അബുദാബിയിലെ വിദ്യാലയങ്ങളില്‍ ധാർമ്മിക പഠനം നിര്‍ബന്ധമാക്കുന്നു

നിലവില്‍ കെ ജി ക്ലാസുകളിലും 12ാം ക്ലാസിലും അറബിക് ഭാഷയിലും ഇസ്ലാമിക പഠന ക്ലാസിലും ധാർമ്മിക മൂല്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.

അബുദാബിയിലെ വിദ്യാലയങ്ങളില്‍ ധാർമ്മിക പഠനം  നിര്‍ബന്ധമാക്കുന്നു

അബുദാബി: അടുത്ത അധ്യയനവര്‍ഷം മുതൽ വിദ്യാലയങ്ങളില്‍ സദാചാര വിദ്യാഭ്യാസം നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും അബുദാബി വിദ്യാഭ്യാസ കൗണ്‍സിൽ തീരുമാനിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നാലു സർക്കാർ സ്‌കൂളുകളിലും 28 സ്വകാര്യ സ്‌കൂളുകളിലും പരിഷ്‌ക്കരിച്ച സിലബസ് നടപ്പാക്കും. അടുത്ത വര്‍ഷം സെപ്റ്റംബറോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ധാർമ്മിക മൂല്യം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. നിലവില്‍ കെ ജി ക്ലാസുകളിലും 12ാം ക്ലാസിലും അറബിക് ഭാഷയിലും ഇസ്ലാമിക പഠന ക്ലാസിലും ധാർമ്മിക മൂല്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.


അബുദാബിയില്‍ എണ്ണ സംഭരണം തീരുന്ന കാലഘട്ടത്തില്‍ വരുന്ന തലമുറയെ നല്ലരീതിയില്‍ വാര്‍ത്തെടുക്കാനുള്ള അബുദാബി ക്രൗണ്‍ പ്രിന്‍സ് കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരമെന്ന് വിദ്യാഭ്യാസ കൗണ്‍ലില്‍ അധികൃതര്‍ പറഞ്ഞു.

വിദ്യാഭ്യാസത്തോടപ്പം സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകളെപറ്റിയും മറ്റും വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കാന്‍ ഇതുപകരിക്കുമെന്നും അധികൃതര്‍ പറയുന്നു. സാന്‍മാര്‍ഗികത, വ്യക്തിത്വ-സാമൂഹിക വികസനം, സംസ്‌കാരം, പാരമ്പര്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം എന്നീ വിഷയങ്ങള്‍ ആയിരിക്കും പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക.