മീശപ്പുലിമലയും ലോകമറിയുന്ന മൂന്നാറും നാശത്തിലേക്ക്; നിയമാനുസൃതമല്ലാത്ത വഴികളിലൂടെ ദിനവും എത്തി മടങ്ങുന്നത് ആയിരങ്ങള്‍

വനംവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വഴികള്‍ ഒഴിവാക്കി മറ്റുവഴികളിലൂടെയുള്ള ഈ യാത്ര സര്‍ക്കാരിന് വരുത്തുന്നത് കോടികളുടെ നഷ്ടമാണ്. മാത്രമല്ല പ്രകൃതിയെ പരമാവധി മുറിവേല്‍പ്പിച്ച് നീങ്ങുന്ന ഈ സംഘങ്ങള്‍ മൂന്നാറിന്റെ ഭാവിയെക്കൂടിയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മീശപ്പുലിമലയും ലോകമറിയുന്ന മൂന്നാറും നാശത്തിലേക്ക്; നിയമാനുസൃതമല്ലാത്ത വഴികളിലൂടെ ദിനവും എത്തി മടങ്ങുന്നത് ആയിരങ്ങള്‍

മൂന്നാര്‍ എന്ന ലോകമറിയപ്പെടുന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരം വിസ്മൃതിയിലേക്ക് മറയുമോ? ഒരുപക്ഷേ അതിനു സാധ്യതയുണ്ടെന്നാണ് ഈ ഭൂമിയെ അറിയുന്നവര്‍ സൂചിപ്പിക്കുന്നത്. ഒഴിവു വേളകള്‍ ആഘോഷിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എത്തിക്കൊണ്ടിരുന്ന സഞ്ചാരികളായിരുന്നു മുമ്പ് മുന്നാറില്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ ഏതൊരു മികച്ച ടൗണിനോടും കിടപിടിക്കുന്ന ഒരു സ്ഥലമായി ഈ മനോഹരതീരം മാറിയിരിക്കുന്നു. അവധിദിവസങ്ങളില്‍ ശാന്തിയും സന്തോഷവും ആഗ്രഹിച്ച് മുന്നാറിലെത്തുന്നവര്‍ കാണുന്നത് ഒരു ഉത്സവപ്പറമ്പിനെ വെല്ലുന്ന ആള്‍ക്കൂട്ടമാണ്.


ഓണം അവധിയോട് അനുബന്ധിച്ച് ദിവസംപ്രതി 4000 പേര്‍ക്ക് മുകളിലാണ് മൂന്നാര്‍ കാണാനെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലരുമെത്തുന്നത് ട്രക്കിംഗിനും മറ്റുമാണ്. എന്നാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങള്‍ ജനങ്ങളെ പ്രലോഭിപ്പിച്ച് ട്രക്കിംഗിന് കൊണ്ടു പോകുന്നുണ്ട്. വനംവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വഴികള്‍ ഒഴിവാക്കി മറ്റുവഴികളിലൂടെയുള്ള ഈ യാത്ര സര്‍ക്കാരിന് വരുത്തുന്നത് കോടികളുടെ നഷ്ടമാണ്. മാത്രമല്ല പ്രകൃതിയെ പരമാവധി മുറിവേല്‍പ്പിച്ച് നീങ്ങുന്ന ഈ സംഘങ്ങള്‍ മൂന്നാറിന്റെ ഭാവിയെക്കൂടിയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞദിവസം ഇത്തരത്തില്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ ട്രക്കിംഗ് നടത്തുന്നതിനിടയില്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ആനക്കാട്ടില്‍ ഒറ്റപ്പെട്ടു പോയത് വാര്‍ത്തയായിരുന്നു. ഒടുവില്‍ സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. അതുപോലെ കൂട്ടുകാരുമൊരുമിച്ചു നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയില്‍ വീണുപോയ യുവാവിനെ ഒമ്പത് മണിക്കൂറുകള്‍ക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്. തുടയെല്ല് പുറത്തുവന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

[caption id="attachment_43900" align="aligncenter" width="640"]Illikkal
അധികൃതരുടെ വിലക്ക് ലംഘിച്ച് അപകടകരമായ രീതിയില്‍ ഇല്ലിക്കല്‍കല്ലില്‍ കയറുന്ന സഞ്ചാരികള്‍[/caption]

മൂന്നാറില്‍ ട്രക്കിംഗിന് എത്തുന്നവര്‍ അവിടെ നിക്ഷേപിച്ചിട്ടു പോകുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഈ ഭൂമിയുടെ പരിസ്ഥിതിയെ തകര്‍ക്കുന്നതെന്നാണ് മൂന്നാര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മോനിച്ചന്‍ തോമസ് പറയുന്നത്. ''പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂന്നാറിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ ഒരു ശ്രദ്ധയും കാണിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മീശപ്പുലിമലയിലെത്തിയാല്‍ ഇന്ന് കാണുന്നത് മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഇക്കണക്കിനു പോയാല്‍ 2018 ലെ കുറിഞ്ഞിപൂക്കളുടെ കാലം കൂടി കഴിയുന്നതോടെ നമ്മള്‍ ഇന്ന് കാണുന്ന മൂന്നാര്‍ ഉണ്ടാകില്ല''- മോനിച്ചന്‍ പറയുന്നു.

സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന മീശപ്പുലിമലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ മാലിന്യം വഹിക്കുന്നയിടം. വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ മീശപ്പുലിമല പ്രശസ്തമായിരുന്നുവെങ്കിലും 'ദുല്‍ഖര്‍ സല്‍മാ'ന്റെ ചാര്‍ലി സിനിമയിലെ ഈ സ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശത്തോടെയാണ് ജനങ്ങള്‍ അവിടേക്ക് ഒഴുകിത്തുടങ്ങിയത്. ഇന്ന് ഈ സ്ഥലം കാണാന്‍ ആയിരങ്ങളാണ് ദിനവും എത്തുന്നത്. എന്നാല്‍ ഇവരാരും ശരിയായ വഴിയിലൂടെയല്ല എത്തുന്നതെന്നുള്ളതാണ് സത്യം. മീശപ്പുലിമല കാണാനെത്തുന്ന സഞ്ചാരികളെ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും എളുപ്പമാര്‍ഗ്ഗമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് കൊളുക്കുമലവഴി നിരോധിത വനമേഖലയിലൂടെ കടത്തിവിടുകയാണ് ചെയ്യുന്നത്.

അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷേ അധികാലമില്ലാതെ തന്നെ മീശപ്പുലിമലയും കൊളുക്കുമലയും അവയുള്‍പ്പെടുന്ന മൂന്നാര്‍ എന്ന ദൈവത്തിന്റെ സ്വന്തമിടവും സഞ്ചാരപ്രിയര്‍ക്ക് നഷ്ടമാകും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

Read More >>