ജി അരവിന്ദൻ എന്ന മഹാമൗനം

'കിലുക്കം' എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുമ്പോഴാണ് അരവിന്ദേട്ടൻ മരിച്ചു എന്ന വാർത്ത സെറ്റിൽ അറിയുന്നത്. ഞാനാകെ തകർന്നു പോയി. ഈ വാർത്ത കേൾക്കുമ്പോൾ, ഞാൻ എത്ര മാത്രം തകരുമെന്ന് മോഹൻലാലിനോ പ്രിയനോ ഒന്നും അറിയില്ല. പ്രിയപ്പെട്ടവരുടെ മരണം ഒറ്റപ്പെടുത്തുമ്പോൾ എന്തെന്നില്ലാത്ത നിരാശയാകും അനുഭവപ്പെടുക. അവർക്ക് ഒന്നും സംസാരിക്കാൻ പോലും സാധിച്ചെന്നു വരില്ല. അരവിന്ദേട്ടന്റെ കാര്യത്തിൽ ഞാനും അങ്ങനെയായിരുന്നു. മുതിർന്ന ഛായഗ്രാഹകൻ എസ് കുമാർ എഴുതുന്നു.

ജി അരവിന്ദൻ എന്ന മഹാമൗനം

"അരവിന്ദേട്ടന്റെ സിനിമകളെ കുറിച്ച് എല്ലാവർക്കും അറിയാം. സമാന്തരസിനിമാ സംവിധായകൻ എന്ന നിലയിലും അല്ലാതെയും പ്രശസ്തിയാർജ്ജിച്ച കലാകാരനാണ് അദ്ദേഹമെന്ന് എല്ലാവരും ഒരു പോലെ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്താൻ ഞാൻ ആയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് അരവിന്ദേട്ടൻ എന്ന പച്ചയായ മനുഷ്യനെക്കുറിച്ചാണ്. ഇവിടെ കൂടിയിരിക്കുന്ന പ്രഗല്ഭരുടെ സദസ്സിന് മുന്നിൽ എനിക്ക് പറയാനുള്ളത് അതാണ്.

അരവിന്ദേട്ടനെ പോലെ എല്ലാ അർത്ഥത്തിലും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിയുടെ സിനിമയിൽ ക്യാമറാ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അനുഭവത്തിൽ കൂടി ഒരു നല്ല മനുഷ്യനെ അറിയുകയായിരുന്നു. കാഞ്ചനസീത എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു ഞാൻ ആദ്യമായി അരവിന്ദേട്ടനെ വ്യക്തിപരമായി അടുത്തറിയുന്നത്. അവിടെ നിന്നിങ്ങോട്ടു എന്നും ഞാന്‍ വളരെയേറെ അഭിമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ബന്ധമായി അത് മാറി."

അരവിന്ദേട്ടന്‍റെ അനുസ്മരണാര്‍ഥം കനകക്കുന്നിൽ സംഘടിപ്പിച്ച അവാര്‍ഡ്‌ നിശാപരിപാടിയിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. ആ വേദിയിൽ വച്ച് ഞാൻ പറഞ്ഞ വാക്കുകളാണിവ. ചലച്ചിത്രലോകത്തിലെ പ്രമുഖരാൽ സമ്പന്നമായിരുന്നു സദസ്സ്. അരവിന്ദേട്ടന്‍റെ സുഹൃത്തുക്കളും, ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അരവിന്ദന്‍ എന്ന നല്ല മനുഷ്യന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ ഇത് മാത്രമല്ലേ ചെയ്യാന്‍ കഴിയു!

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ, ജി.അരവിന്ദൻ എന്ന കലാകാരനെ കുറിച്ച് സംസാരിക്കുവാൻ ഞാൻ ഒന്നുമല്ല പക്ഷെ, ഞാനറിഞ്ഞ ഒരു പച്ചയായ മനുഷ്യനെക്കുറിച്ച് വിവരിക്കുവാൻ എന്റെ അനുഭവങ്ങൾ ധാരാളമായിരുന്നു.

തുടർന്ന് ഞാൻ എന്റെ ഓർമ്മകളെ ആ സദസ്സിന് മുന്നിൽ വിവരിച്ചു.

കാഞ്ചനസീത എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അത്. ഗോദാവരിയില്‍ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ചെയര്‍മാനും ഷാജി സാറുമെല്ലാം ബോക്കെയൊക്കെ തന്ന് ഹൃദ്യമായ ഒരു യാത്രയപ്പാണ് ഫിലിം ഡവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്. പുതിയ യൂണിറ്റ് വണ്ടിയിലായിരുന്നു യാത്ര. റോഡ്‌ മാര്‍ഗ്ഗം നാല് ദിവസത്തെ യാത്രയാണ് ഉണ്ടായിരുന്നത്.

അവിടെ പോയാല്‍ ഞങ്ങൾക്ക് ടെന്റില്‍ ഒക്കെയാകും കിടക്കേണ്ടത്‌. പഴയ ഒരു മെത്തയെടുത്ത് അതൊന്നു പുതുക്കി ഒരാള്‍ക്ക് കിടക്കാന്‍ കഴിയുന്ന ഒരു ചെറിയ മെത്ത അച്ഛന്‍ തന്നെ ഉണ്ടാക്കി എനിക്ക് തന്നയച്ചിരുന്നു. അത് പിന്നീടു ഉപകരിച്ചു. കാഞ്ചനസീതയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ദേവദാസ് സാറും (തുടർച്ചയായി ദേശീയ അവാര്‍ഡ്‌ ജേതാവായ സൗണ്ട് എന്‍ജിനിയറാണ് അദ്ദേഹം) ഷാജി സാറും ഞങ്ങളുടെ യൂണിറ്റ് വണ്ടിയിലാണ് കേരളത്തിലേക്ക് മടങ്ങിയത്. പനിയുടെ അസ്വസ്ഥകള്‍ അലട്ടിയത് കൊണ്ടായിരുന്നു ഇവര്‍ ഞങ്ങള്‍ക്കൊപ്പം യൂണിറ്റ് വണ്ടിയില്‍ കൂടിയത്. അച്ഛന്‍ ഉണ്ടാക്കി തന്ന മെത്ത വളരെ ഉപകാരപ്പെട്ടത് അപ്പോഴായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, അന്നത്തെ പ്രഗൽഭരായ രണ്ട് പേർ യൂണിറ്റ് വണ്ടിയിൽ ഞങ്ങളുടെയൊപ്പം ഇത്ര ദൂരം യാത്ര ചെയ്തത് ഞങ്ങൾക്ക് ഉണ്ടാക്കിയ സന്തോഷം ചെറുതല്ല. ഇന്ന് ഒരു പക്ഷേ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. ആർക്കും എന്തുമാകാം എന്നുള്ള യൂണിറ്റുകളായിരുന്നില്ല അന്നുണ്ടായിരുന്നത്. പരസ്പരം ബഹുമാനിക്കുവാനും അംഗീകരിക്കുവാനും കഴിയുന്ന ഇടങ്ങളിൽ എന്നും ആദരിക്കപ്പെടുന്ന സൗഹൃദങ്ങളുണ്ടാകും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

കാഞ്ചനസീതയുടെ ചിത്രീകരണം ഗോദാവരിയിലായിരുന്നു എന്ന് പറഞ്ഞല്ലൊ. ഗോദാവരി നദിത്തടത്തിലുള്ള ഒറ്റപ്പെട്ട വലിയൊരു ദ്വീപിലായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ ആളുകൾ ആരെങ്കിലും താമസമുണ്ടോ എന്നായിരുന്നു എന്‍റെ ആദ്യ സംശയം. ആദിവാസികൾ ഉണ്ടായിരിക്കാം, പക്ഷെ അവരങ്ങനെ കാട് വിട്ട് എപ്പോഴും പുറത്തിറങ്ങുക പതിവില്ല. 24 ദിവസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. ആറോ എട്ടോ മണിക്കൂർ നദിയിൽ കൂടി യാത്ര ചെയ്താലാണ് ഈ ദ്വീപിലെത്തുക. വലിയ രണ്ടു ഡബിൾ ഡെക്കർ ബോട്ടിലായിരുന്നു സിനിമയുടെ ക്രൂ മുഴുവൻ യാത്ര ചെയ്തത്. രാവിലെ കരയിൽ നിന്നും പുറപ്പെടും മുമ്പേ ഞങ്ങൾ യൂണിറ്റ് വാനിലെ എല്ലാ സാധനങ്ങളും ഈ ബോട്ടുകളിലേക്ക് മാറ്റിയിരുന്നു. എല്ലാ സാധനങ്ങളും ചെക്ക് ചെയ്തോ എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കാൻ ഷാജി സർ ആവശ്യപ്പെട്ടു. ഇനി 25 ദിവസം കഴിഞ്ഞു മാത്രമെ ഇവിടേയ്ക്ക് മടക്കമുള്ളൂ. നാച്ചുറൽ ലൈറ്റിലായിരുന്നു ഷൂട്ടിംഗ് എന്നുള്ളത് കൊണ്ട് ജനറേറ്റർ ഒന്നുമുണ്ടായിരുന്നില്ല. ക്യാമറയും അനുബന്ധ എക്യുപ്പ്‌മെന്റ്‌സും വാഹനത്തിൽ നിന്നും എടുത്തെന്ന് ഞാൻ വീണ്ടും ഉറപ്പ് വരുത്തി. അങ്ങനെ ഞങ്ങൾ വൈകുന്നേരമായപ്പോഴേക്കും ലോക്കേഷനിൽ എത്തി. അസ്തമയ സൂര്യന്റെ ഒരു ഷോട്ടെടുക്കാം എന്ന് നിർദ്ദേശമുണ്ടായപ്പോൾ ഞങ്ങൾ ക്യാമറ സെറ്റ് ചെയ്യാൻ ആരംഭിച്ചു. ക്യാമറ സൂമിന്റെ ഒരു സപ്പോർട്ട് ഉണ്ട്, ക്രാഡിൽ എന്നാണ് അതിനെ പറയുക. ക്യാമറ സെറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അറിയുന്നത്, ക്രാഡിൽ കാണുന്നില്ല!

8 മണിക്കൂർ നദിയിൽ കൂടി യാത്ര ചെയ്ത് എത്തിയ ഒരു വിജനതയിൽ ഇങ്ങനെയൊരു കാര്യം അറിയുന്ന കാര്യമൊന്നു സങ്കൽപ്പിച്ചു നോക്കൂ! യൂണിറ്റ് വാനിന്റെ എല്ലാ ക്യാബിനും ഞാൻ തന്നെ പരിശോധിച്ചതാണ്. പിന്നെ ഇതെങ്ങനെ? ഷാജിസർ എന്നെ വഴക്ക് പറയാറില്ല. ഞാന്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തിട്ടുള്ള ച്ഛായാഗ്രാഹകരില്‍ നിന്നൊന്നും ശാസന ഏറ്റു വാങ്ങാനുള്ള സാഹചര്യം ഞാന്‍ ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ് അതിന് കാരണം. എന്നെങ്കിലും ഒരിക്കല്‍ ഒരു മികച്ച സിനിമാറ്റോഗ്രാഫര്‍ ആകാനുള്ള എന്‍റെ ആഗ്രഹം എന്നെ ഒരു കഠിനാധ്വാനി ആക്കിയിരുന്നു എന്നാണ് എന്‍റെ വിശാസം!

"എന്താ കുമാർ? എന്താണിങ്ങനെ സംഭവിക്കാൻ ?" ഷാജി സര്‍ ചോദിച്ചു. അദ്ദേഹം അസ്വസ്ഥനാണ് എന്ന് ഞാന്‍ മനസിലാക്കി. ഇത് ആരോ എന്നെ ഉന്നം വച്ച് ചെയ്ത പണിയാണ്, പക്ഷേ എങ്ങനെ തെളിയിക്കാന്‍? സിനിമയോടുള്ള എന്റെ ആഗ്രഹം എപ്പോഴും എന്നെ ആവേശഭരിതനാക്കിയിരുന്നു. ഈ ആവേശം എനിക്ക് പല നല്ല അവസരങ്ങളും ബന്ധങ്ങളും ഉണ്ടാക്കിത്തന്നിട്ടുമുണ്ട്. ഇത് എന്റെയൊപ്പമുള്ള ചിലരിൽ അസ്വസ്ഥതയുളവാക്കുന്നു എന്ന് എനിക്ക് മുമ്പും അനുഭവപ്പെട്ടിട്ടുണ്ട്.

'എടാ കുമാറെ..' എന്നെല്ലാം ഉറക്കെ വിളിക്കും. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, എന്നെയല്ല ശിവകുമാറിനെയാണ് വിളിച്ചത് എന്ന് പറഞ്ഞു തന്ത്രത്തില്‍ ഒഴിഞ്ഞു മാറും. ഇത്തരം പരിപാടികള്‍ ചിലര്‍ പ്രയോഗിച്ചിട്ടുണ്ട്. അവരിൽ നിന്നും ആരോ എനിക്കിട്ട് ഒരു 'പണി' തരാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയതാണ് ഈ ക്രാഡിൽ അപ്രത്യക്ഷമാകാനും കാരണം.

ക്രാഡിൽ തിരഞ്ഞു പോകാൻ വേണ്ടി മാത്രം ബോട്ട് അങ്ങോട്ടുമിങ്ങോട്ടും പോയി വരുന്നത് പ്രായോഗികമല്ല.

ആദിവാസികളുടെ ഒരു മച്വാ അരിയെടുക്കാനായി കരയിലേക്ക് പോകുന്നുണ്ട് , അതില്‍ ഒരാൾക്ക് കരയിൽ പോയിട്ടു വരാനുള്ള സൗകര്യം പ്രൊഡക്ഷന്‍ ക്രമീകരിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ തന്നെ പോയി നോക്കിയിട്ട് വരുന്നതല്ലേ നല്ലതെന്ന അഭിപ്രായം ഷാജി സര്‍ എന്നോട് പങ്കുവച്ചു.
ഞാൻ പോകാൻ നിശ്ചയിച്ചു.
സെറ്റിൽ അധികമാരും ഞാൻ പോകുന്നത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കുറഞ്ഞത് 15 മണിക്കൂറെങ്കിലുമെടുക്കും പോയി വരാൻ. സെറ്റിൽ നിന്നും ചപ്പാത്തിയും 2 മുട്ട പുഴുങ്ങിയതും കൂടി എനിക്ക് പൊതിയായി തന്നു വിട്ടു. കറി ആയിട്ടുണ്ടായിരുന്നില്ല.

ക്യാമറ കൈ കൊണ്ട് സപ്പോര്‍ട്ട് ചെയ്തു പൂജാ ഷോട്ട് എടുത്തതിന് ശേഷമായിരുന്നു എന്‍റെ യാത്ര.

അവിടെ വൈകുന്നേരം 4 മണി ആകുമ്പോഴേക്കും നല്ല തണുപ്പായിട്ടുണ്ടാകും. അപരിചിതരായ ആ ആദിവാസികളോടൊപ്പമുള്ള യാത്ര എന്നെ ഭയപ്പെടുത്തിയിരുന്നില്ല, കുറ്റബോധം മാത്രമാണ് എന്നെ അലട്ടിയിരുന്നത്. പെട്ടെന്ന് തന്നെ നേരം ഇരുട്ടിയത് പോലെ തോന്നി. എന്റെയൊപ്പം മച്വായിലുള്ളവരുടെ ഭാഷ എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. വെള്ളത്തിന്റെ ശബ്ദം മാത്രം!

ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദിയാണ് ഗോദാവരി. അതിന്റേതായ ഒഴുക്കും, ഏകാന്തതയും അവിടെയുണ്ട്. ഗോദാവരി നദീത്തടമായിരുന്നു നക്സലേറ്റുകളുടെ സങ്കേതം എന്നെല്ലാം പിന്നീടാണ് ഞാൻ അറിയുന്നത്. സന്ധ്യയാകുന്നതും, രാത്രിയായതുമെല്ലാം കണ്ട് ഞാൻ വെറുതെ ആ ബോട്ടിൽ ഇങ്ങനെ കിടന്നു. ചിന്തകൾ പോലും ഒരു വേള മുറിഞ്ഞു. ഇവർ എന്നെ എവിടേയ്ക്കായിരിക്കും കൊണ്ടുപോവുക എന്ന ഭയം ഞാൻ ഉപേക്ഷിച്ചു. ഇവരുടെ നിയന്ത്രണത്തിൽ മച് വാ യാത്ര സുരക്ഷിതമാണോ എന്നും ഞാൻ ആശങ്കപ്പെട്ടില്ല. വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ ഉറക്കമായി!

ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. എന്റെ സഹയാത്രക്കാരായ ആദിവാസികളാണ്. അവർ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. അവർ ദൂരേക്ക് കൈ ചൂണ്ടിക്കാണിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ യൂണിറ്റ് വാൻ കിടക്കുന്നത് ഞാൻ കണ്ടു. ഇതേ സ്ഥലത്ത് കാത്തിരിക്കാൻ ആംഗ്യങ്ങൾ കാണിച്ചു മനസ്സിലാക്കിയിട്ട് അവർ എവിടേയ്ക്കോ പോയി. ഞാൻ യൂണിറ്റ് വാനിലേക്കും. ഡ്രൈവറിനെ വിളിച്ചുണർത്തി ഞാൻ വണ്ടിക്കുള്ളിലേക്ക് കടന്നു. തങ്കപ്പൻ നായർ എന്നായിരുന്നു ഡൈവറിന്റെ പേര്. ആദ്യത്തെ ക്യാബിൻ തുറന്നപ്പോൾ തന്നെ ക്രാഡിൽ ബോക്സ് അതിനുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു. എന്റെ സംശയം സത്യമായി! ആരോ മനപ്പൂർവ്വമായി തിരികെ വച്ചതാണിത്.

മടക്കയാത്രയിൽ മച് വയിൽ അരിച്ചാക്കുകൾ കൂടി ഉണ്ടായിരുന്നു. ഈ മനുഷ്യരെ ഇപ്പോൾ ഞാൻ ഭയപ്പെടുന്നുണ്ടായിരുന്നില്ല. നമ്മൾ വ്യാഖ്യാനിക്കുന്ന പുരോഗമന ചിന്താഗതി അവർക്കില്ലാത്തതിനാലാകാം, ഇവർ പരസ്പരം ചതിക്കുന്നവരല്ലെന്ന് ഞാൻ വിശ്വസിച്ചു. പുരോഗമനം എന്നാൽ പൊയ്മുഖം എന്നും അർത്ഥമുണ്ടെന്ന് അവർക്കറിയില്ലല്ലോ!

അടുത്ത ദിവസം രാവിലെ ഞാൻ തിരിച്ചെത്തുമ്പോൾ കാണുന്ന കാഴ്ച സെറ്റ് മുഴുവൻ എനിക്കായി കാത്തു നിൽക്കുന്നതാണ്. ഞാൻ തിരിച്ചെത്തില്ലെന്നോ മറ്റോ അവർ ഭയപ്പെട്ടിരിക്കാം. ഞാൻ പോയിക്കഴിഞ്ഞു അവിടെയുണ്ടായ ചർച്ചയും കാര്യങ്ങളുമൊന്നും എനിക്ക് അറിയാനെ പാടില്ല. ഞാൻ നേരെ ചെന്നു കുളിച്ച് റെഡിയായി ഷൂട്ടിംഗിനെത്തി. അവിടെ അരവിന്ദേട്ടനുണ്ടായിരുന്നു.

"കുമാർ പോകണ്ടായിരുന്നു. ഞാന്‍ ഇത് അറിഞ്ഞിരുന്നില്ല. ഒരിക്കലും വേണ്ടിയിരുന്നില്ല, കുമാർ പോകേണ്ടിയിരുന്നില്ല." ആത്മഗതം പോലെ എന്നെ നോക്കി അരവിന്ദേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. "ഇറ്റ് വാസ് ഡെയഞ്ചറസ്. എന്തപകടകരമായിരുന്നു അത്. നക്സലുകൾ ഒക്കെയുള്ള ഇടമാണ് എന്നറിയില്ലേ? പോകേണ്ടിയിരുന്നില്ല.. കുമാർ പോകേണ്ടിയിരുന്നില്ല"

ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം അരവിന്ദേട്ടൻ ഇങ്ങനെ തന്നെ പറഞ്ഞുകൊണ്ടിരുന്നു. എനിക്കുണ്ടാകാമായിരുന്ന അപകടം ആ മനസ്സിനെ വല്ലാതെ അലട്ടിയത് പോലെയായിരുന്നു ആ വാക്കുകള്‍. അന്നേ ദിവസം ഓരോ തവണയും എന്നെ കാണുമ്പോൾ അരവിന്ദേട്ടന്‍ ഇത് തന്നെ ആവർത്തിച്ചുക്കൊണ്ടിരുന്നു. പോകേണ്ടിയിരുന്നില്ല കുമാർ. പോകേണ്ടിയിരുന്നില്ല.

എല്ലാ മനുഷ്യരിലും 'സ്വയം' ഉണ്ടെന്ന ചിന്തയാണ് ഈ കരുതലിന് ഹേതു. അവിടെ സംവിധായകനെന്നോ ക്യാമറാ അസിസ്റ്റൻഡ് എന്നോ അതിർവരമ്പുകൾ ഇല്ല! അരവിന്ദേട്ടനെ കണ്ണിൽ എല്ലാവർക്കും ആസ്തിത്വം ഉണ്ടായിരുന്നു. ഒരു പച്ചയായ മനുഷ്യൻ! പിൽക്കാലത്തും ഈ വാത്സല്യം ഞാന്‍ അനുഭവിച്ചു. ജൂനിയർ ക്യാമറാമാൻ ആയിരിക്കുമ്പോൾ എന്നെ കെ.എഫ്.ഡി.സിയിൽ നിന്നും സസ്പെൻഡ് ചെയ്ത സാഹചര്യത്തിലായിരുന്നു അത്.

തുടരെ, പ്രിയദർശന്റെ സിനിമകളുമായി ബന്ധപ്പെട്ടു ഞാൻ പ്രവർത്തിക്കുമ്പോഴാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. ലീവ് ചോദിച്ചിട്ട് എനിക്ക് തന്നിരുന്നില്ല. ഷാജി സർ നാലു വർഷത്തേക്ക് ലീവിൽ പോയിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് ലീവ് തരാൻ കഴിയില്ലെന്ന നിലപാടാണുണ്ടായത്.

കൂടാതെ ലീഡർ ശ്രീ.കെ.കരുണാകരൻ എന്റെ കാര്യത്തിൽ കാർക്കശ്യമായ നിലപാടെടുത്തിരുന്നു. ഇടതുപക്ഷ അനുഭാവിയായ ഞാൻ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരായി നേമത്ത് എന്‍റെ നാട്ടില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ബന്ധുബലത്തിലും, സൗഹൃദങ്ങളിലും എനിക്ക് സ്വാധീനമുള്ള പ്രദേശമായിരുന്നു അത്. ഇത് ലീഡര്‍ മറന്നിട്ടുണ്ടായിരുന്നില്ല. ഞാൻ നീണ്ട അവധിയിൽ പ്രവേശിക്കുന്നതിന് വിഘ്നമായി നിന്നതും ലീഡറായിരുന്നു. ആയിടെയാണ് അരവിന്ദേട്ടൻ എന്നെ മെറിലാന്‍ഡിലെ ഫോണിൽ വിളിക്കുന്നത്.

"കുമാർ അല്ലെ? ഞാൻ അരവിന്ദനാണ്. ഞാൻ പേപ്പറിൽ വായിച്ചു. വിഷമിക്കേണ്ട കേട്ടോ. ഇങ്ങനെയുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. സാരമില്ല. എനിക്ക് പരിചയമുള്ള ഒരു വക്കീല്‍ ഉണ്ട്. ഡേവിഡ്‌ എന്നാണ് പേര്. എന്‍റെ കാര്യങ്ങള്‍ അദ്ദേഹമാണ് ചെയ്തത്. കുമാര്‍ നാളെ എന്‍റെ വീട്ടില്‍ വന്നാല്‍, നമുക്ക് വക്കീലുമായി ആലോചിച്ചു വേണ്ടത് ചെയ്യാം."

ഞാനാകെ അത്ഭുത സ്തംബ്ദനായിരുന്നു. അരവിന്ദേട്ടൻ എന്നെ വിളിക്കുകയോ? അതും പത്രത്തിൽ ഒരു വാർത്ത കണ്ടിട്ട്! അരവിന്ദേട്ടന്റെ കരുതൽ എന്നോടുള്ള സ്നേഹമായിരുന്നു. അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ആ സാന്നിദ്ധ്യം മാത്രം ആഗ്രഹിച്ച് ഒപ്പം കൂടിയ എത്രയോ പേർ! അരവിന്ദേട്ടനെ അവർ ഒരു പോറൽ പോലുമേൽപ്പിക്കാതെ കൊണ്ടു നടന്നു.

അടുത്ത ദിവസം രാവിലെ ഞാന്‍ വെള്ളയമ്പലത്തുള്ള അദ്ദേഹത്തിന്‍റെ 'തമ്പ്' എന്ന വീട്ടില്‍ ചെന്നു. അരവിന്ദേട്ടന്‍ തന്നെ വക്കീലിനെ ഫോണില്‍ വിളിച്ചു എന്‍റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
"ഇവിടെ കൂടിയിരിക്കുന്ന നിങ്ങൾ ഓരോരുത്തരും കേവലമൊരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരല്ല...".

കനകക്കുന്നിലെ വേദിയിൽ ഞാൻ തുടർന്നു.
"നിങ്ങൾക്ക് ഓരോരുത്തർക്കും അരവിന്ദേട്ടനുമായി ഇഴക്കീറാത്ത ഒരു ബന്ധമുണ്ടാകും. അതാണ് നിങ്ങളെ ഇവിടെയെത്തിച്ചത്. നല്ല ബന്ധങ്ങളിൽ കൂടിയാണ് ഈ നല്ല മനുഷ്യനെ നമ്മൾ അറിയുന്നത്.

എല്ലാ അര്‍ത്ഥത്തിലും ഉയരത്തില്‍ നില്‍ക്കുമ്പോഴും, അദ്ദേഹം ചവിട്ടിയ ഭൂമിയില്‍ നിന്നും ചുവടുകള്‍ മാറ്റാതെയിരുന്നു. നിസ്സാരമെന്ന് പലരും ഒരു കാലത്ത് കരുതിയിരുന്ന ആളുകളില്‍ പോലും സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ അരവിന്ദേട്ടന് കഴിഞ്ഞു. എനിക്ക് ഇത്തരത്തില്‍ ഒരു ഇമോഷന്‍ പങ്കു വെയ്ക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്.

നല്ലൊരു മനുഷ്യന് മാത്രമേ നല്ലൊരു കലാകരനാകാന്‍ കഴിയു എന്നുള്ളത് സത്യമാണ്. അരവിന്ദേട്ടന്‍ അതായിരുന്നു. കൂട്ടുകൂടാന്‍ മാത്രമായി ഭൂമിയില്‍ ജനിച്ച ഒരാള്‍! സൗഹൃദമായിരുന്നു ആ വ്യക്തിത്വം! അഭിമാനത്തോടെ തന്നെ പറയാം, ഞാനും ആ സ്നേഹം അനുഭവിച്ചിട്ടുണ്ട്. അതാണ്‌ ഇന്ന് ഈ വേദിയില്‍ എന്നെ എത്തിച്ചതും!

ഞാൻ പറഞ്ഞവസാനിപ്പിച്ചു.

'കിലുക്കം' എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുമ്പോഴാണ് അരവിന്ദേട്ടൻ മരിച്ചു എന്ന വാർത്ത സെറ്റിൽ അറിയുന്നത്. ഞാനാകെ തകർന്നു പോയി. ഈ വാർത്ത കേൾക്കുമ്പോൾ, ഞാൻ എത്ര മാത്രം തകരുമെന്ന് മോഹൻലാലിനോ പ്രിയനോ ഒന്നും അറിയില്ല.

പ്രിയപ്പെട്ടവരുടെ മരണം ഒറ്റപ്പെടുത്തുമ്പോൾ എന്തെന്നില്ലാത്ത നിരാശയാകും അനുഭവപ്പെടുക. അവർക്ക് ഒന്നും സംസാരിക്കാൻ പോലും സാധിച്ചെന്നു വരില്ല. അരവിന്ദേട്ടന്റെ കാര്യത്തിൽ ഞാനും അങ്ങനെയായിരുന്നു.

ഊട്ടിയിലായിരുന്നു ഷൂട്ടിംഗ് എന്ന് പറഞ്ഞല്ലോ. ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. വളരെ ചെലവേറിയ സ്ഥലമാണത്. ഗുഡ് നൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു സിനിമ നിർമ്മിച്ചിരുന്നത്. എനിക്ക് ഷൂട്ട് ചെയ്യാൻ ഒരു മൂഡുമുണ്ടായിരുന്നില്ല. അന്ന് തന്നെ ഉച്ചയ്ക്ക് മൂന്നര മണിക്ക് തിരുവനന്തപുരത്താണ് ശവദാഹം.
അരവിന്ദേട്ടന്റെ മരണത്തില്‍ ഔപചാരികമായി സെറ്റിൽ ഒരു അനുശോചന യോഗം ചേർന്നു. മോഹൻലാൽ അഭിനയിച്ച വാസ്തുഹാര എന്ന അരവിന്ദന്‍ ചിത്രം തീയേറ്ററുകളില്‍ ഓടുകയാണ്. ഒരു പേപ്പറിൽ എഴുതിയിട്ടാണ് മോഹൻലാൽ അനുശോചനം വായിക്കുന്നത്. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. വിട വാങ്ങിയ ആ ആത്മാവ് എന്‍റെ ഹൃദയത്തോട് എത്ര ചേര്‍ന്നിരുന്നതാണ് എന്ന് ആര്‍ക്കും അറിയില്ലല്ലോ!അനുശോചന യോഗം കഴിഞ്ഞു ഷൂട്ടിംഗിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടന്നപ്പോൾ ഞാൻ പ്രിയനോടു പറഞ്ഞു.

"നമുക്കിന്ന് വേണോ പ്രിയാ? എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്. എന്റെ അച്ഛനോ, സഹോദരനോ മരിച്ച പോലെയൊരു വേദനയാണത്. ഒരു ശരീരം മാത്രമായി അരവിന്ദേട്ടന്‍ അവിടെ കിടക്കുമ്പോൾ എനിക്കെങ്ങനെ ഷൂട്ട് ചെയ്യാൻ കഴിയും പ്രിയാ? ഞാന്‍ ഇന്ന് അവിടെ ഉണ്ടാകേണ്ടതല്ലേ? വല്ലാതെ പ്രയാസം തോന്നുന്നു..

ചടങ്ങുകള്‍ എങ്കിലും കഴിയട്ടെ. അതു വരെയെങ്കിലും ഷൂട്ടിംഗ് പോകാതിരുന്നൂടെ...?"

പ്രിയന് എന്നെ മനസ്സിലായി. ഞാന്‍ അരവിന്ദേട്ടനുമായി ഇത്ര ഇമോഷനലായി ഒരു ബന്ധം സൂക്ഷിക്കുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരുന്നെല്ലോ.. അന്ന് ഷൂട്ടിംഗ് നടന്നില്ല. എല്ലാവരും സഹകരിച്ചു. അന്ന് ഒരു ദിവസം 'കിലുക്കം' ഉണ്ടായിരുന്നില്ല. അരവിന്ദേട്ടനോടുള്ള എന്റെ ആദരവിന്റെ ബാഹ്യപ്രകടനമായിരുന്നു അത്.. വിടവാങ്ങിയ ഒരു നക്ഷത്രത്തിന് പരിമിതികളില്‍ നിന്നും എനിക്ക് നല്‍കുവാന്‍ കഴിയുമായിരുന്ന ഒരു യാത്രാമൊഴി!

ഊട്ടിയിലെ ആ തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തില്‍, ഏകനായി ഞാന്‍ മാറിയിരുന്നു. എനിക്ക് തനിച്ചിരിക്കണം, ആ ആത്മാവിനൊപ്പം.. ഞാന്‍ അരവിന്ദേട്ടന് മനസ്സ് കൊണ്ട് വിട നല്‍കുകയായിരുന്നു..

കാതങ്ങള്‍ ദൂരെ എരിയുന്ന ആ ചിതയിലെ പുകച്ചുരുളുകളില്‍ ചിലത്, എന്‍റെ ഈ കാഴ്ചയിലെ മൂടല്‍ മഞ്ഞിലും ഒളിക്കുന്നുണ്ടാകും. അങ്ങനെ സങ്കല്‍പ്പിക്കാനായിരുന്നു എനിക്കിഷ്ടം!

...സ്വസ്തി!
തയ്യാറാക്കിയത്: ഷീജ അനിൽ