർ അറിയണം, ' ഇന്ന് മൂന്നാറിന്റെ മലമുകളിൽ വലിയ ലോറികളിൽ ആണ് കുപ്പിവെള്ളം എത്തുന്നത് സഞ്ചാരികളെ നിങ്ങൾക്ക് വേണ്ടി. കാരണം മൂന്നാറിലെ വെള്ളം കുടിക്കാൻ കൊള്ളില്ല. ഇനി നിങ്ങൾ കുടിക്കുന്ന വെള്ളക്കുപ്പികൾ മൂന്നാറിന്റെ പുൽമേടുകൾ ഏറ്റുവാങ്ങിക്കൊള്ളും".


ഇനിയും ചില ഹോട്ടലുകൾ നിങ്ങൾക്ക് തരുന്നത് ശുദ്ധജലമെന്ന് വെറുതെ അങ്ങ് വിചാരിക്കരുത്. വേനലിൽ മലമുകളിൽ ഉള്ള ഒരു ഹോട്ടലുകൾക്കും ശുദ്ധജലം കിട്ടില്ല. അവർ മാലിന്യം ഒഴുക്കിയ പുഴയിൽ നിന്ന് തന്നെ രാത്രികാലങ്ങളിൽ ടാങ്കറിൽ വെള്ളമടിച്ച് എത്തിച്ച് അതിൽ ആണ് നിങ്ങൾക്ക് ആഹാരം ഉണ്ടാക്കിത്തരുന്നത്.

ഗതാഗതക്കുരുക്കിന് പാത ഇരട്ടിപ്പിക്കൽ എന്ന പരിഹാരം തേടുമ്പോൾ

നാലുവരി പാത തന്നെ മൂന്നാറിൽ വേണം എന്ന് പറഞ്ഞ് ഇപ്പോൾ മുറവിളി നടക്കുന്നുണ്ട്. ഇനി അതിന്റെ കുറവു കൂടിയേയുള്ളൂ മൂന്നാറിന്. ചിത്രത്തിൽ നിങ്ങൾക്ക് കാണാം നിലവിൽ ഉള്ള റോഡ് തന്നെ എംപിയുടെ അനുഗ്രഹാശിസുകളോടെ വീതികൂട്ടുന്ന രീതി. പള്ളിവാസൽ ടീ ഫാക്ടറി മുതൽ മൂന്നാർ ഹെഡ് വർക്‌സ് ഡാം വരെ നാഷണൽ ഹൈവേ വീതികൂട്ടൽ നടക്കുകയാണ്. വീതി കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള റോഡിന്റെ കട്ടിംഗ് സൈഡിൽ നിന്നും മണ്ണിടിച്ചു എതിർവശത്തുള്ള കാട്ടിലേക്ക് തള്ളിയിട്ടിട്ടുകൊണ്ടേയിരിക്കുന്നു (ചിത്രം കാണുക).

Munnar-roadമൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കി മീ വീതികൂട്ടാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ നശിപ്പിക്കപ്പെടുന്ന കാടുകളുടെയും പ്രകൃതിവിഭവങ്ങളുടെടേയും അളവ് എത്രമാതം എന്ന് പറയാൻ ആവുമോ?

ഒരു സ്ഥലത്ത് 100 വണ്ടികൾക്കേ കയറാൻ പറ്റുകയുള്ളു എന്നു കരുതുക, അവിടെ ഒരുലക്ഷം വണ്ടികൾ വന്നാൽ എന്താകും അവസ്ഥ? അവർക്കു വേണ്ട ഭക്ഷണം, ഇന്ധനം, താമസം, പ്രാഥമിക കാര്യങ്ങൾ അങ്ങനെ നിരവധികാര്യങ്ങൽ. ഇതൊക്കെയാണു മൂന്നാറിൽ സംഭവിക്കുന്നത്. ഓരോ പ്രദേശത്തിനും അതിന്റെ ഭൂമിശാസ്ത്രവും പാരിസ്ഥിതിക പ്രാധാന്യവും ഉണ്ട്. അതൊന്നും പരിഗണിക്കാത നമ്മുക്ക് എവിടെയും സുഗമമായി വണ്ടിയും ആയി കയറിച്ചെല്ലാൻ ഉള്ള സൗകര്യം മാത്രം മതി. മൂന്നാർ ടൗൺ ബ്ലോക്ക് ആയാൽ 20 കിലോമീറ്ററുകളോളം പാത ബ്ലോക്ക് ആകുന്ന അപ്‌റോച്ച് റോഡുകൾ ഇല്ലാത്ത വീതികുറഞ്ഞ മലവഴിയാണ് മൂന്നാറിന്റെത്. ഇനി ഈ കാണായ വണ്ടികൾ മുഴുവൻ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടാക്കണമെങ്കിൽ തന്നെ ചുരുങ്ങിയത് മൂന്നാറിലെ രണ്ടോമൂന്നോ കുന്നുകൾ തന്നെ ഇടിക്കെണ്ടിവരും. പിന്നെ മൂന്നാർ ടൗണിൽ പാർക്ക് ചെയ്തിട്ട് നിങ്ങൾ എങ്ങനെ 30 കിലോമീറ്റർ വരെ അകലത്തിൽ ഉള്ള ടോപ്‌സ്റ്റേൻ വരെ കാഴ്ചകാണാൻ പോകും? മൂന്നാർ എന്നാൽ വാട്ടർതീം പാർക്കിൽ പോകുന്നത് പോലെയല്ല. ചുരുങ്ങിയത് 30 കിലോമീറ്റർ എങ്കിലും വീതികുറഞ്ഞ മലവഴികളിലെ യാത്രയാണ് അതിനെ പ്രധാന ആകർഷണം. അതുകൊണ്ടാണ് എക്കോ-ടൂറിസത്തെ വിനോദസഞ്ചാരത്തിൽ നിന്ന് വേർതിരിച്ച് കാണണമെന്ന് പറഞ്ഞത്. അല്ലാതെ വികസിപ്പിച്ചു വികസിപ്പിച്ച് അവസാനം നല്ല നാലുവരിപാതകൾ മലമുകളിൽ ഉണ്ടാവും. മൂന്നാർ എന്ന ജൈവമണ്ഡലം ഉണ്ടാവില്ല. പിന്നെ അവിടെ ആര് പോകും? അവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടും.

സഞ്ചാരം കൊഴുപ്പിച്ച സോഷ്യൽ മീഡിയ

Munnar_off-road-drivingമലയാളിയുടെ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ഇപ്പോൾ ഡസൻ കണക്കിന് സഞ്ചാരി-യാത്രാ ഗ്രൂപ്പുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതിൽ ഉത്തരവാദിത്ത സഞ്ചാരം എന്തെന്ന് അറിയുന്നവർ തുലോംതുച്ഛം. അവധിയാകുമ്പോൾ ബൈക്കോ ബുള്ളറ്റോ ജീപ്പോ കാറോ എടുക്കുക. ബൈക്കുകാർ കൂട്ടമായി മലകളെ മുഴക്കി പായുക. ജീപ്പുകാർ ഓഫ് -റോഡ് ഡ്രൈവിംഗ് ഒക്കെ നടത്തി ഉള്ള പുൽമേട്ടിലും മലയായ മലയുടെ പുറത്തും ഒക്കെ കയറി, സെൽഫി എടുത്തും, കുറച്ച് മദ്യം കുടിച്ചും പാഞ്ഞുപോരുക. എന്നിട്ട് വന്നു ഫേസ്ബുക്കിൽ കുറെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങി ആത്മനിർവൃതി അടയുക. അടുത്ത കാലത്തെ ചില സിനിമകളും യുവാക്കളിൽ ഇന്നോളം കേൾക്കാത്ത പ്രകൃതിയുടെ പുണ്യഇടങ്ങളിൽ നിയമാനുസൃതമല്ലാതെ പോലും എത്തിപെട്ടു അവിടെ മാലിന്യം നിക്ഷേപിച്ച് പോരുന്നതിൽ പ്രോത്സാഹനമായി. മീശപ്പുലിമലയും കൊളുകുമലയും അങ്ങനെ മൂടുപടങ്ങളിൽ നിന്ന് പുറത്തേക്ക് വലിച്ച് ഇഴക്കപ്പെടുകയാണ്. ഇനിയെങ്കിലും ഈ സോഷ്യൽ മീഡിയകളിൽ ഉൾപ്പെട്ട ദർശനശുദ്ധിയുള്ള യുവാക്കൾ തിരിഞ്ഞ് ചിന്തിച്ചിരുന്നെങ്കിൽ!

(ചിത്രങ്ങൾക്ക് കടപ്പാട്)