നിര്‍മ്മാല്യം സിനിമ ഇന്നാണ് എടുക്കുന്നതെങ്കില്‍ തലപോകുമെന്ന് എംടി വാസുദേവന്‍ നായര്‍

രാജ്യത്ത് ഇന്നത്തെ സ്ഥിതി വളരെ അപകടത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെടുന്നത് ഭീതിജനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

നിര്‍മ്മാല്യം സിനിമ ഇന്നാണ് എടുക്കുന്നതെങ്കില്‍ തലപോകുമെന്ന് എംടി വാസുദേവന്‍ നായര്‍

നിര്‍മ്മാല്യം സിനിമ ഇന്നാണ് എടുക്കുന്നതെങ്കില്‍ തലപോകുമെന്ന് പ്രസശത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ ചിത്രത്തില്‍ അത്തരത്തിലൊരു ക്ലൈമാക്‌സിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല- മാതൃഭൂമി ഓണപ്പതിപ്പില്‍ എന്‍ഇ സുധീറിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം സൂചിപ്പിച്ചത്.

എടി രചനയും സംവിധാനവും നിര്‍വ്വഹിച്ച നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് വെളിച്ചപ്പാട് തന്റെ തല വെട്ടിപ്പൊളിച്ച് ഭഗവതിയുടെ വിഗ്രഹത്തിന് നേര്‍ക്ക് ആഞ്ഞുതുപ്പുന്ന രംഗമുണ്ട്. ഈ രംഗത്തെപ്പറ്റിയുള്ള ചോദ്യത്തിനാണ് എംടി ഇക്കാര്യം പറഞ്ഞത്. എംടിയുടെ തന്നെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയാണ് നിര്‍മ്മാല്യം സിനിമയായത്.


'കഥയിലില്ലാത്ത രംഗം സ്‌ക്രിപ്റ്റില്‍ ചേര്‍ക്കുകയായിരുന്നു. അന്ന് ആ രംഗം വളരെ തൃപ്തിയായി തോന്നിയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയൊന്നും കാണിക്കാന്‍ കഴിയില്ല, തല പോകും'- എംടി പറയുന്നു. തന്റെ ഉള്ളിന്റെയുള്ളില്‍ ചിത്രം വലിയ അംഗീകാരം നേടുമെന്ന് നിര്‍മാല്യം എടുത്തുകഴിഞ്ഞപ്പോല്‍ തന്നെ തോന്നിയിരുന്നതായും എംടി പറഞ്ഞു.

രാജ്യത്ത് ഇന്നത്തെ സ്ഥിതി വളരെ അപകടത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊലചെയ്യപ്പെടുന്നത് ഭീതിജനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയ തെറ്റാണെന്നും എന്നാല്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ പെരുമാള്‍ മുരുകന്‍ എടുത്ത നിലപാടിനോട് താന്‍ യോജിക്കുന്നില്ലെന്നും എംടി പറഞ്ഞു. ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണമെന്നേ ഞാന്‍ പറയൂ. കാരണം അത് അയാളുടെ ബാധ്യതയാണ്. അയാള്‍ നിശബ്ദനായി ഞാനിനി എഴുതില്ല എന്ന നിലപാട് സ്വീകരിക്കരുത്- എംടി പറയുന്നു.

ഉയരുന്ന എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഭരണകൂടത്തിന്റെ പിന്തുണയോടെ  ഇല്ലായ്മ ചെയ്യുന്നത് വളരെ മോശമാണെന്നും ആ അവസ്ഥ നാസി കാലഘട്ടത്തെയാണ് ഇതോര്‍മ്മിപ്പിക്കുന്നതെന്നും എംടി പറയുന്നു.

Read More >>