സൗമ്യ വധക്കേസിലെ കോടതി വിചാരണയേക്കാള്‍ വലിയ മാധ്യമ വിചാരണ

സുപ്രീംകോടതി ഉന്നയിച്ചത് ഇത്തരം കേസുകളില്‍ ഉയര്‍ത്തിയേക്കാവുന്ന സ്വഭാവികമായ ചോദ്യങ്ങളായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ തീര്‍ച്ചയായും അന്വേഷണ ഉദ്യോഗസഥര്‍ക്കും പ്രൊസിക്യൂഷനും മാധ്യമങ്ങള്‍ക്ക് ഒരേ പോലെ ബാധ്യതയുണ്ടായിരുന്നു.

സൗമ്യ വധക്കേസിലെ കോടതി വിചാരണയേക്കാള്‍ വലിയ മാധ്യമ വിചാരണ

സൗമ്യ വധക്കേസില്‍ നടന്നത് ഒരു പക്ഷേ മാധ്യമ വിചാരണ മാത്രമാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി കലരില്ലെന്ന് പറയേണ്ടി വരും. വളരെയേറെ മാധ്യമശ്രദ്ധ നേടിയ കേസായിരുന്നു സൗമ്യവധക്കേസ്. കേസിന്റെ തുടക്കം മുതല്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്. സൗമ്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ദിവസങ്ങള്‍ കിടന്നതിനു ശേഷമാണ് മരണമടഞ്ഞത്. ഈ കാരണത്താല്‍ സംഭവം ദേശീയ തലത്തില്‍ തന്നെ വന്‍ സംവാദങ്ങള്‍ക്ക് ഇടയാക്കി.

പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതും സൗമ്യയുടെ കൊലയാളിയെ ഉടന്‍ പിടികൂടാന്‍ സാധിച്ചതും ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച ജാഗ്രതയുടെ ഫലം തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസില്‍ ഗൗരവമായി ഇടപെടാന്‍ കാരണം തന്നെ ഈ കേസിന് ലഭിച്ച വാര്‍ത്താപ്രാധാന്യമായിരുന്നു. ലേഡീസ് കംപാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ പുറകില്‍ നിന്ന് ഒത്ത നടുക്കലേയ്ക്ക് മാറ്റാന്‍ കാരണം സൗമ്യയുടെ കൊലപാതകം സൃഷ്ടിച്ച ഭീതിയായിരുന്നു. എല്ലാ പ്രധാന പത്രങ്ങളുടെയും എഡിറ്റോറിയല്‍ പേജുകളില്‍ സൗമ്യവിഷയം ഗൗരവമേറിയ ചര്‍ച്ചയായി.


വിചാരണയുടെ ആദ്യഘട്ടങ്ങളിലും മറ്റും ഈ മാധ്യമശ്രദ്ധ ഗുണം ചെയ്തുവെങ്കിലും ഈ ജനശ്രദ്ധയെ ടിആര്‍പിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ കേസില്‍ പുലര്‍ത്തേണ്ട നിതാന്തമായ ജാഗ്രതയ്ക്ക് വിഘാതമേല്‍പ്പിച്ചു. തമിഴനും ഒറ്റക്കൈയ്യനുമായി ഗോവിന്ദചാമിയെ അവതരിപ്പിക്കുന്നതിലും കേസിന്റെ അണിയറ കഥകള്‍ മെനഞ്ഞെടുക്കുന്നതിലും താത്പര്യം കാണിച്ചപ്പോള്‍ ഈ വിഷയത്തില്‍ അധികൃതരുടെ ലാഘവത്വം ചൂണ്ടിക്കാണിക്കാനോ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനോ മാധ്യമങ്ങള്‍ക്കു സാധിച്ചുമില്ല. കോടതി വിചാരണയേക്കാള്‍ വലിയ മാധ്യമ വിചാരണയില്‍ പ്രധാന്യം നല്‍കേണ്ട പല വിഷയങ്ങളും മാധ്യമങ്ങള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ അവഗണിച്ചു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഷോര്‍ണൂരിലേയ്ക്ക പോയ സൗമ്യയെ വള്ളത്തോൾ നഗറില്‍ വച്ച് ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയ്യന്‍ യാചകന്‍ തള്ളിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. തലപൊട്ടി ചോര ഒലിച്ച് നിസഹായയായി മരണത്തോട് മല്ലിടിച്ചു കിടക്കുന്ന ആ അവസരത്തിലും ഒരു പെണ്‍കുട്ടിയെ ശാരീരീകമായി ഉപയോഗിക്കാനുള്ള ഒരാളുടെ ക്രൂരമായ മാനസികാവസ്ഥയെ അവതരിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഒരേ പോലെ പരാജയപ്പെട്ടു.

01_tvki_govindhacha_822690f

സുപ്രീംകോടതി ഉന്നയിച്ചത് ഇത്തരം കേസുകളില്‍ ഉയരാവുന്ന സ്വാഭാവികമായ ചോദ്യങ്ങളായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ തീര്‍ച്ചയായും അന്വേഷണ ഉദ്യോഗസഥര്‍ക്കും പ്രോസിക്യൂഷനും മാദ്ധ്യമങ്ങള്‍ക്കും ഒരേ പോലെ ബാധ്യതയുണ്ടായിരുന്നു. ഒറ്റക്കൈയ്യനായ ഒരാള്‍ക്ക് എങ്ങനെ സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ കഴിഞ്ഞുവെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയണമായിരുന്നു. സൗമ്യ ധരിച്ചിരുന്ന വസത്രം അഴിച്ചാണ് ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയത്. ഒറ്റക്കൈയ്യനായ ഒരാള്‍ക്ക് ഇത് സാധിക്കുമെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിടാനും സാധിക്കുമെന്ന അടിസ്ഥാന ചിന്ത പോലും ഉണ്ടായില്ലെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ: ജയശങ്കര്‍ പറയുന്നു.

ജഡ്ജി ചോദിച്ചത് ട്രെയിനില്‍ നിന്ന് എങ്ങനെ ഒറ്റക്കെയ്യന് തള്ളിയിടാന്‍ കഴിഞ്ഞുവെന്നതാണ്. ഈ ജഡ്ജി ട്രെയിനില്‍ ഒരു തവണ കയറിയിട്ടുള്ള ആളാണെങ്കില്‍ ഈ ചോദ്യം ഉന്നയിക്കുമായിരുന്നില്ലെന്നും അഡ്വ:ജയശങ്കര്‍ പറഞ്ഞു. കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഒരേ നിഗമനത്തിലെത്തിയ കേസില്‍ സുപ്രീംകോടതി വളരെ ലാഘവത്തോടെയാണ് ഇടപെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജാഗ്രത പ്രോസിക്യൂഷനുണ്ടായില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

സൗമ്യ മാത്രമേ സംഭവം നടക്കുമ്പോള്‍ കംപാര്‍ട്ടുമെന്റില്‍ ഉണ്ടായുള്ളു എന്ന വാദത്തിലും കൃത്യമായ അന്വേഷണം അന്വേഷണ ഉദ്യോഗസ്ഥരോ മാദ്ധ്യമങ്ങളോ നടത്തിയില്ല. ഇത്തരം തിരക്കേറിയ ഒരു സമയത്ത് ലേഡീസ് കംപാര്‍ട്ടുമെന്റില്‍ സൗമ്യ എങ്ങനെ ഒറ്റപ്പെട്ടുവെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഇപ്പോള്‍ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ എന്തു കൊണ്ട് കീഴ്‌കോടതിയില്‍ നടന്നില്ലെന്നതും ശ്രദ്ധേയമായ ചോദ്യമാണ്. ഇത്തരത്തിലുള്ള കേസുകളില്‍ പുനഃപരിശോധനാ ഹര്‍ജി ഉണ്ടാകുമെന്ന ഉറപ്പുള്ളപ്പോള്‍ ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് കീഴ്‌കോടതികളും മാധ്യമങ്ങളും അഭിഭാഷകരും അവഗണിച്ചതെന്നുള്ളതും പ്രസക്തമായ ചോദ്യമായിരുന്നു.

ഡോ. ഷെര്‍ലി മാത്യുവും ഡോ. ഹിതേഷ് ശങ്കറും നിരത്തിയ തെളിവുകളെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് ഇവര്‍ തന്നെ പരാതിപ്പെടുന്നു. ഈ തെളിവുകള്‍ക്ക് അതീതമായി വിദഗ്ദ്ധരുടെ അഭിപ്രായം തേടേണ്ടതായിരുന്നുവെങ്കിലും ഇതൊന്നും ഉണ്ടായില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു തന്നെയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം വിദഗ്ധ ആയിരുന്ന ഡോ. ഷെര്‍ലി വാസു ഇപ്പോഴും അടിവരയിടുന്നു. ഗോവിന്ദച്ചാമി സൗമ്യയുടെ മേല്‍ ചെയ്ത ഓരോ ക്രൂരതയുടെയും അടയാളം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഡോ. ഷെര്‍ലി വാസു പറയുന്നു.

01_tvki_crowd_4_822701g
"ട്രെയിനില്‍ നിന്ന് ചാടുന്ന ഒരാള്‍ കൈകാല്‍ മുട്ടുകള്‍ കുത്തിയാകും വീഴുക. സൗമ്യയുടെ ശരീരത്തിലെ മുറിവുകള്‍ അത്തരത്തിലുള്ളവയല്ല. കേസ് വാദിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ കാര്യങ്ങള്‍ എന്നോടു ചര്‍ച്ച ചെയ്തിട്ടില്ല. ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളും സൗമ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. സൗമ്യയെ തള്ളിയിട്ടതാണെന്ന് ശരീരത്തിലെ മുറിവുകള്‍ തെളിയിക്കുന്നതായിരുന്നു. ഗോവിന്ദചാമിയുടെ ചര്‍മ്മത്തിന്റെ ഭാഗങ്ങള്‍ സൗമ്യയുടെ നഖത്തിന്റെ ഉള്ളില്‍ നിന്ന് ലഭിച്ചിരുന്നു. ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും,"

ഷേര്‍ലി വാസു നാരദന്യൂസിനോടു പറഞ്ഞു.


ഷേര്‍ലി വാസുവിന്റെയും ഹിതേഷ് ശങ്കറിന്റെയും ആരോപണങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനോ ശ്രദ്ധയില്‍ കൊണ്ടു വരുവാനോ മുഖ്യധാരാ മാദ്ധ്യങ്ങള്‍ ശ്രമിച്ചതുമില്ല.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വിചാരണ നടത്തിയ പ്രോസിക്യൂട്ടര്‍ക്കും മാത്രമേ നൂറുകണക്കിനു പേജുകള്‍ വരുന്ന കുറ്റപത്രത്തെ കുറിച്ചു കൃത്യമായ അവഗാഹം ഉണ്ടാകുകയുള്ളു. ഇത്തരം കേസുകളില്‍ കോടതി എന്തെങ്കിലും സംശയം ഉന്നയിച്ചാല്‍ അത് ദൂരീകരിക്കാന്‍ കേസ് ആദ്യം മുതല്‍ അന്വേഷിച്ച ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യം സര്‍ക്കാര്‍ ഉറപ്പാക്കാറുണ്ടായിരുന്നു. സൂര്യനെല്ലികേസ്, വൈപ്പിന്‍ മദ്യദുരന്തം, കല്ലുവാതിക്കല്‍ മദ്യദുരന്തം തുടങ്ങിയവ ഇത്തരത്തിലുളള കേസുകളായിരുന്നു. കല്ലുവാതിക്കല്‍ മദ്യദുരന്ത കേസില്‍ സര്‍ക്കാരിനെതിരെ പ്രതികൂല പരമാര്‍ശം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീംകോടതിയില്‍ എത്തിച്ച് കൃത്യമായ ഉത്തരം നല്‍കിയിരുന്നു ഇത്തരത്തിലുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ഇത്തരം കാര്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതു പോലുമില്ല.

ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയ പിണറായി വിജയനും ആഭ്യന്തര മന്ത്രിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐഎം കേരളത്തില്‍ എല്ലായിടത്തും തന്നെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സൗമ്യ വധക്കേസില്‍ നിയമത്തിന്റെ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുമ്പോള്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എകെ ബാലനും ഏറ്റെടുക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇത്തരം വീഴ്ചകള്‍ കണ്ടു പിടിക്കാനും തിരുത്താനും സാധിക്കാത്ത മാദ്ധ്യമങ്ങളും പ്രതിപ്പട്ടികയിലാണ്. ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ആളുകളെ ഭയപ്പെടുത്തുന്ന മാദ്ധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതും പരാജയമായി.

Read More >>