ഖനി മാഫിയയുടെ കൊളളലാഭം; നാടിനു പെരുംചേതം; കർണാടക ബിജെപിയുടെ ദേശസ്നേഹം ഇങ്ങനെ

കളളപ്പണം വിദേശത്തേയ്ക്കു കടത്തുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് റെഡ്ഡിമാരുടെ ഇരുമ്പയിരു കയറ്റുമതി. രാജ്യത്തിന് ലഭിക്കുമായിരുന്ന വിദേശ നാണയം നഷ്ടപ്പെടുന്നതു മാത്രമല്ല, ആദായനികുതിയും കമ്പനി നികുതിയും ഖജനാവില്‍നിന്നും ചോരുന്നു. ഏതാണ്ട് ഒരു കോടി ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് മതിപ്പുകണക്ക്.

ഖനി മാഫിയയുടെ കൊളളലാഭം; നാടിനു പെരുംചേതം; കർണാടക ബിജെപിയുടെ ദേശസ്നേഹം ഇങ്ങനെ

വിദേശത്തു കെട്ടിപ്പൊക്കിയ ബിനാമി സ്ഥാപനങ്ങളിലേയ്ക്കാണ് ജനാര്‍ദ്ദന റെഡ്ഡി ഇന്ത്യയിലെ സമ്പത്തു മുഴുവന്‍ കടത്തിയത്. റെഡ്ഡിയുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇരുമ്പയിരു വാങ്ങിയ സിംഗപ്പൂര്‍ കമ്പനിയായ ജിഎല്‍എ ട്രേഡിംഗ് ഇത്തരത്തിലൊരു ബിനാമി കമ്പനിയാണ്. വിപണി വിലയിലും വളരെ താഴ്ന്ന നിരക്കിലാണ് സിംഗപ്പൂര്‍ കമ്പനിയ്ക്ക് ഇരുമ്പയിരു വിറ്റത്. ഇതിന്റെ മാനേജിംഗ് ഡയറക്ടറും ജനാര്‍ദ്ദന റെഡ്ഡി തന്നെയാണെന്ന് ഇന്‍കംടാക്‌സ് കണ്ടെത്തി. റെഡ്ഡിയുടെ ഭാര്യയുടെ പേര് ലക്ഷ്മി അരുണ എന്നാണ്. ഗലി ജനാര്‍ദ്ദന റെഡ്ഡിയെന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ജിഎല്‍എ എന്നാല്‍ ഗലി ലക്ഷ്മി അരുണ.


ഗള്‍ഫിലുമുണ്ട് ഇതുപോലൊരു കമ്പനി. ജിഎല്‍എ ട്രേഡിംഗ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 2007 മുതല്‍ 2009 വരെ 8.5 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരാണത്രേ ഈ കമ്പനിയിലേയ്ക്കു കടത്തിയത്. താഴ്ന്ന വിലയ്ക്കു അയിരു വിറ്റതുവഴി ഏതാണ്ട് 300 കോടി രൂപ നികുതിവകുപ്പിന് നഷ്ടമായി.

മാന്‍-ഗോ പബ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആരംഭത്തില്‍ ഈ കമ്പനിയുടെ പേര്. കമ്പനിയുടെ ഒരു ഷെയര്‍ ജിജെആര്‍ ഹോള്‍ഡിംഗിനു നല്‍കി. ജിജെആര്‍ എന്നാല്‍ ഗലി ജനാര്‍ദ്ദന റെഡ്ഡി. കമ്പനിയുടെ ഉടമസ്ഥന്റെ വിലാസം ഐല്‍ ഓഫ് മാന്‍ (Isle of Man) എന്ന ബ്രിട്ടീഷ് പ്രവിശ്യയിലേതാണ്. നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഐല്‍ ഓഫ് മാന്‍ ദ്വീപ്.

കളളപ്പണം വിദേശത്തേയ്ക്കു കടത്തുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് റെഡ്ഡിമാരുടെ ഇരുമ്പയിരു കയറ്റുമതി. രാജ്യത്തിന് ലഭിക്കുമായിരുന്ന വിദേശ നാണയം നഷ്ടപ്പെടുന്നതു മാത്രമല്ല, ആദായനികുതിയും കമ്പനി നികുതിയും ഖജനാവില്‍നിന്നും ചോരുന്നു. ഏതാണ്ട് ഒരു കോടി ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് മതിപ്പുകണക്ക്.

റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിനു ഭീമമായ നഷ്ടം ഉണ്ടാകുന്നു. അന്തര്‍ദേശീയ വിപണയില്‍ ഇരുമ്പയിരിന് 5000 - 6000 രൂപയുണ്ടായിരുന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ റോയല്‍ട്ടി ഇനത്തില്‍
ഈടാക്കിയിരുന്നത് കേവലം 27 രൂപയായിരുന്നു.

അതേസമയം കയറ്റുമതിക്കാര്‍ക്കും ഖനിയുടമകള്‍ക്കും ഉണ്ടായ ലാഭമെത്രയെന്ന് ഊഹിച്ചുനോക്കൂ. ടണ്‍ ഒന്നിന് 5000 - 6000 രൂപയാണ് വില. ഒരു ടണ്‍ ഖനനം ചെയ്യാന്‍ ചെലവ് വെറും 150 രൂപ. തുറമുഖം വരെ എത്തിച്ച് ചരക്കു കടത്തുന്നതിനു മറ്റൊരു 150 രൂപ. കൈക്കൂലി 200 രൂപ. സര്‍ക്കാരിനുളള റോയല്‍ട്ടിയടക്കം ഏറിയാല്‍ 600 രൂപ മൊത്തം ചെലവ്. ഇതാണ് 6000 രൂപയ്ക്ക് വിദേശത്തു വിറ്റു ലാഭം കൊയ്തത്.

കര്‍ണാടകത്തിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി ആയിരുന്നെങ്കിലും സംഘത്തില്‍ ഇന്ത്യയിലെ പെരുമയേറിയ കുത്തക കമ്പനികളുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഭീമനായ മിത്തല്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പാദകരായി മാറിക്കൊണ്ടിരിക്കുന്ന ജിന്‍ഡാല്‍ തുടങ്ങിയവരും ഈ അഴിമതിയില്‍ പ്രതിക്കൂട്ടിലാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഒരു കമ്പനി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു കൈക്കൂലി നല്‍കി എന്നും കേസുണ്ട്. കൈക്കൂലി നല്‍കിയ രീതി രസകരമാണ്. ബങ്കളൂരുവില്‍ ഒരു പ്ലോട്ട് മകള്‍ക്ക് യെദ്യൂരപ്പ 40 ലക്ഷം രൂപയ്ക്ക് അനുവദിച്ചു. അത് 20 കോടി രൂപയ്ക്കാണ് ജിന്‍ഡാല്‍ വാങ്ങിയത്.

കര്‍ണാടകയിലെ ഖനന അഴിമതിക്കേസ് പുറത്തുവന്നതോടു കൂടി ആന്ധ്ര, തുടര്‍ന്ന് ഗോവ, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരുന്ന സമാനമായ വെട്ടിപ്പുകളുടെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. .

ഇതിനാകെ അരങ്ങൊരുക്കിയത് കയറ്റുമതി പ്രോത്സാഹനത്തിന്റെ പേരില്‍ ഇരുമ്പയിരു ഖനനം സ്വകാര്യമേഖലയ്ക്ക് 1991ല്‍ തുറന്നു കൊടുത്തതോടെയാണ്. പുതിയ നൂറ്റാണ്ട് ആരംഭിച്ചതോടെ
ആഗോളവിപണിയിലെ ഇരുമ്പിന്റെ വില ഉയരാന്‍ തുടങ്ങി. ഒളിമ്പിക്‌സ് പ്രമാണിച്ച് ചൈനയില്‍ നടന്ന അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയില്‍ 90 ശതമാനവും ചൈനയിലേയ്ക്കായിരുന്നു. ഏതാനും വര്‍ഷം കൊണ്ട് ഇരുമ്പയിരിന്റെ വില മൂന്നു മടങ്ങ് ഉയര്‍ന്നു.

അതില്‍ത്തന്നെ ബെല്ലാരി മേഖലയില്‍ ലഭ്യമായ വളരെ നേര്‍ത്ത ഇരുമ്പയിരുപൊടിയ്ക്കാണ് വില ഏറ്റവുമുയര്‍ന്നത്. അതോടെയാണ് എന്തോ സ്വര്‍ണഖനി കണ്ടുപിടിച്ചതോടെ ഇന്ത്യന്‍ കമ്പനികളും ഇരുമ്പയിരു ഖനനത്തിലേയ്ക്ക് - പ്രത്യേകിച്ച് ബെല്ലാരിയിലേയ്ക്ക് - ഇരച്ചു കയറിയത്. റെഡ്ഡിയെപ്പോലുളള പുത്തന്‍ പണക്കാര്‍ മാത്രമല്ല, തറവാടികളും ഒട്ടും പിന്നിലായിരുന്നില്ല. റെഡ്ഡിയെപ്പോലുളളവരുടെ മേധാവിത്വം അംഗീകരിച്ചുകൊടുക്കാനും അവര്‍ സന്നദ്ധമായി.

അവസാനം കുരുങ്ങി!

നിനച്ചിരിക്കാതെയായിരുന്നു റെഡ്ഡിയുടെയും ജഗന്‍ മോഹന്റെയും വീഴ്ച. യാദൃശ്ചിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് അതിലേയ്ക്കു വഴി തെളിച്ചത്. പക്ഷേ, ഇതോടൊപ്പം അംഗീകരിക്കേണ്ട മറ്റൊരു വസ്തുത കൈക്കൂലിക്കു വഴങ്ങാത്ത ചില ഉദ്യോഗസ്ഥരും വിലയ്‌ക്കെടുക്കാനാവാത്ത ചില ന്യായാധിപന്മാരും ഇന്നുമുണ്ട് എന്നതാണ്.

റെഡ്ഡി സഹോദരന്മാരുടെ ശനികാലം ആരംഭിച്ചത് കര്‍ണാടകത്തിലെ ലോകായുക്ത ജഡ്ജി ഇരുമ്പയിരു ഖനനത്തെക്കുറിച്ചുളള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്. ഹെഗ്‌ഡെയും കീഴുദ്യോഗസ്ഥരും കൂട്ടായി നടത്തിയ അതിസാഹസികമായ അന്വേഷണ പരമ്പരയാണ് കര്‍ണാടകത്തിലെ അഴിമതിക്കഥകള്‍ അനാവരണം ചെയ്തത്. ഇന്ത്യയില്‍ വരാന്‍പോകുന്ന ലോക്പാലിന്റെ തലവനാകാന്‍ വേണ്ടിയാണ് ഹെഗ്‌ഡെ ഈ കഠിനപ്രയത്‌നം ചെയ്തത് എന്ന് ആരോപണം ഉന്നയിച്ച തല്‍പ്പരകക്ഷികളുണ്ട്. ക്രമക്കേടുകളുടെ പരമ്പര അക്കമിട്ടു നിരത്തിയാണ് ലോകായുക്ത റെഡ്ഡിമാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയത്.
ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, ശ്രീരാമലു എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ലോകായുക്ത ജഡ്ജി സന്തോഷ് ഹെഗ്‌ഡെ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കേസ് ലോകായുക്തയുടെ മുന്നില്‍ വന്നതും തികച്ചും യാദൃശ്ചികമായാണ്. ജനതാദളും ബിജെപിയും ചേര്‍ന്ന് കുറച്ചുനാള്‍ കര്‍ണാടക ഭരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. കുമാരസ്വാമിയ്ക്ക് ഖനി മേഖലയില്‍ അനധികൃത ഇടപാടുകളുണ്ടായിരുന്നു. ബിജെപിയും ജനതാദളും തമ്മില്‍ തെറ്റിയപ്പോള്‍ ഖനിമേഖലയിലെ അഴിമതിയും വിവാദപ്രശ്‌നമായി. ബിജെപിയും ദളും അന്യോന്യം ചെളിവാരിയെറിഞ്ഞു. അങ്ങനെയാണ് കേസ് ലോകായുക്തയുടെ മുന്നിലെത്തിയത്.

ബിജെപി സര്‍ക്കാര്‍ വന്നപ്പോഴും ലോകായുക്ത അന്വേഷണവുമായി
മുന്നോട്ടു പോയി. ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ യെദ്യൂരപ്പ അടയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്നാല്‍ യെദ്യൂരപ്പയെത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന അന്തിമ റിപ്പോര്‍ട്ടു വന്നതോടെ ബിജെപിയ്ക്ക് നില്‍ക്കക്കളളിയില്ലാതായി. ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരെയുളള രാഷ്ട്രീയ ആക്രമണത്തിന് കോണ്‍ഗ്രസ് ഖനി അഴിമതി ആയുധമാക്കി.

2011 ആഗസ്റ്റ് മൂന്നിന് ജനാര്‍ദ്ദന റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. 2011 സെപ്തംബര്‍ 5ന് റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ബെല്ലാരി, അനന്തപൂര്‍ (ആന്ധ്രാപ്രദേശ്) മേഖലയിലെ അനധികൃത ഖനനം, അനധികൃത കയറ്റുമതി, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് റെഡ്ഡിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 മെയ് 31 മുതല്‍ 2011 ആഗസ്റ്റ് 3 വരെ കഷ്ടിച്ചു മൂന്നുവര്‍ഷമേ മന്ത്രിക്കസേരയിലിരുന്നുളളൂവെങ്കിലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത്രവിപുലമായ ക്രമക്കേടു നടത്തുകയും ഭീമമായ സ്വത്തു സമ്പാദിക്കുകയും ചെയ്ത മറ്റൊരു മന്ത്രിയുണ്ടാവില്ല. പതിനായിരക്കണക്കിനു കോടികള്‍ വെട്ടിപ്പിടിച്ച് അത്യാഡംബരജീവിതം നയിച്ചിരുന്ന ജനാര്‍ദ്ദന റെഡ്ഡി ആന്ധ്രയിലെ ചഞ്ചല്‍ഗുഡ ജയിലിലെ 697-ാം നമ്പര്‍ അന്തേവാസിയായി ആയിരത്തിലധികം ദിവസം കിടന്നു എന്നതും യാഥാർത്ഥ്യം.

ജാമ്യത്തിന് 20 കോടി... അതും സിബിഐ ജഡ്ജിയ്ക്ക്.. അക്കഥ അടുത്ത ഭാഗത്തിൽ