സദാചാര പോലീസു കളിക്കുന്ന വനിതാ പോലീസ്; ഈ നാട് എങ്ങോട്ടാണ് പോകുന്നത്?

പോലീസിന്റെ കാര്യപ്രാപ്തി തെളിയിക്കാനെന്നോണം രൂപീകരിച്ച 'പിങ്ക് പെട്രോളിംഗ് സ്‌ക്വാഡ്'അതായത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട വിഭാഗത്തിലെ അംഗങ്ങളായിരുന്നു അവർ. അങ്ങനെ ചുമതലയുള്ള രണ്ട് വനിതാ പോലീസുകാരാണ് ബസ്റ്റാന്റിൽ സഹപാഠിയുടെ വീട്ടിലേക്കു പോകാൻ ബസ് കാത്ത് നിന്ന ഞങ്ങളോട് അങ്ങേയറ്റം മോശമായി പെരുമാറിയത്.

സദാചാര പോലീസു കളിക്കുന്ന വനിതാ പോലീസ്; ഈ നാട് എങ്ങോട്ടാണ് പോകുന്നത്?

റസാല്‍ പന്തോലില്‍-


രണ്ടു വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ നടന്ന ചുംബനസമരത്തെ പറ്റി പലർക്കും അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം ഉണ്ടാവാം.  എങ്കിലും സമരക്കാർ ഉന്നയിച്ച വിഷയത്തിന്റെ പ്രസക്തി ഇന്ന് ഭീകരമായ രീതിയിൽ വർധിച്ചു എന്ന് വേണം മനസ്സിലാക്കാൻ.


 കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടം ബസ്റ്റാന്റിൽ ഉണ്ടായ അനുഭവം ഞങ്ങളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.   സദാചാര പോലീസിങ്ങിന്റെ ഭയാനകമായ രൂപത്തെയാണ് ഞങ്ങളവിടെ നേരിൽ കണ്ടത്. കോട്ടയം എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ലെ രണ്ടാം വർഷ പിജി വിദ്യാർത്ഥികളായ ഞങ്ങൾ എട്ടുപേർ സഹപാഠിയുടെ വീട്ടിലേയ്ക്കു പോകാൻ ബസു കാത്തു നിൽക്കുകയായിരുന്നു. സംഘത്തിൽ രണ്ട് പേർ പെണ്കുട്ടികളായിരുന്നു.


ഞങ്ങളുടെ സമീപത്തേയ്ക്ക് ചന്ദനക്കുറിയണിഞ്ഞ് ചുരിദാറിട്ട രണ്ടു സ്ത്രീകൾ വന്നു. അവരുടെ പെരുമാറ്റം അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു. . "ഈ പെൺകുട്ടികളുമായി കുറെ നേരമായല്ലോ ചുറ്റിത്തിരിയുന്നു എന്താ ഉദ്ദേശ്യം "എന്ന ചോദ്യമായിട്ടായിരുന്നു അവർ കടന്നു വന്നത്. അപരിചിതരായ രണ്ട് സ്ത്രീകളുടെ ഇത്തരത്തിലുള്ള ചോദ്യം കേട്ടു ഞങ്ങൾ ഞെട്ടി.. എങ്കിലും സാന്ദർഭികമായി തന്നെ ഞങ്ങൾ പ്രതികരിച്ചു. പക്ഷെ, മറുപടി തീർത്തും ഞങ്ങളെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. ആരാണെന്ന് പോലും പരിചയപ്പെടുത്താൻ സമ്മതിക്കാതിരുന്ന അവർ ഒടുവിൽ വനിതാ പോലീസ് ആണെന്ന് പരിചയപ്പെടുത്തുകയും ഐഡി കാർഡ് കാണിക്കുകയും ചെയ്തു.

പോലീസിന്റെ കാര്യപ്രാപ്തി തെളിയിക്കാനെന്നോണം രൂപീകരിച്ച 'പിങ്ക് പെട്രോളിംഗ് സ്‌ക്വാഡ്'അതായത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട വിഭാഗത്തിലെ അംഗങ്ങളായിരുന്നു അവർ. അങ്ങനെ ചുമതലയുള്ള രണ്ട് വനിതാ പോലീസുകാരാണ് ബസ്റ്റാന്റിൽ സഹപാഠിയുടെ വീട്ടിലേക്കു പോകാൻ ബസ് കാത്ത് നിന്ന ഞങ്ങളോട് അങ്ങേയറ്റം മോശമായി പെരുമാറിയത്.

അവരുടെ അമർഷം അവിടം കൊണ്ട് തീർന്നില്ല. അവർ അറിയിച്ചതനുസരിച്ച് ഒരു വണ്ടി നിറയെ പോലീസുകാർ സ്റ്റാന്റിൽ വന്നിറങ്ങി. ഞങ്ങൾക്കുനേരെ അവർ  ആക്രോശിച്ചു. ഈ സമയം നാഗമ്പടത്തെ സദാചാര കണ്ണുകൾ ഞങ്ങളെയാകെ വളഞ്ഞിരുന്നു.. ഓരോ കണ്ണും ഞങ്ങളെ ചൂഴ്ന്നുകൊണ്ടിരുന്നു.. "നിങ്ങളുടെയും വീട്ടിൽ പെൺകുട്ടികൾ ഇല്ലേയെന്ന "ന്യായം ആണ് ആ സമയം പോലീസുകാർ ഉന്നയിച്ചത്. അതിനാൽ ചോദ്യം ചെയ്യാനുളള അവകാശം അവർക്കുണ്ടത്രേ.


ഈ സമയം ഞങ്ങളുടെ കൂടെയുള്ള രണ്ട് പെൺകുട്ടികൾ ഇവരുടെ ഇടയിൽ നിൽക്കുകയാണ്. നാഗമ്പടത്തെ ഒരു പറ്റം സദാചാരക്കാരും പോലീസുകാരും മാറി മാറി സംഭവം ആരാഞ്ഞു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ വേണ്ട വിധം പ്രതികരിച്ചതിനാൽ ഞങ്ങൾക്കു നേരെയുണ്ടായ അതിക്രമം തുറന്ന് കാണിക്കാൻ ഞങ്ങൾക്കായി എന്നുള്ളത് സത്യം തന്നെ.


എങ്കിലും രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും മറ്റും പഠിക്കുന്ന വിദ്യാർത്ഥികൾ എന്ന നിലക്കും ഒരു സമൂഹ ജീവി എന്ന നിലക്കും നമ്മുടെ സമൂഹത്തെ പറ്റി ചില ആശങ്കകൾ ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
ഇവിടെ എന്ത് അധാർമിക പ്രവർത്തനമാണ് ഞങ്ങൾ ചെയ്തത് ? അവധി ദിവസം സഹപാഠിയുടെ വീട്ടിലേക്കു പോകാൻ അഞ്ചു മിനിറ്റ് ബസ് കാത്ത് നിന്നതോ ?ആ കൂട്ടത്തിൽ ആണും പെണ്ണും ഉണ്ടായിരുന്നതോ ?ഒരാണും പെണ്ണും ബസ് കാത്തു നിന്നാൽ ഇവിടെ ഏത് സംസ്കാരമാണ് തകർന്നു വീഴുന്നത്?


അത്രക്ക് കെട്ടുറപ്പില്ലാത്ത ഒന്നാണോ ഈ പാടിനടക്കുന്ന മലയാളത്തിന്റെ സംസ്കാരം ? പൊതു സ്ഥലത്തു ചുംബിച്ചു, അല്ലെങ്കിൽ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന നിലയിൽ സദാചാരം കളിച്ചതിൽ നിന്ന് കേവലം രണ്ട് മനുഷ്യർ ഒരുമിച്ചു നിന്നു എന്നതിലും അധാർമികത കണ്ടെത്തുമ്പോൾ (അതിലേക്കു നയിച്ച സമയവും വളരെ പരിമിതമാണ് എന്നോർക്കണം) കേരള സമൂഹമേ, എന്റെ യുവ സമൂഹമേ നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു.


കരുതിയിരിക്കുക തന്നെ വേണം. ഈ സദാചാര ബോധം നമ്മളെ നയിക്കുന്നത് അങ്ങേയറ്റം വികലമായ, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു ലോകത്തിലേക്കാണെന്ന് തിരിച്ചറിയാൻ നാം വൈകരുത് എന്ന് കൂടി ഓർമിപ്പിക്കുന്നു !!

Read More >>