മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്

മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും അകന്ന് രഹസ്യമായ പുനരധിവാസ കേന്ദ്രത്തിലാണ് ഷൂമാക്കറിന് ചികിത്സ നടക്കുന്നത്.

മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്

ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

ഷൂമാക്കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഷൂമാക്കര്‍ സ്വയം വീല്‍ചെയര്‍ ചലിപ്പിച്ചു തുടങ്ങിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വാര്‍ത്തയെ കുറിച്ച് ഷൂമാക്കറിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തേ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും അകന്ന് രഹസ്യമായ പുനരധിവാസ കേന്ദ്രത്തിലാണ് ഷൂമാക്കറിന് ചികിത്സ നടക്കുന്നത്.


ഷൂമാക്കറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ക്കുമായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. തങ്ങളുടെ അതിവേഗ കാറോട്ടക്കാരന്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്ത് എത്രയും വേഗം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണവര്‍.

2013 ഡിസംബറിലാണ് ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിങ്ങിനിടെ ഷൂമാക്കറിന് അപകടം സംഭവിച്ചത്. പാറക്കൂടത്തില്‍ തെഞ്ഞിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഏഴ് തവണ ഫോര്‍മുലാ വണ്‍ കാറോട്ട മത്സരത്തിലടക്കം 91 മത്സരങ്ങളില്‍ ജേതാവായ ഷൂമാക്കര്‍ കാറോട്ട മത്സരത്തിലെ ഇതിഹാസമായാണ് ആരാധകര്‍ കാണുന്നത്.