കോളജിന് സ്ഥലം മേടിക്കാന്‍ പിരിച്ച ഒരു കോടിയോളം രൂപ എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും ഇടപാടുകാരനും ചേര്‍ന്ന് മുക്കി; വാങ്ങിയ ഇരുപതേക്കര്‍ സ്ഥലത്ത് കോളജ് വന്നില്ല; തട്ടി

2011 ല്‍ മീനച്ചില്‍ താലൂക്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥലം വാങ്ങാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പിരിച്ചത് മൂന്ന് കോടി രൂപ. ആധാരത്തില്‍ കാണിച്ചത് 25 ലക്ഷം. 20 ഏക്കര്‍ സ്ഥലം വാങ്ങിയെങ്കിലും കോളജുള്ളത് വേറെ സ്ഥലത്ത്. അറസ്റ്റിലായ മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും ഇടപാടുകാരനും ഒരു കോടിയോളം രൂപ തട്ടിച്ചെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ നാരദാ ന്യൂസിന് ലഭിച്ചു.

കോളജിന് സ്ഥലം മേടിക്കാന്‍ പിരിച്ച ഒരു കോടിയോളം രൂപ എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും ഇടപാടുകാരനും ചേര്‍ന്ന് മുക്കി; വാങ്ങിയ ഇരുപതേക്കര്‍ സ്ഥലത്ത് കോളജ് വന്നില്ല;  തട്ടി

കൊച്ചി:  മീനച്ചില്‍ താലൂക്കില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ എസ്എന്‍ഡിപി യൂണിയന്റെ പേരില്‍ പിരിച്ച തുക യൂണിയന്‍ ഭാരവാഹിയും ഇടപാടുകാരനും ചേര്‍ന്ന് തട്ടിച്ചു. എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറി കെ എം സന്തോഷ്‌കുമാറും, ഇടപാടുകാരന്‍ പ്ലാത്തോട്ടത്തില്‍ ടോമിയും ചേര്‍ന്ന് ഒരു കോടിയോളം രൂപ പങ്കിട്ടെടുത്തെന്ന് അന്വേഷണ ചുമതലയുള്ള പാലാ സിഐ നാരദാ ന്യൂസിനോട് സ്ഥരീകരിച്ചു. സ്ഥലം വാങ്ങുന്നതിന് സന്തോഷ്‌കുമാര്‍ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളേയും അംഗങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്ന് നാരദാന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.


തുഷാറിന്റെ മുഖം വെട്ടിയൊട്ടിച്ചു...

2011ലാണ് എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന സന്തോഷ്‌കുമാറിന്റെ  നേതൃത്വത്തിലാണ്  ഉന്നത വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങുന്നതിന് പണപ്പിരിവ് നടത്തിയത്. ഇതിനായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ടെത്തി സംഭവന സ്വീകരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയ ബ്രോഷര്‍ അച്ചടിച്ച് വിതരണം ചെയ്തു. ഈ ചിത്രത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചിത്രം വെട്ടിച്ചേര്‍ക്കുകയായിരുന്നെന്ന് യൂണിയന്‍ മുന്‍ ഭാരവാഹി കെ ഐ ഗോപാലന്‍ വ്യക്തമാക്കി. ബ്രോഷറില്‍ കാണിച്ച സ്ഥലം പാല ചെത്തിമറ്റത്തുള്ളതാണ്. എന്നാല്‍ മേടിച്ചതാകട്ടെ പൂഞ്ഞാര്‍ ആലുംതറയിലെ ചെങ്കുത്തായ ഇരുപതേക്കറും. ബ്രോഷറില്‍ കാണിച്ച സ്ഥലം ഇരുപതേക്കര്‍ ഭൂമിയുടേതല്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

[caption id="attachment_41990" align="aligncenter" width="452"]1 തുഷാര്‍ വെള്ളാപ്പള്ളിയുടെ വെട്ടിയൊട്ടിച്ചെന്നാരോപിക്കുന്ന ചിത്രം ബ്രോഷറില്‍ മുകളിലേത്. താഴെയുള്ള സ്ഥലം പാലാ ചെത്തിമറ്റത്തേത്[/caption]

ആധാരത്തില്‍ 26 ലക്ഷം; പിരിവെടുത്തത് മൂന്നു കോടി

ചോറ്റാനിക്കര സ്വദേശികളായ ഒതളംകുഴിയില്‍ ഭാസ്‌കരന്‍, ബാബു, ഇവരുടെ ഭാര്യമാര്‍ എന്നിവരുടെ പേരിലുള്ളതാണ് ആലുംതറയിലെ ഇരുപതേക്കര്‍ ഭൂമി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ പ്ലാത്തോട്ടത്തില്‍ ടോമി  ഉടമകളില്‍ നിന്നും 1.63 കോടി രൂപയും 40 ലക്ഷത്തില്‍ താഴെ വില വരുന്ന മറ്റൊരു സ്ഥലവും കൈമാറ്റം ചെയ്ത് 20 ഏക്കര്‍ ഭൂമിയ്ക്ക്  എഗ്രിമെന്റ് എഴുതുകയായിരുന്നു. ഈ സ്ഥലം ആര്‍ക്കു വേണമെങ്കിലും വില്‍ക്കാന്‍ ടോമിക്ക് അവകാശമുണ്ടായിരിക്കുമെന്ന് എഗ്രിമെന്റിലുണ്ടായിരുന്നെന്ന് അന്നത്തെ യൂണിയന്‍ പ്രസിഡന്റും ഇടപാടിന് സാക്ഷിയുമായ എ കെ ഗോപി ശാസ്താപുരം പറഞ്ഞു.

ആധാരത്തിന്റെ ഉടമ വേറെയാണെങ്കിലും ടോമിയുമായായിരുന്നു യൂണിയന്റെ ഇടപാട്.  20 ഏക്കര്‍ സ്ഥലമുള്ളതില്‍ 8 ഏക്കര്‍ ഭൂമി യൂണിയന്റെ പേരില്‍ 14.3 ലക്ഷം രൂപയ്ക്ക്  എഴുതി മേടിച്ചു. അഞ്ച് ഏക്കര്‍ ശ്രീനാരായണ പരമഹംസ ചാരിറ്റബിള്‍ എന്ന സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് പതിനൊന്നര ലക്ഷത്തിന് കൈമാറ്റം ചെയ്തതായും ആധാരത്തില്‍ വ്യക്തമാണ്. ബാക്കിയുള്ള 7 ഏക്കര്‍ സ്ഥലത്തിന് പണം നല്‍കിയതാണെന്ന്  എ കെ ഗോപി പറയുന്നു. എന്നാല്‍ ഈ ഭൂമി നിയമപ്രകാരം കൈമാറ്റം ചെയ്തിട്ടില്ല. പിരിച്ചെടുത്ത മൂന്ന് കോടി രൂപ ഭൂമിക്കായി നല്‍കിയെന്ന് ഇവര്‍ പറയുമ്പോഴും ആധാരത്തില്‍ കാണിച്ചിരിക്കുന്നത്  25.79 ലക്ഷം രൂപയേ ഉള്ളൂ. അതായത് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിനെ വെട്ടിച്ചെന്ന് ചുരുക്കം.

ആധാരത്തില്‍ കാണിച്ചിരിക്കുന്ന കണക്ക് തെറ്റാണെന്ന് എ കെ ഗോപി നാരദയോട് തുറന്ന് സമ്മതിച്ചു. 'പിരിച്ചെടുത്ത മൂന്ന് കോടി രൂപയും ടോമിക്ക് കൊടുത്തിരുന്നു... അങ്ങനെ ചെയ്തു പോയി...പറ്റിപോയതാണ് ´ എന്നായിരുന്നു ഗോപിയുടെ പ്രതികരണം.


[caption id="attachment_41992" align="aligncenter" width="450"]5 (2) ആധാരത്തിന്റെ പകര്‍പ്പ്‌[/caption]

 ഇരുപതേക്കറില്‍ കോളജ് വന്നില്ല...

ഇരുപതേക്കര്‍ ചെങ്കുത്തായ ഭൂമി കോളജിന് സൗകര്യപ്രദമല്ലെന്ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞെന്ന് യൂണിയന്റെ മിനുട്‌സില്‍ പറയുന്നു.എന്നാല്‍  ഈ ഭൂമി വില്‍ക്കാന്‍ സന്തോഷ്‌കുമാര്‍ തയ്യാറായില്ല. ഈ ഭൂമിയില്‍ കോളജ് വരില്ലെന്ന് ഉറപ്പായതോടെ പൂഞ്ഞാര്‍ വളതൂക്കില്‍ ഒരേക്കര്‍ സ്ഥലം മേടിക്കുകയായിരുന്നു. ഇവിടെ 2013 ല്‍ ശ്രീനാരായണ ദേവ പരമഹംസ കോളജ് എന്ന പേരില്‍ സ്ഥാപനത്തിന്റെ  പ്രവര്‍ത്തനവും തുടങ്ങിയിരുന്നു.

വളതൂക്കില്‍ സ്ഥലം വാങ്ങാന്‍  പണം എവിടെ നിന്നാണെന്ന് അന്നത്തെ ഭാരവാഹികളോട് അന്വേഷിച്ചെങ്കിലും ആര്‍ക്കും  വ്യക്തമായ മറുപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം പ്രീതി നടേശന്‍ ഈ ഭൂമിയില്‍ കോളജിന് ശിലാസ്ഥാപനം നടത്തിയിരുന്നു. കോളജിന് അംഗീകാരം ലഭിക്കാന്‍ അഞ്ച് ഏക്കര്‍ വേണമെന്നാണ് സര്‍വ്വകലാശാലയുടെ ചട്ടം. ബാക്കി ഭൂമി ഈ വര്‍ഷം കണ്ടെത്തുമെന്നാണ് യൂണിയന്റെ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി പ്രവീണിന്റെ മറുപടി.

പിരിച്ച പണം പോയ വഴി...

ഇരുപതേക്കര്‍ സ്ഥലത്തിന്റെ കൈമാറ്റത്തില്‍ മൂന്നു കോടി രൂപ തനിക്ക് ലഭിച്ചെന്ന് ഇടപാടുകാരന്‍ ടോമി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്ന് അന്വേഷണസംഘതലവന്‍ നാരദയോട് പറഞ്ഞു. ബാക്കി ഒരു കോടി രൂപ സന്തോഷ്‌കുമാറും ഇടപാടുകാരനും ചേര്‍ന്ന് മുക്കുകയായിരുന്നു.

ഭൂമി വാങ്ങാന്‍ യൂണിയന്‍ 35 ചെക്കാണ് നല്‍കിയത്. ഇതില്‍  1.63 കോടി രൂപയുടെ 23 ചെക്കുകള്‍ ടോമിയാണ് കൈമാറ്റം നടത്തിയത്. ശേഷിക്കുന്ന പന്ത്രണ്ട് ചെക്കുകള്‍ യൂണിയന്‍ ഭാരവാഹികളാണ് ബാങ്കില്‍ നിന്ന് മാറിയത്. ഇങ്ങനെ മാറിയ ഒരു കോടി 37 ലക്ഷം രൂപ ഇവര്‍ സന്തോഷിന് കൈമാറിയിരുന്നു.

ഇടപാട് നടന്നതിന് പിന്നാലെ കിടങ്ങൂര്‍ വില്ലേജില്‍ 75 ലക്ഷം രൂപയ്ക്ക് സ്ഥലവും വീടും വാങ്ങിയെന്ന് യൂണിയന്‍ മുന്‍ ഭാരവാഹികളിലൊരാളായ മധു ഇട്ടിക്കല്‍ ആരോപിച്ചു.ഭാര്യയുടെ പേരില്‍ ഇതിന് തൊട്ടടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങിയെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സന്തോഷ്‌കുമാര്‍ വെള്ളാപ്പള്ളിയുടെ അടുപ്പക്കാരന്‍


യൂണിയന്‍ സെക്രട്ടറിയായിരുന്ന സന്തോഷ് കുമാറിനോട് വിയോജിപ്പ് രേഖപ്പെടുത്തി യൂണിയന്‍ പ്രസിഡന്റ്ും വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജി വെച്ചിരുന്നു. ഇതിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ഇപ്പോള്‍. എന്നാല്‍ അഡ്മിസ്‌ട്രേറ്റീവ് കൗണ്‍സിലിന്റെ ജനറല്‍ കണ്‍വീനറായി കെ എം സന്തോഷ്‌കുമാര്‍ തുടരുകയായിരുന്നു.

വെള്ളാപ്പള്ളിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് സന്തോഷ്‌കുമാര്‍. ഇയാളെ സംരക്ഷിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തി മുന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു. ''തട്ടിപ്പിനു പിന്നില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് പണം തട്ടുന്ന ഏര്‍പ്പാടും പതിവാണ്''- മുന്‍ ഭാരവാഹികളിലൊരാള്‍ പറഞ്ഞു (ഇദ്ദേഹം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല).