മോദിയും പി വി സിന്ധുവും; ഗൂഗിളിന്റെ തിരച്ചിൽ കളിയിലെ താരങ്ങൾ

ഗൂഗിൽ തിരയലിൽ നമ്മൾ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നമ്മളുടെ മനസ്സിലുള്ള ചോദ്യം ഊഹിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങൾ എന്താണ് ടൈപ്പ് ചെയ്യുന്നത്, നിങ്ങളുടെ നാട്ടിലുള്ളവർ എന്തൊക്കെ തിരയുന്നു, അതിൽ എന്തൊകെ ട്രെൻട് ചെയ്യുന്നു, പിന്നെ നിങ്ങളുടെ പഴയ തിരയലുകൾ, ഈ മൂന്ന് ഘടകങ്ങളിൽ നിന്നാണ് autocomplete എന്ന് അറിയപ്പെടുന്ന ഗൂഗിളിന്റെ ഈ ഊഹിക്കൽ പരിപാടി. നിഖിൽ നാരായണൻ എഴുതുന്നു.

മോദിയും പി വി സിന്ധുവും; ഗൂഗിളിന്റെ തിരച്ചിൽ കളിയിലെ താരങ്ങൾ

നിഖിൽ നാരായണൻ

ഉപയോക്താക്കളുടെ വിവരം സ്വരൂപിക്കുകയും, അവരെ കൂടുതൽ നന്നായി മനസ്സിലാക്കുകയും ആണ് ഉപയോക്താനുഭവം (User Experience) മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പ്രധാന ഘടകം എന്ന് ഏതൊരു കമ്പനിയ്ക്കും അറിയാം. നിങ്ങളുടെ അടുക്കളയിലെ മിക്സി ഉണ്ടാക്കുന്ന കമ്പനി ആകട്ടെ, നിങ്ങൾക്ക് പ്രിയപ്പെട്ട വാർത്താ ചാനൽ ആകട്ടെ, അല്ല ഇനി നിങ്ങളുടെ പ്രിയ വെബ്‍സൈറ്റോ ആപ്പോ ആകട്ടെ എല്ലാവരും ഇത് ചെയ്യാറുണ്ട്. പണ്ടൊക്കെ ബ്രാന്റുകൾ ഇതിനുവേണ്ടിയൊക്കെ ഉപയോക്താക്കളെ തപാലിലും, ഫോണിലും ഒക്കെ വിളിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു.ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങളുടെ ഗതി മാറി. നിങ്ങൾ കൈകാര്യം ചെയ്യുന്ന പല ഉൽപ്പന്നങ്ങളും, ഉപയോഗിക്കുന്ന മിക്ക സേവനങ്ങളും നിങ്ങളുടെ ഒരോ interaction-ഉം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരു ഉദാഹരണം: ഇന്റർനെറ്റുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന IoT ഫ്രിഡ്ജ് നിങ്ങൾ എത്ര പ്രാവശ്യം വാതിൽ തുറന്നു, ഐസ് ട്രേയിൽ ഐസ് ഉണ്ടോ എന്നൊക്കെ അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുകയും അത് നിങ്ങൾക്കും, ഫ്രിഡ്ജ് കമ്പനിക്കും കൈമാറുകയും ചെയ്യുന്നു. ഉപയോക്താവിന്റെ അനുഭവം മെച്ചപ്പെടുത്താനുള്ള വിവര ശേഖരണമാണ് ഇത്. ഫ്രിഡ്ജ് ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ച് ഫ്രിഡ്ജ് തന്നെ ഇങ്ങോട്ട് കറന്റ് ഉപയോഗം കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ തരുന്നു; ഇതിൽ കൂടുതൽ എന്ത് വേണം!


ഒരു വശത്ത് ഇത്തരം വിവരശേഖരണവും അതുമായി ബന്ധപ്പെട്ട സ്വകാര്യതയിലേക്കുള്ള, ഉണ്ടായേക്കാവുന്ന കടന്ന് കയറ്റം; മറുവശത്ത് ഈ വിവരങ്ങൾ പഠിച്ച് അപഗ്രഥിച്ച് ഉപയോക്തക്കളുടെ അനുഭവം മെച്ചപ്പെടുത്തും എന്ന വാദം. അതായത് ഫ്രിഡ്ജ് കമ്പനി തങ്ങളുടെ ഫ്രിഡ്ജിലെ കാര്യങ്ങൾ എന്തിന് അപ്പപ്പോൾ അറിയണം എന്ന് ഒരു വാദം; വിവരങ്ങൾ മനസ്സിലാക്കി മെച്ചപ്പെട്ട അനുഭവം തങ്ങൾക്ക് കിട്ടണം എന്ന മറുവാദം. ഒന്ന് നോക്കിയാൽ പഴയ കടലാസ് സർവ്വേ പോലെയൊക്കെ തന്നെയാണ് ഇതും. പക്ഷേ, ഡിജിറ്റൽ യുഗത്തിൽ ഈ വിവരശേഖരണം റിയൽ ടൈം ആണ്. നിങ്ങളുടെ ഐ ഓ ടി (IoT) ഫ്രിഡ്ജ് എത്ര പ്രാവശ്യം തുറന്നു, അല്ലെങ്കിൽ നിങ്ങൾ ഒരു മൊബൈൽ ആപ്പിൽ എവിടെ എപ്പോൾ ക്ളിക്ക് ചെയ്തു തുടങ്ങിയ വിവരങ്ങൾ അപ്പപ്പോൾ തന്നെ ഉൽപ്പന്ന നിർമ്മാതാവിന്റെ /സേവന ദാതാവിന്റെ കയ്യിലെത്തുന്നു.

ഈ അനുഭവം മെച്ചപ്പെടുത്തലിന് വേണ്ടിയാണ് ഗൂഗിളും ഫേസ്ബുക്കും ഒക്കെ നിങ്ങളുടെ ഓരൊ ക്ലിക്കും ശ്രദ്ധയോടെ വീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച്ച വാട്ട്സാപ്പ് നിങ്ങളുടെ ചില വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറും എന്ന് തീരുമാനം എടുത്തതും ഇതിനൊക്കെ തന്നെയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള പരസ്യങ്ങൾ നിങ്ങളെ ഫേസ്ബുക്കിൽ കാണിക്കാനും, ഫേസ്ബുക്കിലെ “പീപ്പിൾ യൂ മേ നോ“ ഫീച്ചർ മെച്ചപ്പെടുത്താനും ഒക്കെ.

നിങ്ങളും ഒരു സുഹൃത്തും അടുത്ത് അടുത്ത് ഇരുന്ന് ഒരേ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് ഒരേ തിരയൽ നടത്തിയാൽ, ഒരു പക്ഷേ രണ്ട് റിസൾട്ട് ആവും വരിക. കാരണം എന്താണെന്നോ? നിങ്ങൾക്ക് പ്രിയപ്പെട്ട, അതായത് നിങ്ങൾ സ്ഥിരമായി പോകുന്ന, സൈറ്റുകളെ ഗൂഗിൾ നിങ്ങളുടെ റിസൽട്ടിൽ മുന്നോട്ട് തള്ളിയേക്കാം. ആദ്യം ഗൂഗിളിന്റെ പേജ് റാങ്ക് അൽഗോരിതം ഉപയോഗിച്ചുള്ള റാങ്കിങ്ങ്, അതിനു മുകളിൽ നിങ്ങളെ ഗൂഗിൾ ‘പിൻതുടർന്ന്‘ മനസ്സിലാക്കിയുള്ള വിവരങ്ങൾ ഉപയോഗിച്ചുള്ള സോർട്ടിങ്ങ്. അപ്പോൾ എവിടെയൊക്കെയാണ് ഗൂഗിൾ നിങ്ങളെ ‘പിന്തുടർന്ന്‘ മനസ്സിലാക്കുന്നത് എന്ന് ഒന്ന് നോക്കാം.

പ്രധാനമായും നിങ്ങളുടെ ക്രോം ബ്രൗസിങ്ങ് ഹിസ്റ്ററി, അതായത് നിങ്ങൾ ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസർ ഉപയോഗിച്ച് പോയ സൈറ്റുകൾ; പിന്നെ ഗൂഗിൾ വക ജിമെയിൽ, മാപ്സ് പോലെയുള്ള സേവനങ്ങൾ. ഇത് കൂടാതെ നിങ്ങളുടെ ലൊക്കേഷൻ, ഐ പി വിലാസം, നിങ്ങൾ ക്ളിക്ക് ചെയ്യുന്ന ഗൂഗിൾ-പരസ്യങ്ങൾ, ഉപയോഗിക്കുന്ന ഭാഷ, നിങ്ങളുടെ ഒരോ തിരയലിലും ഉത്തരമായി കിട്ടുന്ന റിസൾട്ട്. ഇതെല്ലാം ഗൂഗിൾ “ശ്രദ്ധിക്കുന്നു“. നിങ്ങളുടെ തിരയൽ ചോദ്യങ്ങൾക്ക് റിലവന്റ് ആയ ഉത്തരം തരാൻ; നിങ്ങൾ കാണുന്ന പരസ്യങ്ങൾ നിങ്ങൾ ക്ളിക്ക് ചെയ്യാൻ സാധ്യതയുള്ള ബ്രാന്റുകളുടെ ആകാൻ. ടിവി യിൽ സീരിയലുകൾ കാണുന്നത് കരഞ്ഞ് കൊണ്ട് കാണുന്ന വീട്ടമ്മയാണോ അല്ല അമ്മയേ കളിയാക്കി ചിരിക്കാൻ പിറകിൽ നിന്ന് കാണുന്ന കോളേജ് വിദ്യാർത്ഥിയാണോ എന്ന് കേബിൾ/ ഡി ടി എച്ച് കമ്പനിയ്ക്ക് നിശ്ചയമില്ല. അതുകൊണ്ട് സീരിയലിന്റെ ഇടയിൽ വരുന്ന പരസ്യങ്ങൾ സീരിയൽ കാണുന്നവരെന്ന് ബ്രാണ്ടുകൾ ‘മനസ്സിലാക്കുന്ന“ ഇത്തരം അമ്മമാർക് ഇഷ്ടപ്പെടാൻ സാധ്യതയുള്ളവ ആയിരിക്കും. ടിവിയും മിക്സിയും ഫ്രിഡ്ജും ഒരാൾ ഒറ്റയ്ക്ക് ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കുന്നവയല്ലല്ലോ!

ഗൂഗിൾ വക പരസ്യങ്ങൾ നിങ്ങൾ ഇന്റർനെറ്റിൽ ഉടനീളം കാണുന്നത് ഈ സീരിയൽ ടിവി ഉദാഹരണം പോലെയല്ല. നിങ്ങളെ അടിമുടി മനസ്സിലാക്കിയാണ് ഗൂഗിൾ ഏത് പരസ്യം എപ്പോൾ കാണിക്കണം എന്ന് തീരുമാനിക്കുന്നത്. മേൽപ്പറഞ്ഞ വിവര ശേഖരണത്തിന്റെയെല്ലാം ലക്ഷ്യം ഇതൊക്കെ തന്നെയാണ്. (നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിൽ പലതും പരസ്യം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത് ഗൂഗിൾ ആണ്. അതായത് പരസ്യം നൽകുന്ന ബ്രാന്റിനും, പരസ്യം കാണിക്കുന്ന സ്സൈറ്റിനും ഇടയിൽ ഗൂഗിളിന്റെ ആഡ് വേഡ്സ് എന്ന സേവനമുണ്ട്
https://www.google.com/adwords/; ഇങ്ങനെ നിരവധി സേവനദാതക്കളുണ്ട്)

ലളിതമായ അവതരണത്തിന് മുകളിൽ ഗൂഗിളിന്റെ കൂട്ടു പിടിച്ചു എന്നേയുള്ളൂ. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മിക്ക കമ്പനികളും ഡാറ്റാ-ഡ്രിവൺ ആണ്. അതായത് വിവരങ്ങൾ അപഗ്രഥിച്ച് (ബിസിനസ്) തീരുമാനങ്ങൾ എടുക്കുന്നവ. വിവരത്തിന്റെ ആധിക്യവും, എങ്ങിനെ മെച്ചപ്പെട്ട രീതിയിൽ അതിൽ നിന്ന് ഉപയോക്തക്കളെ മനസ്സിലാക്കി നല്ലൊരു അനുഭവം പ്രദാനം ചെയ്യാം എന്നുള്ളത് ഇവർ എന്നും നേരിടുന്ന ഒരു വെല്ലുവിളി. പേഴ്സണലൈസ്ഡ് (personalised) ആയ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിൽ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ സ്വരൂപ്പിക്കുന്നിന് വലിയ ഒരു പങ്കുണ്ട് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ. ഈ വിവരങ്ങൾ മെച്ചപ്പെട്ട രീതിയിൽ അനലൈസ് ചെയ്യുക മാത്രമല്ല, എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു യൂസർ ഇന്റർഫേസ് (user interface) ഉപയോക്താവിന് ലഭ്യമാക്കുക എന്നതും ഇവിടെ പ്രധാനമാണ്.

ഗൂഗിൽ തിരയലിൽ നമ്മൾ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നമ്മളുടെ മനസ്സിലുള്ള ചോദ്യം ഊഹിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങൾ എന്താണ് ടൈപ്പ് ചെയ്യുന്നത്, നിങ്ങളുടെ നാട്ടിലുള്ളവർ എന്തൊക്കെ തിരയുന്നു, അതിൽ എന്തൊകെ ട്രെൻട് ചെയ്യുന്നു, പിന്നെ നിങ്ങളുടെ പഴയ തിരയലുകൾ, ഈ മൂന്ന് ഘടകങ്ങളിൽ നിന്നാണ് autocomplete എന്ന് അറിയപ്പെടുന്ന ഗൂഗിളിന്റെ ഈ ഊഹിക്കൽ പരിപാടി.

p-v-sindhu-casteഒരു വാക്ക് എത്ര പ്രാവശ്യം തിരയപ്പെടുന്നു, ഗൂഗിൾ ഇന്റെക്സ് (index) ചെയ്ത വിവരങ്ങളുടെ മൊത്തം കലവറ, ഈ രണ്ട് കാര്യങ്ങളുമാണ് ഈ ‘ഊഹിക്കലിൽ‘ വളരെ അധികം സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ. ഗൂഗിൾ ട്രെന്റ് ടൂൾ മനസ്സിലാക്കുന്നതിൽ ചില മാധ്യമങ്ങൾക്ക് പിശക് സംഭവിക്കുകയും, പി വി സിന്ധുവിന്റെ ജാതിയാണ് അവരെ കുറിച്ച് തിരഞ്ഞതിൽ ഭൂരിഭാഗം പേരും തിരഞ്ഞത് എന്ന് തെറ്റായ വാർത്ത കൊടുക്കുകയും ചെയ്തത് നിങ്ങൾക്ക് ഓർമ്മ കാണുമല്ലോ. പി വി സിന്ധുവിനെ കുറിച്ചും, അവരുടെ ജാതി എന്താണെന്നും, അവരുടെ അമ്മ ആരാണ് എന്നും ഒക്കെ പി വി സിന്ധുവിനെ കുറിച്ച് തിരഞ്ഞ ഒരു ചെറിയ ശതമാനം പേർ തിരഞ്ഞിരുന്നു എന്നതിൽ സംശയമില്ല. പക്ഷെ ഇവർ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു എന്നല്ലാതെയുള്ള വാർത്ത കൊടുക്കുകവഴി ചില മാധ്യമ സ്ഥപനങ്ങൾക്ക് വീഴ്ച്ച സംഭവിച്ചു. ഇത് കൂടാതെ Streisand effect പോലെയുള്ള പ്രതിഭാസവും ഇവിടെ നടന്ന് കാണും. പി വി സിന്ധുവിന്റെ ജാതിയാണ് ഇന്ത്യക്കാർ തിരയുന്നത് എന്ന വാർത്ത കണ്ട കുറേ പേർ അത് തന്നെ തിരയാൻ പോയിക്കാണും. നമ്മുടെ മാധ്യമങ്ങൾ “വീഡിയോ വൈറൽ ആകുന്നു“ എന്ന് പറഞ്ഞ് പറഞ്ഞ് ക്ളിക്ക് കൂട്ടി വീഡിയോകൾ വൈറൽ ആക്കുന്നത് നമ്മൾ സ്ഥിരം കാണുന്നുണ്ടല്ലോ.

'Top 10 Criminals' എന്നത് ഗൂഗിളിൽ തിരഞ്ഞാൽ നമ്മുടെ പ്രധാന മന്ത്രി മോഡിയുടെ ചിത്രം വരുന്നതും, അതുമായി ബന്ധപ്പെട്ട കോലാഹലവും കഴിഞ്ഞ വർഷം നിങ്ങൾ ശ്രദ്ധിച്ച് കാണുമല്ലോ. യൂ കെ യിലെ ടെലഗ്രാഫ് പത്രത്തിന് പറ്റിയ ഒരു പിഴവാണ് ഇതിനു കാരണം.
Top Indian educationalist accused of racism over portrayal of criminal ‘negroes
’ എന്ന ഒരു വാർത്തയിൽ മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് അംഗീകാരം ലഭിച്ച പാഠ പുസ്തകങ്ങളിൽ കറുത്തവർഗ്ഗക്കാരെ അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. ഗൂഗിളിന്റെ ഇമേജ് തിരയലിൽ ചിത്രങ്ങൾ ഏതൊക്കെ കാണിക്കണമെന്ന് രഹസ്യവും പരസ്യവും ആയ കുറെ ‘നിയമങ്ങൾ“ ഉപയോഗിച്ചാണ് ഗൂഗിൾ തീരുമാനിക്കുന്നത്. ഇവിടെ സംഭവിച്ചത് മോഡിയുടെ ചിത്രത്തിന്റെ Alt ടാഗിൽ വാർത്തയുടെ തലക്കെട്ടും, "Indian Prime Minister: Narendra Modi" എന്ന് കൂടി ഉണ്ടായിരുന്നു. Alt ടാഗ് എന്നത് ചിത്രങ്ങൾ ഗൂഗിളിന് “വായിച്ച്“ മനസ്സിലാക്കാൻ വേണ്ടി വെബ് പ്രോഗ്രാമർമാർ പേജിന്റെ കോഡിൽ ചേർക്കുന്ന ഒരു വിവരമാണ്. പാവം ഗൂഗിൾ Top, criminal, Narendra Modi — ഇതെല്ലാം കൂട്ടിയോജിപ്പിച്ച് ഈ ചിത്രം 'Top 10 Criminals' എന്നതിന്റെ റിസൽട്ട് ആയി നമുക്ക് മുന്നിൽ എത്തിച്ചു. അവസാനം ഗൂഗിളിന് മാപ്പ് പറയേണ്ടി വന്നു. മനുഷ്യ ഇടപെടൽ ഇല്ലാതെ യന്ത്രങ്ങൾ ചിന്തിക്കുന്നതിനാൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിന്റെ ഉദാഹരണം.

ചില വലിയ കമ്പനികൾ അടക്കം നിരവധി കമ്പനികൾ ഈ സ്വരൂപിക്കുന്ന സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി വയ്ക്കുന്നതിൽ നിന്നും പലപ്പോഴും വ്യതിചലിക്കുന്നതായി നാം കാണുന്നു. ചിലപ്പോഴെങ്കിലും സുരക്ഷാ കാര്യങ്ങൾ ലാഘവത്തോട് കൂടി സമീപിക്കുന്നത് കൊണ്ടാണ് അബദ്ധങ്ങൾ സംഭവിക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉപയോക്താവ് അർപ്പിച്ച വിശ്വാസം മൂക്കും കുത്തി താഴേക്ക് പോകുന്നു. യൂറോപ്പിലെ പോലെയുള്ള ഡാറ്റ സുരക്ഷാ, സ്വകാര്യതാ നിയമങ്ങളും ഇവിടെ ശ്രദ്ധേയമാണ്. വളരെ കർശനമായ നിയമങ്ങൾ ഉള്ള ഇത്തരം രാജ്യങ്ങളിലെ പോലെയുള്ള നിയമങ്ങൾ പാലിക്കുകയും അതിനൊപ്പം വിവരങ്ങൾ ശേഖരിക്കുകയും, മികച്ച അനുഭവം പ്രദാനം ചെയ്യുകയും എന്നുള്ള ഇലയ്ക്കും മുള്ളിനും കേട് വരാതെയുള്ള നോക്കുന്ന നയമാണ് കമ്പനികൾ ഇവിടെ സ്വീകരിക്കുന്നത്. ഇത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല താനും.


തന്റെ ആപ്പ്/സൈറ്റ് ഉപയോഗ-അനുഭവം (യൂസർ എക്സ്പീരിയൻസ്) പേഴ്സണലൈസ്ഡ് ആയിരിക്കണം എന്നാണ് ഉപയോക്താവ് ആഗ്രഹിക്കുന്നത്. പലപ്പോഴും പുറത്ത് പറയാതെയുള്ള സ്വയം അറിയാതെയുള്ള ഒരു ആഗ്രഹം. പരമാവധി ഇങ്ങനെ തന്നെ ചെയ്യണം എന്നാണ് അപ്പിനും സൈറ്റിനും പിന്നിലുള്ളവരും ആഗ്രഹിക്കുന്നത്. പക്ഷേ തന്റെ വിവരങ്ങൾ സമ്മതമില്ലാതെ മറ്റാർക്കും കൈമാറാൻ ഉപയോക്തക്കൾ തയ്യാറല്ലതാനും. ഏതൊക്കെ വിവരങ്ങൾ എന്തിനൊക്കെ സ്വീകരിക്കുന്നു എന്ന് തങ്ങളോട് പറയണം എന്നാണ് പലപ്പോഴും ഉപയോക്തക്കളുടെ നിലപാട്. മൊത്തതിൽ ഒരു ഞാണിന്മേൽ കളി.

കൂടുതൽ വിവരങ്ങൾ ഉപയോക്താക്കളിൽ നിന്ന് സ്വീകരിക്കാനും, അത് എളുപ്പത്തിൽ അപഗ്രഥിക്കാനും വരും കാലങ്ങളിൽ സാധിക്കുമെന്ന് തീർച്ച. സുരക്ഷാ പിഴവുകളും അത് അടയ്ക്കാനുള്ള വഴികളും വളർന്ന് കൊണ്ടിരിക്കുന്നു. സ്വകാര്യത്യും, ഡാറ്റയും, സുരക്ഷയും, ഉപയോക്താ‍ാനുഭവവും ഒക്കെ കൂടിയുള്ള ഒരു ആവേശഭരിതമായ ഒരു നവ ഡിജിറ്റൽ യുഗം നമ്മേ കാത്തിരിക്കുന്നു.

Read More >>