ശിവന്‍സ് സ്റ്റുഡിയോയും കെഎസ്എഫ്‌ഡിസിയിലെ ജോലിയും

സുഹൃത്ത് വലയത്തിന്നു പുറത്ത് എന്‍റെ അച്ഛന്‍ അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും, ഒരു പക്ഷേ എനിക്ക് ഇന്റര്‍വ്യൂ സമയത്ത് ഫലപ്രദമായി ഉപയോഗിക്കാമായിരുന്ന കരുത്തുറ്റ മേല്‍വിലാസമായിരുന്നു അത്. നിയോഗം അങ്ങനെയായിരുന്നില്ല എന്ന് മാത്രം. എന്‍റെ മകന്‍ കുഞ്ഞുണ്ണിയുടെ കാര്യത്തിലും മലയാള സിനിമയിലെ എന്‍റെ മേല്‍വിലാസം ഒരു ആനുകൂല്യമായി അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല.. മലയാള സിനിമയിലെ മുതിര്‍ന്ന ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ ആത്മകഥ/ഓർമ്മക്കുറിപ്പിന്റെ അഞ്ചാം ഭാഗം.

ശിവന്‍സ് സ്റ്റുഡിയോയും കെഎസ്എഫ്‌ഡിസിയിലെ ജോലിയും

എസ് കുമാർ

ആദ്യ ഊഴത്തില്‍ മദ്രാസില്‍ നിന്നും പരാജിതനായി തിരിച്ചെത്തിയ ഞാന്‍ ആകെ നിരാശനായിരുന്നു. അത് എന്‍റെ കരിയറിനെ ഓര്‍ത്തായിരുന്നില്ല, മറിച്ച് അച്ഛന് എന്നെക്കുറിച്ചുള്ള ആകുലതകള്‍ മനസിലാക്കിയിട്ടയിരുന്നു. എന്നില്‍ പ്രതീക്ഷ അര്‍പ്പിച്ച്, എന്തിനും ഏതിനും എന്നോടൊപ്പം നില്‍ക്കുന്ന അച്ഛന്‍റെ പ്രതീക്ഷകള്‍ ഒന്നും നിലനിര്‍ത്തുവാന്‍ എനിക്ക് കഴിയുന്നില്ലല്ലോ എന്നുള്ളത് എന്‍റെ മനസ്സിനെ അലട്ടി. അച്ഛന്‍റെ മനസ്സ് ഞാന്‍ അറിയാന്‍ ശ്രമിച്ചിരുന്നില്ലല്ലോ... എപ്പോഴും ഞാന്‍ എന്‍റെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തിരുന്നത്. ഞാന്‍ എന്നെ മാത്രമേ മനസിലാക്കാന്‍ ശ്രമിച്ചിരുന്നുള്ളു എന്ന് എനിക്ക് തോന്നി തുടങ്ങി. കൂട്ടുകാര്‍ക്കൊപ്പം വെറുതെ സമയം കളഞ്ഞാണ് ഞാന്‍ ആ ദിവസങ്ങള്‍ തള്ളി നീക്കിയത്.


അങ്ങനെയിരിക്കുമ്പോള്‍ എനിക്ക് ശിവന്‍സ് സ്റ്റുഡിയോയില്‍ അപ്രന്‍ടീസായി ജോലി തരപ്പെട്ടു. സന്തോഷ്‌ ശിവന്‍റെ പിതാവായ ശിവന്‍ ചേട്ടന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു സെക്രട്ടറിയേറ്റിന് മുന്‍പിലുണ്ടായിരുന്ന ശിവന്‍സ് സ്റ്റുഡിയോ. ഡോകുമെന്‍റ്ററി ഷൂട്ടിംഗിന് ആവശ്യമായ രണ്ട് ക്യാമറകള്‍ ഉള്‍പ്പെടെ അന്നവിടെ ഉണ്ടായിരുന്നു.

ഡോകുമെന്‍റ്റി ഷൂട്ടിംഗ് ഉള്ളപ്പോള്‍ മാത്രമേ ക്യാമറയുമായി പുറത്തുപോകേണ്ടതുള്ളൂ, അല്ലാത്തപ്പോള്‍ പഴയ ഫോട്ടോയുടെ നമ്പറുമായി വരുന്നവര്‍ക്ക് അതിന്‍റെ പ്രിന്‍റ് എടുത്തു കൊടുക്കാന്‍ നെഗറ്റീവ് തിരഞ്ഞുപിടിച്ച് കൊടുക്കുക എന്നുള്ളതായിരുന്നു എന്‍റെ മുഖ്യമായ ജോലി.

ആരുടെയെങ്കിലും കൈവശം ഉച്ചയ്ക്ക് അച്ഛന്‍ എനിക്കുള്ള ഭക്ഷണവും കൊടുത്തയക്കുമായിരുന്നു. ഒരു പിതാവിന് ഇത്ര സ്നേഹസമ്പന്നനാകാന്‍ കഴിയുമെന്ന് ഞാന്‍ പഠിച്ചത് എന്‍റെ ജീവിതത്തിലൂടെ തന്നെയാണ്. ഒരു നല്ല അച്ഛനാകാന്‍ ഞാന്‍ ശ്രമിക്കുന്നതും അതുക്കൊണ്ടാണ്.

മദ്രാസില്‍ നിന്ന് തിരികെ വന്നതിന്‍റെ നിരാശ മാറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പഴയതു പോലെ ആര്‍ട്ട്സ് ക്ലബ്‌ പ്രവര്‍ത്തനങ്ങളിലും വായനാശാലകളിലും സജീവമായി തുടങ്ങി. മെറിലാന്‍ഡില്‍ ആയിരുന്ന സമയത്ത് ഞാന്‍ സംവിധാനം ചെയ്തു ചില നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്ന് അതില്‍ ഒന്ന് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഘവേട്ടന്‍ ആയിരുന്നു എന്നുള്ളത് സുഖകരമായ ഓര്‍മ്മയാണ്.

ആര്‍ട്ടിന്റെ ആളുകള്‍ ഒക്കെ കൂടിചേര്‍ന്ന് അന്ന് ഞങ്ങള്‍ അവതരിപ്പിച്ച ആ നാടകം ഒരു കഥ എങ്ങനെ ചിട്ടപ്പെടുത്താം എന്ന, എന്‍റെ ഒരു സംവിധാന പരീക്ഷണം ആയിരുന്നെങ്കിലും അത് തെറ്റില്ലാത്ത അഭിനന്ദനങ്ങള്‍ നേടിത്തന്നത്, എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

ജീവിതത്തിലെ ഓരോ വഴിത്തിരിവിനും ഓരോ സ്പേസ് ഉണ്ടാകും. ചില ഒഴിവുകള്‍ അതിന്നുള്ളതാണ്. അത് കണ്ടെത്തുന്നതിലാണ് കാര്യം

സര്‍ക്കാര്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്തയും എന്നോട് പറഞ്ഞത് അച്ഛനാണ്. പത്രത്തില്‍ പരസ്യം കണ്ട ഏതോ സുഹൃത്തുക്കള്‍ പറഞ്ഞു അറിഞ്ഞതാണ് ആ കാര്യം! അവിടേക്ക് ആളെ ആവശ്യമുണ്ടെന്നാണ് പരസ്യം

ഇതിനെ മോഷണം എന്ന് പറയണോ? വേണ്ടല്ലേ..


അടുത്ത ദിവസം അതിരാവിലെ തന്നെ സൈക്കിള്‍ ചവിട്ടി ഞാന്‍ അടുത്തുള്ള വായനാശാലയില്‍ എത്തി അവിടെയുള്ള പത്രങ്ങളും സിനിമാ മാഗസിനും പരതാന്‍ തുടങ്ങി. കലാകൗമുദിയുടെ ഫിലിം മാഗസിനില്‍ അത് സംബന്ധിച്ച വാര്‍ത്ത ഞാന്‍ കണ്ടു. ആരും കാണാതെ പതുക്കെ ആ മാഗസിന്‍ ഞാന്‍ എന്‍റെ ഷര്‍ട്ടിനുള്ളിലേക്ക് തിരുകി, മാഗസിന്‍ കീറിയെടുക്കുന്നത് ശരിയല്ലല്ലോ, ഒന്നുമറിയാത്ത പോലെ ഞാന്‍ അവിടെ നിന്നും പുറത്തു കടന്നു. നേരെ വീട്ടിലെത്തി.

ക്യാമറ അസിസ്റ്റന്റ്‌, ക്യാമറാമാന്‍ പിന്നെ ഒരു സൗണ്ട് റെക്കോര്‍ഡിസ്റ്റ് എന്നിവയിലേക്കായിരുന്നു കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‍മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. വഴുതക്കാട് ആയിരുന്നു ഓഫീസ്.അടുത്ത ദിവസം തന്നെ ഞാന്‍ ക്യാമറ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് അപേക്ഷ തപാലില്‍ അയച്ചു. വൈകാതെ ഇന്റര്‍വ്യൂവിനുള്ള കത്തും ലഭിച്ചു. അപ്പോഴും ഞാന്‍ ശിവന്‍ ചേട്ടന്‍റെ സ്റ്റുഡിയോയില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ ഫിലിംസ് ഡിവിഷന് വേണ്ടി തൃശൂര്‍പൂരത്തിന്‍റെ ഒരു ഡോകുമെന്ററി ചെയ്തത്. അതിനായി ഞാനും ശിവന്‍ ചേട്ടനും, ബോംബയില്‍ നിന്നും വന്ന പ്രൊഡ്യുസര്‍ ഥാപ സാറും ചേര്‍ന്ന് തൃശൂരില്‍ പോയി. മടങ്ങുമ്പോള്‍ കാറിലിരുന്നു ശിവന്‍ ചേട്ടന്‍ പറഞ്ഞു- "നാളെയാണ് കുമാറിന് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഇന്റര്‍വ്യൂ ഉള്ളത്.

"ഓഹ്. കെ.എസ്.എഫ്.ഡി.സി, ചെയര്‍മാന്‍ പി.ആര്‍.എസ്.പിള്ള, എന്‍റെ സുഹൃത്താണ്‌. ഞങ്ങള്‍ നാളെ മീറ്റ് ചെയ്യുന്നുണ്ട്."

ഥാപ സാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

അടുത്ത ദിവസം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയ ഞാന്‍ ആലോചിക്കുകയായിരുന്നു "എങ്ങനെയാണ് ഞാന്‍ ഥാപ്പ സാറുമായി ഒരുമിച്ചു വര്‍ക്ക്‌ ചെയ്തതാണ് എന്ന് ചെയര്‍മാന്‍റെയും ഇന്റര്‍വ്യൂ ബോര്‍ഡിന്റെയും മുന്‍പില്‍ ഒന്നു അവതരിപ്പിക്കുക? അവര്‍ അതുമായി ബന്ധപ്പെട്ടു എന്തെങ്കിലും ചോദിക്കാതെ, ഈ പരിചയം അവതരിപ്പിക്കാനുമാകില്ല.

ഞാന്‍ ഇങ്ങനെ ചിന്തിക്കാനും കാരണമുണ്ട്. മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മുന്നൂറില്‍ കവിയാത്ത ആള്‍ക്കൂട്ടമുണ്ട്. ദൂരദര്‍ശന് വേണ്ടി നിലവില്‍ ഒറിയയിലും ആസാമിലും ഒക്കെ ക്യാമറാമാന്‍ ആയി ജോലി ചെയ്യുന്നവര്‍ പോലും കേരളത്തിലേക്ക് ചുവടുമാറ്റാന്‍ വേണ്ടി ഇവിടെ ക്യാമറാ അസിസ്റ്റന്റ്‌ തസ്തികയില്‍ അപേക്ഷിച്ചിട്ടുണ്ട്. ആകെ ഒരാള്‍ക്കാണ് അവസരം കിട്ടുന്നതെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ജോലിയുടെ പകിട്ട് ഒന്ന്‍ വേറെയും!

ആ ചോദ്യം വീണ്ടും വന്നില്ലെങ്കിലോ?

ഇവിടെ നമ്മള്‍ വ്യത്യസ്ഥനാണ് എന്ന് തോന്നിപ്പിക്കുന്നതിലാണ് കാര്യം. ഥാപ്പ സാറിന്‍റെ പേര് പറയുന്ന പക്ഷം ഞാന്‍ ഫിലിംസ് ഡിവിഷന് വേണ്ടി വര്‍ക്ക് ചെയ്യുന്ന കാര്യം സൂചിപ്പിക്കാന്‍ സാധിക്കുമല്ലോ എന്നായിരുന്നു എന്‍റെ കണക്കുക്കൂട്ടല്‍. എന്‍റെ പ്രൊഫൈല്‍ ശരിയായി അവതരിപ്പിക്കുവാനുള്ള അവസരമാണ് ഞാന്‍ അതിലൂടെ ആഗ്രഹിച്ചത്‌. ഇത് പറയണം എങ്കില്‍ ശരിയായ ചോദ്യമുണ്ടാകണം, ഇല്ലെങ്കില്‍ മറ്റ് ഏതൊരാളും പോലെ...

"ഞങ്ങള്‍ ഇവിടെ ഇരിക്കുന്നവരുടെ ഒരു ഷോട്ട് എടുക്കണം. എവിടെ ക്യാമറ വയ്ക്കണം? ഏതു ലെന്‍സ്‌ ഉപയോഗിക്കും?" ഇതായിരുന്നു എന്നോട് ചോദിച്ച ചോദ്യം.

"ഞാന്‍ ക്യാമറയുടെ പൊസിഷന്‍ പറഞ്ഞു. 18mm ലെന്‍സായിരിക്കും ഞാന്‍ ഉപയോഗിക്കുക എന്നും മറുപടി കൊടുത്തു. 18 ലെന്‍സ്‌ വൈഡ് ഇട്ടെങ്കില്‍ മാത്രമേ മൂന്ന് പേരും അപ്പോള്‍ ഇരിക്കുന്ന പൊസിഷനില്‍ ഒരു ഷോട്ട് ലഭിക്കുകയുള്ളൂ എന്ന് എനിക്കറിയാം. അന്ന് പൊതുവേ ഉപയോഗിച്ചിരുന്നത് 16 ആയിരുന്നു.

"ഓക്കേ. അപ്പോള്‍ ഏതു ലൈറ്റ് ഉപയോഗിക്കും?" അടുത്ത ചോദ്യം

"ലൈറ്റ് വേണ്ട, ഈ ജനലില്‍ നിന്നുമുള്ള സോര്‍സ് മതിയാകും." ഞാന്‍ പറഞ്ഞു.

"കുമാര്‍, ഇപ്പോള്‍ എവിടെ വര്‍ക്ക്‌ ചെയ്യുന്നു?"

"ഞാന്‍ കാത്തിരുന്ന ആ ചോദ്യമെത്തി.

"സര്‍, ഞാന്‍ ഇപ്പോള്‍ ശിവന്‍സ് സ്റ്റുഡിയോയിലാണ് വര്‍ക്ക്‌ ചെയ്യുന്നത്. ഇന്നലെ ഞങ്ങള്‍ ഫിലിം ഡിവിഷന്‍സിന് വേണ്ടി തൃശൂര്‍പൂരം ഷൂട്ട്‌ ചെയ്യാന്‍ പോയിരുന്നു. സാറിന്‍റെ സുഹൃത്ത് ഥാപ്പയാണ് അതിന്‍റെ പ്രൊഡ്യുസര്‍" ശ്വാസം വിടാതെ, ഒറ്റയടിക്ക് ഞാന്‍ ചോദിക്കാത്തതിനും കൂടി ഉത്തരം നല്‍കി. ആ ചോദ്യം വീണ്ടും വന്നില്ലെങ്കിലോ?

ഥാപ്പ എന്ന പേര് അപ്രതീക്ഷിതമായി ഉയര്‍ന്നു വന്നപ്പോള്‍, ബോര്‍ഡില്‍ ഉണ്ടായിരുന്നവരോട് പിള്ള സര്‍ ആ ബന്ധം ഓര്‍മിക്കുന്നത്‌ ഞാന്‍ കണ്ടു.

അങ്ങനെ ഇന്റര്‍വ്യൂ കഴിഞ്ഞു. ഇപ്പോഴും ഫീല്‍ഡില്‍ ലൈവാണെന്നും ഫിലിംസ് ഡിവിഷന് വേണ്ടി ഞാന്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ടെന്നും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന പോസിറ്റീവ് എനര്‍ജിയോടെയായിരുന്നു എന്‍റെ മടക്കം. ഇനി വരുന്നത് വരട്ടെ, ഞാന്‍ ചെയ്യേണ്ടത് ചെയ്തു എന്ന ചിന്ത എന്നിലുണ്ടായി. ഞാന്‍ വീണ്ടും ശിവന്‍സ് സ്റ്റുഡിയോയിലെ തിരക്കുകളിലേക്ക് മടങ്ങി.

ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍റെ നാവില്‍ നിന്നു ഞാന്‍ ആ സന്തോഷവാര്‍ത്ത ആദ്യം കേട്ടത് "നിനക്ക് തന്നെ. നിന്നെ തന്നെയാണ് സെലക്ട്‌ ചെയ്തിരിക്കുന്നത്."

അച്ഛന്‍ ഇതെങ്ങനെ അറിഞ്ഞു എന്നാണ് ഞാന്‍ ആദ്യം അതിശയിച്ചത്. ഇനി അത് സംബന്ധിച്ച കത്ത് വന്നു കാണും എന്ന് ഞാന്‍ കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല. കാര്യം. എന്‍റെ ജോലി സംബന്ധിച്ച ഉത്‌കണ്‌ഠ സഹിക്കവയ്യാതെ അച്ഛന്‍ നേമത്ത് നിന്നും വഴുതക്കാടുള്ള കെ.എഫ്.ഡി.സി ഓഫീസില്‍ എത്തി ഇന്റര്‍വ്യൂ റിസള്‍ട്ട്‌ എന്തായിരുന്നു എന്ന് നേരിട്ട് അന്വേഷിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള ഒരാള്‍ക്കായിരുന്നു ആ തസ്തികയിലേക്കുള്ള രണ്ടാം റാങ്ക്.

സെക്രട്ടറിയേറ്റിന് അടുത്ത് എന്നും വന്നുപോകുന്ന എനിക്കായിരുന്നില്ലേ ഇത് അന്വേഷിക്കാന്‍ കൂടുതല്‍ എളുപ്പം എന്ന് ഞാന്‍ പില്‍ക്കാലത്ത് ചിന്തിച്ചിട്ടുണ്ട്.

ശ്രീധരന്‍നായരുടെ മകനാണ് എന്ന് എന്തുകൊണ്ട് ഇത് വരെ പറഞ്ഞില്ല?

ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ആര്‍.എസ്.പിള്ള സാറും എന്‍റെ അച്ഛനും നല്ല സൗഹൃദം സൂക്ഷിച്ചിരുന്നവര്‍ ആയിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നതും എനിക്ക് അവിടെ ജോലി ലഭിച്ചു കുറെ മാസങ്ങള്‍ക്ക് ശേഷമാണ്. നീ ശ്രീധരന്‍നായരുടെ മകനാണ് എന്ന് എന്തുകൊണ്ട് ഇത് വരെ പറഞ്ഞില്ല എന്ന് ചെയര്‍മാന്‍ ചോദിക്കുമ്പോഴാണ് ഞാന്‍ ആ സൗഹൃദം അറിയുന്നത്.

സുഹൃത്ത് വലയത്തിന്നു പുറത്ത് എന്‍റെ അച്ഛന്‍ അത്ര പ്രശസ്തനായിരുന്നില്ലെങ്കിലും, ഒരു പക്ഷേ എനിക്ക് ഇന്റര്‍വ്യൂ സമയത്ത് ഫലപ്രദമായി ഉപയോഗിക്കാമായിരുന്ന കരുത്തുറ്റ മേല്‍വിലാസമായിരുന്നു അത്. നിയോഗം അങ്ങനെയായിരുന്നില്ല എന്ന് മാത്രം.

ജീവിതം ഒന്ന്‍ തന്നെ, കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റമുണ്ടാകും

കാലചക്ര പ്രയാണത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് മാത്രമായിരിക്കും മാറ്റങ്ങള്‍ ഉണ്ടാവുക.എന്‍റെ മകന്‍ കുഞ്ഞുണ്ണി ഈ രംഗത്തേക്ക് കടന്നു വന്നതും എന്‍റെ മേല്‍വിലാസം ഉപയോഗിക്കാതെയാണ് എന്ന് വിവരിക്കുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കിയത് പൂര്‍ണ്ണമാകും എന്ന് തോന്നുന്നു.

കുഞ്ഞുണ്ണി ആദ്യം പി.സി. ശ്രീറാമിന്‍റെ അടുത്താണ് അസ്സിസ്റ്റ്‌ ചെയ്യാനായി പോയത്. ശ്രീറാമിന്റെ നല്ലൊരു സ്കൂളാണ്‌, കുഞ്ഞുണ്ണി അവിടെ നില്‍ക്കട്ടെ എന്ന് പ്രിയദര്‍ശനാണ് ശുപാര്‍ശ ചെയ്തതും. ഞാനും ശ്രീറാമും തമ്മില്‍ വളരെ നല്ല ബന്ധവും ഉണ്ട്.

ആദ്യദിവസം അല്പം വൈകി ചെന്നതിന് പി.സി കുറെ വിരട്ടിയെന്ന് കുഞ്ഞുണ്ണി എന്നെ ഫോണ്‍ വിളിച്ചു പറഞ്ഞു. എന്‍റെ ഉള്ളില്‍ ശരിക്കും ചിരിയാണ് വന്നത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി എന്നെ പിന്നെയും വിളിച്ചു:

"അച്ഛാ, ശ്രീറാം സര്‍ പുറത്തിറങ്ങാന്‍ നേരം എന്നെ തോളത്ത് കൈ ചേര്‍ത്തു പറഞ്ഞു-" ഉണ്ണീ, ഒരു കാര്യം മാത്രം ശ്രദ്ധിക്കണം, നീ ക്യാമറാമാന്‍ എസ്.കുമാറിന്‍റെ മകനാണ് എന്ന് ഇവിടെ ആരും അറിയുക പോലും ചെയ്യരുത്. അറിഞ്ഞാല്‍, നിന്നോട് ചിലര്‍ക്ക് ബഹുമാനം തോന്നും, അങ്ങനെ വന്നാല്‍ നിനക്ക് സ്വാതന്ത്ര്യത്തോടെ മറ്റുള്ളവരോട് ഇടപെടാന്‍ കഴിഞ്ഞെന്നും വരില്ല.

അത് കുഞ്ഞുണ്ണിക്ക് ലഭിച്ച വലിയ ഒരു പാഠമായിരുന്നു, ഉണ്ണിക്ക് മാത്രമല്ല, എനിക്കും.

പല ഷൂട്ടിംഗ് സൈറ്റില്‍ നിന്നും പലരും എന്നോട് പിന്നീട് പരാതി പറഞ്ഞു 'എസ്.കുമാറിന്‍റെ മകനാണ് എന്ന് കുഞ്ഞുണ്ണി ഞങ്ങളോട് പറഞ്ഞില്ല' എന്നായിരുന്നു ആ പരാതികളില്‍ അധികവും. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് പിള്ള സര്‍ എന്നോട് അന്ന് കെ.എഫ്.ഡി.സിയില്‍ വെച്ച് പറഞ്ഞ അതേ പരിഭവമായിരുന്നു.. "ശ്രീധരന്‍ നായരുടെ മകനാണ് കുമാര്‍ എന്ന് എന്നോട് പറയാതിരുന്നത് എന്തുകൊണ്ടാണ്? അച്ഛന്റെ മഹത്വം മക്കള്‍ തിരിച്ചറിയുന്നത്‌ അവരുടെ അനുഭവങ്ങളില്‍ നിന്നാകുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥത കൂടുതലായിരിക്കും.

സ്വന്തമായ മേല്‍വിലാസം, ഫിലിം കോര്‍പ്പറേഷന്‍ ചരിത്രത്തിനൊപ്പം.

അങ്ങനെ ഞാന്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായി. ഷാജി സര്‍ (ഷാജി എന്‍ കരുണ്‍) ആയിരുന്നു ക്യാമറാമാന്‍, ഞാന്‍ ക്യാമറ അസിസ്റ്റന്റ്റും.ജീവിതത്തിലെ ഓരോ വഴിത്തിരിവിനും ഓരോ സ്പേസ് ഉണ്ടാകും. ചില ഒഴിവുകള്‍ അതിന്നുള്ളതാണ്. അത് കണ്ടെത്തുന്നതിലാണ് കാര്യം. ഞാന്‍ അത് കണ്ടെത്തിയിരിക്കുന്നു. സ്ഥായിയായ ഒരു മേല്‍വിലാസം എന്‍റെ പേരിനൊപ്പവും എഴുതപ്പെട്ടു, കേരള ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചരിത്രത്തിന്‍റെ ആദ്യ അധ്യായത്തില്‍ തന്നെ

'എസ്.കുമാര്‍
ക്യാമറാ അസിസ്റ്റന്റ്‌
കേരള ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍
തിരുവനന്തപുരം'

ജിവിതത്തിലെ എന്‍റെ നല്ല നാളുകള്‍ ഇനി അകലെയായിരുന്നില്ല..

തയ്യാറാക്കിയത്: ഷീജ അനില്‍