ദക്ഷിണേഷ്യയില്‍ ഭീകരത പടര്‍ത്തുന്നത് ഒരേ ഒരു രാജ്യം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

''ദക്ഷിണേഷ്യയില്‍ ഭീകരത പടര്‍ത്തുന്നത് ഒരേ ഒരു രാജ്യം. ദേശീയ നയത്തിന്റെ ഭാഗമായി ഭീകരതയെ ഉപയോഗിക്കുന്ന രാജ്യങ്ങളും നമുക്കിടയില്‍ ഉണ്ട്. ഇന്ത്യയ്ക്ക് തീവ്രവാദികളെന്നാല്‍ തീവ്രവാദികള്‍ മാത്രമാണ്''- നരേന്ദ്രമോദി

ദക്ഷിണേഷ്യയില്‍ ഭീകരത പടര്‍ത്തുന്നത് ഒരേ ഒരു രാജ്യം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി

ഹാങ്ഷു: ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേഷ്യയില്‍ ഒരേ ഒരു രാജ്യമാണ് ഭീകരത പടര്‍ത്തുന്നതെന്നായിരുന്നു പാകിസ്ഥാനെ ലക്ഷ്യമിട്ട് മോദിയുടെ പരാമര്‍ശം. ദേശീയ നയത്തിന്റെ ഭാഗമായി ഭീകരതയെ ഉപയോഗിക്കുന്ന രാജ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.

തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടെതെന്നും തീവ്രവാദികള്‍ തീവ്രവാദികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും തീവ്രവാദത്തെ പിന്തുണക്കുന്ന  രാഷ്ട്രങ്ങളെ അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നുംമോദി പറഞ്ഞു.


കഴിഞ്ഞ ദിവസം  ബ്രിക്സ് രാഷ്ട്രങ്ങളുടെ അനൗദ്യോഗിക കൂടിക്കാഴ്ചയിലും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭങ്ങളെ പശ്ചാത്തലമാക്കി പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇന്ത്യ-പാക് ബന്ധം അടുത്തിടെ വഷളായത്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. ഇന്ത്യയുടെ എന്‍.എസ് ജി അംഗത്വത്തിന് നല്‍കിയ പിന്തുണക്ക് നരേന്ദ്രമോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൊറീസിയോ മക്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നന്ദി അറിയിച്ചു.

Read More >>