"ആടിനും ആനിനും ശേഷം..." മിഥുന്‍ മാനുവല്‍ തോമസ്‌ സംസാരിക്കുന്നു

2014ലെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ച ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്താണ് കൂടിയാണ് മിഥുന്‍ മാനുവല്‍ തോമസ്‌.

"ആടിനും ആനിനും ശേഷം..." മിഥുന്‍ മാനുവല്‍ തോമസ്‌ സംസാരിക്കുന്നു

2014ലെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ച ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്താണ് മിഥുന്‍ മാനുവല്‍ തോമസ്‌. പക്ഷെ അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് യുവാക്കള്‍ നെഞ്ചിലേറ്റിയ ഷാജി പാപ്പന്‍റെയും കൂട്ടുകാരുടെയും സൃഷ്ട്ടാവായാണ്. സാമൂഹ്യ സേവനത്തില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ദുബായില്‍ അധ്യാപകനായി സേവനമനുഷ്ടിച്ച മിഥുന് സിനിമ ഒരു സ്വപ്നമായിരുന്നു. അങ്ങനെയാണ് ജോലി ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് വരുന്നത്. നാട്ടിലെത്തി സിനിമാ മോഹവുമായി അലഞ്ഞു തിരിയുന്ന സമയത്താണ് മിഥുന്‍ അജു വര്‍ഗീസിനെ കണ്ടു മുട്ടുന്നത്. അതായിരുന്നു മിഥുന്റെ ജീവിതത്തിലെ വഴിത്തിരിവ്. അജുവാണ് സിനിമാ ലോകത്തെ പ്രമുഖരെ മിഥുന് പരിചയപ്പെടുത്തി കൊടുക്കുന്നത്.  അവിടെ നിന്നും സിനിമയുടെ മായിക ലോകത്തേക്ക്  കടന്നു വന്ന മിഥുന്റെ യാത്ര ഇന്ന് 'ആന്‍ മരിയ'യില്‍ എത്തിനില്‍ക്കുന്നു...


 • ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രത്തിന് തന്നെ കേരള സംസ്ഥാന അവാര്‍ഡ്‌ നേടിയെങ്കിലും മിഥുന്‍ മാനുവല്‍ തോമസ്‌ ഇന്ന് അറിയപ്പെടുന്നത് ഷാജി പാപ്പന്റെ സൃഷ്ടാവായാണ്. ഷാജി പാപ്പന്‍ വന്നതിനു ശേഷം ഓം ശാന്തി ഓശാന ഓര്‍മ്മ മാത്രമായി മാറിയോ?


വളരെയധികം വൈരുധ്യമുള്ള ഒരു കാര്യമാണിത്. ഞാന്‍ ആദ്യമായി തിരക്കഥ എഴുതിയ  ഓം ശാന്തി ഓശാന തീയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടൊരു ചിത്രമാണ്. കുടുംബ പ്രേക്ഷകര്‍ക്കിടയിലായാലും യുവാക്കള്‍ക്കിടയിലായാലും പെണ്‍കുട്ടികള്‍ക്കിടയിലായാലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഓം ശാന്തി ഓശാന. അതിന് ഒരുപാട് ഇഷ്ടക്കാരും ആരാധകരുമൊക്കെയുണ്ടായി.

അതേസമയം, എന്റെ രണ്ടാമത്തെ ചിത്രമായ ആട് തീയറ്ററുകളില്‍ തിരസ്ക്കരിക്കപ്പെട്ട ചിത്രമാണ്.  പക്ഷെ കാലമൊന്നു കറങ്ങി വന്നപ്പോള്‍, എന്റെ മൂന്ന്  സിനിമകളില്‍ ഏറ്റവും ജനപ്രിയമായ ചിത്രമേത് എന്ന ചോദ്യത്തിന് ഉത്തരമായി ആട് മാറി. തീയറ്ററുകളില്‍ സ്വീകരിക്കപ്പെടാതെ പോയിട്ടും ഇന്നും ജനങ്ങള്‍ മനസ്സില്‍ പാപ്പനെ കൊണ്ട് നടക്കുന്നുവെന്നത് തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞ ഐറണി.

ചില സിനിമകളുടെ വിധിയങ്ങനെയാണ്. പ്രേക്ഷകരാണ് അന്തിമ വിധികര്‍ത്താക്കള്‍. അവരുടെ ഇഷ്ടങ്ങളും അഭിരുചികളും അനുസരിച്ചാണ് ഒരു ചിത്രത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുന്നത്. തീയറ്ററുകളില്‍ പരാജയപ്പെട്ടിട്ടും ആടിന് ഇന്ന് ഒരുപാട് ഇഷ്ടക്കാരും സ്വന്തക്കാരുമുണ്ടെന്നത്തില്‍ ഒരുപാട് സന്തോഷമുണ്ട്.

 • വ്യത്യസ്തമായ കഥാപശ്ചാത്തലം. അതായിരുന്നു ആടിന്റെ പ്രത്യേകത. താരതമ്യപ്പെടുത്തലുകളില്‍ അര്‍ത്ഥമില്ലെങ്കിലും ആട് പോലെയൊരു കഥ തന്നെയാണ് ഡബിള്‍ ബാരലും പറഞ്ഞത്. ഈ ചിത്രവും ബോക്സ് ഓഫീസ് പരാജയമായി മാറിയിരുന്നു. പക്ഷേ ടോറന്റ് വഴി ആട് നേടിയ ജയം ഇതിന് നേടാന്‍ കഴിഞ്ഞില്ല...


എനിക്ക് വളരെയധികം ഇഷ്ടമായൊരു ചിത്രമാണ് ഡബിള്‍ ബാരല്‍. അത്തരം സറ്റയര്‍ ചിത്രങ്ങളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. എന്നിരുന്നാലും,  കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെ പെട്ടെന്നൊരു ദിവസം മുന്നില്‍ കാണുമ്പോള്‍ ആളുകള്‍ അവരോടു വിമുഖത കാട്ടാന്‍ ഇടയില്ലേ!  അതേസമയം, ഷാജി പാപ്പനും കൂട്ടുകാരും നാടന്‍ കഥാപാത്രങ്ങളാണ്.

 • ഷാജി പാപ്പന്‍, അറയ്ക്കല്‍ അബു, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍ തുടങ്ങി ആടിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു 'ടൈറ്റില്‍ മ്യൂസിക്കുണ്ട്'. പിന്നീട് ആരാധകരുടെ ഹലോ ട്യൂണുകളായി മാറി ഈ ഗാനങ്ങള്‍...


ഓരോരുത്തരുടെയും ടൈറ്റില്‍ സോങ്ങുകള്‍ ആദ്യം എഴുതി, പിന്നെ ട്യൂണ്‍ ചെയ്തു. അതിന് ശേഷമാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട ആറു കഥാപാത്രങ്ങളും എങ്ങനെയായിരിക്കണമെന്ന് എനിക്ക് നിശ്ചയം ഉണ്ടായിരുന്നു. കാരണം ഈ കഥാപാത്രങ്ങളില്‍ ഊന്നിയാണ് കഥ മുന്നോട്ട് പോയത്.  കഥാപാത്രങ്ങളെ പ്രേക്ഷകര്‍ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു ഗാനങ്ങള്‍ അത്തരത്തില്‍ ചിട്ടപ്പെടുത്തിയത്. വളരെ ബോധപൂര്‍വം തന്നെ ചെയ്തതാണത്.
 • ആടിലെ 'ക്യാപ്റ്റന്‍ ക്ലീറ്റസ്'


ചില ആളുകള്‍ ചില സിനിമകളിലേക്ക് വരുന്നത് നിമിത്തങ്ങളായാണ്. അജുവിനു വേണ്ടി കരുതി വച്ചിരുന്ന വേഷമാണ് ക്യാപ്റ്റന്‍ ക്ലീറ്റസ്. പക്ഷെ അദ്ദേഹത്തിന് ഡേറ്റ് പ്രശ്നം വന്നു. അങ്ങനെയാണ് ധര്‍മ്മജന്‍ ചേട്ടന്‍ വരുന്നത്. അന്ന് അദ്ദേഹം സിനിമകളില്‍ ഇത്രയും സജീവമായിട്ടില്ല. സ്റ്റേജ് ഷോ തിരക്കുകളും മറ്റും മാറ്റി വച്ച് അദ്ദേഹം വന്നു. ആ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറി.

 • വ്യത്യസ്തമായ കഥ പറഞ്ഞ ആടിനെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ വൈകിയത് കൊണ്ടാണോ രണ്ടാമത് വന്ന ആന്‍ മരിയയിലൂടെ ഒരു ചെറിയ കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചത്.


ഒരിയ്ക്കലുമല്ല, ഓം ശാന്തി ഓശാന ഒരു റൊമാന്‍ന്റിക് കോമഡി സിനിമയായിരുന്നു, ആട് ഒരു മാസ് നോണ്‍- സെന്‍സിക്കല്‍ ചിത്രവും. മൂന്നാമതൊരു ചിത്രം ചെയ്യുമ്പോള്‍ ഒരു സിമ്പിള്‍ ഫീല്‍ ഗുഡ് ചിത്രം വേണമെന്ന് തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളുമായി സാമ്യം ഉണ്ടാവാതിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇനി ആന്‍ മരിയ പോലൊരു ചിത്രം ഞാന്‍ ചെയ്യില്ല.

 • ഗസ്റ്റ് റോളുകള്‍ അഥവാ ക്യാമിയോ അപ്പിയറന്‍സുകള്‍ ഒരു സിനിമയെ മറ്റൊരു തരത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്നത്. ആന്‍ മരിയയിലെ ദുല്‍ഖറിന്റെ കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. പക്ഷേ ദുല്‍ഖര്‍ വന്നു പോയതിനു പിന്നാലെ വന്ന മറ്റൊരു ഗസ്റ്റ് ഈ ചിത്രത്തിലുണ്ട്. തീയറ്ററുകളില്‍ ഏറെ ചിരി പടര്‍ത്തിയ ബിജു കുട്ടന്‍ മാലാഖ.


ദുല്‍ഖറിന്‍റെ വേഷത്തിന് ഒരു അടിത്തറയുണ്ടാക്കാന്‍ അല്ലെങ്കില്‍ ആ വേഷമൊന്ന് ബാലന്‍സ് ചെയ്യാന്‍ വേണ്ടി തിരക്കഥയില്‍ അവസാനം ചേര്‍ത്ത കഥാപാത്രമാണ് ബിജു കുട്ടന്‍ അവതരിപ്പിച്ച മാലാഖ. 'മാലാഖ' ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. അപ്പോള്‍ അങ്ങനെയൊരു കഥാപാത്രത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ആനിനെ പറ്റിക്കാന്‍ വേണ്ടി ഒരു മാലാഖയെ ഒരുക്കുമ്പോള്‍ സാധാരണക്കാരനായ ഗിരീഷിനു ഇങ്ങനെയൊക്കെയെ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. മാലാഖയെ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഏതൊരു മനുഷ്യനും മാലാഖയുടെ വേഷം കെട്ടുക ബിജു കുട്ടന്‍ കെട്ടിയത് പോലെയായിരിക്കും. ദുല്‍ഖര്‍ മാലാഖയാണോ വഴിപോക്കനാണോ എന്ന് പ്രേക്ഷകന്‍ ചിന്തിക്കാന്‍ തുടങ്ങും മുന്‍പ് മാലാഖയുടെ കോസ്റ്റ്യൂമില്‍ ബിജു കുട്ടനെ കൊണ്ട് വരികയെന്നതായിരുന്നു ലക്ഷ്യം.

 • ചിത്രത്തില്‍ ഒരു ഗസ്റ്റ്‌ റോളുണ്ട്. പക്ഷേ അത് ദുല്‍ഖര്‍ ആയിരിക്കണം. ഈ തീരുമാനത്തിലേക്ക്  എങ്ങനെയെത്തി. 


ഈ ഗസ്റ്റ് റോളിന്റെ കാര്യം കേട്ടപ്പോള്‍ സണ്ണിയാണ് എന്നോട് പറഞ്ഞത് നമുക്ക് ദുല്‍ഖറിനോട് ചോദിക്കാമെന്ന്. ഇപ്പോഴുള്ള യുവ താരങ്ങളില്‍ ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പം അവനോടാണ്. ആ കഥാ സന്ദര്‍ഭത്തില്‍ ദുല്‍ഖര്‍ നല്‍കിയ ഇഫക്റ്റ് മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൗഹൃദങ്ങള്‍ക്ക് ഉപരി ആന്‍ മരിയയുടെ കഥ ദുല്‍ഖറിന് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം ഈ ചിത്രത്തിലേക്ക് വന്നത്.

 • ആന്‍ മരിയ കണ്ടു കഴിയുമ്പോള്‍ ഉണ്ടാവുന്ന സംശയമാണ്. ദുല്‍ഖര്‍ ശരിക്കും മാലാഖയായിരുന്നോ? മാലാഖയുടെ ആ ഷൂസ്..


എന്നെ സംബന്ധിച്ചിടത്തോളം നന്മ നിറഞ്ഞ ഒരു വഴിപോക്കന്‍ മാത്രമാണ് ആ കഥാപാത്രം. പിന്നെ ആ ഷൂസ്, അത് ദുല്‍ഖറിന്റെ സജഷനായിരുന്നു. ഇങ്ങനെ ഒരു ഷൂ തപ്പി പിടിച്ചു കൊണ്ടുവന്നത് കാണികളില്‍ നിങ്ങള്‍ ഇപ്പോള്‍ ചോദിച്ച ആ സംശയം ജനിപ്പിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാവരിലും ഒരു മാലാഖയുണ്ടെന്ന ആശയം മാത്രമാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിനു പിന്നില്‍.

 • ഓം ശാന്തി ഓശാന, ആട് ഒരു ഭീകര ജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ്..മിഥുന്റെ ചിത്രങ്ങളുടെ പേരുകളും ചര്‍ച്ചാ വിഷയമാണ്...


ആട് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഒരു ഭീകരജീവിയാണ് എന്നത് ടാഗ് ലൈനായിരുന്നു. പതിയെ പറഞ്ഞു പറഞ്ഞ് ആട് ഒരു ഭീകരജീവിയാണെന്നായി മാറുകയായിരുന്നു. ആന്‍ മരിയ കലിപ്പിലാണെന്നുള്ള പേര് വേറൊരു പേരും കിട്ടാഞ്ഞിട്ടിട്ടതാണ്. പിന്നെ ഈ പേര് പണിയുമായിട്ടുണ്ട്. ചിലര്‍ ആന്‍ മരിയ കപ്പലിലാണ് എന്ന് വായിച്ചു, ചിലര്‍ ആന്‍ മരിയ കിടപ്പിലാണെന്നും വായിച്ചു.. അങ്ങനെ ചിലതൊക്കെ...

14407566_364651070591265_324823996_n

കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തമായ പേരുകള്‍ നല്‍ക്കുന്നത് അവരുടെ രൂപവും ഭാവവും സ്വഭാവവുമൊക്കെ പ്രേക്ഷകരില്‍ അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. പാപ്പനും, പൂമ്പാറ്റ ഗിരീഷുമൊക്കെ അങ്ങനെയിട്ട പേരുകളാണ്.

 • തീയറ്ററുകളില്‍ വന്‍ പരാജയമായി മാറിയ സിനിമയുടെ സംവിധായകന്‍, അതേ സമയം ആരാധകര്‍ ഏറെയുള്ള ഷാജി പാപ്പന്റെ സൃഷ്ടാവ്. ഈ രണ്ട് ലേബലുകളുമായി ആന്‍ മരിയ ഒരുക്കാന്‍ നിര്‍മാതാവിനെ തേടി പോയ അനുഭവം...


സണ്ണി വെയിന് സാറ്റലൈറ്റില്ല, മിഥുന്റെ അവസാന ചിത്രം പരാജയമായിരുന്നു, ഇങ്ങനെ നിര്‍മാതാക്കള്‍ പല പല കാരണങ്ങള്‍ പറഞ്ഞു ഞങ്ങളെ മടക്കി അയച്ചിട്ടുണ്ട്. അങ്ങനെ വളരെ അവിചാരിതമായാണ് ജോബി ജോര്‍ജ്ജിലേക്ക് എത്തുന്നത്. ജോബിക്ക് ഞങ്ങളിലുള്ള ആത്മവിശ്വാസമാണ് ഈ സിനിമ. ഒരു സിനിമ ഓടുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് കഥയും കഥാ സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ പിന്നാലെ വരികയേയുള്ളു. ശൂന്യതയില്‍ നിന്നും സിനിമ ഉണ്ടാക്കുന്നത് കഥാകൃത്തുക്കളാണ്. അപ്പോള്‍ അവരെ വിശ്വസിച്ചു സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവണം.

 •  ആന്‍ മരിയ ചെയ്യും മുന്‍പ് മിഥുന്‍ ചില നിര്‍ബന്ധങ്ങള്‍ പിടിച്ചുവെന്ന് കേട്ടിട്ടുണ്ട്. 


ചില കഥാപാത്രങ്ങള്‍ ആര് ചെയ്യണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതായത് ടൈറ്റില്‍ റോള്‍ ചെയ്ത സാറ അര്‍ജ്ജുനും പെരുംകുടി ബേബി എന്ന കഥാപാത്രം  ചെയ്ത സിദ്ധിഖിക്കയുമാണ്‌. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റാണ് സാറ. മലയാളത്തില്‍ ആ വേഷം ചെയ്യാന്‍ അവളെക്കാള്‍ നല്ലൊരു ചോയിസ് ഇല്ലെന്ന് എനിക്ക് തോന്നി.  അങ്ങനെയാണ് സാറയുടെ അച്ഛന് തിരക്കഥ അയച്ചു കൊടുക്കുന്നതും സാറ ഈ ചിത്രത്തിലേക്ക് എത്തുന്നതും.

സിദ്ധിഖിക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം എത്ര പിഴിഞ്ഞാലും ചാറു വരുന്ന പഴമാണ്. പെരുംകുടി ബേബി എന്ന കഥാപാത്രം ചെയ്യാന്‍ വിളിച്ചപ്പോഴേ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ഇതില്‍ ഇക്കയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്, അതാണ്‌ എനിക്ക് വേണ്ടതെന്ന്. ചിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ രംഗം അദ്ദേഹം ആ കഥാപാത്രമായി ജീവിച്ചു ചെയ്തതാണ്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് മൂന്ന് പേജോളം നീളുന്ന ഡയലോഗുകള്‍ അദ്ദേഹം കാണാതെ പഠിച്ചവതരിപ്പിച്ചു.

 • ന്യൂജനറേഷന്‍ താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്, അവര്‍ അവരുടെ സിനിമയും രാഷ്ട്രീയവുമെല്ലാം സോഷ്യല്‍ മീഡിയ വഴി ചര്‍ച്ച ചെയ്യുന്നു. മിഥുന്‍ ഇത്തരം മാധ്യമങ്ങളില്‍ എത്രത്തോളം സജീവമാണ്?


ഞാനും ഫേസ്ബുക്കില്‍ വളരെ സജീവമാണ്. ഇടക്കാലത്ത് സാമൂഹിക വിഷയങ്ങളിലൊക്കെ സജീവമായി ഇടപ്പെട്ട് പോസ്റ്റുകളൊക്കെ ഇട്ടിരുന്ന ഒരു ഫേസ്ബുക്ക് ചാവേറായിരുന്നു ഞാന്‍. പക്ഷേ പിന്നീട് ഞാന്‍ അത് നിര്‍ത്തി. വെറുമൊരു പ്രതികരണ തൊഴിലാളിയായി ഫേസ്ബുക്കില്‍ ഒതുങ്ങി പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. പ്രതികരിക്കുന്നത് പ്രവൃത്തികളിലൂടെയാവണം എന്ന് എനിക്ക് തോന്നി തുടങ്ങി, അല്ലാതെ നമ്മുടെ നാല് വരികള്‍ക്ക് കിട്ടുന്ന നൂറു ലൈക്കുകളിലല്ല നമ്മുടെ വിജയം.

14429655_364651063924599_1954151387_n

പിന്നെ സിനിമാക്കാരുടെ രാഷ്ട്രീയം അവരുടെ സിനിമകളില്‍ ഒതുങ്ങണം എന്ന ഒരു ധാരണ മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍, ഒരു പരിധി വരെയുണ്ടെന്നാണ് എനിക്കുതോന്നുന്നത്. ഒരാളുടെ രാഷ്ട്രീയം പരസ്യമായും രഹസ്യമായും കൊണ്ടു നടക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

 • ഫാന്‍സ്‌ അസോസിയേഷനുകള്‍/ ഫസ്റ്റ് ഡേ റിവ്യൂകള്‍..രണ്ടും ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ്. ഇവയില്‍ രണ്ടിലും മിഥുന്‍ വിശ്വസിക്കുണ്ടോ?


ഫാന്‍സ്‌ അസോസിയേഷനുകളെ കുറിച്ച് ചോദിച്ചാല്‍, എനിക്ക് പറയാനുള്ളത് ഫഹദ് പറഞ്ഞയൊരു കാര്യമാണ്. പിള്ളേര് പഠിക്കട്ടെ. ഫാന്‍സ്‌ അസോസിയേഷനുകളല്ല ഒരു സിനിമയെ വിജയിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ ഗബ്ബര്‍ സിംഗ് 2 ഒന്നും പൊട്ടി പോകില്ലായിരുന്നു. നടന്മാര്‍ക്ക് ഫാന്‍സ്‌ അസോസിയേഷനുകള്‍ ബാധ്യതയാണ്. മത്സരം വരുമ്പോള്‍ പരസ്പരമുള്ള താറടിക്കലുമുണ്ടാകും. അത് ഒഴിവാക്കി സൗഹൃദപരമായ അന്തരീക്ഷം നിലനിര്‍ത്താനും സിനിമയെ മുന്നോട്ട് നയിക്കാനും ഫാന്‍സില്ലാതെയിരിക്കുന്നതാണ് നല്ലത്.

ഫസ്റ്റ് ഡേ റിവ്യൂകള്‍ സിനിമകളെ ബാധിക്കുന്ന കാലം കഴിഞ്ഞു. ഇന്ന് ആരാധകരുടെ വാക്കും പെയ്ഡ് റിവ്യൂകളിലെ എഴുത്തും കണ്ടു സിനിമ കാണാന്‍ പോകുന്നവര്‍ വിരളമാണ്. കണ്ടവര്‍ കണ്ടവര്‍ പറയുന്ന അഭിപ്രായങ്ങള്‍, കഥയെ കുറിച്ചും കഥാസന്ദര്‍ഭങ്ങളെ കുറിച്ചുമുള്ള അവലോകനങ്ങള്‍ , മൌത്ത് പബ്ലിസിറ്റിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം. ഇതൊക്കെയാണ് ഒരു നല്ല സിനിമയുടെ വിജയം. ആക്ഷന്‍ ഹീറോ ബിജുവും, അനുരാഗ കരിക്കിന്‍ വെള്ളവും, ആന്‍ മരിയയുമെല്ലാം അങ്ങനെ വിജയം കണ്ട ചിത്രങ്ങളാണ്.

 • മിഥുന്‍ പിന്തുടരുന്ന സിനിമകള്‍, സംവിധായകര്‍...


രഞ്ജി പണിക്കര്‍ സാറിന്റെ സിനിമകളോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം പറഞ്ഞ കഥകള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്നു, കാലിക പ്രസക്തിയുണ്ടായിരുന്നു. ആ ചിത്രങ്ങള്‍ സംസാരിച്ചിരുന്നത് പൊതുജന പക്ഷത്ത് നിന്നാണ്. അത്തരം സിനിമകള്‍ക്ക് കൈയടിക്കാന്‍ മാത്രം കയറുന്ന ഒരുതരം പ്രേക്ഷക സമൂഹമുണ്ടായിരുന്നു. അങ്ങനെയൊരു സിനിമ ചെയ്യാന്‍ ആഗ്രഹം മാത്രമുണ്ടായാല്‍ പോരല്ലോ..അതിന് വേണ്ട കഴിവും വായനയുമൊക്കെ വേണ്ടേ? പണിക്കര്‍ സാറിനെ കൂടാതെ, ടി ദാമോദരന്‍ സാര്‍, ലോഹിതദാസ് സാര്‍ എന്നിവരും ഞാന്‍ ആരാധിക്കുന്ന തിരക്കഥാകൃത്തുക്കളാണ്‌ . പിന്നെ മേക്കിങ്ങിന്റെ കാര്യത്തില്‍ അന്നും ഇന്നും എന്നും പ്രിയന്‍ സാര്‍ തന്നെയാണ് എന്റെ ഇഷ്ട സംവിധായകന്‍.

 • 'ഇന്‍സ്പിറേഷന്‍സില്‍' മിഥുന്‍ വിശ്വസിക്കുണ്ടോ? 


ഒറ്റയായി ഒന്നുമില്ല, ഒന്ന് മറ്റൊന്നിന് തുടര്‍ച്ചയാണെന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. എനിക്ക് വ്യക്തിപരമായി അതിനോട് കൂടി താല്‍പര്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് എനിക്ക് വിയോജിപ്പില്ല. ആശയങ്ങള്‍ കടമെടുത്ത് മറ്റൊരു രീതിയില്‍ എഴുതുന്നതും ഒരു കഴിവാണ്. പിന്നെ,  ഞാന്‍ വിശ്വസിക്കുന്നത് തിരക്കഥയിലെ ഒറിജിനാലിറ്റിയിലാണ്. കടമെടുക്കാതിരുന്നാല്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ ഭംഗി ലഭിക്കും, കൂടുതല്‍ നല്ല തിരക്കഥകള്‍ ലഭിക്കും. കഥാ ദാരിദ്യം കാരണമാണ് ഈ ഇന്‍സ്പിറേഷന്‍സ് ഇവിടെ സംഭവിക്കുന്നത്. സംവിധാനം ചെയ്യാനും അഭിനയിക്കാനുമൊക്കെ നടക്കുന്ന ഒരുപാട് പേരുണ്ട്, പക്ഷെ എഴുത്തുകാരനാകാന്‍ ആരും മിനക്കെടുന്നില്ല.

 • മിഥുന്റെ അടുത്ത ചിത്രങ്ങള്‍?


ഷാജി പാപ്പനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതാണ്‌ ആഗ്രഹം. പക്ഷേ പഴയ പാപ്പന്‍ അല്ല ഇന്നത്തെ പാപ്പന്‍. എന്നേക്കാളും ജയേട്ടനെക്കാളുമൊക്കെ ഷാജി പാപ്പന്‍ വളര്‍ന്നു കഴിഞ്ഞു. പാപ്പനെ ഒരു പേപ്പറിലേക്ക് എഴുതി ഒതുക്കാന്‍ ഇപ്പോള്‍ അത്ര എളുപ്പമല്ല. ചിലതൊക്കെ എഴുതി നോക്കിയെങ്കിലും ഒന്നും അങ്ങോട്ട്‌ ശരിയായില്ല. പാപ്പനെ ഒരു പരാജയ ചിത്രമാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ കാത്തിരിക്കാം. മികച്ച കഥ രൂപപ്പെടുന്ന മുറയ്ക്ക് പാപ്പന്‍ വരും.

ഇതിന്റെ ഇടയില്‍ ചിലപ്പോള്‍ ഞാനും സണ്ണിയുമായി ഒരു സിനിമ വരാം. ഒന്നും പറയാറായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.[video width="1280" height="720" mp4="http://ml.naradanews.com/wp-content/uploads/2016/09/Midhun-manual-thomas.mp4"][/video]