നികുതിവെട്ടിപ്പ് കേസില്‍ മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് എംകെ ദാമോദരന്‍

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എംകെ ദാമോദരന്‍ കോടതിയെ സമീപിച്ചത്

നികുതിവെട്ടിപ്പ് കേസില്‍  മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് എംകെ ദാമോദരന്‍

കൊച്ചി: കോഴി നികുതിവെട്ടിപ്പ് കേസില്‍ മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍. കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എംകെ ദാമോദരന്‍ കോടതിയെ സമീപിച്ചത്.

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സര്‍ക്കാരിനെതിരെ ഹാജരായി വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം രാജി വെച്ചിരുന്നു.


കോഴി ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി എഴുതിത്തള്ളി പതിനഞ്ചര കോടി കൈവശപ്പെടുത്തിയെന്നതാണ് മാണിക്കെതിരായ കേസ്. കോഴി വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതി സ്റ്റേ ചെയ്തെന്നും ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പിന് കൂട്ടുനിന്ന് 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും മാണിക്കെതിരായ' വിജിലന്‍സ്' എഫ്ഐആറില്‍ വ്യക്തമാക്കുന്നു. 200 കോടിയാണ് സര്‍ക്കാരിന് ഇതിലൂടെയുണ്ടായ നഷ്ടം എന്നും പറയുന്നുണ്ട്. കേസ് 19ന് വീണ്ടും പരിഗണിക്കും.

Read More >>