ബിനോ, ആകെ മൊത്തം ഓഫ് റോഡാ

ഇതു പാലാക്കാരന്‍ ബിനോ ചേട്ടന്‍. ഭൂതത്താന്‍ കെട്ട് മഡ്‌റേസിലെ ഹീറോ. കൊച്ചിയില്‍ നിന്നൊക്കെ ഓള്‍ട്രേഷന്‍ ചെയ്ത ജീപ്പുകളും താര്‍, പജീറോ തുടങ്ങിയ വമ്പന്‍ ഫെസിലിറ്റികള്‍ നിറഞ്ഞ എണ്‍പതോളം വണ്ടികളുമായി ഇറങ്ങിയ ഒരു പറ്റം ഫ്രീക്ക് പിള്ളേരെ അടിച്ചൊതുക്കി കാണികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു ബിനോ ചേട്ടന്‍..

ബിനോ, ആകെ മൊത്തം ഓഫ് റോഡാ

ലാസർ ഷൈൻ

മനസു തുറന്നു കയ്യടിക്കാന്‍ മടിയില്ലാത്ത ന്യൂജനറേഷനു മുന്നിലേയ്ക്ക് കൊടുങ്കാറ്റുലയുന്ന നാലുചക്ര കാലുകളില്‍ മാമലക്കണ്ടം ബിനോ പറന്നിറങ്ങി! ഒരു ഹീറോ ജനിക്കുകയായിരുന്നു. സിനിമയില്‍ നിന്നല്ല, ജീവിതത്തില്‍ നിന്ന്. ജീപ്പിന്റെ ബോണറ്റിലേയ്‌ക്കെടുത്തുയര്‍ത്തി തിളച്ചാവേശിതരായ ഫ്രീക്കന്മാര്‍ ലുങ്കിയുടുത്ത ഹീറോയ്ക്കു നേരെ മൊബൈലുകള്‍ തുറന്നു- ഇതാ ഞങ്ങളുടെ മച്ചാന്‍... ഞങ്ങളുടെ ഹീറോ എന്നവര്‍ അവരുടെ പേജുകളിലൂടെ ആ ഗ്രാമീണനെ എഴുന്നള്ളിച്ചു. മാമലക്കണ്ടം ബിനോ വൈറലായി! ഹീറോ- എന്നു മുകള്‍ക്കുറിപ്പിട്ട് ആ ചിത്രം മിന്നലിനൊപ്പം ഒരു ആശ്ചര്യ ചിഹ്നം കൂടിച്ചേര്‍ത്ത് സംവിധായകന്‍ ആഷിക്ക് അബു പോസ്റ്റു ചെയ്തതോടെ ലൈക്കടിച്ചത് 13000കെ. ഷെയറോടു ഷെയര്‍. ആദ്യമൊക്കെ കരുതിയത് ആഷിക്കിന്റെ പുതിയ സിനിമയിലെ ഹീറോയാണെന്നാണ്. പല ഹീറോകളെ സ്‌ക്രീനിലെത്തിച്ച ആഷിക്ക് ഒരു റിയല്‍ ഹീറോയെ അവതരിപ്പിക്കുകയായിരുന്നുവെന്നു കമന്റ് ബോക്‌സുകളില്‍ നിന്നാണു പതിയെ പിടികിട്ടിയത്.


'ഇതു പാലാക്കാരന്‍ ബിനോ ചേട്ടന്‍. ഭൂതത്താന്‍ കെട്ട് മഡ്‌റേസിലെ ഹീറോ. കൊച്ചിയില്‍ നിന്നൊക്കെ ഓള്‍ട്രേഷന്‍ ചെയ്ത ജീപ്പുകളും താര്‍, പജീറോ തുടങ്ങിയ വമ്പന്‍ ഫെസിലിറ്റികള്‍ നിറഞ്ഞ എണ്‍പതോളം വണ്ടികളുമായി ഇറങ്ങിയ ഒരു പറ്റം ഫ്രീക്ക് പിള്ളേരെ അടിച്ചൊതുക്കി കാണികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു ബിനോ ചേട്ടന്‍. പച്ചപ്പരിഷ്‌ക്കാരികളായി വന്ന ഫ്രീക്ക് പിള്ളേര്‍ക്കു മുന്നിലേയ്ക്ക് ഒരു ലുങ്കിയും അടിയില്‍ ഒരു നിക്കറും പിരിച്ചുവെച്ച മീശയുമായി ഒരു സാധാരണക്കാരനായി, സ്വന്തം അന്നദാതാവായ ജീപ്പുമായി (മോഡിഫൈ ചെയ്യാത്ത സാദാ ജീപ്പ്) വന്നിറങ്ങിപ്പോള്‍ അവിടെ തടിച്ചു കൂടിയ ആളുകളുടെ മുന്നില്‍ ലക്ഷ്വറി വണ്ടികളല്ല, ഡ്രൈവിങ്ങ് സ്‌ക്കില്ലെന്ന്‌ ഈ മനുഷ്യന്‍ തെളിയിക്കുകയായിരുന്നു, ഈ പാലാക്കാരന്‍ അച്ചായന്‍. "പാറമടയിലും
കൂപ്പിലുമെല്ലാം വണ്ടിയോടിച്ചു കളിക്കുന്ന പുള്ളിക്ക് ഇക്കാണുന്ന ചെളിയും കല്ലുമെല്ലാം വല്ലതുമാണോ... ഇങ്ങേരു കാണിച്ചതല്ലേ മാസ്... ഇതല്ലേ കട്ട ഹീറോയിസമെന്ന്"- ബിനോയുടെ പ്രകടനത്തിന്റെ ദൃക്‌സാക്ഷിയായ അലക്‌സ് കുറിച്ചു. ആഷിക്കിന്റെ പോസ്റ്റിനടിയില്‍ ബിനോയുടെ പ്രകടനത്തിന്റെ വിവരണങ്ങളും ചിത്രങ്ങളും നിറഞ്ഞു.

IMG_1178

ബിനോയെ പോലുള്ള റിയല്‍ ലൈഫ് ഹീറോസിനോടുള്ള പുതിയ കാലത്തിന്റെ ആവേശം നിലയക്കും മുന്‍പു നമുക്ക് ആരാണു ബിനോയെന്നു തിരക്കിപ്പോകാം. നാമെത്തുക നിലമ്പൂരിലെ കോഴിപ്ര മലയിലാണ്. ആ മലയുടെ മടക്കുകളും പാറകളും സാഹസികമായി കടന്നു ജീപ്പോടിക്കുന്ന പതിനെട്ടുവയസുകാരനെ കണ്ടോ അത് ബിനോയാണ്. വര്‍ഷം 1980കള്‍.
പാലാ ചീരാങ്കുഴിയില്‍ ജോസഫ് മാത്യുവിനും അന്നമ്മയ്ക്കും മൂന്നു മക്കള്‍. ജോസിനും ബിജോയ്ക്കും നടുവിലാണ് നമ്മുടെ ഹീറോയുടെ ജനനം. അപ്പനന്ന് നിലമ്പൂരില്‍ റബ്ബര്‍ കൃഷിയാണ്. നാട്ടില്‍ അമ്മയ്ക്ക് നിയന്ത്രിക്കാനാവാത്ത വിധമായി ബിനോയുടെ ഉഴപ്പ്. എന്നുവെച്ചാല്‍ പഠിക്കാനൊരു താല്‍പ്പര്യവുമില്ല. കളിയോട് കളി. അപ്പന്റെ കണ്ണു വീണ് വളരാനാണു ബിനോയെ നിലമ്പൂരിനയക്കുന്നത്. അവിടെ പൊല്ലങ്കോട് ഹൈസ്‌ക്കൂളില്‍ ചേര്‍ത്തു.

[caption id="attachment_45689" align="alignnone" width="640"]bino 2 ഭൂതത്താന്‍ കെട്ട് മഡ് റേസില്‍ നിന്നും[/caption]

കോഴിപ്ര മലയുടെ ഉച്ചിയിലാണു റബ്ബര്‍ തോട്ടം. അഞ്ചു കിലോമീറ്റര്‍ യാത്രയെ അവിടെ വരെയുള്ളു. അക്കാലത്തു ജീപ്പുകാരതിനു 300 രൂപ വാങ്ങും. അപ്പോളാ കേറ്റത്തിന്റെ ഒരു കിടപ്പാലോചിച്ചോളൂ. പക്ഷെ, ബിനോയ്ക്ക് ആ റോഡങ്ങിഷ്ടമായി- 'മോശം വഴിയിലൂടെ ഓടിക്കാനാ കുഞ്ഞുന്നാളു മൊതലെനിക്കിഷ്ടം' ഒന്‍പതില്‍ പഠിക്കുമ്പോഴാ ജീപ്പോടിക്കാന്‍ പഠിച്ചെ, പതിനെട്ടു വയസായതു തന്നെ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാനെന്നു കരുതി ആര്‍ടിഒ ഓഫീസിലേയ്‌ക്കോടിയ ആളാണ് ബിനോ.

പറയേണ്ടല്ലോ പത്താം ക്ലാസില്‍ ഉഷാറായി പൊട്ടി. നൂറു ഷീറ്റു വരെ കിട്ടുമായിരുന്ന തോട്ടം വിറ്റ് അപ്പന്‍ നിലമ്പൂരിറങ്ങി പാലയിലെത്തിയെങ്കിലും ബിനോ പോന്നില്ല. ആ വഴിയില്‍ ജീപ്പ് ഡ്രൈവറായി. 450 രൂപയായി അക്കാലത്ത് ഓട്ടക്കൂലി. പലരും പലവട്ടം അപകടത്തില്‍പ്പെട്ട വഴിയാണ്. അതൊന്നും ബിനോ വകവെച്ചില്ല.

'അപ്പനപ്പൂമ്മാരായിട്ടേ പേടിയില്ല. ആ മലേല് ഒറ്റമുറി വീട്ടില്‍ ഞാനും അപ്പനും മാത്രേ ഉള്ളൂ. ഒരയല്‍വക്കോന്നു പറഞ്ഞാ ഒന്നരക്കിലോമീറ്ററു പോണം. പുലിയും നരിയും ആനേമാണ് അയലുവക്കം. ഞങ്ങടെ വീടു കഴിഞ്ഞാ കാട് മാത്രേ ഉള്ളൂ. അവിടെ എന്നെ തനിച്ചാക്കി അപ്പന്‍ നാട്ടില്‍ പോകും. ഞാനവിടെ ഒറ്റക്കാണല്ലോയെന്ന പേടി അപ്പനോ എനിക്കോ ഇല്ലായിരുന്നു'- തന്നിലെ ധൈര്യത്തിന്റെ വേരുറപ്പിനെ കുറിച്ചു ബിനോ വാചാലനാകുന്നു.

[video width="400" height="220" mp4="http://ml.naradanews.com/wp-content/uploads/2016/09/IMG_1182.mp4"][/video]

മോശം വഴിയിലൂടെ ജീപ്പോടിച്ചു നേടിയ കരുത്തുമായി ബിനോ ജന്മനാട്ടില്‍ വന്നു ജീപ്പിറങ്ങി. 2004ല്‍ മേജറിന്റെ പുതിയ വണ്ടി വാങ്ങി. ചേട്ടാനിയന്മാര്‍ എല്ലാവരും ചേര്‍ന്ന് പാറപ്പണി തുടങ്ങി. ലീസിനെടുത്തു പൊട്ടിക്കലും പാറപൊട്ടിച്ച് വീടുണ്ടാക്കാന്‍ നിലമൊരുക്കലുമൊക്കെയായി പാലായിലെ ജീവിതം അങ്ങനെ ധീരമായി മുന്നോട്ടു പോകുമ്പോഴുണ്ട് അനുജന്‍ ജോസിന് ഒരു ഡ്രൈവിങ്ങ് ഭ്രമം. രണ്ടുവര്‍ഷം മുന്‍പു പാലായില്‍ ഒരു ഓഫ് റോഡ് റേസിനു ബിജോ പേരു കൊടുത്തു. അന്ന് അനിയച്ചാര്‍ക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. എന്നാപ്പിന്നെ പേരു കൊടുത്തതല്ലേ ചേട്ടായി ചെല്ലെന്നായി അനിയച്ചാര്‍. ഓടിച്ചു നടക്കുന്ന ജീപ്പുമായി ബിനോ നേരെ മത്സരത്തിനു വിട്ടു. ആദ്യമായി പങ്കെടുത്തപ്പോഴല്ലേ വീതി കൂടിയ ടയറും മറ്റ് ഒരുക്കങ്ങളും വേണമെന്ന് മനസിലായത്. പിന്നെ അതൊക്കെ വാങ്ങിയിട്ട്, മറിഞ്ഞാലും പരുക്കേല്‍ക്കാതിരിക്കാന്‍ ഇരുമ്പു പൈപ്പുകളുടെ കവചമൊക്കെ തീര്‍ത്ത് ജീപ്പിനെ പോരാളിയാക്കി.

IMG_1179

നാട്ടിക ബീച്ച് ഫെസ്റ്റിവെലിന് അനുജന് ആദ്യമായി ഫസ്റ്റ് കിട്ടി. ചെങ്ങന്നൂര്‍, കോഴിക്കോടെന്നിങ്ങനെ ചേട്ടനും അനുജനും മേജറും കൂടി പറക്കാന്‍ തുടങ്ങി. അനുജന് അവിടെ ഫസ്റ്റ് കിട്ടിയപ്പോള്‍ ബിനോയ്ക്ക് സെക്കന്റ്. എംആര്‍എഫിന്റെ രണ്ട് ടയറായിരുന്നു സമ്മാനം. ചെങ്ങന്നൂരില്‍ പെട്രോള്‍ കാറ്റഗറിയില്‍ ബിനോയ്ക്ക് ഫസ്റ്റ് കിട്ടി. പിന്നെ കോഴിക്കോട് കെപിപി കോളേജിലും മംഗലാപുരത്തുമെല്ലാം ഈ ലുങ്കി ഡ്രൈവര്‍ ബൈക്കിന്റെ ഹെല്‍മറ്റും വെച്ച് ഫസ്റ്റടിച്ചു.

കല്യാണമൊക്കെ കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. ഒന്‍പതില്‍ പഠിക്കുന്ന മരിയ
മുതല്‍ യുകെജിക്കാരനായ ജോസുകുട്ടന്‍ വരെ നാലുമക്കളുമായി. ഒരിക്കല്‍ മാത്രം ഭാര്യയെ കൊണ്ടുപോയി. ചറപറ വണ്ടികള്‍ മറിയുന്നതു കണ്ട് ആളു പേടിച്ചതോടെ തന്റെ പ്രകടനങ്ങള്‍ കാണാന്‍ പുള്ളിക്കാരിയെ കൊണ്ടുപോകുന്നത് അതോടെ നിര്‍ത്തി. ചെങ്ങന്നൂരില്‍ വെച്ചും ബോണിക്കുപ്പേയില്‍ വെച്ചും ബിനോയ്ക്കും അപകടങ്ങളുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ കിറുകൃത്യമായതിനാല്‍ ഒന്നും സംഭവിച്ചില്ല. ബിനോയുടെ ജീവതത്തെ ഹീറോ പരിവേഷത്തിലേയ്ക്കുയര്‍ത്തിയ ഭൂതത്താന്‍ക്കെട്ട് മഡ്‌റേസില്‍ കഴിഞ്ഞ വര്‍ഷവും പങ്കെടുത്തിരുന്നു. അനിയന് സെക്കന്റ് കിട്ടി.

ബിനോച്ചേട്ടന്റെ സ്‌റ്റൈലെന്താണ്... റേസിന് പോകുമ്പോള്‍?


ഓ.. അങ്ങിനൊന്നുമില്ലെന്നേ. പത്തിരുന്നൂറ്റമ്പതു കിലോമീറ്ററൊക്കയേ ഒള്ളെങ്കില്‍ വെളുപ്പിനെ ഒരു രണ്ടു മണിക്ക് അനിയച്ചാരുമായിട്ടങ്ങു ഡ്രൈവ് ചെയ്തു പോകും. മദ്രാസിലൊക്കെ തലേന്നു തന്നങ്ങു പോകും. ചെന്നാലുടന്‍ കുളിച്ചു ഫ്രഷായി ട്രാക്കിലെത്തും. നാട്ടുകാരുടെ ഗ്രൗണ്ട് സപ്പോര്‍ട്ട് എപ്പഴും കിട്ടും. അതെന്താന്ന് മനസിലായിട്ടില്ല.

എല്ലാര്‍ക്കും റേസിനു പോകണമെന്നൊക്കെയുണ്ട്. എന്താണ് ചേട്ടന് അവരോട് പറയാനുള്ളത്?


മനസിനു നല്ല ധൈര്യം വേണം. പിന്നെ ഓടീരിന്റെ എക്‌സ്പീരിയന്‍സ് അത്യന്താപേക്ഷിതമാണ്. വഴക്കം കൊണ്ടേ അതാകൂ. പുസ്തകത്തില്‍ പഠിക്കുന്ന പോലെയല്ല ചെയ്തു പഠിക്കുന്നത്. ഓടിക്കുന്തോറും വഴക്കം കൂടും. പഠിക്കാതെ ട്രാക്കിലിറങ്ങരുത്. അത് അപകടമുണ്ടാക്കും. സുരക്ഷാ സംവിധാനമെല്ലാം കിറുകൃത്യമാണെങ്കില്‍ 80 ശതമാനം വരെ അപകടമൊന്നും സംഭവിക്കില്ല.

IMG_1181

എന്താ എല്ലായിടത്തും ലുങ്കിയൊക്കെയിട്ട്. റേസ് സൂട്ടിട്ടാല്‍ നല്ലതല്ലേ?


പാന്റിട്ടാല്‍ അവിടേം ഇവിടേമൊക്കെ വലിച്ചിലും ഇറുക്കമാകും. ആകെ അസ്വസ്ഥതയാകും. മുണ്ടാകുമ്പോ ശരീരത്തിലങ്ങു ചേര്‍ന്നു കിടന്നോളും. വേറെ ഡ്രസിട്ടാലന്നും ആ ഒരു സുഖം കിട്ടില്ലെന്നേ

റോഡിലെല്ലാം മത്സര ഓട്ടവും അപകടവുമാണ്. സാഹസിക ഡ്രൈവിങ്ങല്ലേ കാരണം?

പൊതുജനങ്ങള്‍ക്ക് അസൗകര്യമാകുന്ന വിധത്തില്‍ ഞാനിതേവരെ ഡ്രൈവ് ചെയ്തിട്ടില്ല. ഞാനപകടത്തിലാകും എന്നതു മാത്രമല്ല, ഞാനപകടം ഉണ്ടാക്കിയാ അതു വേറാളുകള്‍ക്കും ഉപദ്രവമാകും. ട്രാക്കില്‍ മാത്രമേ ഞാന്‍ സാഹസികത കാണിക്കൂ. നാലുവരിപ്പാതയിലൊക്കെ 170 വരൈാക്കെ പോയിട്ടുണ്ട്. എന്റെ ബൊലീനോയുടെ മാക്‌സിമം അതാ.

[video width="426" height="230" mp4="http://ml.naradanews.com/wp-content/uploads/2016/09/IMG_1180.mp4"][/video]

മദ്യപിച്ചു വണ്ടിയോടിക്കുന്നതിനെ പറ്റിയോ?

വലിയ അഭിപ്രായമില്ല. ഞാന്‍ മദ്യപിക്കാറില്ല. മദ്യപിച്ചാല്‍ ഇത്തിരി സ്പീഡില്‍ പോകാന്‍ ആവശ്യമില്ലാത്ത ധൈര്യം തോന്നും.

അല്ല ചേട്ടനു ഹിമാലയന്‍ റാലിക്കൊക്കെ പോകണ്ടേ?

ഒരു താല്‍പ്പര്യോമില്ല. ഈ ഏരിയായിലുള്ളതൊക്കെ മതി. കേരളം വിട്ടു പോകുന്നത് അനിയന്‍ കാരണമാണ്. അവനെ തനിയെ വിടാന്‍ പേടിയാണ്. കഴിഞ്ഞ ദിവസം വാഗമണ്ണില്‍ നടന്ന മഹീന്ദ്രാ ഓഫ് റോഡില് ഞങ്ങള്‍ക്കായിരുന്നു ഫസ്റ്റ്. ശരിക്കും ടെക്‌നിക്കലാണത്. അപ്പോ അനിയന്‍ നാവിഗേറ്ററാകും.

മക്കളൊക്കെ അപ്പന്റെ വഴിയേ വന്നാലോ?

മൂത്തവളുണ്ട് റിയ. അവളിപ്പൊഴേ വീട്ടിലിട്ട് ജീപ്പോടിക്കും. ഇളയവനും താല്‍പ്പര്യമുണ്ട്. അവരൊക്കെ വന്നാല്‍ വരട്ടെ. എന്റെ അപ്പനിപ്പോഴും ജീവനോടുണ്ട്. അപ്പനൊന്നിനും എന്നെ എതിര്‍ത്തിട്ടില്ല. ഞാനും എതിര്‍ക്കില്ല.

ബിനോയെ നാടായ നാടെല്ലാം അറിഞ്ഞ ഭൂതത്താന്‍ കെട്ട് മഡ്‌റേസില്‍ ബിനോ മൂന്നാം സ്ഥാനക്കാരനായിരുന്നു. എന്നിട്ടും ബിനോയെ ഹീറോയാക്കിയത് എന്താണെന്ന് തിരക്കി ചെല്ലുമ്പോള്‍, മാമലക്കണ്ടം ബിനോയുടെ ഫാന്‍സ് എഡിറ്റു ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ഒരു പാട്ടും ബിനോയുടെ റേസിങ്ങിന്റെ സ്ലോമോഷന്‍ വീഡിയോയും നമ്മുടെ മുന്നിലെത്തും- സിനിമയെ വെല്ലുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ സാധ്യമാണെന്ന് തെളിയിക്കുന്ന മച്ചാന്മാരെ നാമിനിയും കണ്ടുമുട്ടും.

Read More >>