മദർ തെരേസ; നല്ലതിനും തീയതിനും

ഭരണകൂടം എന്നത് ആയിരം കൈകളും നൂറായിരം തലകളുമുള്ള അതിമാനുഷനല്ല. നമ്മളെപ്പോലുള്ള മനുഷ്യർ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ്. അതിനു തെറ്റുപറ്റാം, വീഴ്ചകളുണ്ടാവാം, കുറവുകളുണ്ടാവാം. ഇനിയൊരുപക്ഷെ സ്വർഗ്ഗരാജ്യം തന്നെ പണിയാമെന്നു വച്ചാലും അവിടെയും പുറത്താക്കപ്പെട്ടവരുണ്ടാവാം.

മദർ തെരേസ; നല്ലതിനും തീയതിനും

മദർ തെരേസ എന്നു നമ്മളവരെ വിളിക്കുന്നത് നമ്മൾ അവരുടെ ഗർഭപാത്രത്തിൽ ഉരുവംകൊണ്ടതുമൂലമല്ല. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അഥവാ ഉപവിയുടെ സഹോദരിമാർ എന്ന സന്ന്യാസിനീ സമൂഹത്തിലെ മദർ സുപ്പീരിയർ ആയിരുന്നു അവരെന്നതുകൊണ്ടാണ്. ആ സന്ന്യാസിനീ സമൂഹത്തിനോട് മതിപ്പുള്ളവർ ധാരാളമുണ്ട്. ആ മതിപ്പാണ്, അവർ ജീവിതത്തിൽ അമ്മയായിട്ടില്ലെങ്കിലും അമ്മകൂട്ടി മാത്രം അറിയപ്പെടുന്നതിലേക്ക് അവരെ നയിച്ചത്.

വെള്ളപ്പരുത്തിയിൽ നീലക്കരയുള്ള ഒരു സാരിയിൽ അവരും അവരുടെ സന്ന്യാസിനീസംഘവും സാധുജനസേവ ചെയ്തു. മറ്റുള്ളവർ കണ്ടാൽ ആട്ടിയകറ്റുന്ന കുഷ്ഠരോഗികളെ അവർ പരിചരിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കുറേയധികം പേരെ അവരുടെ മഠങ്ങളിൽ ലാഭേച്ഛയില്ലാതെ ശുശ്രൂഷിക്കുന്നുമുണ്ട്. ക്ഷയവും അർബുദവുമല്ല, ആർക്കും വേണ്ടാതെയാവലാണ്, സ്നേഹിക്കപ്പെടാതെയിരിക്കലാണ് ഏറ്റവും ഭയാനകമായ രോഗം എന്നാണ് അവർ തിരിച്ചറിഞ്ഞത്.


ഭിക്ഷ കൊടുക്കരുത്, അതു ഭിക്ഷാടനം പ്രോത്സാഹിപ്പിക്കും എന്നുപറഞ്ഞ ഒരു പരിചയക്കാരനുണ്ടെനിക്ക്. ഒൻപതാംതരത്തിലോ മറ്റോ പഠിക്കുമ്പോൾ അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു ക്യാമ്പിലായിരുന്നു, ആ പയ്യന്നൂർക്കാരനെ പരിചയപ്പെടുന്നത്. അയാളെ പിന്നെ കണ്ടിട്ടില്ല. പേര് ഓർമയിലുമില്ല. എങ്കിലും ആ വാചകം എന്റെ മനസ്സിൽ പനിച്ചുകിടപ്പുണ്ട്. പിൽക്കാലത്ത് ചാരിറ്റിയെ കുറിച്ചുള്ള എന്റെ രാഷ്ട്രീയ അഭിപ്രായം രൂപപ്പെടുത്തിയതിൽ ആ വാചകത്തിനു വലിയ പങ്കുണ്ടായിരുന്നു.

ഉപവിയുടെ സഹോദരിമാർ ഭിക്ഷ കൊടുക്കുന്നവരായിരുന്നില്ല. അവർ ആവതുള്ളവരുടെ കയ്യിൽ നിന്ന് അധികവസ്ത്രങ്ങൾ ശേഖരിച്ച് ഇല്ലാത്തവർക്കെത്തിച്ചു. എക്സ്പെയറി ഡേറ്റ് കഴിയാത്ത മരുന്നുകൾ അവ ആവശ്യമായവർക്കു നൽകി. അസമത്വങ്ങളുടെ ലോകത്ത് അവർ ചെറിയ തോതിൽ പങ്കുവയ്ക്കൽ പ്രോത്സാഹിപ്പിച്ചു. നിങ്ങൾക്കുള്ളതെല്ലാം മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിനു പകർന്നുനൽകാൻ യത്നിച്ചു.

അതിലവർ എത്രമാത്രം വിജയിച്ചു എന്നതു രണ്ടാമത്തെ കാര്യം. വിജയത്തെക്കുറിച്ചു ചിന്തിക്കാതെ അവർ ആ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാലോ, അവരുടെ ആ പ്രവർത്തിക്ക് ഒരു പശ്ചാത്തലമുണ്ടാവണം.

സമൂഹത്തിൽ ദുരിതങ്ങളുണ്ടാകുന്നത് ചാരിറ്റി നൽകുന്നവരുടെ ആവശ്യമാണെന്നും ചാരിറ്റി സ്ഥിതിയുടെ ഉപകരണമാണെന്നും ഒരു വാദമുണ്ട്. നിലവിലുള്ള ഹെജിമണി അതേ പോലെ നിലനിർത്തി സമൂഹത്തിലെ ദുരിതങ്ങളുടെമേൽ തൈലലേപനം നടത്തുക എന്നതിനപ്പുറത്തേക്ക് ആ പ്രശ്നത്തെ തന്നെ സമീപിച്ച് അതുപരിഹരിക്കാനുള്ള നീക്കങ്ങൾ അവർ നടത്തില്ലെന്നും അങ്ങനെ നടത്തിയാൽ പിന്നെ ചാരിറ്റിക്കു നിലനിൽപ്പില്ല എന്നുമാണ് ആ വാദം.

മനുഷ്യജീവിതത്തിൽ ദുരിതങ്ങളുണ്ടെന്നതു യാഥാർത്ഥ്യമാണ്. അതിനെ അഭിമുഖീകരിക്കേണ്ടതുമുണ്ട്. ഒറ്റയ്ക്ക് നേരിടാവുന്ന ദുരിതങ്ങളുമുണ്ട് പരസഹായം ആവശ്യമായവയുമുണ്ട്. അവയെ ഓരോരുത്തരും നേരിടുന്നത് ഓരോ രീതിയിലുമാവാം. എന്നാൽ മുൻകൂട്ടിയറിയാൻ സാധിക്കാത്ത അത്തരം സന്ദർഭങ്ങളിൽ നാം സഹായത്തിനു കൈനീട്ടുമ്പോൾ സഹായഹസ്തം നീട്ടേണ്ടത് ആരുടെ കടമയാണ്? ഭരണകൂടത്തിന് അതിൽ പങ്കൊന്നുമില്ലേ? അവർ മനഃപൂർവ്വം കടമ മറക്കുന്നതുകൊണ്ടാണോ ചാരിറ്റി ഉണ്ടാവുന്നത്?

ഭരണകൂടം എന്നത് ആയിരം കൈകളും നൂറായിരം തലകളുമുള്ള അതിമാനുഷനല്ല. നമ്മളെപ്പോലുള്ള മനുഷ്യർ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ്. അതിനു തെറ്റുപറ്റാം, വീഴ്ചകളുണ്ടാവാം, കുറവുകളുണ്ടാവാം. ഇനിയൊരുപക്ഷെ സ്വർഗ്ഗരാജ്യം തന്നെ പണിയാമെന്നു വച്ചാലും അവിടെയും പുറത്താക്കപ്പെട്ടവരുണ്ടാവാം. അങ്ങനെയിരിക്കെ ദുരന്തങ്ങൾ ഭരണകൂടം മനഃപൂർവ്വം ക്ഷണിച്ചുവരുന്നുന്നതാണ് എന്നും ചാരിറ്റിക്കു വഴിയൊരുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം എന്നും പറഞ്ഞാൽ അതിൽ എത്രമാത്രം വസ്തുതയുണ്ട്?

സുന്ദർബാൻസിലെ ചതുപ്പുനിലങ്ങൾ കടന്ന്, ചതിപതിയിരിക്കുന്ന കാടുകടന്ന് കിഴക്കൻ വംഗദേശത്തുനിന്ന് പശ്ചിമബംഗാളിലേക്ക് മനുഷ്യൻ കുടിയേറിയെങ്കിൽ അത് ഒരു ദുരിതത്തിൽ നിന്നും രക്ഷനേടാനുള്ള യാത്രയായിരുന്നു. അത് തൊഴിലില്ലായ്മയും പട്ടിണിയും വർധിപ്പിച്ചു. പാർപ്പിടങ്ങളില്ലാത്ത അനേകം പേരെ തെരുവിലെത്തിച്ചു. അവരിൽ ഗർഭിണികളും കുട്ടികളും വൃദ്ധരുമുണ്ടായിരുന്നു. അവരെ നോക്കേണ്ടത്, സംരക്ഷിക്കേണ്ടത്, ഒരു വലിയ സംവിധാനത്തിന്റെ ബാധ്യതയായിരുന്നു.

പക്ഷെ ആ സംവിധാനം, ആ ഭരണകൂടം അതിൽ പരാജയപ്പെടുമ്പോൾ അവരെ ചേർത്തണച്ചുപിടിച്ചത് കൊൽക്കൊത്ത നഗരമാണ്. ആ നഗരത്തിന്റെ തെരുവുകളിലാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അതിന്റെ പ്രവർത്തനങ്ങളാരംഭിച്ചത്. ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ സംരക്ഷിച്ചുകൊണ്ട്, ഉപേക്ഷിക്കപ്പെട്ട വൃദ്ധരെ പുതപ്പിച്ചുകൊണ്ട്, ഉപേക്ഷിക്കപ്പെട്ട കുഷ്ഠരോഗികളെ ഊട്ടിക്കൊണ്ട് അവർ നിശബ്ദരായി പ്രവർത്തിച്ചു. നഗരം അവരെ ഉള്ളുകൊണ്ട് മദർ എന്നുവിളിച്ചു.

പതിറ്റാണ്ടുകൾക്കുശേഷമാണ്, ഇവിടെ കേരളത്തിൽ നിന്നൊരാൾ വിളിച്ചുചോദിക്കുന്നത്, അവർക്കപ്പുറത്തു പോകാൻ വയ്യായിരുന്നോ, ബംഗ്ലാദേശിൽ പോകാൻ വയ്യായിരുന്നോ, കിഴക്കൻ പാക്കിസ്ഥാനിൽ പോകാൻ വയ്യായിരുന്നോയെന്ന്. (ഇതവർ ചോദിക്കുന്നത് ഒരു പതിറ്റാണ്ടു മുമ്പാവണം. കാരണം ബംഗാളിലെ ഇടതുഭരണത്തെ കുറിച്ച് അവർ പറയുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഹേറ്റ് വീഡിയോയ്ക്ക് എന്തു സമയവും കാലവും!)

ഹിന്ദു ഐക്യവേദിയുടെ പ്രചാരകയായ ഒരു സ്കൂൾ റ്റീച്ചറുടെ പ്രസംഗത്തെ കുറിച്ചാണു പറയുന്നത്. ആ പ്രസംഗം ഒരിക്കൽ കൂടി കേൾക്കാൻ എനിക്കു ശക്തിയില്ല. മറ്റാരെയും കേൾപ്പിക്കണമെന്ന് ആഗ്രഹവുമില്ല. ആയതിനാൽ ലിങ്ക് നൽകുന്നില്ല. അവരുടെ പ്രസ്ഥാനത്തിന്റെ ചുരുക്കപ്പേരുപോലെ തന്നെ സമൂഹത്തിന്റെ മുഴുവൻ പ്രതിരോധശേഷിയേയും കവരാൻ പോന്ന വൈറസാണത് എന്നതുകൊണ്ടുതന്നെ.

അവരുന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവും അവർ തന്നെ പറയുന്നുണ്ട്. അതൊരു മുസ്ലീം രാഷ്ട്രമാണ് എന്ന്... അവർ ഹിന്ദുക്കളെപ്പോലെയല്ല, വിവരം പഠിപ്പിക്കുമെന്ന്. ഗോതമ്പും പാൽപ്പൊടിയുമായി അവിടെ ചെന്നാൽ തിരിച്ചുവരവുണ്ടാവില്ല എന്ന്. 'ഞങ്ങളുടെ' പട്ടാമ്പിയിൽ കുരിശുകൃഷിയില്ലായെന്ന്. അവിടെ ഈ 'ശല്യം' ഇല്ലായെന്ന്... അവിടെ ഭിക്ഷയെടുക്കുന്ന ധാരാളം മുസ്ലീം സ്ത്രീകളുണ്ട്. എന്നാലും അവരിവിടെ വരില്ലെന്ന്... വന്നാൽ വിരമറിയുമെന്ന്... എത്ര സമർത്ഥമായാണ് അവർ ദ്വന്ദ്വങ്ങളുണ്ടാക്കുന്നതെന്നു നോക്കൂ. ഒരിടത്തു ഹിന്ദു x ക്രിസ്ത്യൻ, വേറൊരിടത്ത് ഇസ്ലാം x ക്രിസ്ത്യൻ. വിദ്വേഷമല്ലാതെ അവർക്കൊന്നും പറയാനില്ല.

ഗോതമ്പും പാൽപ്പൊടിയും നൽകുന്നവർ തിരിച്ചുവരാൻ കൊള്ളാവുന്നവരല്ല എന്നും അവർ ദുരുദ്ദേശ്യത്തോടെയാണ് അതൊക്കെ ചെയ്യുന്നത് എന്നുമാണ് അതിലെ കൊള്ളി. അതു കാട്ടി പ്രലോഭിപ്പിച്ച് അവരെ സനാതന മതത്തിൽ നിന്ന് വലവീശി പിടിച്ചുകൊണ്ടുപോവുകയാണു ലക്ഷ്യമത്രേ. ഗോതമ്പും പാൽപ്പൊടിയും കൊടുക്കുന്നതിനോട് എനിക്കും യോജിപ്പില്ല. നിങ്ങളൊരാൾക്ക് മീൻ കൊടുത്താൽ അവൻ ദിവസവും മീനിനായി നിങ്ങളുടെയടുത്തെത്തും. നിങ്ങളയാളെ മീൻ പിടിക്കാൻ പഠിപ്പിച്ചാൽ അയാൾ മീൻ പിടിച്ചു ജീവിച്ചുകൊള്ളും എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. ഗോതമ്പും പാൽപ്പൊടിയും ലഭിക്കാവുന്ന നിലയിലേക്ക് അവരെ കൈപിടിച്ചുയർത്തുക തന്നെയാണു വേണ്ടത്. പക്ഷെ ആ കൊടുക്കുന്ന ഭക്ഷണത്തെ ഒരു കൈക്കൂലിയായി ചുരുക്കുന്നതിലൂടെ - അതു കൊടുക്കുന്നവരായാലും വാങ്ങുന്നവരായാലും കണ്ടുനിൽക്കുന്നവരായാലും - സ്വയം ചെറുതാവുകയാണ്. പങ്കുവയ്ക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. നമുക്കുള്ളതിൽ നിന്ന് ഒന്നും പോകാൻ ആഗ്രഹിക്കാത്തവരാകുമ്പോൾ പ്രത്യേകിച്ചും.

എല്ലായിടത്തുമെന്നപോലെ നമ്മുടെ നാട്ടിലും മതപരിവർത്തനങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ടാവുന്നുണ്ട്. വിശ്വാസത്തിനപ്പുറമായ പല കാര്യങ്ങളും അതിൽ ഉണ്ടായിട്ടുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയകക്ഷിയോടുള്ള മമതാബന്ധം ഉപേക്ഷിച്ച് എതിർ കക്ഷിയുടെ പാളയത്തിലേക്കു പോകുന്നതുപോലെ തന്നെയുള്ള ഒരു പരിപാടിയാണ് ഈ മതം മാറ്റവും. നേരത്തെയുണ്ടായിരുന്ന കക്ഷിക്കകത്തുള്ള പ്രശ്നങ്ങളാണ് ഈ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ പാൽപ്പൊടിയും ഗോതമ്പും കിട്ടുമെന്നുകണ്ട് ആരും മതംമാറാനിടയില്ല. ജാതിവിവേചനം മുതൽ തുടങ്ങുന്ന ഒട്ടനവധി കാര്യങ്ങളോടുള്ള പ്രതികരണമാണത്. അതിനെ മൂടിവച്ചുകൊണ്ടാണ്, ഈ റൊട്ടിയുടെയും പട്ടിയുടെയും കഥ പറയുന്നത്.

മാനവസേവ മാധവസേവ എന്നാണ് സംഘപരിവാറിന്റെ മതം. ആ മുദ്രാവാക്യമുയർത്തിയാണ് അവർ ചില ആശുപത്രികളിലെങ്കിലും കഞ്ഞിവീഴ്ത്തു നടത്തുന്നതും വലിയ അപകടങ്ങളുണ്ടാവുമ്പോൾ കാക്കിനിക്കറുമിട്ട് രക്ഷാപ്രവർത്തനത്തിനെത്തുന്നതും. അപ്പോഴെല്ലാം തങ്ങളാണ് അതു ചെയ്യുന്നതെന്നു നാട്ടുകാരെ ബോധിപ്പിക്കണം എന്ന കാര്യത്തിൽ അവർക്കു നിർബന്ധമുണ്ട്. അതേ സമയം ഈ മാനവസേവ മാധവസേവയാകണമെങ്കിൽ അതു ചെയ്യേണ്ടതു തങ്ങളായിരിക്കണം എന്നും അവർക്കുണ്ട്.

അങ്ങനെയല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് മദർ തെരേസ ചെയ്യുമ്പോൾ, അല്ലെങ്കിൽ അവർ നട്ടുനനച്ചുവളർത്തിയ ഉപവിയുടെ സഹോദരിമാർ ചെയ്യുമ്പോൾ അതു മോശപ്പെട്ട പ്രവർത്തിയാകുന്നത്? അതു ഹലാക്കിന്റെ കഞ്ഞിയാവുന്നത്?

അവരോ അവരുടെ സന്ന്യാസിനീ സംഘമോ മതപരിവർത്തനം നടത്തിയതായി എനിക്കറിയില്ല. മതപരിവർത്തനം അവരുടെ ലക്ഷ്യമോ മാർഗ്ഗമോ ആയിരുന്നില്ല. ക്രിസ്തുവിലും അദ്ദേഹത്തിന്റെ ദർശനത്തിലും അവർ അർപ്പിച്ച വിശ്വാസം അവരെ ചലിപ്പിച്ചത് വേറൊരു വഴിയിലാണ്. മാനവസേവ മാധവസേവ എന്നുതന്നെയാണ് അവർ കണ്ടത്. അല്ലാതെ മാനവസേവയിലൂടെ ആളുപിടുത്തം എന്നതായിരുന്നില്ല അവരുടെ വഴി.

മദർ തെരേസ ഏതോ സ്ത്രീയുടെ ഉദരത്തിൽ വളർന്ന ട്യൂമർ മാറ്റി എന്ന വിശ്വാസമൊന്നും എനിക്കില്ല. അത്ഭുതപ്രവർത്തികളിൽ തീരെ വിശ്വാസമില്ല. അത്ഭുതങ്ങളല്ല വിശുദ്ധന്മാരെയും വിശുദ്ധകളെയും സൃഷ്ടിക്കുന്നത്; പ്രവർത്തികളാണ്.

മദർ വിശുദ്ധയാണെന്നതിൽ എനിക്കു രണ്ടാമതൊരാളുടെ അഭിപ്രായം ആവശ്യമില്ല. പ്രവർത്തിയിലൂടെയാണ് അവർ എന്റെ മനസ്സിൽ ചേക്കേറിയത്. കത്തിച്ചുവച്ച മെഴുകുതിരികളോ മുഖത്തിനു ചുറ്റും വരച്ചുചേർത്ത കിർലിയൻ പ്രകാശവലയങ്ങളോ അല്ല അവരുടെ വിശുദ്ധിക്കു നിദാനം. തന്റെ ഓരോ പ്രവർത്തിയും താൻ വിശ്വസിക്കുന്ന ദൈവത്തിനു മുന്നിൽ മനോഹരകർമ്മങ്ങളാവണം എന്ന വിചാരത്തോടെ അവരേർപ്പെട്ട വിശ്രമമില്ലാത്ത വേലയാണ് അവരെ വിശുദ്ധയാക്കുന്നത്.

എന്നെക്കൊണ്ടു സാധ്യമാകാത്ത കാര്യമാണ് അവർ ചെയ്തത് എന്നതുകൊണ്ടല്ല, അവരെ ഞാൻ ബഹുമാനിക്കുന്നത്. എന്നെക്കൊണ്ടു സാധ്യമാകാത്ത കാര്യങ്ങൾ വേറെ പലരും ചെയ്യുന്നുണ്ട്. എന്നെക്കൊണ്ട് എവറസ്റ്റ് കീഴടക്കാൻ സാധിച്ചിട്ടില്ല. എന്നെക്കൊണ്ട് ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടക്കാൻ സാധിച്ചിട്ടില്ല. എന്നെക്കൊണ്ട് ഉസൈൻ ബോൾട്ടിനെ സ്പ്രിന്റിൽ തോല്പിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടല്ല, മദറിനെ ഞാൻ അളക്കുന്നത്. അവർ സെൽഫ് ലെസ് ആയാണ് പ്രവർത്തിച്ചത് എന്നതിനാലാണ്. തങ്ങൾക്കുവേണ്ടിയല്ലാതെ ജീവിക്കുന്ന ഏതാനും മനുഷ്യർ നമ്മുടെ കാലത്തുമുണ്ടായിരുന്നു എന്നതാണ് അവരോടുള്ള എന്റെ ബഹുമാനം.

മരിച്ചുപോയ അവരുടെ കബറിടത്തിൽ പോയി വണങ്ങി അനുഗ്രഹം പ്രാപിക്കാൻ സാധിക്കില്ല എന്നെനിക്കു നിശ്ചയമുണ്ട്. മദറിന്റെ ചിത്രം പേഴ്സിൽ കൊണ്ടുനടന്ന് പാപചിന്തകൾ വെടിയാം എന്ന വ്യാമോഹം എനിക്കില്ല. അവർ ജീവിച്ചിരുന്ന കാലത്ത് അഗതികളുടെ കണ്ണീരൊപ്പിയത് എനിക്കുവേണ്ടിയോ നിങ്ങൾക്കുവേണ്ടിയോ ആയിരുന്നില്ല; അവരുടെ വിശ്വാസത്തിനുവേണ്ടിയായിരുന്നു, എന്ന തിരിച്ചറിവും തീർച്ചയായുമുണ്ട്. സ്നേഹിക്കുക, സ്നേഹിക്കുക, സ്നേഹിക്കുക എന്നതിൽ കവിഞ്ഞ് അവർക്കൊന്നിലും വിശ്വാസമുണ്ടായിരുന്നിരിക്കാനിടയില്ല എന്നാണ് ഞാൻ കരുതുന്നതെങ്കിലും…

പറഞ്ഞുവന്നത്, കത്തോലിക്കാ സഭയെ സംബന്ധിച്ച് അവരുടെ വിശുദ്ധി ഒരു പുതിയ ഉണർവ്വായിരിക്കും. അതിൽ അവർക്കു കച്ചവടസാധ്യതയുമുണ്ടാകാം. എന്നാൽ അതുകൊണ്ടുമാത്രം മദർ അവശേഷിപ്പിച്ചുപോയ നന്മയുടെ മുകുളങ്ങൾ വിരിയാതെയിരിക്കുന്നില്ല. ഭരണകൂടം എല്ലാം പരിഹരിക്കട്ടെ, അതുവരെ ദുരിതങ്ങളെല്ലാം അതേപടി നിലനിൽക്കട്ടെ എന്ന വിചാരം എനിക്കില്ല. മനുഷ്യരുടെ വീഴ്ചകളിൽ അവരെ കൈവിടാതെ കരംഗ്രഹിച്ചു നടക്കാൻ ആരെങ്കിലുമൊക്കെയുള്ളത് നല്ലതല്ലേ? നാളെ നമുക്കും വീഴ്ചകളുണ്ടാവില്ലെന്നാരു കണ്ടു?

Read More >>