ഇതാണ് സയോണയുടെ അമ്മ... മകൾക്കു വേണ്ടി തീയിൽ കുരുത്ത് തീക്കനൽ താണ്ടുന്ന ഓമന

പട്ടിണിയിലും വിയർപ്പൊഴുക്കി കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമാവുകയാണ് സയോണയും സയോണും. കടുത്ത രോഗപീഡയിലും അവർക്കു വേണ്ടി ജീവിതത്തോടു പൊരുതുകയാണ് അവരുടെ അമ്മ ഓമന. സോളാർ വെളിച്ചത്തിൽ അതിവേഗം ബഹുദൂരം സ്പെഷ്യൽ ഓഡറുകളിറക്കി ഭരിച്ചവരുടെ കണ്ണിൽ ഈ അമ്മയും മക്കളും പെടാതെ പോയതിൽ അത്ഭുതമില്ല. ക്വൊറികളെഴുതി വകുപ്പുകളിലേയ്ക്കും ഡയറക്ടറേറ്റുകളിലേയ്ക്കും ഫയലുകളെ പന്തുതട്ടുന്നവരൊന്നും ഓമനയെയും സയോണയെയും പോലുള്ളവരുടെ ജീവിതപരിസരമറിയാൻ ആഗ്രഹിക്കാറുമില്ല.

ഇതാണ് സയോണയുടെ അമ്മ... മകൾക്കു വേണ്ടി തീയിൽ കുരുത്ത് തീക്കനൽ താണ്ടുന്ന ഓമന

അപേക്ഷ നൽകി ആറു വർഷത്തിനു ശേഷം സൈക്കിൾ വാങ്ങാൻ സർക്കാർ സഹായം ലഭിച്ച ദേശീയ സൈക്ലിംഗ് താരം കുമാരി സയോണയുടെ വീടും തേടിയുളള ഞങ്ങളുടെ യാത്ര തൃശൂർ മുളങ്കുന്നത്തുകാവ് പൂമലയിലാണ് അവസാനിച്ചത്. അവിടെ ഞങ്ങൾ ആ അമ്മയെ കണ്ടു. മക്കൾക്കുവേണ്ടി പ്രാണനിൽ നിന്ന് വിയർപ്പൊഴുക്കുന്ന ഒരമ്മയെ.

സയോണയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് അവരെ ഉപേക്ഷിച്ചു പോയത്. പക്ഷേ, ഒരു ജീവിതക്ലേശത്തിനു മുന്നിലും അവർ തളർന്നില്ല. ഓമനയെന്ന പേരിന് "തീയിൽ കുരുത്തത്" എന്നൊരർത്ഥമുണ്ടെന്ന് ഈ അമ്മയെ പരിചയപ്പെടുമ്പോൾ നമുക്കു മനസിലാകും.


[caption id="attachment_41309" align="alignleft" width="400"]IMG-20160905-WA0005 സഹോദരൻ സയോണിനൊപ്പം ദേശീയ സൈക്ലിങ് താരം സയോണ[/caption]

മക്കളെ വളർത്താൻ റോഡ് ടാറിങ്ങിനും വാർക്കപ്പണിക്കുമൊക്കെ പോകുന്ന വേറെയും മാതാപിതാക്കളുണ്ട്. പക്ഷേ അങ്ങനെ മക്കളെ വളർത്തിയ ഈ അമ്മയുടെ മകൾ ഇപ്പോൾ പഞ്ചാബിലെ ഗുരു നാനാക്ക് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥിനിയാണ്. മലേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിലും കോമൺവെൽത് ഗെയിംസിലും സൈക്ലിംഗിന് ഇന്ത്യൻ കുപ്പായമണിഞ്ഞ മിടുക്കി. പതിനെട്ടു വയസിനുള്ളിൽ ഒമ്പതു സ്വർണമുൾപ്പെടെ പത്തൊമ്പതു മെഡലുകൾ വാരിക്കൂട്ടിയ മിടുമിടുക്കി. 2005 -ൽ ഹൈദരാബാദിൽ നടന്ന മീറ്റ് മുതൽ ദേശീയ സൈക്ലിങ് താരമായ കുമാരി സയോണ. സഹോദരൻ സയോണും ദേശീയ കായികതാരമെന്ന് അറിയുമ്പോഴാണ് പിന്നാക്കാവസ്ഥയുടെ എല്ലാ പ്രതിബന്ധങ്ങളെയും പടവെട്ടി കീഴടക്കി ഈ അമ്മ നേടിയ സ്വർണപ്പതക്കത്തിന്റെ തിളക്കം നമ്മുടെ കണ്ണു നനയിക്കുന്നത്.

പൂമലയിലെ വീട്ടിൽ വൃദ്ധരായ ദമ്പതികൾക്ക് സഹായത്തിനു നിൽക്കുകയാണ് ഓമന. കായികാധ്വാനത്തിന് അശക്തയാണിന്നവർ. എട്ടു വര്ഷങ്ങള്ക്കു മുൻപ് സിമന്റു ചാക്കും തലയിലേന്തിപ്പോകുമ്പോൾ തെന്നി വീണ് മാസങ്ങളോളം കിടപ്പിലായിരുന്നു. എഴുന്നേൽക്കാറായപ്പോൾ ശ്വാസകോശത്തിന് അസുഖം പിടിപെട്ടു. ഇപ്പോഴവർ തീർത്തും അവശയാണ്. എല്ലാ മാസവും കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനക്കെത്തണം. അതിനു ചെലവു വേണം. മക്കൾക്കു പണമയയ്ക്കണം. തളർന്നു കിടക്കാനാവില്ല. പണിയെടുത്തേ മതിയാകൂ.

ഇതിനിടയിൽ പല തവണ അവർ തിരുവനന്തപുരത്തുളള പട്ടികജാതി പട്ടികവർഗ ഓഫീസിൽ കയറിയിറങ്ങി. പണിക്കു പോവാതെ കടം വാങ്ങിയ വണ്ടിക്കൂലിയുമായി ബന്ധുവായ സ്ത്രീയെ കൂട്ടി ഓഫീസുകളായ ഓഫീസുകളിൽ അവരെത്തി. മെഡലു വാങ്ങിക്കൂട്ടുന്ന മകൾക്കൊരു നല്ല സൈക്കിളിനുളള സഹായം കിട്ടാൻ.

[caption id="attachment_41312" align="aligncenter" width="640"]
IMG-20160905-WA0010
സയോണ അന്തർദേശീയതലത്തിൽ മാറ്റുരച്ച മറ്റ് അത്ലറ്റുകൾക്കൊപ്പം[/caption]

ആറു വർഷങ്ങൾക്കിപ്പുറം തന്റെ അപേക്ഷ കൈപ്പറ്റിയ അതേ എ കെ ബാലനിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമ്പോൾ അവർ സന്തോഷം മറച്ചു വെയ്ക്കുന്നില്ല. എന്നാൽ 2012ലെങ്കിലും ഈ തീരുമാനമുണ്ടായിരുന്നെങ്കിൽ കുറേക്കൂടി മെഡലുകൾ മകൾ വാരിക്കൂട്ടുമായിരുന്നു എന്നവർക്ക് ഉറപ്പുണ്ട്.

പരിയാരം ലക്ഷംവീട് കോളനിയിൽ ചോർന്നൊലിക്കുന്നൊരു കൊച്ചു വീട് മാത്രമാണ് ഇപ്പോഴവർക്ക് സ്വന്തമായുള്ളത്. വീട്ടിലേക്കുള്ളത് ഒരു സൈക്കിൾ പോലും പോകാത്ത വഴി. കിട്ടിയ മെഡലുകൾ വയ്ക്കാൻ വീട്ടിൽ സൗകര്യമൊന്നുമില്ല. എല്ലാം സൂക്ഷിച്ചിരിക്കുന്നത് അമ്മാവന്റെ വീട്ടിലാണ്.

പഠിക്കാനും മിടുമിടുക്കിയായിരുന്നു സയോണ. ഉടുമ്പന്നൂർ പരിയാരം എസ്എൻഎൽപി മങ്കുഴി സെൻറ് സെബാസ്റ്റിയൻ ഹൈസ്കൂളിലുമാണ് 7 ആം ക്ലാസ്സു വരെ സയോണ പഠിച്ചത്. 7 ആം ക്ലാസ്സിലാണ് സൈക്ക്ളിങ് പരിശീലനം ആരംഭിക്കുന്നത്. അമ്മാവനായ രാജേഷ് ആയിരുന്നു ആദ്യ പരിശീലകൻ. നാട്ടിൻപുറത്തെ കുട്ടികൾക്ക് സൈക്ക്ളിങ് പരിശീലനം രാജേഷിന്റെ ഉപജീവനമാർഗം കൂടിയാണ്.

തുമ്പ സെൻറ് സേവിയേഴ്സിൽ നിന്ന് ഡിഗ്രിയെടുത്തതിനു ശേഷമാണ് സയോണ തിരുവനതപുരം സായ് യിൽ എത്തിയത് . 2007 മുതൽ 2013 വരെ സായിയിലുണ്ടായിരുന്നു . വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം പത്താം ക്ലാസു കഴിഞ്ഞതോടെ സൈക്ലിംഗ് പരിശീലനം അവസാനിപ്പിച്ചിരുന്നു. എന്നാൽ സ്ക്കൂളിൽ സയോണയുടെ സീനിയർ ആയിരുന്ന മഹിതയും അമ്മയുമാണ് ഓമനയെ കണ്ടു വീണ്ടും സ്പോർട്സിന്റെ വഴിയേ നടത്തിയത്.

[caption id="attachment_41313" align="aligncenter" width="640"]Sayona സയോണ[/caption]

തൊടുപുഴ ലയൺസ് ക്ലബ് സമ്മാനമായി നൽകിയ സൈക്കിളിലാണ് ഈ താരം ഇപ്പോൾ പരിശീലനം നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള ഈ സൈക്കിൾ സ്ഥിരമായി തകരാറിലാകുന്നത് അമ്മ ഓമനയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ആയിരങ്ങളും പതിനായിരങ്ങളുമാണ് ഓരോ തവണയും അറ്റകുറ്റപ്പണിയ്ക്കു വേണ്ടിയിരുന്നത് . പാർട്സുകൾ പലതും വിദേശത്തു നിന്നു വരുത്തണം. കടം വാങ്ങിയ പണം കൊടുക്കാൻ ആദ്യം പതിനൊന്നു സെന്റു സ്ഥലം വിറ്റു. വീടിനടുത്തുള്ള കോ ഓപ്പറേറ്റിവ് ബാങ്കിലാണ് നാലു സെന്റിലെ പണി തീരാത്ത വീടിന്റെ ആധാരം.

സയോണയുടെ സഹോദരൻ സയോണും 8 വർഷമായി ദേശീയ താരമാണ്. തിരുവനന്തപുരം സായ് യിൽ പരിശീലനം നടത്തിയിരുന്ന സയോണിന് അസുഖം മൂലം ഡിഗ്രി അവസാന പരീക്ഷ എഴുതാനായില്ല. അങ്ങനെ ഹോസ്റ്റലിൽനിന്നു പുറത്തായി. ഇപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു സായ് ഗ്രൗണ്ടിൽ പരിശീലനം നടത്തുകയാണ് സയോൺ . ഭക്ഷണം ഉണ്ടാക്കി കഴിക്കും. പലപ്പോഴും കടുത്ത പരിശീലനം നടത്തി തളർന്നെത്തുന്ന മകൻ പട്ടിണിയിലായിരിക്കുമെന്ന് ഓമന സങ്കടപ്പെടുന്നു. കാരണം സാധനങ്ങൾ വാങ്ങാനുള്ള പണം അക്കൗണ്ടിൽ ഇട്ടു കൊടുക്കാൻ ചിലപ്പോഴെങ്കിലും കഴിയാതെ വരും. സായ് യിൽ പ്രവേശനം കിട്ടിയത് കൊണ്ട് മാത്രമാണ് താമസവും ഭക്ഷണവും ഒപ്പം പരിശീലനവും മക്കൾക്ക് ലഭിച്ചത് എന്ന് ഓമനയ്ക്കറിയാം. ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അവർക്കു മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നു .ഒരു പട്ടാളക്കാരനാകണമെന്നായിരുന്നു സയോണിന്റെ സ്വപ്നം. രണ്ടു തവണ റിക്രൂട്ടിട്മെന്റിൽ പങ്കെടുത്തു. കായിക മത്സരങ്ങളിലും എഴുത്തു പരീക്ഷകളിലും വിജയം കണ്ടു. പക്ഷേ, ഒരു കണ്ണിനു കാഴ്ച കുറവുണ്ടെന്ന കാരണം പറഞ്ഞു പുറത്താക്കി. രണ്ടു ലക്ഷം രൂപ തന്നാൽ മെഡിക്കൽ പാസാക്കി തരാമെന്നു പറഞ്ഞു ഏജന്റുമാർ ഈ അമ്മയെയും മകനെയും സമീപിച്ചിരുന്നു. 200 രൂപ തികച്ചു കൈയിലില്ലാത്തവരെങ്ങനെ ആ പണം കൊടുക്കും? സയോണിനൊരു ജോലി ഇല്ലാതെ ഓമനയ്ക്കിനി പിടിച്ചു നില്ക്കാനാവില്ല. രണ്ടു മിനിറ്റ് നടന്നാൽ പോലും ശ്വാസം കിട്ടാത്ത അവസ്ഥയിലാണിപ്പോഴവർ. ജോലിക്കു നിൽക്കുന്ന വീട്ടുകാരുടെ കരുണ കൊണ്ട് മാത്രം ചെറിയ സംഖ്യ മുടക്കമില്ലാതെ കിട്ടുന്നു. അതുകൊണ്ടു കഷ്ടപ്പെട്ടാണെങ്കിലും മക്കളുടെ കാര്യങ്ങൾ ഒരു വിധത്തിൽ കൊണ്ടുപോകുന്നു.

അറിയുക. ഈ നാട്ടിലാണ് പട്ടികജാതി പട്ടിക വർഗ വിദ്യാഭ്യാസത്തിനു വേണ്ടി ആയിരക്കണക്കിനു കോടി ദീവാളി കുളിച്ചത്. ഈ നാട്ടിലാണ് വ്യാജ സർട്ടിഫിക്കറ്റു ഹാജരാക്കി പട്ടികജാതിക്കാർക്ക് അർഹതപ്പെട്ട തൊഴിലുകൾ
മറ്റുള്ളവർ തട്ടിയെടുക്കുന്നത്
.

പട്ടിണിയിലും വിയർപ്പൊഴുക്കി കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമാവുകയാണ് സയോണയും സയോണും. കടുത്ത രോഗപീഡയിലും അവർക്കു വേണ്ടി ജീവിതത്തോടു പൊരുതുകയാണ് അവരുടെ അമ്മ ഓമന. സോളാർ വെളിച്ചത്തിൽ അതിവേഗം ബഹുദൂരം സ്പെഷ്യൽ ഓഡറുകളിറക്കി ഭരിച്ചവരുടെ കണ്ണിൽ ഈ അമ്മയും മക്കളും പെടാതെ പോയതിൽ അത്ഭുതമില്ല.  ക്വൊറികളെഴുതി വകുപ്പുകളിലേയ്ക്കും ഡയറക്ടറേറ്റുകളിലേയ്ക്കും
ഫയലുകളെ പന്തുതട്ടുന്നവരൊന്നും
ഓമനയെയും സയോണയെയും പോലുള്ളവരുടെ ജീവിതപരിസരമറിയാൻ ആഗ്രഹിക്കാറുമില്ല.

ഭരണം കിട്ടിയപ്പോൾ, പണ്ടു കൈനീട്ടി വാങ്ങിയ അപേക്ഷയുടെ കാര്യമെന്തായി എന്നന്വേഷിക്കാൻ സന്മനസുകാണിച്ച എ കെ ബാലൻ അവിടെയാണ് വ്യത്യസ്തനാവുന്നത്. പക്ഷേ, അതുകൊണ്ടു മാത്രമായില്ല. മെഡൽക്കൊയ്ത്തിന് സയോണയെ പ്രാപ്തയാക്കിയ ആ അമ്മയുടെയും കുടുംബത്തിന്റെയും സംരക്ഷണവും സർക്കാരിന്റെ ചുമതലയാണ്. എൽഡിഎഫ് വന്നപ്പോൾ ശരിയായ കാര്യങ്ങളുടെ പട്ടികയിൽ ഈ അമ്മയും മക്കളും തീർച്ചയായും ഉണ്ടാകണം.  ആ ഉത്തരവിറങ്ങാനും എ കെ ബാലൻ തന്നെ മുൻകൈയെടുക്കണം.

Read More >>